17 October Thursday

ജലംകൊണ്ട‌് മുറിവുണക്കുന്നവർ

എം വി പ്രദീപ‌് mvpradeepkannur@gmail.comUpdated: Sunday May 26, 2019

കാട്ടാക്കട മണ്ഡലത്തിലെ കടുവാക്കുഴി കല്ലുവരമ്പ് തോട്‌ പുനരുജ്ജീവിപ്പിച്ചപ്പോൾ

റോഡുകളിലൂടെയും നാട്ടിടവഴികളിലൂടെയും വെള്ളം നിറച്ച വണ്ടികളുടെ നെട്ടേ‌ാട്ടം. വണ്ടി വരുന്നതും കാത്ത‌് അക്ഷമരായി കാത്തുനിൽക്കുന്ന മനുഷ്യർ. കുറച്ചു വർഷങ്ങളായി വേനൽ തുടങ്ങുംമുമ്പേ കേരളത്തിൽ പരിചിതമായ കാഴ‌്ചയാണിത‌്. എന്നാൽ തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയിലെ ജനങ്ങൾ ഈ അനുഭവം ഏറെക്കുറെ മറന്ന മട്ടാണ‌്. ഏതു വേനലിലും മണ്ണിന്റെ നനവ‌് നിലനിർത്താനും ഭൂഗർഭജലനിരപ്പ‌് താഴാതെ നോക്കാനും അവർ ചില മാർഗങ്ങൾ കണ്ടെത്തി. കഴിഞ്ഞ 14ന് ജനീവയിൽ സംഘടിപ്പിച്ച ലോക പുനർനിർമാണ കോൺഫറൻസിൽ പോലും അഭിനന്ദനത്തിന‌് അർഹമായ കാട്ടാക്കടയിലെ ജലസമൃദ്ധി പദ്ധതിയെ അറിയുക

 

 
ജീവന്റെ സംഗീതമാണ‌് ജലം. ആദിയും അനാദിയുമായ ജലം. ജീവൻ കുരുത്ത ജലം. ജീവന്റെ ഉദ‌്ഭവം ജലത്തിലത്രെ. ജലമെന്നത‌്  ഗഗനം ഭേദിച്ച‌് ശിവന്റെ മൂർധാവിൽ പതിച്ച ഗംഗയും വിശുദ്ധ യോഹന്നാൻ ഒരിക്കല്‍ യേശുവില്‍ തളിച്ച തീര്‍ത്ഥവും നബി തിരുമേനി മരുഭൂമിയിൽ പെയ്‌ത വചനധാരയുമാണെന്ന‌് കവി ചുള്ളിക്കാട‌്. 
ഭയക്കണം, വരാന്‍ പോകുന്ന നാളുകളില്‍ നാം അഭിമുഖീകരിക്കാൻ പോകുന്ന യുദ്ധം  ജലത്തിനു വേണ്ടിയുള്ളതത്രെ. നദീസമൃദ്ധമായ കേരളത്തിൽ ഓരോ വേനൽ പിന്നിടുമ്പോൾ വെള്ളം നിറച്ച‌് കുതിക്കുന്ന ടാങ്കർ വണ്ടികളുടെ എണ്ണം കൂടിക്കൂടി വരികയാണ‌്. കാലവർഷവും തുലാവർഷവും മറയുമ്പോൾ തന്നെ വേനൽ കനക്കുന്ന കേരളത്തിൽ ജലസമൃദ്ധിയുടെ ഒരു തുരുത്തുണ്ട‌്. മൂന്നുവർഷമായി  ജലക്ഷാമം ഏറെക്കുറെ പരിഹരിക്കാനായ നാട‌്.   പുകഴ‌്പെറ്റ നെയ്യാറും കരമനയാറും അതിരിടുന്ന  കാട്ടാക്കട.  

 

കാട്ടാക്കടയ‌്ക്ക‌് എന്തിന്റെ കുറവാണ‌്?

 
വിളിച്ചാൽ വിളികേൾക്കുന്നിടത്ത‌് അരുവിക്കര, പേപ്പാറ, നെയ്യാർ  ഡാമുകൾ. ആറു പഞ്ചായത്തുകളും 122 വാർഡുകളും ചേരുന്ന ഹരിതസമൃദ്ധമായ പ്രദേശം. 113.80 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയുള്ള ഭൂപ്രദേശത്തെ തോടുകളുടെ ദൈർഘ്യം 287 കിലോമീറ്റർ. തീരുന്നില്ല... ഊറ്റുകുഴികളും നീർക്കുളങ്ങളും ഉൾപ്പെടെ ചെറുതും വലുതുമായ 314 കുളങ്ങൾ. 43000 ത്തിലേറെ കിണറുകളും. കൂടാതെ നെയ്യാർ ജലസേചന പദ്ധതിയുടെ 31 കിലോമീറ്റർ കനാലും. പൊങ്ങച്ചം പറയാനാണെങ്കിൽ ഇങ്ങനെ പലതുമുണ്ട‌്. 
 
കലിതുള്ളുന്ന കാലവർഷവും ഇടിവെട്ടുന്ന തുലാവർഷവും പിന്നിട്ട‌് വേനൽ കൺതുറക്കുമ്പോഴേക്കും ജലസ്രോതസ്സുകളെല്ലാം വറ്റിത്തുടങ്ങും. ഉറക്കമുണർന്നാൽ വീട്ടിലെ കിട്ടാവുന്ന പാത്രങ്ങളെല്ലാമെടുത്ത‌് അമ്മമാർ റോഡിലിറങ്ങും.  കുടിവെള്ള ലോറികൾ സമയംതെറ്റിയാൽ ആധിയായി. മക്കളെ സ‌്കൂളിലയക്കാൻ, ഗൃഹനാഥനെ ജോലി സ്ഥലത്തേക്കയക്കാൻ. വെള്ളം വൈകിയാൽ ആധി പ്രതിഷേധമാകും. കത്തുന്ന  വേനലറുതിയിലാണ‌് 2016 മെയിലെ നിയമസഭാ തെരഞ്ഞെടുപ്പ‌്.   എൽഡിഎഫ‌് സ്ഥാനാർഥി ഐ ബി സതീഷ‌് വോട്ടുചോദിച്ചുചെല്ലുന്നിടെത്തെല്ലാം കുടിവെള്ളത്തിനായി വിലപിക്കുന്ന ജനങ്ങൾ. അവരെ ആശ്വസിപ്പിച്ചു. വിജയിച്ച‌് ജനപ്രതിനിധിയായപ്പോൾ എന്തുചെയ്യാമെന്ന‌് അന്വേഷണമായി. നെയ്യാർ സംഭരണിയിൽനിന്ന‌് പൈപ്പ‌് വഴി വെള്ളമെത്തിക്കുക, അതായിരുന്നു ആദ്യ ആലോചന. പക്ഷേ ശാശ്വത പരിഹാരമല്ല. നനവുള്ള മണ്ണ‌്, വറ്റാത്ത ജലസ്രോതസ്സ‌്... എന്ത‌് ചെയ്യാനാകും?  അന്വേഷണത്തിൽ നാടാകെ പങ്കുചേർന്നു. 2016 ഡിസംബർ ഒന്നിന‌് നെയ്യാറിലെ വറ്റിവരണ്ട പാറക്കൂട്ടങ്ങൾക്കിടയിലെ പൂഴിമണ്ണിൽ നാട‌് സംഗമിച്ചു. ജലസമൃദ്ധിയും ജലശുദ്ധിയും ഉറപ്പുവരുത്താനുളള, വറ്റാത്ത ഉറവയ‌്ക്കായുള്ള പദ്ധതിയാണ‌് സ്വപ‌്നം.  പല തലത്തിൽ ആലോചനകൾ, സംവാദങ്ങൾ, പഠനങ്ങൾ, ഗവേഷണ തുല്യമായ നിരീക്ഷണങ്ങൾ, യാത്രകൾ... ഒടുവിൽ വറ്റാത്ത ഉറവയ‌്ക്കായി  ‘ജലസമൃദ്ധി’  പദ്ധതി രൂപംകൊള്ളുന്നു. ജലസമൃദ്ധിയുടെ ലക്ഷ്യമെന്തെന്ന് നിശ്ചയിക്കപ്പെട്ട ജലവിഭവരേഖയുടെ പിൻബലത്തിൽ 2017 മാർച്ച് 22 ന് അന്താരാഷ്ട്ര ജലദിനത്തിൽ ജലസമൃദ്ധിക്ക‌് തുടക്കം.  ചരിവ് കൂടുതലുളള പ്രദേശങ്ങളിലൂടെയുളള നീരൊഴുക്ക് ക്രമീകരിച്ച് പരമാവധി ജലം ഭൂമിയിൽ ആഴ‌്ന്നി റങ്ങുന്നതിനും അതിലൂടെ ജലസ്രോതസ്സുകളിൽ വെള്ളം എത്തിക്കുവാനും ഭൂഗർഭജലത്തിന്റെ ലഭ്യത മെച്ചപ്പെടുത്തി മണ്ഡലം ജലസമൃദ്ധമാക്കുന്നതിനുമുളള ഒരു ജനകീയ സംരംഭത്തിന്റെ ആരംഭം.   

 

അത്തിപ്പഴത്തിന്റെ വിത്തുകൾ 

 
2017 ലെ വിഷു ദിനത്തിൽ സിനിമാ താരവും നിയോജകമണ്ഡലത്തിലെ താമസക്കാരനുമായ ജഗതി ശ്രീകുമാർ അത്തിപ്പഴത്തിന്റെ വിത്തുകൾ കവി പ്രൊഫ. മധുസൂദനൻ നായർക്ക് നൽകി ലക്ഷം വൃക്ഷം ലക്ഷ്യം പദ്ധതിക്ക് തുടക്കം കുറിച്ചു. പഞ്ചായത്തുകളിൽ ജലസമൃദ്ധിക്കായി ഒരു പുതുനാമ്പ് എന്ന പേരിൽ ഫലവൃക്ഷ വിത്തുകൾ പാകി. കുടുംബശ്രീക്കാർ വീടുകളിൽ നാടൻ ഫലവൃക്ഷങ്ങൾ വച്ചുപിടിപ്പിച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായും ഫലവൃക്ഷ തൈകൾ നട്ടു പിടിപ്പിച്ചു. വീടൊന്നിന് അഞ്ച‌് വൃക്ഷതൈകൾ വീതം വളരുകയാണ‌്. മണ്ണ‌്, വെള്ളം, പച്ചപ്പ‌് എന്നിവ ശുദ്ധീകരണ പ്രക്രിയയിലൂടെ തിരിച്ചുപിടിക്കാനുള്ള കർമ പദ്ധതിയിൽ സ‌്കൂൾ കുട്ടികൾ, കോളേജ‌് വിദ്യാർഥികൾ, വീട്ടമ്മമാർ, യുവജന സംഘടനകൾ, തൊഴിലാളികൾ, ഉദ്യോഗസ്ഥർ എന്നുവേണ്ട ആബാല വൃദ്ധം അണിനിരക്കുകയായിരുന്നു. ഹരിതവൽക്കരണം, ജലസംരക്ഷണം, കാർഷിക സ്വയംപര്യാപ‌്തത എന്നിവയ‌്ക്കായി രണ്ട‌് ഡസനിലേറെ പദ്ധതികളാണ‌് പുരോഗമിക്കുന്നത‌്. അവയിൽ ചില മാതൃകാ പദ്ധതികൾ ഇനി പറയാം. 

 

കിണർ റീ ചാർജ‌ിങ‌്

 
നിയോജക മണ്ഡലത്തിലെ മുഴുവൻ കിണറുകളിലും ആദ്യം ജലപരിശോധന നടത്തി. പരിശീലനം ലഭിച്ച 210 സന്നദ്ധ പ്രവർത്തകർ (ഒരു പഞ്ചായത്തിൽ നിന്നും 35 പേർ) ഇതിനായി രംഗത്തിറങ്ങി. വെള്ളം ഉപയോഗ ശൂന്യമാണെന്ന‌് പരിശോധനയിൽ തളിഞ്ഞ കിണറുകളെല്ലാം ജനങ്ങൾ ശുദ്ധീകരിച്ചു. ജലനിരപ്പ് ആശങ്കാജനകമായി താഴുന്നതിന് പ്രധാന കാരണം ലഭിക്കുന്ന മഴവെള്ളം ഭൂഗർഭജലമാക്കി മാറ്റുന്നതിന് നമുക്ക് കഴിയാതിരിക്കുന്നത് കൊണ്ടാണ്. പദ്ധതിയുടെ ഭാഗമായി തുലാവർഷമഴയെ പരമാവധി പ്രയോജനപ്പെടുത്താൻ വീടുകളിൽ കിണർ റീചാർജിങ‌് പദ്ധതി ആവിഷ‌്കരിച്ചു. വീടുകളിലെ ടെറസിൽ വീഴുന്ന മഴവെള്ളം കിണറിടനുത്ത‌് സമാന്തരമായി നിർമിക്കുന്ന കുഴികളിൽ നിറച്ച‌് വെള്ളം ഊറി കിണറുകളെ റീ ചാർജ‌് ചെയ്യുന്ന പദ്ധതി വിജയകരമായി. ഒപ്പം പൊതുകുളങ്ങളുടെ നവീകരണവും. 79 കുളങ്ങളുടെ നവീകരണ പദ്ധതി തയ്യാറാക്കി. പള്ളിച്ചൽ പഞ്ചായത്തിലെ കണ്ണൻകോട് പാറ ക്വാറിയിലെ ജലം ഉപയോഗിച്ച് കിണർ റീചാർജിംഗ് നടത്തി. 25 കുടുംബങ്ങൾ താമസിക്കുന്ന ഈ പ്രദേശത്ത് സമീപത്തുള്ള ഒരു പാറ ക്വാറിയിൽ നിന്നും ഏകദേശം 500 അടി അകലത്തിൽ 200 അടി താഴ്ഭാഗത്തായി വലിയ കുഴി നിർമിച്ച് ഹൈഡ്രോളിക് ഗ്രേഡിയന്റ് തത്വത്തിന്റെ അടിസ്ഥാനത്തിൽ ഒരിഞ്ച് വ്യാസമുള്ള ഒരു പി വി സി പൈപ്പിന്റെ സഹായത്തോടെ ക്വാറിയിൽ നിന്നും ജലം പിറ്റിലെത്തിച്ചു. ഈ പ്രവർത്തനത്തിലൂടെ സമീപത്തുള്ള 12 കിണറുകളുടെ ജലനിരപ്പ് ഉയർന്നു.  സമീപത്തെ മറ്റൊരു പാറക്വാറിയിലെ ജലം ഉപയോഗിച്ച് ഒരു തോട് റീചാർജ‌് ചെയ്യുന്നതിനുള്ള പ്രവർത്തനം പുരോഗമിക്കുകയാണ‌്. 
 
നവീകരിച്ച മച്ചേൽ മാത്രക്കോണം കുളത്തിലെ മത്സ്യക്കൃഷി വിളവെടുപ്പിന്‌ ഒത്തുകൂടിയവർ

നവീകരിച്ച മച്ചേൽ മാത്രക്കോണം കുളത്തിലെ മത്സ്യക്കൃഷി വിളവെടുപ്പിന്‌ ഒത്തുകൂടിയവർ

നീർത്തട സംരക്ഷണം 

 
വരുംതലമുറയ‌്ക്കായി തോടുകളും, അരുവികളും, കനാലുകളും സംരക്ഷിക്കാൻ എം എൽ എയുടെയും കലക്ടർ ഡോ. വാസുകിയുടെയും നേതൃത്വത്തിൽ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ ഉൾപ്പെട്ട സംഘം കാട്ടാക്കട കടുവാക്കുഴി മുതൽ മലയിൻകീഴ് കല്ലുവരമ്പ് വരെ നീർത്തട സംരക്ഷണ യാത്ര നടത്തി. തുടർന്ന‌് കാടുമൂടി നീരൊഴുക്ക് നിലച്ചു കിടന്ന തോട് ജനങ്ങൾ വൃത്തിയാക്കി. 19 ജൈവ തടയണകളും, 29 ചാക്ക് തടയണകളും, ആറ‌് കല്ലു തടയണകളും നിർമിച്ചു. ഇതിലൂടെ ജലം ഒഴുകിപ്പോകുന്നത് തടഞ്ഞ് ഭൂമിയിലേക്കിറക്കി പരിസരത്തെ കിണറുകളിലെ ജലനിരപ്പ് വേനൽക്കാലങ്ങളിൽ നിലനിർത്തി. കൈത്തോടുകൾ വൃത്തിയാക്കി പ്രധാന തോടിലേക്കുള്ള നീരൊഴുക്ക് സുഗമമാക്കി. തോടിന്റെ സമീപ പ്രദേശങ്ങളിലെ ഏലകളിൽ കൃഷിക്കാവശ്യമായ ജലം വേനൽ സമയങ്ങളിൽപ്പോലും ലഭ്യമാക്കി. കാട്ടാക്കട കുളത്തുമ്മൽ തോടിന്റെ സംരക്ഷണ ത്തിനും സമാന പദ്ധതി തയ്യാറാക്കി. ഒരു കോടി രൂപ ഇതിന‌ു മാത്രം സർക്കാരും അനുവദിച്ചു‌. വിളപ്പിൽ പഞ്ചായത്തിന്റെ ചെറുകോട്, കുഞ്ചുക്കോണം ഏലയുടെ സമീപത്തായി 30 വർഷമായി മണ്ണു മൂടിക്കിടന്ന   തോട് പുനരുജ്ജീവിപ്പിച്ചു. തൊഴിലുറപ്പ് പദ്ധിതിയിൽ 1200 മീറ്റർ നീളത്തിലാണ് തോട് വെട്ടിത്തെളിച്ചത്. 29 സ‌്ത്രീ  തൊഴിലാളികളുടെ അധ്വാനത്തിന്റെ ഫലമായി തോടിലൂടെയുള്ള നീരൊഴുക്ക് ഉറപ്പാക്കിയതോടെ കുഞ്ചുക്കോണം ഏലായിൽ കൃഷി തിരികെ കൊണ്ടുവന്നു. മാറനല്ലൂർ അരുമാളൂർ വാർഡിലെ കുളവും പുനർജ്ജീവിപ്പിച്ചു. 
 
 

പൂവൻവിള പുതിയ മാതൃക

 
മഴക്കാലത്ത് റോഡിലെ ഓടയിലൂടെ പാഴാകുന്ന ജലം കെട്ടി നിർത്തി ഭൂമിയിലേക്ക് ഇറക്കി ജലസമൃദ്ധമാക്കുന്ന പുതിയ മാതൃകയ‌്ക്കാണ‌് മാറനെല്ലൂർ കരിങ്ങൽ വാർഡിലെ പൂവൻവിളയിൽ തുടക്കമായത്. കരിങ്ങൽ പൂവൻവിളയിൽ റോഡിൽ വെള്ളക്കെട്ട് ഉണ്ടാകുന്ന സ്ഥലത്ത് റോഡിന്റെ ഓരത്തു മൂന്ന് മീറ്റർ നീളവും 1.5 മീറ്റർ വീതിയും ആഴവുമുള്ള കുഴിയെടുത്ത് വശങ്ങൾ ബലപ്പെടുത്തി, ജലം സംരക്ഷിക്കുകയാണ്. ഓടയിലൂടെ ഒഴുകി പാഴാകേണ്ട 6000 ലിറ്റർ ജലം ഇങ്ങനെ ഇവിടെ സംഭരിക്കാം. മരാമത്ത് വകുപ്പ് കൂടി ഈ ആശയത്തോട് യോജിച്ചപ്പോൾ പദ്ധതി യാഥാർഥ്യമായി. ജലം സംരക്ഷിക്കുന്ന കുഴി സ്ലാബിട്ട് മൂടുകയും ചെയ‌്തു. 

 

വൃത്തി, വെള്ളം, വിളവ് 

 
പ്രധാന നാഴികകല്ലാണ് മണ്ഡലത്തിലെ സർക്കാർ/എയ്ഡഡ് സ‌്കൂളുകളെ ഹരിത വിദ്യാലയമായി രൂപാന്തരപ്പെടുത്തുക യെന്നത്. ഹരിത കേരളം മിഷൻ വിഭാവനം ചെയ‌്ത ‘വൃത്തി വെള്ളം വിളവ്’ ആശയങ്ങളെ അടിസ്ഥാനമാക്കി സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഒരു നിയോജകമണ്ഡലത്തിലെ എല്ലാ സ‌്കൂളുകളും ഹരിത വിദ്യാലയങ്ങളാകുന്നത്. ഹരിത വിദ്യാലയം എന്ന സങ്കൽപ്പം ഹരിത കേരളം മിഷൻ, കൃഷി വകുപ്പ്, ശുചിത്വ മിഷൻ, സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ എന്നിവരുടെ സഹായത്തോടെയാണ് യാഥാർത്ഥ്യമാക്കുന്നത്. സ‌്കൂൾ കുട്ടികൾ കൈകഴുകുന്ന വെള്ളംപോലും പാഴാകാതെ കൃഷിക്കായി സംരക്ഷിക്കാൻ പഠിച്ചതാണ‌് പദ്ധതിയുടെ നേട്ടം. 
 

മത്സ്യകൃഷി

 
മത്സ്യ സമ്പത്ത് വർധിപ്പിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ നിയോജകമണ്ഡലത്തിലെ കുളങ്ങളിൽ മത്സ്യകൃഷി ആരംഭിച്ചു. തുടക്കത്തിൽ മണ്ഡലത്തിലെ ആറ‌് കുളങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കി വിജയം കൈവരിച്ച ഉൾനാടൻ മത്സ്യകൃഷി 42 കുളങ്ങളിലേക്ക‌് വ്യാപിപ്പിച്ചു. കഴിഞ്ഞ വർഷം ആറ‌് കുളങ്ങളിൽനിന്ന‌് 5390 കിലോ മത്സ്യം വിളവെടുത്തു. 10,78,000 രൂപ ലഭിച്ചു. ഓരോ കുളത്തിന് സമീപത്തും താമസിക്കുന്ന 5 മുതൽ 10 വരെ അംഗങ്ങൾ ചേർന്ന് രൂപീകരിച്ച സ്വയം സഹായ സംഘങ്ങളാണ് മത്സ്യകൃഷി നടത്തുന്നത്. പഞ്ചായത്ത് കുളങ്ങൾ പാട്ടത്തിന് നൽകി പദ്ധതിക്ക‌് പിന്തുണ ലഭ്യമാക്കി.
 
 
കാട്ടാക്കടയിലെ ജലസമൃദ്ധി പ്രവർത്തനങ്ങൾ കാണാനെത്തിയ  ഹരിതകേരള മിഷൻ എക്സിക്യൂട്ടീവ്‌ വൈസ്‌ ചെയർമാൻ  ഡോ. ടി എൻ സീമയും സംഘവും

കാട്ടാക്കടയിലെ ജലസമൃദ്ധി പ്രവർത്തനങ്ങൾ കാണാനെത്തിയ ഹരിതകേരള മിഷൻ എക്സിക്യൂട്ടീവ്‌ വൈസ്‌ ചെയർമാൻ ഡോ. ടി എൻ സീമയും സംഘവും

 

ലോക ശ്രദ്ധയിലും

 
ലോക ബാങ്കും ഐക്യ രാഷ്ട്രസഭയും യൂറോപ്യൻ യൂണിയനും സംയുക്തമായി 2019 മെയ് 14ന് ജനീവയിൽ സംഘടിപ്പിച്ച ലോക പുനർനിർമ്മാണ കോൺഫറൻസിലെ ജലസംരക്ഷണവുമായി ബന്ധപ്പെട്ട സാങ്കേതിക സെഷനിൽ ഡച്ച് ദുരന്ത ലഘൂകരണ സംഘത്തിലെ വിദഗ്ദ്ധൻ പോൾ വാൻ മീൽ അവതരിപ്പിച്ച പ്രബന്ധത്തിൽ സംയോജിത നീർത്തട പരിപാലനത്തിൻറെ ഉത്തമ മാതകയായി കാട്ടാക്കട ജലസമൃദ്ധി പദ്ധതിയെ ലോകത്തിന് പരിചയപ്പെടുത്തിയത്. പ്രളയാനന്തര പുനർനിർമാണത്തിനായി യുഎൻഡിപിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പിഡിഎൻഎ റിപ്പോർട്ടിലെ സംയോജിത ജലവിഭവ മാനേജ്മെൻറ് പ്ലാൻ തയ്യാറാക്കിയ സംഘത്തിലെ അംഗമായിരുന്നു ഇദ്ദേഹം. പോൾ വാൻ മീലിന്റെ നേതൃത്വത്തിലുള്ള സംഘം മാർച്ചിൽ കാട്ടാക്കട സന്ദർശിച്ചിരുന്നു. പദ്ധതി നടത്തിപ്പിൽ വിദ്യാർഥികൾ മുതൽ മുതിർന്നവർ വരെ എല്ലാ വിഭാഗം ജനങ്ങളെയും കൂട്ടിയിണക്കിയുള്ള ജനകീയ പ്രവർത്തനത്തെ പ്രബന്ധാവതരണത്തിൽ പ്രത്യേകം പരാമർശിച്ചു.  
 

ഒത്തൊരുമയുടെ വിജയം

 
ഒരു ജനത ഭാവി തലമുറക്കായി ഒരുമിച്ചു നടത്തിയ ഒരു യാത്രയുടെ ഫലം കണ്ട സാർത്ഥകമായൊരു ശ്രമമാണ‌് കാട്ടാക്കടയുടെ ജലസമൃദ്ധി പദ്ധതി. സർക്കാർ വകുപ്പുകളോടൊപ്പം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീ, ദേശീയ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ, റസിഡൻസ് അസോസിയേഷൻ, ശാസ്ത്ര സാഹിത്യ പരിഷത്ത്, നെഹ്റു യുവക‌് കേന്ദ്ര, യുവജന കലാകായിക സമിതികൾ, സന്നദ്ധ പ്രവർത്തകർ എല്ലാവരും ഒരേ വികാരത്തോടെ ജലസമൃദ്ധിക്കൊപ്പം നടക്കുകയാണ‌്. പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾ എല്ലാവർഷവും മാർച്ചിൽ ആസൂത്രണം ചെയ്യുന്നു. ഏപ്രിൽമുതൽ നടപ്പാക്കുന്നു.
പ്രധാന വാർത്തകൾ
 Top