16 February Saturday
ബുക്‌പിക്‌

മതം ലോകനന്മയ‌്ക്കുള്ള പ്രേരകശക്തിയോ? മങ്ക് സംവാദത്തിലൂടെ

ഡോ. ബി ഇക‌്ബാൽUpdated: Saturday Aug 25, 2018
സമകാലവിഷയങ്ങൾ സംബന്ധിച്ച് പ്രഗത്ഭചിന്തകരെയും സാമൂഹ്യ പ്രവർത്തകരെയും പങ്കെടുപ്പിച്ച് വർഷത്തിൽ രണ്ടുതവണ ക്യാനഡയിലെ ടൊറന്റോയിൽ ലോകമെമ്പാടുമുള്ള ബൗദ്ധികലോകത്തിന്റെ ശ്രദ്ധ ആകർഷിച്ച്  സംവാദം (Munk Debate)   നടക്കുന്നു.  ഹങ്കറിയിൽ ജനിച്ച്   ക്യാനഡ പൗരത്വം സ്വീകരിച്ച   പീറ്റർ മങ്ക് (Peter Munk: 1927‐-2018)  സ്ഥാപിച്ച ഔറിയ ഫൗണ്ടേഷനാണ്   2008 മുതൽ സംവാദം സംഘടിപ്പിക്കുന്നത‌്. ബാരിക്ക് ഗോൾഡ് എന്ന സ്വർണഖനന  കോർപറേഷന്റെ അധിപനായിരുന്നു മങ്ക്‌.  
 
സവിശേഷമായ വാഗ്വാദരീതിയാണ് മങ്ക് സംവാദം പിന്തുടരുന്നത്. വിഷയം പ്രസ്താവനയായി  ആദ്യം അവതരിപ്പിക്കും.    യോജിപ്പും വിയോജിപ്പുമുള്ള രണ്ട് പ്രശസ്തർ  അഭിപ്രായം പ്രകടിപ്പിക്കും. നിശ്ചിതസമയത്തിൽ വിഷയം അവതരിപ്പിക്കാനും മറുപടി പറയാനും ശ്രോതാക്കളുടെ  ചോദ്യങ്ങളോട്  പ്രതികരിക്കാനും അവസരമുണ്ട്‌. ശ്രോതാക്കൾക്ക്‌ പ്രമേയത്തോടുള്ള നിലപാടെന്തെന്ന്‌  ചർച്ചയ‌്ക്ക് മുമ്പും പിമ്പും  ആരായുന്നു. സംവാദത്തെ തുടർന്ന് ശ്രോതാക്കളുടെ സമീപനത്തിൽ മാറ്റങ്ങൾ വന്നിട്ടുണ്ടോയെന്ന് അതുവഴി  മനസ്സിലാക്കാം.
 
ഔറിയ ഫൗണ്ടേഷനും ബിബിസിയും സംയുക്തമായി സംഘടിപ്പിച്ച 2018ലെ സംവാദം മതവിശ്വാസത്തിന്റെ നന്മതിന്മകളെ പറ്റിയായിരുന്നു. 'മതവിശ്വാസം ലോകനന്മയ‌്ക്കുള്ള പ്രേരകശക്തിയാണ്’ എന്നതായിരുന്നു   പ്രമേയം.  1997മുതൽ 2007വരെ  ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയറാണ് മതവിശ്വാസത്തെ അനുകൂലിച്ച്  സംസാരിച്ചത്. ലോകമതങ്ങൾ തമ്മിൽ ബഹുമാനവും ധാരണയും പ്രോത്സാഹിപ്പിക്കാൻ 'ടോണി ബ്ലെയർ ഫെയ്ത്ത് ഫൗണ്ടേഷൻ' എന്നൊരു സംരംഭം   അദ്ദേഹം  ആരംഭിച്ചിട്ടുണ്ട്.  പ്രസിദ്ധ യുക്തിവാദിയും നിരീശ്വരനും  ചിന്തകനുമായ  അമേരിക്കക്കാരൻ  ക്രിസ്റ്റോഫർ ഹിച്ചെൻസായിരുന്നു മതത്തിനെതിരെ സംസാരിക്കാനെത്തിയത്. ബിബിസി വേൾഡ് സർവീസ്, ബിബിസി ഓൺ ലൈൻ ന്യൂസ്, ബിബിസി ന്യൂസ് എന്നീ മാധ്യമശൃംഖലകളിലൂടെ 24 കോടി ജനങ്ങളാണ് സംവാദം ശ്രദ്ധിച്ചത്.
 
ബ്ലെയറും ഹിച്ചെൻസും ഉന്നയിച്ച വാദമുഖങ്ങളും തുടർന്ന് സംവാദത്തിൽ മധ്യസ്ഥത വഹിച്ച റുഡ്യാർഡ് ഗ്രിഫിത്തുമായി ഇരുവരും  നടത്തിയ അഭിമുഖസംഭാഷണങ്ങളും ഉൾപ്പെടുത്തി  ഹിച്ചെൻസ് എഡിറ്റ് ചെയ്ത് പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്  (Hitchens vs Blair: Christopher Hitchens. Black Swan: 2018). 
 
ഹിച്ചെൻസാണ് സംവാദത്തിന് തുടക്കംകുറിച്ചത്‌. മതപരമെന്ന് വ്യാഖ്യാനിച്ച‌് അവതരിപ്പിക്കുന്ന  പ്രകൃത്യാതീവും അമാനുഷവുമായ പ്രതിഭാസങ്ങൾക്കൊന്നും തെളിവ് ഹാജരാക്കാൻ മതവിശ്വാസികൾക്ക് കഴിയുന്നില്ലെന്ന് ഹിച്ചെൻസ് വാദിച്ചു. മതം നല്ല മനുഷ്യരെക്കൊണ്ട് തെറ്റ് ചെയ്യിക്കും. ബുദ്ധിമാന്മാരെക്കൊണ്ട് വിഡ്ഢി‌ത്തം പറയിക്കും. നല്ല സ്വഭാവമുള്ളവരെ ക്രൂരരാക്കുന്നു എന്ന ദുഷ്കർമമാണ് മതങ്ങൾ നിർവഹിക്കുന്നത്‐ അദ്ദേഹം പറഞ്ഞു. മതങ്ങളുടെപേരിൽ പലരും ബീഭത്സമായ പാതകം ചെയ്യുന്നുണ്ടെന്ന് ബ്ലെയർ സമ്മതിച്ചു. എന്നാൽ, മതസംഘടനകളും മതവിശ്വാസികളും ലോകമെമ്പാടും നിരവധി ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തുന്നത് കാണാതെപോകരുത്‌.  നാശോന്മുഖമെന്നപോലെ സൃഷ്ടിപരവുമായ വശവും മതങ്ങൾക്കുണ്ട്. മതവിശ്വാസത്താൽ പ്രചോദിതരായാണ് പലരും ആർദ്രതയും സഹാനുഭൂതിയും  പ്രകടിപ്പിക്കുന്നത്. വഴിപിഴച്ച പോക്കുകൊണ്ട് മാത്രമാണ് മതങ്ങൾ ക്രൂരകൃത്യങ്ങൾക്ക് കാരണമാകുന്നത്. മനുഷ്യരിൽ ജന്മസിദ്ധമായുള്ള ആത്മീയചോദനകൾക്ക് ഉത്തരം നൽകുന്നത് മതവിശ്വാസംമാത്രമാണെന്ന് ബ്ലെയർ വാദിച്ചു. മതമില്ലാത്ത ലോകത്തുനിന്ന‌് മതാന്ധത പോയെന്നുവരാം.  എന്നാൽ, മറ്റേതെങ്കിലും ആശയത്തോടുള്ള മൂഢാന്ധത  (Fanaticism)  നിലനിൽക്കാൻ സാധ്യതയുണ്ടെന്നും  ബ്ലെയർ അഭിപ്രായപ്പെട്ടു.
 
മതേതരത്വമാണ്  മതവിശ്വാസത്തെക്കാൾ മനുഷ്യരെ നന്മയിലേക്ക് നയിക്കുന്നതെന്ന് ഹിച്ചെൻസ് തുടർന്ന് പറഞ്ഞു. വിശ്വാസികൾ നടത്തുന്ന ജീവകാരുണ്യപ്രവർത്തനങ്ങൾ സ്വാഗതാർഹം. എന്നാൽ, അതുകൊണ്ടുമാത്രം പട്ടിണിയും കഷ്ടപ്പാടും മാറ്റാനാകില്ല. അതിന്‌ സാമൂഹ്യ മാറ്റം വേണം. അതിൽ പ്രധാനം സ്‌ത്രീശാക്തീകരണം.  മതങ്ങൾ പൊതുവിൽ സ്ത്രീവിരുദ്ധമാണ്.  തെറ്റും ശരിയും തിരിച്ചറിയാൻ മതശാസനകളോ ദൈവകൽപ്പനയോ ആവശ്യമില്ല‐ ഹിച്ചെൻസ്‌ പറഞ്ഞു.
 
സ്ത്രീവിവേചനത്തിന്റെയും വിശ്വാസത്തിന്റെ പേരിലുള്ള ഭ്രാന്തിന്റെയുമെല്ലാം മുഴുവൻ ഉത്തരവാദിത്തവും മതങ്ങളുടെമേൽ ചാർത്തരുതെന്ന് ബ്ലെയർ അഭിപ്രായപ്പെട്ടു. മതങ്ങൾ ധാരാളം നല്ലകാര്യങ്ങളും ചെയ്യുന്നുണ്ട്. ഉദാഹരണമായി താൻ പ്രധാനമന്ത്രിയായപ്പോൾ ആഫ്രിക്കൻ രാജ്യങ്ങളുടെ കടം എഴുതിത്തള്ളിയത് വിവിധ മതസംഘടനകളുടെ ഇടപെടൽ മൂലമാണ്‌. ചിലരുടെ തെറ്റിന്‌  മതങ്ങളെ അടച്ചാക്ഷേപിക്കരുത്.   മതങ്ങൾ ശരിയും  ചെയ്യുന്നുണ്ട്‌. ആത്മീയതയെ  ദുഷിപ്പിക്കുന്നവരിൽനിന്ന‌്‌ മതസംഘടനകളെ മോചിപ്പിക്കാൻകഴിഞ്ഞാൽ മതവിശ്വാസം ലോകനന്മയ‌്ക്കുള്ള  പ്രേരകശക്തിയായി മാറും‐ബ്ലെയർ അവകാശപ്പെട്ടു.
 
മതങ്ങൾ നന്മകളെക്കാൾ തിന്മയാണ് ചെയ്യുന്നതെന്ന് വ്യക്തമാക്കാൻ പോളിയോ നിർമാർജനത്തിനായി യൂനിസെഫും മറ്റും നടത്തിയ ശ്രമങ്ങളോട് മതസംഘടനകൾ സ്വീകരിച്ച നിഷേധനിലപാട് ഹിച്ചെൻസ് ചൂണ്ടിക്കാട്ടി. ഇന്ത്യ, അഫ്ഗാനിസ്ഥാൻ, പടിഞ്ഞാറൻ ആഫ്രിക്ക തുടങ്ങിയ നിരവധി രാജ്യങ്ങളിൽ ദൈവഹിതത്തിനെതിരെന്നുപറഞ്ഞ് മതസംഘടനകൾ വാക്സിനേഷൻ ബഹിഷ്കരിക്കാൻ ആഹ്വാനംചെയ്‌തു. മതസംഘടനകളുടെ എതിർപ്പ് ശാസ്ത്ര പ്രചാരണത്തിലൂടെ മറികടന്നാണ്  വസൂരിനിർമാർജനം സാധ്യമായത്. .വിശ്വാസരോഗശാന്തി (Faith Healthing) തുടങ്ങിയവ ആരോഗ്യം അപകടത്തിലാക്കുന്നു.  ജീവകാരുണ്യപ്രവർത്തനങ്ങൾ പലതും മത പരിവർത്തനം ലക്ഷ്യമിട്ട് നടത്തിയവയാണെന്ന് ഹിച്ചെൻസ് വിമർശിച്ചു.  കേവലമായ ദാനകർമങ്ങളിലൂടെ സാമൂഹ്യപ്രശ്നങ്ങൾ പരിഹരിക്കാൻ പറ്റുമെങ്കിൽ  പിന്നെന്തിനാണ്‌ ബ്ലെയറും താനും ലേബർ പാർടിയിൽ പ്രവർത്തിച്ച് സാമൂഹ്യ സാമ്പത്തിക മാറ്റങ്ങൾക്കായുള്ള രാഷ്ടീയപ്രവർത്തനം നടത്തിയതെന്ന് ഹിച്ചെൻസ് അല്പം പരിഹാസത്തോടെ ബ്ലെയറിനോട് ചോദിച്ചു. സദ് പ്രവർത്തനങ്ങൾക്ക്  സ്വർഗവും  തെറ്റുകൾക്ക്  നരകവും നൽകുന്ന  സർവാധികാരിയായ ഒരു പ്രകൃത്യാതീതമായ ശക്തിക്ക് എന്തടിസ്ഥാനമാണുള്ളതെന്ന് ഹിച്ചെൻസ് ചോദിച്ചു. 
 
സ്വർഗ നരക ചിന്തകൊണ്ടല്ല സമസൃഷ്ടികളോടുള്ള സ്നേഹത്തിൽനിന്നും കാരുണ്യത്തിൽനിന്നുമാണ് മനുഷ്യർ നന്മചെയ്യുന്നതെന്നും അതിനവരെ പ്രേരിപ്പിക്കുന്നത് മതവിശ്വാസമാണെന്നും ബ്ലെയർ വീണ്ടും വാദിച്ചു.  
 
ആഗോളവൽക്കരണസാധ്യതകൾ പ്രയോജനപ്പെടുത്തി വ്യത്യസ്ത മതമൂല്യങ്ങൾ പങ്കുവയ‌്ക്കാൻ ശ്രമിക്കരുതോയെന്ന് ശ്രോതാക്കളിലൊരാൾ  ഹിച്ചെൻസിനോട് ചോദിച്ചു. തങ്ങളുടെ മതം മാത്രമാണ് സത്യത്തിലേക്കുള്ള വഴിയെന്നാണ് എല്ലാ മതവിശ്വാസികളും കരുതുന്നത്.  പങ്കുവയ്‌ക്കാനും സ്വീകരിക്കാനുമല്ല  മറ്റുള്ളവരെ ഒഴിവാക്കലാണ് മതങ്ങൾ  ലക്ഷ്യമിടുന്നത്.  മതവിശ്വാസമല്ല സാർവദേശീയ മാനവികതയാണ് പ്രോത്സാഹിപ്പിക്കേണ്ടതെന്ന് ഹിച്ചെൻസ് വ്യക്തമാക്കി.  അയൽപക്കസ്നേഹമാണ് മിക്ക മതങ്ങളും പ്രോത്സാഹിപ്പിക്കുന്നതെന്നും കേവലമായ മാനവികതയ‌്ക്കപ്പുറം മനുഷ്യാതീതമായ ഒരു ശക്തിയിലുള്ള വിശ്വാസംകൂടി മനുഷ്യർ ആഗ്രഹിക്കുണ്ടെന്നും ബ്ലെയർ അഭിപ്രയപ്പെട്ടു. 
 
 സംവാദത്തിനുമുമ്പ‌് 25 ശതമാനം പേർ പ്രമേയത്തെ അനുകൂലിച്ചപ്പോൾ 55 ശതമാനം  എതിർത്തു. 20 ശതമാനം നിഷ്പക്ഷത പാലിച്ചു.  സംവാദത്തിന് ശേഷം 68 ശതമാനംപേർ പ്രമേയത്തിനെതിരായും 32 ശതമാനം പേർ അനുകൂലമായും വോട്ട് ചെയ്തു. നിഷ്പക്ഷനിലപാട് സ്വീകരിച്ചവരിൽ 13 ശതമാനം പേർ പ്രമേയത്തിനെതിരായി. അനുകൂലിച്ചത്‌ കേവലം 7 ശതമാനം മാത്രം. അതായത് മതവിശ്വാസം ലോകനന്മയ‌്ക്കുള്ള പ്രേരകശക്തിയാണ് എന്ന മങ്ക് സംവാദ പ്രമേയം  ബഹുഭൂരിപക്ഷം  ശ്രോതാക്കളും  തള്ളിക്കളഞ്ഞെന്നും ഹിച്ചെൻസ് സംവാദത്തിൽ വിജയിച്ചെന്നും അന്തിമഫലത്തിൽ വ്യക്തം.
 
ekbalb@gmail.com
പ്രധാന വാർത്തകൾ
 Top