21 February Thursday
സെൽഫി

പ്രളയത്തിൽ ചില നിമിഷങ്ങൾ

കൃഷ‌്ണ പൂജപ്പുരUpdated: Saturday Aug 25, 2018

നമ്മൾ

രക്ഷാപ്രവർത്തകന്റെ മുതുകത്ത്‌ പിടിച്ചുകിടക്കുകയായിരുന്നു അയാൾ. കണ്ണെത്താദൂരത്തോളം വെള്ളം. തന്റെ ഭാരവും വഹിച്ച്‌ പാവം രക്ഷാപ്രവർത്തകൻ നീന്തുന്നതിൽ അയാൾക്ക്‌ അൽപ്പം വിഷമം തോന്നി.
 
‘‘സഹോദരൻ വന്നില്ലായിരുന്നെങ്കിൽ ഞാനീ വെള്ളത്തിൽ തീർന്നേനെ.’’ അയാൾ പറഞ്ഞു. ‘‘സഹോദരന്റെ പേരെന്താ?’’
 
‘‘രമേശൻ. സാറിന്റെയോ?’’
 
‘‘അലക്‌സ്‌.’’
 
ഇതിനിടെ ഒഴുക്കുകൂടി. രമേശൻ അലക്‌സിന്‌ ധൈര്യം നൽകി. ഒരു മരക്കുറ്റിയിൽ പിടിച്ച്‌ അൽപ്പസമയം നിന്നു.
 
‘‘രമേശൻ എന്തുചെയ്യുന്നു?’’
 
‘‘കൂലിപ്പണിയാ. സാറോ?’’
 
‘‘ഞാൻ അമേരിക്കയിലാ. അവിടെ ഐടി കമ്പനി മേധാവി. കുടുംബം അവിടെ. ഇവിടെ ഒരാവശ്യത്തിനായി വന്നതാ. അതിനിടയ്‌ക്കാ പ്രളയം. അമ്പതുലക്ഷത്തിന്റെ കാറും എന്റെ ഇവിടത്തെ തറവാട‌് ഗസ്‌റ്റ്‌ ഹൗസും ഒക്കെ പോയി.’’
 

കുറച്ചുദൂരെ വെള്ളം കയറിനിൽക്കുന്ന ഒരു സ്‌കൂൾ അലക്‌സിന്റെ കണ്ണിൽപ്പെട്ടു.
 
‘‘ഞാൻ പ്രൈമറി ക്ലാസിൽ പഠിച്ചത്‌ ആ സ്‌കൂളിലാ.’’ അലക്‌സ്‌ പറഞ്ഞു.
 
‘‘ഞാനും ഈ സ്‌കൂളിലാ.’’ രമേശനും പറഞ്ഞു.
 
‘‘ഏതുവർഷം?’’
 
 
രമേശൻ വർഷം പറഞ്ഞു.
 
‘‘ഞാനും അക്കാലത്താണല്ലോ?’’
 
അലക്‌സ്‌ രമേശനെ ഒന്നുനോക്കി. വീണ്ടും നോക്കി. ഒരാഹ്ലാദം. അലക്‌സ്‌ രമേശനെ ഒന്നുപിടിച്ചു.
 
‘‘തല്ലുകൊള്ളി രമേശാ...!’’
 
‘‘മിണ്ടാപ്പൂച്ച അലക്സേ...!’’
 

പ്രതീക്ഷ

വെള്ളമിറങ്ങി. ദുരിതാശ്വാസക്യാമ്പിൽനിന്ന്‌ വീട്ടിൽ തിരിച്ചെത്തിയ കുടുംബം. കട്ടപിടിച്ച ചെളി. ചെറുവീട്‌ ആകെ ഉലഞ്ഞിരിക്കുന്നു. മുത്തശ്ശിക്ക്‌ ആകെ കലികയറി.
‘‘ഇനി ഇതൊക്കെ അനുഭവിക്കാൻ നമ്മൾമാത്രമേ കാണൂ.’’ അവർ ആരെയൊക്കെയോ ശകാരിച്ചു. ‘‘ഒന്നും നടക്കില്ല. നമ്മുടെ ജീവിതം അവസാനിച്ചു. രേഖകളൊക്കെ നശിച്ചു. ഇനി വില്ലേജ്‌ ഓഫീസ്‌ കയറിയിറങ്ങണം. എന്നാലും ഒന്നും കിട്ടില്ല.’’ അവർ ഭ്രാന്തെടുത്തപോലെ  പുലമ്പിക്കൊണ്ടിരുന്നു. അവർ പറഞ്ഞത്‌ ശരിവയ്‌ക്കുംപോലെ ഗൃഹനാഥനും ഭാര്യയും തളർന്നുനിന്നു.
 
ചെറുമകൾ ചോദിച്ചു: ‘‘മുത്തശ്ശീ, വീട്ടിൽ വെള്ളം കയറിയപ്പോൾ നമ്മൾ വിചാരിച്ചു നമ്മൾ ഈ പ്രളയത്തിൽ മരിക്കുമെന്ന്‌ അല്ലേ? രക്ഷാപ്രവർത്തകർ വന്ന്‌ ഒന്ന്‌ രക്ഷപ്പെടുത്തിയെങ്കിൽ എന്ന്‌ ആഗ്രഹിച്ചു.’’
 
‘‘ങാ...’’
 
‘‘നമ്മളെ രക്ഷപ്പെടുത്തി. ഏതെങ്കിലും ഒരു ക്യാമ്പിൽ എത്താൻ ആഗ്രഹിച്ചു. ക്യാമ്പിൽ എത്തി. നല്ല ഭക്ഷണവും വസ്‌ത്രവും കിട്ടാൻ ആഗ്രഹിച്ചു. കുറവില്ലാത്ത രീതിയിൽ അതും കിട്ടി. ഇത്രയും കാര്യങ്ങൾ വിചാരിച്ചരീതിയിൽ നടന്നെങ്കിൽ ഇനിയും അതുപോലെ നടക്കുമെന്ന്‌ ആഗ്രഹിക്കുകയെങ്കിലും ചെയ്‌തൂടേ?’’
മുത്തശ്ശി അവളെ ഒന്നുനോക്കി. അനിശ്ചിതത്വത്തിലും പ്രതീക്ഷയുടെ മന്ദഹാസം അവരുടെ മുഖത്ത്‌.
 

എല്ലാരും സെലിബ്രിറ്റികൾ

ദുരിതാശ്വാസക്യാമ്പിലേക്കുള്ള കലക‌്ഷൻ സെന്ററിൽ സാധനങ്ങൾ പായ്‌ക്കുചെയ്‌ത്‌ നിറയ്‌ക്കുന്നതിനിടയിലാണ്‌ പയ്യൻസ്‌ തൊട്ടടുത്തുനിന്ന്‌ വിയർത്ത്‌ ജോലിചെയ്യുന്ന മുപ്പതുകാരനെ ശ്രദ്ധിച്ചത്‌. അവർ ഒന്ന്‌ അമ്പരന്നു.
 
‘‘ചേട്ടൻ... ഫിലിം സ്‌റ്റാറല്ലേ?’’
 
ജോലിക്കിടയിൽ അതേയെന്ന്‌ അയാൾ തലയാട്ടി.
 
‘‘അയ്യോ... ഞാൻ ചേട്ടന്റെ കട്ട ഫാനാ... പുതിയ സിനിമ...?’’
 
‘‘ഷൂട്ടിങ്‌ നടക്കുന്നു...’’ ആവേശത്തോടെയുള്ള ജോലി മുറിക്കാതെ വിയർപ്പ്‌ തുടച്ച്‌ അയാൾ പറഞ്ഞു.
 
‘‘ആണോ? പടത്തിന്റെ പേര്‌?’’
 
‘‘അതിജീവനം.’’ അയാൾ ഒന്നുചിരിച്ചു.
 
‘‘അതിജീവനം. പടം അനൗൺസ്‌ ചെയ്‌താരുന്നോ? ഞാൻ കണ്ടില്ല. മാസ്സാണോ?’’
 
‘‘റിയലിസ്‌റ്റിക്കാ. റിയൽ ലൈഫ്‌ സ്‌റ്റോറി.’’
 
‘‘അതുകൊള്ളാം. ബാക്കി ആർട്ടിസ്‌റ്റുകൾ ആരൊക്കെയാ.’’
 
‘‘എന്നോടൊപ്പം പ്രധാനമായിട്ടും അഭിനയിക്കുന്നത്‌ അനിയനാ.’’
 
‘‘ഞാനോ?’’ പയ്യൻസ്‌ അന്തംവിട്ടു. ഒരുനിമിഷം. അവന്‌ എന്തോ പിടികിട്ടിയതുപോലെ. രണ്ടുപേരും പരസ്‌പരം ഒന്നുനോക്കി. ഒരു മന്ദഹാസം.
 
‘‘കറക്ടാ.’’ പയ്യൻസ്‌ പറഞ്ഞു.
 

ദുരന്തം

ഒരു നാടുമുഴുവൻ ഒറ്റക്കെട്ടായി പ്രളയത്തിനെതിരെ പോരാടുമ്പോൾ അതാ ഫെയ‌്സ്‌ബുക്കിൽ ഏതോ ഒരാളുടെ നെഗറ്റീവ്‌ കമൻഡ‌്. അതുകണ്ട്‌ ന്യൂനമർദം പ്രളയജലത്തോട്‌ പറഞ്ഞു: ‘‘ഈ ദുരന്തത്തിനുമുന്നിൽ ഞാൻ തോറ്റിരിക്കുന്നു. ഇനി മറ്റേതെങ്കിലും തീരത്തേക്ക്‌ വലിഞ്ഞ്‌ മുഖം രക്ഷിക്കാൻ പോകുകയാ.’’ അതോടെ ന്യൂനമർദം ദുർബലമായി.

മൂല്യം

‘‘വില എന്താണെന്ന്‌ ഇപ്പോഴാ മനസ്സിലായേ?’’
 
‘‘വിലയോ? അതിന്‌ ഞാനിന്ന്‌ മീൻപിടിക്കാൻ പോയില്ല. ഇന്ന്‌ മീൻവിൽപ്പനയില്ല.’’
 
‘‘മീനിന്റെ വിലയല്ല. തന്റെ വില.’’
 

ബലം

ടിവിയിൽ പിതാവിന്റെ മുതുകത്ത്‌ ചവിട്ടി ബോട്ടിൽ കയറുന്നതുകണ്ട്‌ വാപ്പയ്‌ക്ക്‌ വേദനിക്കില്ലേ എന്ന്‌ ചോദിച്ച മകനോട്‌ ഉമ്മ പറഞ്ഞത്‌ ബലമുള്ള നട്ടെല്ലുള്ളതുകൊണ്ട്‌ വേദനിക്കില്ലെന്നായിരുന്നു. കരുണയോടെ മുതുക്‌ വളച്ചതുകാരണമാണ്‌ അടുത്തദിവസം നാടിന്റെ മുന്നിൽ നട്ടെല്ല‌്‌‌ നിവർത്തി വാപ്പ നിന്നതെന്നും മകൻ അറിഞ്ഞു.
 

കൊടും വിഷം

പ്രളയത്തിൽപ്പെട്ട്‌ പൊളിഞ്ഞുകിടക്കുന്ന സൂപ്പർമാർക്കറ്റിൽ ചിലർ കയറി. പുരകത്തുമ്പോൾ വാഴവെട്ടാൻ. അവിടത്തെ ചില സാധനങ്ങൾ കൈക്കലാക്കുന്നതു കണ്ട്‌, മഴവെള്ളത്തിൽ അവിടെ ഒരു കോണിൽ പറ്റിക്കൂടിയ മൂർഖൻ പാമ്പ‌് കൂട്ടത്തിലുള്ള മറ്റുള്ള പാമ്പുകളോട്‌ പറഞ്ഞു: ‘‘അവരെ കൊത്തല്ലേ... നമ്മൾ ചത്തുപോകും.’’
 

തിരുവോണം

മാവേലിയെ അൽപ്പമൊന്ന്‌ കളിയാക്കി വാമനൻ ചോദിച്ചു: ‘‘ഇത്തവണ ഓണസദ്യ കിട്ടിയില്ല അല്ലേ?’’
 
‘‘നന്നായി.’’ മാവേലി പറഞ്ഞു: ‘‘അങ്ങ്‌ എന്നെ പാതാളത്തിലേക്ക്‌ ചവിട്ടിത്താഴ്‌ത്തിയശേഷം ഏറ്റവും സന്തോഷത്തോടെയുള്ള സദ്യ കിട്ടിയത്‌ ഇപ്പോഴാ.
കൂട്ടായ്‌മയുടെ നല്ല ഒന്നാന്തരം ചോറ്‌, പരസ്‌പരസ്‌നേഹത്തിന്റെ പായസം, കരുണയുടെ നെയ്യ‌്‌‌, മതചിന്തയില്ലായ്‌മയുടെ പപ്പടം, പിന്നെ അതിജീവനത്തിന്റെ കറിക്കൂട്ടുകളും.’’
 

പലേടത്തും കേട്ടത്‌

ഇന്നലെവരെ എല്ലാം ഇങ്ങോട്ട്‌ വാങ്ങാനായിരുന്നു എനിക്ക്‌ ആവേശം. എന്നാലിപ്പോൾ അങ്ങോട്ട്‌ കൊടുക്കുന്നതാ സന്തോഷമെന്ന്‌ അറിയുന്നു.
 
krishnapoojappura@gmail.com
പ്രധാന വാർത്തകൾ
 Top