18 February Tuesday

‘ഗീതോൺ ടു കേരള' ചരിത്രസാക്ഷ്യങ്ങളുടെ പുനര്‍നിര്‍മിതി

വട്ടപ്പറമ്പില്‍ പീതാംബരന്‍Updated: Sunday Oct 27, 2019

‘ഗീതോൺ ടു കേരള' എന്ന മൾട്ടീമീഡിയ ദൃശ്യാവതരണം

‘തലയ്‌ക്കുമീതെ നിലാവിൽ വിടർന്ന ആകാശം. കീഴെ മദം കൊണ്ട കടൽ. ശത്രു കപ്പലുകളിലെ അരണ്ട വെട്ടങ്ങൾക്കൊപ്പം അങ്ങുമിങ്ങും മങ്ങിനിന്ന നക്ഷത്രങ്ങൾ,  ഉൾക്കടൽക്കാറ്റിൽ ഉലയുന്ന പായ്‌ക്കപ്പൽ.  അപ്പോഴും റിച്ച് കോഫ് വാൻഗൂൺസിന്റെ കപ്പലിലെ വടക്കുനോക്കിയന്ത്രം മലയാളക്കരയിലേക്ക് വിരൽ ചൂണ്ടിക്കൊണ്ടേയിരുന്നു...’  

ഡച്ചുകാരുമായുള്ള കേരളത്തിന്റെ പൂർവസൗഹൃദ നാളുകളെ ആഴത്തിൽ അടയാളപ്പെടുത്തിയ ഉറൂബിന്റെ  ‘മുളകുവള്ളികൾ' എന്ന കഥയിലെ നാവികന്റെ സംഭാഷണമാണിത്. ഈ കഥാസന്ദർഭംകൂടി ഉൾപ്പെടുത്തിയുള്ള ‘ഗീതോൺ ടു കേരള' എന്ന മൾട്ടിമീഡിയ ദൃശ്യാവതരണം കറുത്തപൊന്ന് തേടി കേരളതീരത്തെത്തിയ ലന്തക്കാരുടെ ചരിത്രത്തിലൂടെയുള്ള അർഥപൂർണമായ പുനർനിർമിതിയാണ്‌.  ഈ മാസം പതിനേഴിന് കൊച്ചിയിൽ ഡച്ച് രാജാവ് വില്ലെം അലക്‌സാണ്ടറും രാജ്ഞി മാക്‌സിമ സൊറുഗിറ്റ സെറുറ്റി, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവരുടെ  സാന്നിധ്യത്തിലാണ് അവതരിപ്പിക്കപ്പെട്ടത്‌.

ഗീതോൺ എന്ന പൗരാണികനഗരം  അതേ പ്രൗഢിയോടെ  സംരക്ഷിച്ചുപോരുന്നു. നെതർലൻഡിലെ വെനീസ് എന്ന് വിശേഷിപ്പിക്കുന്ന ഈ പൈതൃകനഗരത്തിന് കേരളത്തിന്റെ വെനീസായ ആലപ്പുഴയുമായി ഏറെ സാമ്യമുണ്ട്. ഇതിനാൽ ത്തന്നെയാകാം  ചരിത്രത്തിലൂടെ സഞ്ചരിച്ച് വർത്തമാനകാലത്തിൽ നിലയുറപ്പിക്കുന്ന മൾട്ടിമീഡിയ അവതരണത്തിന്   ‘ഗീതോൺ ടു കേരള’ എന്ന് പേരിട്ടത്. മൂന്നിടങ്ങളിലായുള്ള അവതരണങ്ങൾ ചരിത്രകാഴ്‌ചകളുടെ അനുസ്യൂതപ്രവാഹമായി.  അർധവൃത്താകൃതിയിലുള്ള ഡിജിറ്റൽ സ്‌ക്രീനിൽ ഡച്ച്, ഇന്ത്യൻ പെയിന്റിങ്ങുകളും രേഖാചിത്രങ്ങളും ചരിത്രത്തിന്റെ ശേഷിപ്പുകളും ഹ്രസ്വവും സൂക്ഷ്‌മവുമായ  നരേഷനിലൂടെ അവതരിപ്പിക്കപ്പെട്ടു. കാലത്തിനൊപ്പം ഊടും പാവും നെയ്‌ത രംഗകലകളുടെ പ്രമേയാത്മക  ആവിഷ്‌കാരങ്ങളായിരുന്നു രണ്ടാംവേദിയിൽ. 

ഡച്ച്–-ഇന്ത്യൻ ഫ്യൂഷൻ ഡാൻസ്, ഉറൂബിന്റെ  മുളകു വള്ളികളുടെ അനുരൂപീകരണം,  ഹോർത്തൂസ് മലബാറിക്കൂസിന്റെ പിറവിയുടെ ദൃശ്യസാക്ഷ്യങ്ങൾ, പാന്റോ മൈം, വിഖ്യാത പെയിന്റിങ്ങുകളെ അടിസ്ഥാനമാക്കിയുള്ള കൊറിയോഗ്രഫി, കേരളീയ കലാരൂപങ്ങളുടെ മിഴിവാർന്ന സമന്വയം എന്നിങ്ങനെ ചരിത്രദൃശ്യ സമ്മോഹനങ്ങളുടെ  വേദിയായി രണ്ടാമിടം. വേദിക്കുതാഴെ രൂപകൽപ്പനചെയ്‌ത വിറ്റ്നസ് കോർട്ട്‌ ആയിരുന്നു മൂന്നാംവേദി. 

ഡച്ച് ഭരണകാലത്ത്  കേരളത്തിന്റെ രാഷ്ട്രീയ,- സാമ്പത്തിക, സാംസ്‌കാരിക, -വൈജ്ഞാനികമേഖലകളിൽ കേരളവും നെതർലൻഡ്‌സും  നൽകിയ കൊടുക്കൽ വാങ്ങലുകളെ സമർഥമായ ദിശാസൂചികകളിലൂടെ ഓർമപ്പെടുത്തി ഈ ദൃശ്യകാവ്യം. 

ജെഎൻയുവിലെ ഗവേഷണവിദ്യാർഥികളായ ഡോ. ബിനു ജോസഫിന്റെയും ഷെമിൻ സെയ്‌ദിന്റെയും ചർച്ചയും അന്വേഷണങ്ങളുമാണ് സ്‌ക്രീൻ നരേഷനിലേക്കുനയിക്കുന്ന ദൃശ്യബിംബകല്പനകളായിത്തീരുന്നത്. അഭിനന്ദനാർഹമായ ദൗത്യമാണ് ഈ ചരിത്രദൃശ്യ പുനർനിർമിതിയിലൂടെ പ്രമുഖ നാടക–-ചലച്ചിത്ര സംവിധായകൻ പ്രമോദ് പയ്യന്നൂരും എഴുപതോളം വരുന്ന വിവിധ മേഖലകളിലെ പ്രതിഭകൾ അടങ്ങിയ കലാസംഘവും ചേർന്ന് നിർവഹിച്ചത്. ഡോ. കെ എസ് മണിലാൽ,  ഡോ.  എം ജി ശശിഭൂഷൺ,  ഡോ. ബി ഇക്ബാൽ, ചരിത്രഗവേഷകനും  പത്രപ്രവർത്തകനുമായ  മലയിൻകീഴ്  ഗോപാലകൃഷ്‌ണൻ എന്നിവരുടെ മാർഗനിർദേശം ഉൾപ്പെടുത്തിയുള്ള റോബിൻ സേവ്യറിന്റെ ഗവേഷണത്തെ മുൻനിർത്തിയാണ് പ്രമോദ് പയ്യന്നൂർ ‘ഗീതോൺ ടു കേരള’  ഒരുക്കിയത്.

 1604 നവംബർ 11 ന് ഡച്ച് അഡ്മിറൽ സ്റ്റീവൻ വാൻഡർ ഹേഗൻ ഇന്ത്യൻ ഭരണാധികാരിയുമായി ഉണ്ടാക്കിയ ആദ്യ ഉടമ്പടികരാറിന്റെ നൂറ്റാണ്ടുകൾക്കിപ്പുറത്തെ ദിശാബോധത്തിന്റെ തുടർച്ചയാണ്  മുഖ്യമന്ത്രി  പിണറായി വിജയൻ ഡച്ച് ഭരണാധികാരികളുമായി നടത്തിയ   ചർച്ചയും ഒപ്പിട്ട കരാറുകളും.  കേരളത്തിലെ ജനകീയ സർക്കാർ നെതർലൻഡുമായി പുരോഗമനത്തിന്റെ കൈയൊപ്പിട്ടത്, ജനനന്മ ലക്ഷ്യമിടുന്ന വികസത്തിന്റെ നാൾ വഴികളെ മുന്നിൽ കണ്ടുകൊണ്ടാണ്.  മൾട്ടി മീഡിയ അവതരണം ഡച്ച് സൗഹൃദത്തിന്റെ ആദിമനാൾ മുതൽ വർത്തമാനകാല ഉടമ്പടികളുടെ അനന്തസാധ്യതകളുടെ നന്മകളെക്കൂടിയാണ്  പ്രകാശിപ്പിച്ചത്.

ദൃശ്യാവതരണത്തിന്  ശേഷം നെതർലൻഡ്‌  രാജാവ് മുഖ്യമന്ത്രിയെ ആഹ്ലാദാതിരേകത്തോടെ കൃതജ്ഞത അറിയിച്ചതും  നെതർലൻഡ്‌ രാജ്ഞി പ്രത്യേക സുരക്ഷാ വലയം മറന്ന്  രംഗാവതരണത്തിനൊടുവിൽ വേദിയിലേക്ക്   നടന്നടുത്ത് കലാസംഘത്തിന് അഭിനന്ദനങ്ങൾ നേർന്നതും ‘ഗീതോൺ ടു കേരള’  എന്ന ഉജ്വലകലാസൃഷ്ടിക്കുള്ള അംഗീകാരമായി.

പ്രധാന വാർത്തകൾ
 Top