24 February Sunday

കാമസൂത്രം: സ്വരൂപവും സംസ്കാരവും

സുനില്‍ പി ഇളയിടംUpdated: Sunday Aug 27, 2017

പ്രാചീനഭാരതം ജന്മം നല്‍കിയ കൃതികളിലെ വിഷമപ്രശ്നങ്ങളിലൊന്നാണ് കാമസൂത്രം. രത്യാത്മകപ്രണയം (Erotic love) എന്ന പ്രമേയത്തെ മുന്‍നിര്‍ത്തി ലോകത്തുണ്ടായ ഏറ്റവും പഴക്കമേറിയതും ഏറ്റവും സുവിശദവുമായ രചനയാണത്. ക്രിസ്തുവര്‍ഷം മൂന്നാംനൂറ്റാണ്ടില്‍ രചിക്കപ്പെട്ടതെന്നു കരുതപ്പെടുന്ന വാത്സ്യായനകാമസൂത്രം മൌര്യഭരണത്തിന്റെ തകര്‍ച്ചയ്ക്കുശേഷം ഉത്തരഭാരതത്തിലെ നഗരകേന്ദ്രങ്ങളിലുണ്ടായ സാമ്പത്തികവളര്‍ച്ചയുടെയും, അത് ജന്മം നല്‍കിയ വിലാസലോലുപതയുടെയും ഉല്‍പ്പന്നമെന്ന നിലയിലാണ് ഇപ്പോള്‍ മനസ്സിലാക്കപ്പെടുന്നത്.

ഇന്ത്യാവിജ്ഞാനീയം (Indology) എന്ന പഠനമേഖലയില്‍ ഇന്ന് ലോകത്തെ ഏറ്റവും വലിയ പണ്ഡിതരിലൊരാളായ വെന്‍ഡി ഡോണിഗറുടെ പുതിയ കാമസൂത്രപഠനം (Mare's Trap: Nature and Culture in the Kamasutra) കാമസൂത്രത്തെക്കുറിച്ചുള്ള പ്രബലമായ സാമാന്യധാരണകള്‍ക്കെതിരെ ആ കൃതിയെ പ്രതിഷ്ഠിക്കാനാണ് ശ്രമിക്കുന്നത്. ഒരുഭാഗത്ത് പൌരസ്ത്യജനതയുടെ വിചിത്രമായ രതിഭാവനയുടെ ആവിഷ്കാരമായി കാമസൂത്രം മനസ്സിലാക്കപ്പെട്ടപ്പോള്‍ മറുഭാഗത്ത് ഔപനിഷദികവും വൈദികവുമായ ഭാരതീയപാരമ്പര്യത്തിലെ കളങ്കങ്ങളിലൊന്നായി അത് വിലയിരുത്തപ്പെടുകയും ചെയ്തു. പടിഞ്ഞാറ് ജന്മം നല്‍കിയ പൌരസ്ത്യവാദവീക്ഷണത്തെ പിന്‍പറ്റി, രതിനിലകളുടെ സചിത്രവിവരണമായി കാമസൂത്രം ഇന്ത്യന്‍ ജനതയുടെ മുഖ്യധാരാബോധത്തില്‍ ഇടംപിടിച്ചു. മറുഭാഗത്ത് ഭാരതീയപാരമ്പര്യത്തിന്റെ 'അഭിമാനാവഹമായ നീക്കിവയ്പുകളുടെ' ചരിത്രത്തിന്റെ അരികുകളിലേക്ക് കാമസൂത്രം നീക്കിനിര്‍ത്തപ്പെടുകയും ചെയ്തു. അങ്ങേയറ്റം പ്രചരിപ്പിക്കപ്പെട്ടപ്പോള്‍ത്തന്നെ അത് വളരെ കുറച്ചുമാത്രം ചര്‍ച്ചചെയ്യപ്പെട്ടു.

കാമസൂത്രവിചാരത്തിലെ ചരിത്രപരമായ ഈ സന്ദിഗ്ധതയെ അഭിസംബോധനചെയ്യാനും മറികടക്കാനുമാണ് വെന്‍ഡി ഡോണിഗര്‍ തന്റെ പഠനത്തില്‍ ശ്രമിക്കുന്നത്. ചിക്കാഗോ സര്‍വകലാശാലയില്‍ മതപഠനവിഭാഗത്തിന്റെ പ്രൊഫസറായി പ്രവര്‍ത്തിക്കുന്ന ഡോണിഗറുടെ പഠനങ്ങള്‍ ഇന്ത്യയിലെ ഹിന്ദുത്വവാദികളെ പ്രകോപിപ്പിച്ചിട്ടുള്ളവയാണ്. (ഇതേത്തുടര്‍ന്ന് അവരുടെ പുസ്തകങ്ങളിലൊന്ന് പ്രസാധകര്‍ രണ്ടുവര്‍ഷംമുമ്പ് പിന്‍വലിക്കുകയും ചെയ്തിരുന്നു). പ്രമുഖ മനഃശാസ്ത്രചിന്തകനായ സുധീര്‍ കാക്കറോടൊപ്പം ചേര്‍ന്ന് ഒരു വ്യാഴവട്ടത്തിനുമുമ്പ് വെന്‍ഡി ഡോണിഗര്‍ കാമസൂത്രത്തിന്റെ ഒരു പുതിയ ഇംഗ്ളീഷ് പരിഭാഷ പുറത്തുകൊണ്ടുവന്നിരുന്നു. ആ പരിഭാഷയുടെയും അതിന്റെ ഭാഗമായി നടത്തിയ പഠനങ്ങളുടെയും സദ്ഫലമെന്ന നിലയിലാണ് അവരുടെ പുതിയ പഠനം പുറത്തുവന്നിരിക്കുന്നത്. ദില്ലിയിലെ പ്രമുഖ പ്രസാധകരായ സ്പീക്കിങ് ടൈഗര്‍ കഴിഞ്ഞവര്‍ഷം പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥം, താരതമ്യേന വളരെ പരിമിതമായ കാമസൂത്രപഠനങ്ങളുടെ പട്ടികയിലെ ഏറ്റവും പ്രധാന രചനയായി ഇടംപിടിക്കാവുന്ന ഒന്നാണ്.

വാസ്തവത്തില്‍ കാമസൂത്രം ഒറ്റപ്പെട്ട ഒരു രചനയല്ല. മൌര്യഭരണത്തിനു പിന്നാലെ, ബി.സി രണ്ടാം ശതകംമുതലെങ്കിലും ആരംഭിക്കുന്നതും തുടര്‍ന്ന് ഒരു സഹസ്രാബ്ദമെങ്കിലും ഉത്തരഭാരതത്തിലെ ബ്രാഹ്മണ സംസ്കൃതിയില്‍ പ്രാബല്യം നേടിയതുമായ രതി/രാഗ കല്‍പ്പനകളുടെയും ജീവിതപ്രയോഗങ്ങളുടെയും സംഗ്രഹസ്ഥാനമായി വേണം അതിനെ കാണേണ്ടത്. വാത്സ്യായനന്‍തന്നെ സൂചിപ്പിക്കുന്നതുപോലെ പാഞ്ചാലരാജ്യത്തെ ബാഭ്രവ്യന്റെ കാമകലാഗ്രന്ഥംമുതല്‍ ദത്തകന്റെ വൈശികാധികരണംവരെയുള്ള കൃതികളിലെ ആശയങ്ങളെ കാമസൂത്രം പിന്‍പറ്റുന്നുണ്ട്. കാമസൂത്രത്തിനുശേഷമുണ്ടായ കൂട്ടിനീമതവും അനംഗരഹസ്യവും രതിരഹസ്യവുംപോലുള്ള രചനകളിലെ ആശയലോകത്തിന്റെ അടിസ്ഥാനവും കാമസൂത്രംതന്നെയാണ്. ആ നിലയില്‍ മനസ്സിലാക്കിയാല്‍ ഒരു സഹസ്രാബ്ദത്തിലധികം ദൈര്‍ഘ്യമുള്ള സുദീര്‍ഘമായ ഒരു ചരിത്രഘട്ടത്തിലെ സവര്‍ണ- നാഗരിക രതിസങ്കല്‍പ്പങ്ങളുടെ സംഗ്രഹമാണ് കാമസൂത്രം എന്ന് വ്യക്തമാകും. ലോകത്തെ മറ്റേതെങ്കിലും ഒരു പ്രാചീനസമൂഹം രതിയെയും രത്യാത്മക പ്രണയത്തെയും ഇത്രമേല്‍ സമഗ്രമായ അവലോകനത്തിന് അക്കാലത്തും പില്‍ക്കാലത്തും വിധേയമാക്കിയിട്ടുണ്ടെന്ന് പറയാനാകില്ല.

സുനില്‍ പി ഇളയിടം

സുനില്‍ പി ഇളയിടം

ഇത്രമേല്‍ പ്രാധാന്യമുള്ള ഒരു രചനയാണെങ്കിലും കാമസൂത്രം ആധുനിക ഇന്ത്യയെ സംബന്ധിച്ച് ഒരു വിഷമപ്രശ്നമായിരുന്നു. സാമാന്യമായി പറഞ്ഞാല്‍ രണ്ട് നിലകളിലാണ് കാമസൂത്രം ഇരുപതാം നൂറ്റാണ്ടില്‍ (വലിയൊരളവോളം ഇപ്പോഴും) മനസ്സിലാക്കപ്പെട്ടത്. റിച്ചാര്‍ഡ് ബര്‍ട്ടന്‍ 1883ല്‍ കാമസൂത്രത്തിന് നല്‍കിയ ഇംഗ്ളീഷ് പരിഭാഷയെത്തുടര്‍ന്ന് അത് പെട്ടെന്ന് പടിഞ്ഞാറിന്റെ സവിശേഷ ശ്രദ്ധയിലേക്ക് വരികയുണ്ടായി. പൌരസ്ത്യവാദപരമായ അറിവുകളുടെ പശ്ചാത്തലത്തില്‍ കിഴക്കിന്റെ വൈചിത്യ്രത്തിന്റെയും അപരത്വത്തിന്റെയും അടയാളമായാണ് കാമസൂത്രം അക്കാലത്ത് പൊതുവെ വായിക്കപ്പെട്ടത്. വിക്ടോറിയന്‍ സദാചാരത്തിന്റെ പിടിമുറുക്കത്തില്‍ നിലനിന്നിരുന്ന പടിഞ്ഞാറന്‍ ദൃഷ്ടിയില്‍ അത് വിചിത്രവും കൌതുകകരവുമായ രതിലീലകളുടെ വിവരണം മാത്രമായി. പൌരസ്ത്യതയുടെ അപരലോകമായതുകൊണ്ടുതന്നെ, കുറ്റബോധമോ അപകര്‍ഷമോ കൂടാതെ പടിഞ്ഞാറിന് നോക്കിക്കാണാവുന്നതും രസിക്കാവുന്നതുമായ രതിവിലാസങ്ങളുടെ ലോകമായി കാമസൂത്രം സ്ഥാനനിര്‍ണയം ചെയ്യപ്പെട്ടു. മറുഭാഗത്ത്, പൌരസ്ത്യവാദവ്യവഹാരം ഇന്ത്യക്കുമേല്‍ അടിച്ചേല്‍പ്പിച്ച ആത്മീയപരിവേഷത്തെ അഭിമാനപൂര്‍വം ഏറ്റെടുത്ത ദേശീയവാദികളും ദേശീയവാദപരമായ ചരിത്രവിജ്ഞാനവും, ഒരു അശ്ളീലഗ്രന്ഥത്തിന്റെ പദവിയിലാണ് അതിനെ പ്രതിഷ്ഠിച്ചത്. ദേശീയവാദചരിത്രത്തെ സംബന്ധിച്ചിടത്തോളം വേദങ്ങളും ഉപനിഷത്തുകളും മറ്റുമായിരുന്നു യഥാര്‍ഥ ഇന്ത്യന്‍പാരമ്പര്യം. മഹിതമായ ആ പാരമ്പര്യത്തിലെ അപവാദമായിമാത്രമേ കാമസൂത്രം മനസ്സിലാക്കപ്പെട്ടുള്ളൂ.

തുകൊണ്ട് മൃദുരൂപത്തിലുള്ള ഒരു അശ്ളീലഗ്രന്ഥത്തിന്റെ (soft porno) പരിവേഷത്തില്‍, രതിനിലകളുടെയും രതിലീലകളുടെയും സചിത്രപാഠമായി ലക്ഷോപലക്ഷം കോപ്പികള്‍ പ്രചരിച്ചപ്പോള്‍ത്തന്നെ ഗൌരവപൂര്‍ണമായ ആലോചനകളില്‍നിന്ന് കാമസൂത്രം മിക്കവാറും ഒഴിഞ്ഞുനിന്നു. ഇന്ത്യന്‍ രതിസാഹിത്യത്തെക്കുറിച്ചുള്ള എന്‍ എന്‍ ഭട്ടാചാര്യയുടെ പ്രാമാണികഗ്രന്ഥം (History of Indian Erotic Literature -1975) മുതല്‍ പ്രമുഖ സ്ത്രീപക്ഷചരിത്രകാരിയായ കുങ്കുംറോയിയുടെ പ്രബന്ധംവരെയുള്ള (Unravelling the Kamasutra -1996) പഠനങ്ങള്‍ കാമസൂത്രത്തെ മുന്‍നിര്‍ത്തി ഉണ്ടായിട്ടുണ്ടെങ്കിലും പ്രാചീനഭാരതത്തെയും അതിന്റെ സാംസ്കാരിക നിക്ഷേപങ്ങളെയും കുറിച്ചുള്ള ചര്‍ച്ചകളില്‍ അര്‍ഥശാസ്ത്രത്തെയോ സമാനമായ ഇതരഗ്രന്ഥങ്ങളെയോപോലെയുള്ള പ്രാമാണികപദവി കാമസൂത്രത്തിന് ഒരിക്കലും കൈവന്നില്ല എന്നതാണ് യാഥാര്‍ഥ്യം.

ഈ പശ്ചാത്തലത്തിലാണ് വെന്‍ഡി ഡോണിഗറുടെ കാമസൂത്രപഠനം സവിശേഷ പ്രാധാന്യം കൈവരിക്കുന്നത്. കാമസൂത്രത്തെ ഒറ്റയ്ക്കൊരു രചനയായി പരിഗണിക്കാതെ സംസ്കൃതത്തിലെ മതനിരപേക്ഷസാഹിത്യത്തിന്റെ താവഴിയില്‍ അതിനെ സ്ഥാനപ്പെടുത്തുകയാണ് അവര്‍ ചെയ്യുന്നത്. കാമസൂത്രപഠനങ്ങളില്‍ പൊതുവായി കാണുന്നതുപോലെ, ഇന്ത്യന്‍ രതിസാഹിത്യത്തിന്റെ ദീര്‍ഘചരിത്രത്തിനുള്ളില്‍ മാത്രമല്ല ഡോണിഗര്‍ കാമസൂത്രത്തിന് ഇടംനല്‍കുന്നത്. മറിച്ച് മൌര്യഭരണത്തിന്റെയും പില്‍ക്കാല സമൂഹത്തിന്റെയും രാഷ്ട്രവ്യവഹാര സംഗ്രഹമായി പരിഗണിക്കപ്പെടുന്ന അര്‍ഥശാസ്ത്രത്തെ മുന്‍നിര്‍ത്തി കാമസൂത്രത്തെ പഠനവിധേയമാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. കാമസൂത്രപഠനങ്ങളുടെ പതിവുവഴിയില്‍നിന്ന് ഈ ഗ്രന്ഥം പുറത്തുകടക്കുന്നതും അങ്ങനെയാണ്.

ഏഴ് അധ്യായങ്ങളായാണ് ഗ്രന്ഥകാരി തന്റെ പുസ്തകം സംവിധാനം ചെയ്തിരിക്കുന്നത്. കാമസൂത്രം അഭിസംബോധന ചെയ്യുന്ന സാമൂഹ്യവിഭാഗം ഏത് എന്ന അന്വേഷണത്തില്‍നിന്ന് തുടങ്ങി അര്‍ഥശാസ്ത്രത്തിലെ കാമസൂത്രം, കാമസൂത്രത്തിലെ മിത്തിക്കല്‍ലോകം, കാമസൂത്രത്തിലെ സ്ത്രീകള്‍, കാമസൂത്രത്തിലെ ഇതര ലൈംഗികവിഭാഗങ്ങള്‍, കാമസൂത്രത്തിലെ പ്രകൃതിയും സംസ്കൃതിയും, കാമസൂത്രം എന്ന ഗ്രന്ഥത്തിന്റെ ഉദയപതനങ്ങള്‍ എന്നീ പ്രമേയങ്ങളിലൂടെ കടന്നുപോകുന്നവയാണ് ഈ അധ്യായങ്ങള്‍. അതുവഴി, പ്രാചീന ഇന്ത്യ ജന്മം നല്‍കിയ സവിശേഷഗ്രന്ഥങ്ങളിലൊന്നിനെ ചരിത്രപരമായി സ്ഥാനനിര്‍ണയം ചെയ്യാനും അതേക്കുറിച്ചുള്ള സാമാന്യ ധാരണകള്‍ക്കപ്പുറത്തേക്ക് നമ്മെ കൊണ്ടുപോകാനും ഈ പുസ്തകത്തിന് കഴിയുന്നുണ്ട്. ബ്രാഹ്മണികവും പുരുഷകേന്ദ്രിതവുമായ ഒരു രതിവ്യവഹാരമായി നിലനില്‍ക്കുമ്പോള്‍ത്തന്നെ, കാമസൂത്രം, അതിനപ്പുറം പല തുറസ്സുകളും നിലനിര്‍ത്തുന്നുണ്ട്. ആ തുറസ്സുകളിലേക്കുള്ള വാതായനമാണ് ഈ ഗ്രന്ഥം.

sunilpelayidom@gmail.com

 

പ്രധാന വാർത്തകൾ
 Top