24 February Monday

കമ്യൂണിസ്‌റ്റ്‌ പച്ച

വിനോദ്‌ പായം vinodpayam@gmail.comUpdated: Sunday Aug 25, 2019

ഓ-മനക്കു-ട്ടൻ / ഫോട്ടോ: ഷിബിൻ ചെറുകര

പ്രളയത്തിൽ ഉദിച്ചുയർന്ന താരങ്ങളാണിവർ. ഓമനക്കുട്ടനും നൗഷാദും. രാഷ്‌ട്രീയ പകപോക്കലിന്റെയും മാധ്യമവേട്ടയുടെയും ഒരു ദീർഘദിനം പിന്നിട്ട്‌  സത്യത്തിന്റെ അനിവാര്യവിജയവുമായി പുഞ്ചിരിച്ചു നിന്നു ഓമനക്കുട്ടൻ. തണുത്തുവിറച്ച സഹജീവികൾക്കുവേണ്ടി തുണിശേഖരിക്കാൻ വന്നവർക്ക്‌ തന്റെ കടയിലുള്ള മുഴുവൻ വസ്‌ത്രങ്ങളും സമ്മാനിച്ചു നൗഷാദ്‌. ചേർത്തലക്കാരൻ  ഓമനക്കുട്ടൻ സിപിഐ എം ലോക്കൽ കമ്മിറ്റി അംഗമാണെങ്കിൽ എറണാകുളത്തെ നൗഷാദ്‌ സിഐടിയു പ്രവർത്തകൻ

 
 
21.08.2019 ലെ ഉച്ചസദ്യ. ആലപ്പുഴ ജില്ല, ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത് ആറാം വാർഡ് കണ്ണികാട് പട്ടികജാതി സാംസ്കാരിക നിലയത്തിലെ ക്യാമ്പംഗങ്ങളെല്ലാം ഉണ്ടുകഴിഞ്ഞു. ഇന്നവർ വീട്ടിലേക്ക് മടങ്ങുകയാണ്. 24 കുടുംബങ്ങളിലെ 130 പേർ. 
 
മഴക്കെടുതിയിൽപ്പെട്ടവർ തങ്ങുന്ന ക്യാമ്പിൽ എന്തിനാണ് ചേട്ടാ, ഇത്ര കുശാലായി ഉച്ചയൂണ് എന്ന സംശയം തോന്നിയോ? കൈയോടെ ചോദിച്ചേക്കാം. ക്യാമ്പ് കൺവീനറായ  കണ്ണികാട് അംബേദ്കർ കോളനിയിലെ ഓമനക്കുട്ടനോട്. അദ്ദേഹം വിശദീകരിക്കട്ടെ:
 
'ശരിക്കും പറഞ്ഞാ പണ്ട് കുട്ടനാട്ടിനേക്കാളുംമുമ്പേ ദുരിതാശ്വാസ ക്യാമ്പ് തൊടങ്ങിയ പ്രദേശവാ ഇത്. പത്തു നാൽപത്തിയെട്ട് വർഷം മുമ്പ്‌. മൊത്തം പാവപ്പെട്ട പട്ടികജാതിക്കാരാന്നെ. ദാ ഈ വയലിനപ്പുറം ഒഴുകുന്ന കരിപ്പെച്ചാല് കണ്ടില്ലെ. ആകാശം ചുമ്മാ കറുത്തുകണ്ടാ മതി, അതിലെ വെള്ളമെല്ലാം പിന്നെ ഞങ്ങടെ നെഞ്ചത്തോട്ടാ. കഴിഞ്ഞവർഷം  പത്തെഴുപത്തെഞ്ചു ദിവസാ ഞങ്ങള് ക്യാമ്പിൽ കെടന്നത്. കഴിഞ്ഞമാസം 22 മുതൽ 28 വരെ ഞങ്ങളെല്ലാം ഇവിടാരുന്നു. ഇപ്പഴല്ലേ, അടച്ചുറപ്പുള്ള ഈ ബിൽഡിങ്ങൊക്കെ വന്നേ. ബിൽഡിങ്‌ എന്നൊക്കെ പറയാമെന്നേയുള്ളൂ. കറന്റുമില്ല, വെള്ളവുമില്ല. എങ്ങനെ കിട്ടാനാ... ബിൽഡിങ്ങിന് നമ്പർ പോലും പഞ്ചായത്തുകാര് തന്നില്ല.
 
എന്റെയൊക്കെ കുട്ടിക്കാലത്ത്, മഴ വന്നാൽ, കണ്ണികാട് ശിവരാമപ്പണിക്കരുടെ പറമ്പിലായിരുന്നു ക്യാമ്പ് കെട്ടി താമസിച്ചിരുന്നെ. അന്നേ സഹജീവിതം ഞങ്ങൾക്ക് പറഞ്ഞതാ. ആർക്കും ഒന്നും ഉണ്ടാകില്ല. ഉള്ളത് എല്ലാവരും ഒന്നിച്ചുണ്ടാക്കി കഴിക്കും. സർക്കാരീന്ന് കിട്ടുന്നതുവരെയുള്ള ചെലവ് ഞങ്ങളെല്ലാരും ഒന്നിച്ചങ്ങ് വഹിക്കും. പത്തു രൂപ പോലും തനിച്ചെടുക്കാനില്ലാത്ത ആൾക്കാരല്ലേ ഞങ്ങള്.
 
സർക്കാരീന്ന് സാധനങ്ങള് കിട്ടുംമുമ്പേ, ഞങ്ങള് ആലിങ്കൽ കവലേന്നാ സാധനങ്ങള് എടുത്തിരുന്നെ.  ആലിങ്കലെ മുരളീടെ കടേന്നും മറ്റും സാധനം കടം വാങ്ങിക്കും. ഒടുക്കം സർക്കാരീന്ന് കിട്ടുമ്പോ കടേൽ കൊടുക്കും. കിട്ടിയില്ലേൽ, എല്ലാരുടേന്നും കൊറശ്ശെ പിരിച്ച്‌ പറ്റ് തീർക്കും. ഇങ്ങനെ പങ്കിട്ട് തിന്നുന്ന സ്വഭാവം ഞങ്ങൾക്ക് പണ്ടേ ഒള്ളതാന്നേ.
 
ഈ സാംസ്കാരിക നിലയത്തിന്റെ കഥയറിയോ? കരന്റും വെള്ളവും ഞങ്ങള് അടുത്ത വീട്ടീന്ന് എടുക്കും. അതിന്റെ കാശ് പിരിച്ചുനൽകും. ഇത്തവണ കറന്റ് ബില്ല് പാർടീടെ കുറുപ്പൻകുളങ്ങര ലോക്കൽ സെക്രട്ടറി ടി എൻ മഹാദേവനാ കൊടുത്തേ. ഞങ്ങള് പാർടിക്കാർക്ക് അങ്ങനെ കൊറെ കൈയീന്നും പോകും. മുമ്പത്തെ പഞ്ചായത്ത് പ്രസിഡന്റ് എസ് സുനിൽകുമാറൊക്കെ അങ്ങനെ കുറെ സഹായിച്ചിട്ടുണ്ട്. എനിക്കൊന്നും അങ്ങനെ എല്ലാ സമയത്തും എടുത്തുകൊടുക്കാനൊന്നും കാശില്ലാന്നേ. കരിങ്കല്ല് പണിയാ എനിക്ക്. ഭാര്യ രാജേശ്വരി ചെമ്മീൻ ഫാക്ടറിയിൽ പോകും. മഴ തുടങ്ങിയേ പിന്നെ ഞാൻ പണിക്കും പോയിട്ടില്ല. സത്യം പറഞ്ഞാ പത്തുരൂപ കൈയിലെടുക്കാൻ പാങ്ങില്ലാത്ത കാലമാ ഈ മഴക്കാലം.
ഇത്തവണ ക്യാമ്പില് പിരിയാൻ നേരം, എന്റെ വീട്ടുകാരടക്കം 24 കുടുംബങ്ങളാ ഉള്ളത്. വല്ലാതെ വെള്ളം കേറിയ കഴിഞ്ഞാഴ്ച 134 കുടുംബങ്ങളിലെ 441 പേർ ക്യാമ്പിലെത്തി. ഇവരോട് ഞാൻ കാശ് പിരിച്ചൂന്നാ ആരോപണം. കാശ് പിരിച്ചൂന്ന് സത്യാ. ഓട്ടോക്കാരന് 70 രൂപ കൊടുക്കാൻ വേണ്ടി ചെയ്തതാ. 14 വയസ്സിൽ തുടങ്ങിയതാട്ടോ ഞാൻ പൊതുപ്രവർത്തനം. രണ്ട് പെണ്ണുമക്കളാ എനിക്ക്. എല്ലാക്കാലത്തും പാർടി മാത്രമാ എനിക്ക് സ്വന്തം. ഞാനും പാർടിയും കള്ളനല്ലാന്ന്‌, ഒറ്റ രാത്രികൊണ്ട് തെളിഞ്ഞില്ലേ. അത് എന്റെം എന്റെ പാർടിയുടെ നിലപാടുകൊണ്ടാണ്. മഴയുംമാറി, ഞാനും പാർടീം സർക്കാരും പത്ത് ഇരുപത്തിനാല് മണിക്കൂർ കേട്ട പഴിയും മാറി. അതിന്റെ സന്തോഷത്തിനാണ്‌ ഈ സദ്യ. 
 

അന്ന് സംഭവിച്ചത്

 
അങ്ങനെ വല്യസംഭവമൊന്നും ഉണ്ടായിട്ടില്ലാന്നെ. ഞാൻ പാർടിയുടെ ലോക്കൽ കമ്മിറ്റി അംഗമായതോണ്ട് മാത്രം സംഭവിച്ച പ്രചാരണമല്ലെ അതൊക്കെ. ഞങ്ങള് ക്യാമ്പിലേക്ക് ചേർത്തല ഹോർട്ടികോർപ്പീന്നും കൺസ്യൂമർ ഫെഡീന്നുമൊക്കെയാ സാധനം എടുക്കുന്നേ. പെണ്ണ്ങ്ങള് ലിസ്റ്റാക്കും. അതില് വില്ലേജ് ഓഫീസറ് ഒപ്പിട്ട് സീല് വച്ചാ സാധനം പോയി വാങ്ങിക്കാം.
ഇത്തവണ ഞങ്ങളുടെ ക്യാമ്പില് ചേർത്തല സൗത്ത് പഞ്ചായത്ത് ഒമ്പതാം വാർഡ് വിവി ഗ്രാമത്തിലെ അഞ്ചു വീട്ടുകാരും വന്നാരുന്നു. അവരുടെയടുത്തും ഇത്തവണ ക്യാമ്പ് ഉണ്ടായിരുന്നു. എന്നാൽ, അവര് ആ ക്യാമ്പില് പോകാതെ ഇവിടെ വന്നു. അതിന്റെ ചെറിയൊരു തർക്കമൊക്കെ ഉണ്ടായിരുന്നു. പാർടി ഇടപെട്ടാണ്, തർക്കം പരിഹരിച്ച് ആ അഞ്ചു വീട്ടുകാരെ ഇവിടെ രജിസ്റ്റർ ചെയ്തത്. ക്യാമ്പില് ആളുകൂടിയപ്പോ, സാധനം ഓട്ടോയിൽ കൊണ്ടുവരാൻ രണ്ടു പ്രാവശ്യം പോകേണ്ടിവന്നു.  വൈകിട്ട് ഞാൻ സാധനവുമായി എത്തിയപ്പോൾ അഞ്ചു വീട്ടുകാര്, രജിസ്റ്റർ ചെയ്ത് കഴിഞ്ഞ്, ബാങ്ക് കടലാസും എല്ലാം ക്യാമ്പിൽ നൽകി, വീട്ടിലേക്ക് മടങ്ങാൻ നിൽക്കുന്നു. (സർക്കാരിന്റെ പതിനായിരം രൂപ അടിയന്തരസഹായം ഒണ്ടല്ലോ. അതിനാണ്‌ ബാങ്ക്‌ കടലാസ്‌) രണ്ടുദിവസം അവര് തങ്ങിയിരുന്നു. എന്റെ കൈയിലാണെങ്കിൽ 28 രൂപ മാത്രേ ഉള്ളൂ. ഓട്ടോ കാശ് നൂറുരൂപയായി. മടങ്ങാൻ നിൽക്കുന്നവരോട് ഞാൻ പറഞ്ഞു; നിങ്ങള് പോകുകല്ലെ. 70 രൂപ തരാവോ, ഓട്ടോക്ക് കൊടുക്കാനാണ്. ഈ സമയം ഒരമ്മച്ചി അഞ്ചു വീട്ടുകാരുടെയും വിഹിതം എന്നുപറഞ്ഞ് 100 രൂപ തന്നു. സമയം അപ്പോൾ വൈകിട്ട് 6.20. എന്റെ കൈയിലുണ്ടായിരുന്ന 28 രൂപ ഞാൻ അമ്മച്ചിക്ക് മടക്കിനൽകി. അഞ്ചു വീട്ടുകാരുടെ വിഹിതംകഴിച്ച് 30 രൂപയാണ് ബാക്കി നൽകേണ്ടത്. രണ്ടു രൂപ നൽകാനുണ്ട്്. അത് പിന്നീട് തരാമെന്ന് ചിരിച്ചുകൊണ്ടുപറയുകയും ചെയ്തു. ഇക്കാര്യമാണ്... മൊബൈലിൽ നോക്കിയാ കാണാം. നിങ്ങളും കണ്ടതാന്നല്ലോ.
 
ഞാൻ അമ്മച്ചിയോട് കാശ് വാങ്ങുമ്പോൾ മനോജ് എന്ന ആർഎസ്എസുകാരൻ അടുത്തുണ്ടായിരുന്നു. അയാൾ മൊബൈൽ ക്യാമറ ഓൺ ചെയ്ത് പോക്കറ്റിലിട്ടിട്ടുണ്ട്. ഞാനത് ശ്രദ്ധിക്കാനൊന്നും പോയില്ല.
 
അന്ന് രാത്രിയോടെയാണ് അറിയുന്നത്, ഞാൻ കാശ് വാങ്ങുന്ന ദൃശ്യം, ഫേസ്‌ബുക്കിലും മറ്റും പ്രചരിക്കുന്നുണ്ട് എന്ന്‌. അപ്പോഴും എനിക്ക് പ്രത്യേകമായി ഒന്നും തോന്നിയില്ല. എന്നാൽ, പിറ്റേന്ന് വില്ലേജ് ഓഫീസർ എത്തി, പണപ്പിരിവ് നടത്തിയോ എന്ന് ചോദിച്ചു. എന്റെ സാറെ... പണപ്പിരിവ് എന്ന വല്യ വാക്കൊക്കെ ഉപയോഗിക്കല്ലെ... നമ്മൾക്കങ്ങിനെയൊന്നും അറിയില്ല. പിന്നാലെ തഹസിൽദാറും എത്തി. പണപ്പിരിവ് നടത്തിയത് തെറ്റിപ്പോയി, എന്ന രീതിയിൽ മാപ്പ് എഴുതിക്കൊടുക്കണമെന്നും ഉദ്യോഗസ്ഥർ ശാഠ്യംപിടിച്ചു. പൊലീസിൽ പരാതികൊടുക്കുമെന്നും പറഞ്ഞു. ഞാൻ തെറ്റ് ചെയ്തിട്ടില്ലെന്ന നിലപാടിൽ ഉറച്ചുനിന്നു. ക്യാമ്പിലുള്ളവരും അതുതന്നെ ആവർത്തിച്ചു. ഉച്ചയോടെ ചാനലുകളിൽ വാർത്ത. എനിക്കെതിരെ കേസായി. ഉടൻ അറസ്റ്റുണ്ടാകുമെന്ന് എസ്ഐ ഫോണിൽ വിളിച്ചറിയിച്ചു. 
 
 ക്യാമ്പ് നടത്തിപ്പിനുള്ള ചെലവുകാശും സർക്കാരിൽനിന്നും ലഭിക്കുമെന്ന യാഥാർഥ്യം അപ്പഴാ ഞാനറിയുന്നത്‌. 40 വർഷമായി ഞാൻ മനസ്സിലാക്കാത്ത കാര്യാ കേട്ടോ അത്‌! എന്നിലെ പൊതുപ്രവർത്തകന് അക്കാര്യം മനസ്സിലാക്കാനാവാത്തതിൽ വീഴ്ച വന്നു. ഡോ. വേണു ഐഎഎസ് (റെവന്യൂ സെക്രട്ടറി) കാര്യങ്ങൾ വ്യക്തമാക്കി ഫെയ്‌സ്‌സ്ബുക്കിൽ ഇട്ടതോടെ കാര്യങ്ങളെല്ലാം വ്യക്തമായി.
 

നടപടി

 
വലിയ മാധ്യമ ബഹളമുണ്ടായപ്പോൾ പാർടി നടപടി വന്നു. അതിലെന്താണ് തെറ്റ്? എന്റെ പാർടി ശരിയായി തന്നെയാണ് അപ്പോൾ കാര്യങ്ങൾ വിലയിരുത്തിയത്. അപ്പോഴത് ചെയ്തില്ലെങ്കിൽ സർക്കാരിനേം പാർടിയേം ഇതേ പത്രക്കാര്‌ വലിച്ചുകീറുമായിരുന്നില്ലെ? ഞാനതിന് വഴിവച്ചുകൊടുത്തുകൂടല്ലോ. പ്രശ്നമുണ്ടാകുമ്പോൾ ഉടൻ നടപടി എടുക്കുന്ന പാർടിയാണിത്‌.
മനോജാണ് മൊബൈലിൽ ദൃശ്യം പകർത്തിയതെങ്കിലും ചാനലുകൾക്ക് അത് നൽകിയത് ആർഎസ്എസുകാരായ മാടയ്ക്കൽ രഞ്ചിത്തും ആലുങ്കൽ രാജിത്തുമാണ്.  അത്‌ ശരിയോന്നു പോലും നോക്കാതെ ചാനലുകാർ ആഘോഷിച്ചു. 70 രൂപയ്ക്കായി എന്നേം പാർടിയെയും 24 മണിക്കൂറോളം വലിയ കള്ളനാക്കി. ഇപ്പോൾ നോക്കുമ്പോൾ അത് നല്ല കാര്യമായി തോന്നുന്നു. പാർടിക്കും സർക്കാരിനും എതിരെ വരുന്ന വാർത്ത മിക്കതും ഇങ്ങനൊയൊക്കെ തന്നെയാണ് ഉണ്ടാകുന്നത് എന്നകാര്യം നാട്ടുകാര് ഒരിക്കൽ കൂടി മനസ്സിലാക്കിയല്ലോ.
 

മാപ്പ്

 
കലക്ടർ ഡോ. അദീല സംഭവത്തിനുശേഷം ക്യാമ്പിലെത്തി. ഉദ്യോഗസ്ഥർമൂലമുണ്ടായ മാനഹാനിക്ക്‌ അവർ നേരിട്ട്‌ ഖേദം പറഞ്ഞു. പരാതിയുണ്ടോന്ന്‌ ചോദിച്ചു. ഇപ്പോ ക്യാമ്പിലെല്ലാത്തിനും രേഖയായി. വൗച്ചർ ഒപ്പിട്ട്‌ നൽകിയാൽ ഓട്ടോക്കും കാശ്‌ കിട്ടും, കറന്റിന്റെ കാശും കിട്ടും. എല്ലാം സർക്കാർ ഒരുക്കുന്നുണ്ടെന്ന്‌  ഞങ്ങൾക്കിപ്പോൾ സാക്ഷ്യം പറയാൻ കഴിയും.
 
ചാനലായ ചാനലും പത്രക്കാരും മാപ്പുപറച്ചിൽ തുടരുവാ. ചാനലുകാർ നേരിട്ട്‌ കാറയച്ച് കരിങ്കല്ലു പണിക്കാരനായ ഈ ലോക്കൽ കമ്മിറ്റി അംഗത്തെ ചർച്ചയ്‌ക്ക് കൊണ്ടുപോയി. കൊച്ചിവരെ കാറിലാ പോയെ. ‘ഓമനക്കുട്ടൻ ഹീറോയാ... ഹീറോ’ എന്നൊക്കെ റിപ്പോർട്ടർ ചാനലിൽ നികേഷ് പറയുന്നത് കേട്ടു. ഞാനല്ല, ശരിക്കും എന്റെ പാർടീം സർക്കാരുമല്ലെ ഹീറോ?
ഞങ്ങളെ ക്യാമ്പിലേക്ക് ഡിവൈഎഫ്ഐക്കാര്‌ അങ്കമാലീന്നും ശ്രീമൂലനഗരത്തൂന്നും സഹായം എത്തിച്ചു. മൂലമറ്റം, ഇരിങ്ങാലക്കുട, ചാലക്കുടി, കണ്ണൂർ... എവിടൊന്നൊക്കെയോ ഫോൺ വരുന്നു. ഇപ്പോഴും ‌വിളി തുടരുവാ. മുൻവാതിലില്ലാത്ത എന്റെ വീടിന്റെ ചിത്രമെടുത്ത്, വീട് കെട്ടിത്തരാമെന്ന എഫ്ബി ലൈവുകൾ പറക്കുന്നുണ്ട്. എന്റെ അംബേദ്കർ ഗ്രാമത്തിൽ എന്റെ വീടിനേക്കാളും ഗതികെട്ട നിരവധി വീടുണ്ട്. അതിലൊരാൾക്ക് പറ്റുമെങ്കിൽ വീട്‌ കെട്ടിക്കൊട്‌ എന്നാ ഞാൻ പറഞ്ഞെ.
 
മകൾ സുകൃതി പ്ലസ്ടു കഴിഞ്ഞ് എൻട്രൻസ് പരിശീലനത്തിലാ തൃശൂര്‌. മറ്റൊരു മകൾ ദൃതിനി ഒമ്പതിലും. ഇവരുടെ പഠനച്ചെലവിന് സഹായിക്കാമെന്നും ചിലർ അറിയിച്ചിട്ടുണ്ട്. പാർടി പറഞ്ഞതിനാൽ മാത്രം ബാങ്ക്‌ എക്കൗണ്ട്‌ നമ്പർ അവർക്ക്‌ കൊടുത്തിട്ടുണ്ട്‌.
 
എന്റെ നാടിന്‌ സഹായം വേണം. കുട്ടനാട്ടിനുംമുമ്പേ മുങ്ങുന്ന കണ്ണികാടിനെ പുനരധിവസിപ്പിക്കണം. അത്‌ നടന്നാൽ, എല്ലാ മഴയിലും ക്യാമ്പിനായി മുടക്കുന്ന പണം സർക്കാരിനു ലാഭിക്കാം. സർക്കാർ ഏറ്റിട്ടുണ്ട്. മന്ത്രി തോമസ് ഐസക് ക്യാമ്പിൽ നേരിട്ടെത്തി ഞങ്ങക്ക് തന്ന ഉറപ്പാണത്. ആ ഉറപ്പിലാണ് എന്റെ നാട്‌ അടിസ്ഥാനം പണിയുന്നത്‌ കേട്ടോ. അതിന്മേൽ നുണയുടെ മഴ പെയ്‌താലുണ്ടല്ലോ... അതെല്ലാം ദാ കാണുന്ന കരിപ്പച്ചാലിൽ മുങ്ങിച്ചാകും... ഈ ഓമനക്കുട്ടനാ പറയുന്നെ! കരിങ്കല്ലുടയ്ക്കുന്നവൻ...
 
 

ഒരു മനുഷ്യന്റെ കഥ

 
 
നൗഷാദ്‌ കോഴിക്കാട്‌ മിഠായിത്തെരുവിൽ                   ഫോട്ടോ: മനു വിശ്വനാഥ്‌

നൗഷാദ്‌ കോഴിക്കാട്‌ മിഠായിത്തെരുവിൽ ഫോട്ടോ: മനു വിശ്വനാഥ്‌

മാൻഹോളിൽ വീണ മറുനാട്ടുകാരെ രക്ഷിക്കാൻ ജീവൻ നൽകിയ ഓട്ടോ ഡ്രൈവർ നൗഷാദിന്റെ നാടാണ്‌ കോഴിക്കോട്‌. ജീവത്യാഗത്തിന്റെ മറുപേരായി  മാറിയ നൗഷാദ്‌. ആ നൗഷാദിനിതാ അതേ പേരുള്ള ഒരു കൂട്ടുകാരൻ. പെരുമഴക്കാലത്ത്‌  കടയിലുള്ള  തുണിയെല്ലാം പാവങ്ങൾക്ക്‌ വാരിനൽകിയ എറണാകുളം ബ്രോഡ്‌വേയിലെ വഴിയോരക്കച്ചവടക്കാരൻ  നൗഷാദ്‌ പനച്ചിക്കൽ. നൗഷാദ്‌ എന്നാൽ തിളങ്ങുന്നത്‌ എന്നർഥം. നന്മയും ജീവകാരുണ്യവും നിറഞ്ഞ പ്രവൃത്തിയിലൂടെ നൗഷാദ്‌ എന്ന പേരിന്‌  കൂടുതൽ തിളക്കമേകിയിരിക്കുകയാണ്‌  വൈപ്പിൻ മാലിപ്പുറം സ്വദേശിയായ ഈ തെരുവുകച്ചവടക്കാരൻ. 
 
 കോഴിക്കോടെത്തിയ നൗഷാദ്‌ ആദ്യമോർത്തത്‌ മരണംവരിച്ച ഓട്ടോ ഡ്രൈവർ നൗഷാദിനെ. ആ ജീവത്യാഗത്തിനുമുന്നിൽ താൻ ചെയ്‌തതൊന്നുമല്ല എന്നുപറഞ്ഞ്‌ നന്മയ്‌ക്ക്‌ വിനയത്തിന്റെ കാന്തി ചാർത്തി ഈ  അമ്പത്തൊന്നുകാരൻ. നന്മ എന്ന വാക്കിന്‌ നൗഷാദ്‌ എന്ന മറുപേര്‌ മലയാളിയുടെ ഹൃദയതാരാവലിയിൽ എഴുതിച്ചേർത്ത വഴിയോരക്കച്ചവടക്കാരൻ  നൗഷാദ്‌  തന്റെ ജീവിതം പറയുന്നു:
 
‘‘ഞാൻ ചെയ്‌തത്‌ വലിയ കാര്യമൊന്നുമല്ല. പേരിനും പ്രശസ്‌തിക്കുമായി ചെയ്‌തതുമല്ല. ഒരുകൈ ചെയ്‌തത്‌ മറുകൈ അറിയരുതെന്ന്‌ വിശ്വസിക്കുന്നയാളാ ഞാൻ. കഴിഞ്ഞ പ്രളയകാലത്തും എന്നാലാകുന്നത്‌ ചെയ്‌തിരുന്നു. ഇതും അങ്ങനെ ചെയ്‌തതാ. ഒരു ബർമുഡയും ബനിയനും ചോദിച്ച് കടകൾ കയറിയിറങ്ങുന്നവരെ കണ്ടപ്പം സങ്കടംതോന്നി. ജീവിത്തിൽ കഷ്‌ടപ്പാടെന്നത്‌ കേട്ടറിവല്ല. ആറാം ക്ലാസിൽ പഠനം നിർത്തിയത്‌ സ്‌കൂളിൽപോകാൻ കഴിയാത്തതിനാലാ. തുടർന്ന്‌ മട്ടാഞ്ചേരിയിൽ കൈവണ്ടി വലിച്ചിട്ടുണ്ട്‌ ഞാൻ. ഐലൻഡിൽ പഞ്ചസാര ചാക്ക്‌ ചുമന്നു. സൗദിയിയിൽ പോയി. റിയാദിൽ ഫ്രൂട്ട്‌ മാർക്കറ്റിലായിരുന്നു ഒമ്പതുവർഷം.  തിരിച്ചുവന്നശേഷം തുടങ്ങിയതാ വഴിയോരക്കച്ചവടം. കോഴിക്കോടൊക്കെ നിരവധി തവണ വന്നിട്ടുണ്ട്‌. തുണി വാങ്ങാൻ. കച്ചവടത്താൽ ജീവിച്ചുപോകുമോന്ന്‌ ചോദിച്ചാൽ കുഴപ്പമില്ലാന്ന്‌ പറയാം.  വലിയ മോഹമൊന്നുമില്ല.  വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ (സിഐടിയു) അംഗമാണ്‌ ഞാൻ. എന്റെ രണ്ടു സഹോദരന്മാരും  വഴിയോരക്കച്ചവടക്കാരാ.  വഴിയോര കച്ചവടക്കാർക്ക്‌ ഒരുപാട്‌ പ്രയാസങ്ങളാ. അതിനെല്ലാം സഹായവും തുണയും സിഐടിയുവാ. അതൊന്നും മറക്കാനാകില്ല. 
 
ഇപ്പം നാടിന്റെ പല ഭാഗങ്ങളിൽനിന്ന്‌ ആളുകൾ വിളിക്കുന്നു. കണ്ണൂരും താനൂരും അമ്പലപ്പുഴയും കുട്ടമശേരിയിലുമെല്ലാം ചില പരിപാടിക്ക്‌ പോയി. പ്രളയത്തിൽ തകർന്നവർക്ക്‌ സഹായം ചെയ്യുന്ന പരിപാടികളായതിനാലാ പോയത്‌. പലരും സഹായം വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌. അതിൽ സന്തോഷമുണ്ട്‌. അവരോടൊക്കെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സഹായം നൽകാനാ പറഞ്ഞത്‌. ദുബായിലെ സ്‌മാർട്‌ ട്രാവൽസിന്റെ അഫി മുഹമ്മദ്‌  വീട്ടിൽ വന്നു. അവർ തന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നൽകാൻ എറണാകുളം കലക്ടർക്ക്‌ കൈമാറി. അവര്‌ ദുബായിലേക്ക്‌ ക്ഷണിച്ചു.  പാസ്‌പോർട്ട്‌ പുതുക്കിയിരുന്നില്ല. ഇപ്പോൾ വെരിഫിക്കേഷനില്ലാതെ  പാസ്‌പോർട്ട്‌ കിട്ടി.  ഞാൻ കാരണം ആർക്കെങ്കിലും നല്ലത്‌ ചെയ്യാൻ തോന്നിയാൽ അതുമതി. നല്ലത്‌ ചെയ്യുന്നതിന്റെ സുഖവും  സന്തോഷവും  മറ്റൊന്നിനും കിട്ടില്ല.  ഈ തിരക്കുകൾ ശരിയാകില്ല. ഇതവസാനിപ്പിക്കണം, കഴിയുംവേഗം. എനിക്ക്‌ ബ്രോഡ്‌വേയിലെ തുണിക്കച്ചവടമേയുള്ളു. അതിലേക്ക്‌ മടങ്ങണം–-  പുതിയകാലത്തെ നന്മയുടെ അംബാസഡർ പറഞ്ഞുനിർത്തി.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top