24 April Wednesday

ഹായ്‌ ഇംഗ്ലിഷ്‌

സി ജെ ഹരികുമാർUpdated: Sunday May 27, 2018

പവനൻ / ഫോട്ടോ : ജയകൃഷ്ണൻ ഓമല്ലൂർ

പല തവണ ശ്രമിച്ചു, പലതരം കോച്ചിങ് ക്ലാസിൽ പോയി, എന്നിട്ടും എന്റെ ഇംഗ്ലീഷ് നന്നായില്ല. തൊഴിലന്വേഷകരായ യുവജനങ്ങളിൽ ഇങ്ങനെ പറയാത്തവർ ചുരുക്കം. 'ഇംഗ്ലീഷ് വായിച്ചും പറഞ്ഞുംശീലിക്കൂ, അപ്പോൾ ശരിയാകും' എന്നാണ് ഇംഗ്ലീഷ് പണ്ഡിതർ നൽകുന്ന മറുപടി.  പത്തനംതിട്ട വെട്ടിപ്രം സ്വദേശി പവനനോട് ചോദിച്ചാലും ഇതേ മറുപടി കിട്ടും. ഒപ്പം ഇംഗ്ലിഷ്‌ എളുപ്പം സ്വായത്തമാക്കാനുള്ള  സൂത്ര വാക്യങ്ങളും പൊടിക്കൈകളും പറഞ്ഞുതരുകയുംചെയ്യും. 
 
ശീലംകൊണ്ട് പഠിക്കണമെങ്കിൽ അത്ബോധം രൂപപ്പെടുന്നതിനുമുമ്പ‌് വേണമെന്ന് പവനൻ. അത് അഞ്ചുവയസ്സിന് മുമ്പ‌് വേണം. ബോധം രൂപപ്പെട്ടാൽപിന്നെ നമ്മൾ അത് ബോധപൂർവം പഠിക്കണം. ചെറുപ്പത്തിലേ ആർജിക്കുന്നവയാണ് ശീലങ്ങൾ. അത് ചുറ്റുപാടിൽനിന്നുതന്നെ ആകുകയുംവേണം. ഇംഗ്ലിഷ് സംസാരിക്കാത്ത ചുറ്റുപാടിൽനിന്ന് എങ്ങനെ ഇംഗ്ലീഷ് ശീലിക്കും?  ഇവിടെയാണ് 'പവനൻസ് ഇംഗ്ലിഷ്'  സഹായത്തിനെത്തുക. 

വാക്കുകൾ കൊണ്ടുള്ള കളി   

ഭാഷ പ്രവൃത്തിയെ സൂചിപ്പിക്കാനാണ് ഉപയോഗിക്കുന്നത് എന്നാണ് പവനൻ പറയുന്നത‌്. ഒപ്പം എന്തൊക്കെ ഉണ്ടെന്നും എന്തൊക്കെ ആകുന്നുവെന്നും പറയാൻ. ഓരോ പ്രവൃത്തിക്കുമുണ്ട് കാരണവും സ്ഥലവും സമയവും രീതിയും. ഈ കാഴ്‌ചപ്പാടിന്റെ അടിസ്ഥാനത്തിൽ പവനൻ ഇംഗ്ലിഷ്‌ വാക്കുകളെ ഒമ്പതായി തരംതിരിക്കുന്നു. വാക്കുകളെ ഒറ്റയ്ക്ക് ഒറ്റയ്ക്ക് ഉപയോഗിക്കുന്നതിനുപകരം അവകൊണ്ട് അർഥമാക്കുന്ന കാര്യങ്ങൾകൂടി ചേർത്താണ് ഈ തരംതിരിവ്. 
 
പേരുകളെ കുറിക്കുന്ന വാക്കുകൾ: വീട് (House), രാജു (Raju), അടൂർ (Adoor) 
 
പ്രവൃത്തികൾ: ഉണ്ട്, ആകുന്നു എന്നീ വാക്കുകൾ. പോകുന്നു (go, goes), പോയി (went), പോകും (will go), ഉണ്ട് (have, has), ഉണ്ടായിരുന്നു (had), ഉണ്ടാകും (will have), ആകുന്നു (am,is, are ), ആയിരുന്നു (was, were), ആകും ( will be).
 
ഒരു വാക്കിനെ പല അർഥത്തിൽ മാറ്റുന്ന വിധം: വീട്ടിലേക്ക് (to the house), വീട്ടിൽ (in the house), വീടിനുവേണ്ടി (for the house), വീട്ടിൽ നിന്ന് (from the house), വീടിനുനേരെ (to the house).
 
പ്രവൃത്തിയുടെ കാരണം കാണിക്കുന്ന വാക്ക്: പോകാൻ (to go), പോകാൻ വേണ്ടി (for going).
 
നിർദേശം കൊടുക്കുന്നതിനുള്ള വാക്കുകൾ: പോകുക (go), വരുക (come), ഇരിക്കുക (sit), പഠിക്കുക (study).
 
സമയം സൂചിപ്പിക്കുന്ന വാക്കുകൾ: ഇപ്പോൾ (now), ഇന്നലെ (yesterday), നാളെ (tomorrow).
 
ചോദ്യവാക്കുകൾ: എവിടെ (where), എന്തിന് (why), എങ്ങനെ (how).
 
ക്രിയാപദങ്ങൾ: കൊല്ലപ്പെടുന്നു (is killed), കൊല്ലപ്പെട്ടു (was killed), കൊല്ലപ്പെടും (will be killed).
 
കൂട്ടിയോജിപ്പിക്കുന്നതിനുള്ള വാക്കുകൾ: എന്തുകൊണ്ടെന്നാൽ (because), അതുകൊണ്ട് (so), എന്നാൽ (but).
 
നിലവിലെ ഇംഗ്ലീഷിൽ വാക്കുകളെ പേരുകൾ (Noun), ക്രിയകൾ (Verbs), ക്രിയാവിശേഷണം (Adverbs), നാമവിശേഷണം (Adjective), പ്രിപ്പൊസിഷൻസ് (Prepositions)ഘടകം (Conjunction), ഇന്റർജങ്ഷൻ (Interjunction)എന്നിങ്ങനെയാണ് വിഭജിച്ചിരിക്കുന്നത്. ഈ വിഭജനം വളരെയേറെ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന വിധത്തിലുള്ളതാണെന്നാണ് പവനന്റെ വാദം. എന്നാൽ, താൻ വാക്കുകളെ ഒമ്പതായി തരംതിരിച്ചിരിക്കുന്നത് മലയാളികളുടെ ചിന്തയിൽ വാക്കുകൾ കടന്നുവരുന്ന അതേ രീതിയിലാണ്. ഇത് മലയാളിയുടെ മാത്രമല്ല, ലോകത്തുള്ള എല്ലാ മനുഷ്യരുടെയും ചിന്തയിലൂടെ കടന്നുപോകുന്നത് പ്രധാനമായും മേൽപ്പറഞ്ഞ ഒമ്പതുതരം വാക്കുകളാണ്.
 
അവസാനത്തെ ഘട്ടം വാക്കുകൾ അടുക്കിവയ്ക്കുന്ന വിധമാണ്, മലയാളവാചകങ്ങളിൽ വാക്കുകൾ ക്രമീകരിക്കുന്നതിൽ ഓരോ വാക്കിനും കൃത്യമായ സ്ഥാനം എന്നൊന്നില്ല. എന്നാൽ, ഇംഗ്ലീഷിലേക്കു വരുമ്പോൾ കൃത്യമായ ചില സ്ഥാനങ്ങളിൽ ചില വാക്കുകൾ ഉപയോഗിച്ചെങ്കിൽമാത്രമേ ഇംഗ്ലീഷ് വാചകങ്ങൾ ഉണ്ടാക്കാൻകഴിയൂ.  മൂന്നു വാക്കുകളുള്ള ഇംഗ്ലീഷ് വാചകങ്ങളുടെ ക്രമം നമ്മൾ പഠിച്ചിട്ടുള്ളതാണ്. പ്രസ്തുത ക്രമത്തിലെ കർത്താവും ക്രിയയും അങ്ങനെ നിലനിർത്തിക്കൊണ്ട് തുടർന്നങ്ങോട്ടുള്ള ക്രമത്തിന് പുതിയൊരു മാർഗമാണ് പവനൻ സ്വീകരിച്ചിട്ടുള്ളത്. അത് ബോധ്യപ്പെടുത്തുന്നതിനുവേണ്ടി മലയാളത്തിൽ എട്ടു വാക്കുകളും ഇംഗ്ലീഷിലേക്ക് മാറുമ്പോൾ 12 വാക്കുകളുമുള്ള ഒരു വാചകം മലയാളഘടനയിൽ മുകളിൽ കൊടുത്തിരിക്കുന്നത് നോക്കുക.  ഇതിൽ നിന്ന് വ്യത്യസ്തമായി മറ്റൊരു വാക്ക് നോക്കാം. 
 
 "പച്ചക്കറി വാങ്ങാൻ ഞാൻ ഇന്നലെ ഭാര്യയോടൊത്ത് സ്കൂട്ടറിൽ ചന്തയ്ക്കു പോയി.'' ഈ വാചകത്തിലെ വാക്കുകൾ ശ്രദ്ധിച്ചാൽ ഞാൻ കൊടുത്തിട്ടുള്ള ഒമ്പതുതരം വാക്കുകളിൽനിന്നു മാത്രമാണ് മേൽവാചകം രൂപപ്പെട്ടിട്ടുള്ളതെന്ന് മനസ്സിലാക്കാം.
 
അടുത്തതായി വാക്കുകൾ ക്രമീകരിച്ചുതുടങ്ങാം. ആദ്യം പ്രവൃത്തി ചെയ്യുന്ന ആളിന്റെ പേര് (കർത്താവ്) വയ്ക്കുക. അത് ഞാൻ എന്നാണ്. രണ്ടാമത്തേത് പ്രവൃത്തിയെ കുറിക്കുന്ന വാക്ക് വയ്ക്കുക. അത് പോയി എന്നാണ്. ബാക്കി വാക്കുകൾ യുക്തിക്കനുസരിച്ച് ഉപയോഗിക്കാം. ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള വാക്ക് വച്ചപ്പോൾ വാചകം ഞാൻ പോയി എന്നായി. തുടർന്ന് പോയ സ്ഥലമാണ് പറയാൻ ഉദ്ദേശിക്കുന്നതെങ്കിൽ ചന്തയിലേക്ക് എന്ന വാക്ക് ഉപയോഗിക്കുക. അടുത്തത് പോയതിന്റെ കാരണമാണ് പറയാൻ ഉദ്ദേശിക്കുന്നതെങ്കിൽ പച്ചക്കറി വാങ്ങാൻ എന്ന് ഉപയോഗിക്കുക. പക്ഷേ പ്രവൃത്തിയുടെ കാരണം പറയുന്ന ചില സന്ദർഭങ്ങളിൽ ഇംഗ്ലീഷുകാർ വാങ്ങാൻ പച്ചക്കറി എന്ന രീതിയിൽ തല തിരിച്ചേ പറയൂ. അപ്പോൾ വാചകം മൊത്തത്തിൽ 'ഞാൻ പോയി ചന്തയിലേക്ക് വാങ്ങാൻ പച്ചക്കറി' എന്നായി മാറും. അടുത്തതായി ആരോടൊത്താണ് പോയതെന്ന് പറയാൻ ആഗ്രഹിക്കുന്നതെങ്കിൽ ഭാര്യയോടൊത്ത് എന്നവാക്ക് ഉപയോഗിക്കുക. തുടർന്ന് എങ്ങനെ പോയി എന്ന് 
പറയണമെങ്കിൽ സ്കൂട്ടറിൽ എന്നും എപ്പോൾ പോയി എന്ന് പറയണമെങ്കിൽ ഇന്നലെ എന്നും ഉപയോഗിക്കുക.
 
ഇതോടു കൂടി നമ്മുടെ മനസ്സിൽ രൂപപ്പെട്ട മലയാളവാചകത്തെ ഇംഗ്ലിഷ് ഘടനയനുസരിച്ചുള്ള മലയാളവാചകമായി മാറ്റിക്കഴിഞ്ഞു. അത് ചുവടെ: 'ഞാൻ, പോയി, ചന്തയ്ക്ക്, വാങ്ങാൻ, പച്ചക്കറി, ഭാര്യയോടൊത്ത്, സ്കൂട്ടറിൽ, ഇന്നലെ.' ഒന്നും രണ്ടും വാക്കുകൾ ഒഴിച്ചുള്ള വാക്കുകൾ യുക്തിക്കനുസരിച്ച് ഉപയോഗിക്കാം.
 

ഡിഗ്രിക്കാരന്റെ കണ്ടെത്തൽ, ലഭിച്ചത് പുച്ഛം

നിയമബിരുദധാരി ഇംഗ്ലീഷ് പഠിക്കാൻ എളുപ്പവഴി കണ്ടെത്തുകയോ? പവനൻ തന്റെ കണ്ടെത്തലിനെക്കുറിച്ച് പറഞ്ഞപ്പോൾ കേട്ടവരെല്ലാം പുച്ഛിച്ചു. എന്നാൽ,  പിന്നീട് അംഗീകരിക്കാൻ നിർബന്ധിതരായി. പത്തനംതിട്ട കാത്തോലിക്കേറ്റ് കോളേജിൽനിന്ന് ഇക്കണോമിക്സിൽ ബിരുദവും തിരുവനന്തപുരം ലോ അക്കാദമിയിൽനിന്ന് നിയമപഠനവും പൂർത്തിയാക്കിയ പവനൻ പത്തനംതിട്ട ജില്ല രൂപീകരിച്ചശേഷമുള്ള ആദ്യ എസ്എഫ്ഐ ജില്ലാ പ്രസിഡന്റാണ്. പിന്നീട് മുഴുവൻസമയ സിപിഐ എം പ്രവർത്തകനായി. ഇപ്പോൾ ബ്രാഞ്ച് അംഗം.  
 
അനായാസം ഇംഗ്ലിഷ്‌ സംസാരിക്കാൻ വിവിധ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ മാറി മാറി പരീക്ഷിച്ചെങ്കിലും ഒന്നും ഫലവത്തായില്ല. തുടർന്നാണ് സ്വന്തം നിലയ്ക്ക് പഠനം ആരംഭിച്ചത്. 2015ൽ പുതിയ പഠനശൈലി വികസിപ്പിച്ചു. തുടർന്ന് അടുത്ത വർഷം 'ഒറ്റദിവസം കൊണ്ട് ഇംഗ്ലീഷ് സംസാരിക്കുന്ന ഫോർമുല, ഇഷ്ടപ്പെട്ടില്ലെങ്കിൽ ഫീസ് തിരികെ' എന്ന പരസ്യത്തോടെ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് ആരംഭിച്ചു. ക്ലാസും പഠനരീതിയും മകൻ റെക്കോഡ് ചെയ്ത് യൂട്യൂബിൽ ഇട്ടതോടെയാണ് പവനന്റെ കണ്ടുപിടിത്തം ശ്രദ്ധയാകർഷിക്കുന്നത്. തന്റെ പുതിയ നിരീക്ഷണംകണ്ട് വിളിച്ച സൗത്ത് കൊറിയൻ യൂണിവേഴ്സിറ്റി ലിങ‌്ഗ്വിസ്റ്റിക്സ്് വിഭാഗം തലവൻ എബി തോമസാണ് ഇതിൽ പേറ്റന്റ് എടുക്കാൻ നിർദേശിച് ചത്.  ഹെഡ്ഫോൺ വച്ച് ലോകത്തിന്റെ വിവിധ സ്ഥലങ്ങളിലുള്ളവർക്ക് മൊബൈൽ ഫോൺ വഴി ക്ലാസെടുക്കുകയാണ് പവനൻ ഇപ്പോൾ.  തന്റെ കണ്ടുപിടിത്തം വാർത്തയായതോടെ ഫോണിലൂടെ ഇംഗ്ലീഷ് പഠിക്കാൻ വരുന്ന കോളുകൾ കാരണം കുട്ടികൾക്ക് നേരിട്ട് ക്ലാസെടുക്കുന്നത് അവസാനിപ്പിക്കേണ്ടിവന്നു. സമയം നിശ്ചയിച്ച് വിദൂരസ്ഥലങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ  വരെ ശിഷ്യപ്പെട്ടുകഴിഞ്ഞു. 
 

ലക്ഷ്യം 

തന്റെ കണ്ടുപിടിത്തം  കേരളത്തിലെ സാധാരണക്കാരായ വിദ്യാർഥികൾക്ക് ഗുണംചെയ്യും വിധം മാറ്റിയെടുക്കണമെന്നാണ്‌ പവനന്റെ സ്വപ്നം. ഇത് മുൻനിർത്തി സംസ്ഥാന സർക്കാരിന്റെ വിദ്യാഭ്യാസ ഉപദേശക സമിതി മുമ്പാകെ തൃശൂരിൽ പവനൻ തന്റെ വിദ്യ അവതരിപ്പിച്ചു. ഹലോ ഇംഗ്ലീഷ് പദ്ധതിയിലെ ഉന്നത ഉദ്യോഗസ്ഥർ തന്റെ അധ്യാപനരീതി അംഗീകരിച്ചതായി പവനൻ പറയുന്നു.  ഫോണിലൂടെയുള്ള ക്ലാസുകൾക്കും അപേക്ഷകർ ഏറിയതോടെ മൊബൈൽ ആപ്പ്

 ഒരുക്കാനുള്ള ശ്രമത്തിലാണ് പവനൻ. തന്റെ കണ്ടുപിടിത്തം ഇപ്പോൾ പ്രയോജനപ്പെടുത്താൻ കൂടുതൽ ശ്രമിക്കുന്നത്  ഇംഗ്ലീഷ് മീഡിയം സ്കൂളുകളാണ്. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും ഹൈദരാബാദ് ബിർല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിൽനിന്നും  പവനൻസ് ഇംഗ്ലീഷ് അവതരിപ്പിക്കാൻ ക്ഷണിച്ചിട്ടുണ്ട്. 
 
 ഇംഗ്ലീഷ് ജ്വരം മൂത്ത് മക്കളെ ഇംഗ്ലീഷ്  മീഡിയത്തിലേക്ക് തള്ളിവിടുന്ന രക്ഷിതാക്കൾ കേരളത്തിലെ പൊതുവിദ്യാലയങ്ങളുടെ മേന്മ തിരിച്ചറിയുന്നില്ലെന്ന്‌ പവനൻ പറയുന്നു.  
 

കുടുംബം  

ഭാര്യ: പുഷ്പകുമാരി. മക്കൾ:  വിഷ്ണു ബി പവനൻ, വൈശാഖ് പവനൻ. ഒമർ ലുലു സംവിധാനംചെയ്യുന്ന അഡാറ് ലൗവ് എന്ന ചിത്രത്തിലെ അഞ്ച് നായകന്മാരിൽ ഒരാളാണ് വൈശാഖ് പവനൻ. പവനന്റെ ഫോൺ നമ്പർ:  9496979662
 
haricj@gmail.com 
പ്രധാന വാർത്തകൾ
 Top