20 February Wednesday

അതിജീവനത്തിന്റെ ഓണം

വെബ് ഡെസ്‌ക്‌Updated: Saturday Aug 25, 2018

ഹനാൻ മുഖ്യമന്ത്രി പിണറായി വിജയനെ സെക്രട്ടറിയറ്റിലെ ചേംബറിലെത്തി സന്ദർശിച്ചപ്പോൾ

പിന്മാറില്ല

ഹനാൻ

സ്‌ കൂളിൽ പഠിക്കുമ്പോൾ ഓണക്കാലം ഭാരത് സ്‌കൗട്ട് ആൻഡ് ഗൈഡ്‌സിന്റെ ക്യാമ്പുകളിലായിരിക്കും. ഓരോ സംഘമായി തിരിഞ്ഞ്  ഞങ്ങൾ കുട്ടികൾ പൂക്കൾ ശേഖരിക്കാൻ വീടുകളിൽ കയറിയിറങ്ങും. മത്സരിച്ച് പൂക്കളമിടും. മത്സരത്തിൽ തോറ്റാലും ജയിച്ചാലും സന്തോഷം മാത്രമായിരുന്നു മനസ്സിൽ. ഓണാഘോഷത്തിനായി ക്യാമ്പിൽ കുറച്ചുസമയം മാത്രമാണ് മാറ്റിവച്ചിരുന്നത്. ആ കുറച്ചുസമയമാണ് എന്റെ ഏറ്റവും പ്രിയപ്പെട്ട ഓണമോർമ.
 
സാഹസികമായ കാര്യങ്ങൾക്കാണ് ക്യാമ്പ് പ്രാധാന്യം നൽകിയിരുന്നത്. അതുകൊണ്ടുതന്നെ ഓണക്കാലമെനിക്ക് സാഹസികതയുടെ കാലംകൂടിയായിരുന്നു.
 
ഇത്തവണ ഓണക്കാലത്ത്  അൻസാർ കൊയിലാണ്ടി ദുബായിൽ കോ‐ഓർഡിനേറ്റ് ചെയ്യുന്ന ഉത്സവരാവിൽ പങ്കെടുക്കാനാണ് തീരുമാനിച്ചിരുന്നത്. പക്ഷേ, പ്രളയദുരന്തത്തെതുടർന്ന് ഉത്സവരാവ് മറ്റൊരു തീയതിയിലേക്ക് മാറ്റിവച്ചിരിക്കുകയാണ്‌. ഏതു ദുരന്തത്തെയും നമ്മൾ ഒരുമിച്ചുനിന്നാൽ അതിജീവിക്കാനാകും. ആ ആത്മവിശ്വാസമാണ് എല്ലാവരിലുമുണ്ടാകേണ്ടത്. ഈ ഓണക്കാലം ഞാനടക്കമുള്ള കേരളീയർക്ക് അതിജീവനത്തിന്റെ കാലമാണ്. 
 
സാമൂഹ്യമാധ്യമങ്ങളിലൂടെ ലോകജനതയ്ക്കുമുന്നിലാണ് നമ്മൾ വൈറലാകുന്നത്. അതിന് നല്ലതും ചീത്തയുമായ മുഖങ്ങളുണ്ട്. അതെന്തായാലും അത് അഭിമുഖീകരിക്കാനുള്ള മനക്കരുത്ത് നമുക്കുണ്ടാകണം. സൈബർ ആക്രമണത്തിന് ഏതൊരു സാധാരണക്കാരനും എപ്പോൾ വേണമെങ്കിലും വിധേയനാകാം. 
 
സൈബർ ആക്രമണങ്ങൾ നടത്തുന്നത് മാനസികരോഗികളാണ്. ഇത്തരം മാനസികരോഗികളുടെ പ്രതികരണങ്ങൾ ശ്രദ്ധിച്ചാൽ ആ ലഹരി നമ്മളിലേക്കും പകരും. അവർക്കെതിരെ നമ്മൾ ശക്തമായി പ്രതികരിക്കണം. ആ പ്രതികരണങ്ങളെ പ്രതിരോധിക്കാനുള്ള നീക്കം അവർ നടത്തുമെങ്കിലും നാം പിന്മാറരുത്. അതോടെ ഭീരുക്കളായി അവർ പിന്മാറും. 
 
ഏത് ജോലിക്കും അതിന്റേതായ മാന്യതയുണ്ട്. ഏതൊരു തൊഴിലാളിക്കും അവന്റേതായ വ്യക്തിത്വമുണ്ട്. ഇത് മനസ്സിലാക്കിക്കഴിഞ്ഞാൽ ഏത് ജോലിയും ആത്മവിശ്വാസത്തോടെ ചെയ്യാനാകും. ഇതിനിടയിൽ ലോകത്തിനുമുന്നിൽ നമ്മളെ അവതരിപ്പിക്കാൻ അവസരം ലഭിച്ചാൽ,  അന്തസ്സോടെ  നാം എന്തെന്ന് തുറന്നുപറയാനുള്ള ധൈര്യം കാണിക്കണം. ആ ധൈര്യം നൽകുന്ന ആത്മവിശ്വാസത്തിൽ മുന്നോട്ടുപോകണം. വിരലിൽ എണ്ണിപ്പറയാൻ പറ്റാത്ത അത്രേം സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ചിട്ടുണ്ട്. കഴിവുകൊണ്ടോ ഭാഗ്യംകൊണ്ടോ ഒരു ദിവസം സിനിമയിലേക്ക് എനിക്ക് നല്ല അവസരം ലഭിക്കുമെന്ന് വിശ്വസിച്ചിരുന്നു. ആ വിശ്വാസം സഫലമായതിൽ വളരെയധികം സന്തോഷമുണ്ട്. ഇപ്പോൾ ഞാൻ അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിങ് തുടങ്ങി. ഇനി എന്തെന്ന് അറിയില്ല. ചിലപ്പോൾ ഔട്ടാകും. ചിലപ്പോൾ നിലനിൽക്കാം. അതൊന്നും ഉറപ്പില്ല. പക്ഷേ, ലഭിച്ച അവസരം ആത്മാർഥതയോടെ ഉപയോഗിക്കും. നിലവിൽ മൂന്ന് സിനിമയ‌്ക്കാണ് കമ്മിറ്റ് ചെയ്തിരിക്കുന്നത്. അരക്കള്ളൻ മുക്കാൽക്കള്ളൻ, വൈറൽ 2019, മിഠായിത്തെരുവ് എന്നിവയാണവ. സംവിധായകൻ  അരുൺ ഗോപിയുടെ ചിത്രത്തെക്കുറിച്ച് ചർച്ച നടക്കുകയാണ്. നാലഞ്ച് ചിത്രങ്ങളിൽ അഭിനയിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. മൂന്നെണ്ണത്തിന് അഡ്വാൻസ് ലഭിച്ചുകഴിഞ്ഞു.
 
എല്ലാവർക്കും എന്നോടിപ്പോൾ സ്‌നേഹമാണ്. എനിക്ക് തിരിച്ചും സ്‌നേഹമാണ്. എല്ലാവർക്കുമിടയിലേക്ക്  സാധാരണക്കാരിയായി ഇറങ്ങിച്ചെല്ലാനാണ് ആഗ്രഹം. കൊച്ചി മേയർ കിയോസ്‌ക്‌ അനുവദിച്ചാൽ മീൻകച്ചവടം തുടരാനാകും. 
 
മണിച്ചേട്ടൻ കുഞ്ഞുവാവ എന്നാണ് വിളിച്ചിരുന്നത്. എന്നും പാട്ട് പാടി തരുമായിരുന്നു. വെല്ലുവിളികൾക്കിടയിലൂടെ ജീവിക്കുന്ന എല്ലാവർക്കും മാതൃകയാക്കാൻ കഴിയുന്ന വ്യക്തിത്വമാണ് മണിച്ചേട്ടന്റേത്. മണിച്ചേട്ടനെ സ്‌നേഹിക്കുന്നവരുടെ ശബ്ദത്തിലൂടെ മണിച്ചേട്ടൻ ഇപ്പോഴും ജീവിക്കുന്നു.
 

തയ്യാറാക്കിയത്‌: എ എസ്‌ ജിബിന

 

പ്രളയാനന്തര നെടുവീർപ്പ്‌

എസ്‌ ഹരീഷ്‌

എസ്‌ ഹരീഷ്‌

എസ്‌ ഹരീഷ്‌

വരവേൽക്കലാണെന്നുമൊക്കെ പറയുന്നത്‌ വെറുതെയാണെന്ന്‌ എനിക്ക്‌ തോന്നിയിട്ടുണ്ട്‌. ചുരുങ്ങിയപക്ഷം കുട്ടനാട്ടുകാർക്കെങ്കിലും അത്‌ വെള്ളപ്പൊക്കത്തിനുശേഷമുള്ള ദീർഘമായ നെടുവീർപ്പാണ്‌. പ്രളയാനന്തരം തെളിയുന്ന ചിറകളും സൂര്യനുമായിരിക്കും അവർക്ക്‌ മാവേലിയുടെ വരവ്‌.
 
കുട്ടനാട്‌ ഉണ്ടായ കാലംമുതലേ പ്രളയങ്ങളുടെ നാടാണ്‌. ആ സ്ഥലത്തിന്റെ നിൽപ്പുതന്നെ വെള്ളത്തിലാണ്‌. കാട്‌ തെളിച്ചുള്ള കൃഷിപോലെയാണ്‌ ഇവിടത്തെയും കൃഷി. കാട്ടിൽ മൃഗങ്ങളെ ദൂരേക്ക്‌ പായിക്കണം. ഇവിടെ വെള്ളത്തെയും. കൃഷിക്കായി മനുഷ്യർ ഇത്രയും കായികാധ്വാനം ചെയ്‌ത സ്ഥലം വേറെയുണ്ടോയെന്ന്‌ സംശയമാണ്‌. ചതുപ്പുകൾ കട്ടകുത്തി ചിറ കെട്ടിത്തിരിച്ച്‌ വലിയ പാടങ്ങളുണ്ടാക്കി ഇരുപത്തിനാലിലയും പതിനെട്ടിലയുമുള്ള ചക്രങ്ങൾകൊണ്ട്‌ വെള്ളം തേകി വറ്റിച്ചാണ്‌ വിതയ്‌ക്കുന്നത്‌. പണ്ടുകാലത്ത്‌ കൽക്കെട്ടും തെങ്ങുമില്ലാത്ത താൽക്കാലിക ചിറകൾ അടുത്ത വിതയാകുമ്പോഴേക്ക്‌ വെള്ളംകയറി നശിച്ചിരിക്കും. ഓരോതവണയും ആദ്യംമുതൽ തുടങ്ങണം. എങ്കിലും ക്ഷാമവും വിശപ്പും ഇന്നാട്ടുകാരെ നടുവൊടിയേ പണിയാൻ പ്രേരിപ്പിച്ചു. അതിനിടയിലാണ്‌ വെള്ളപ്പൊക്കം വരിക. പമ്പയാറ‌് കുട്ടനാടിനെ നിറയ്‌ക്കുമ്പോൾ മീനച്ചിലാറും മൂവാറ്റുപുഴയാറും വടക്കൻ കുട്ടനാടിനെ മുക്കും. അതുകൊണ്ട്‌ വിതച്ചത്‌ കൊയ്യാൻ പറ്റിയാലായി.
 
എങ്കിലും വർഷാവർഷമെത്തുന്ന രണ്ടോ മൂന്നോ വെള്ളപ്പൊക്കങ്ങൾ കുട്ടനാടിന്റെ താളംതന്നെയായിരുന്നു. വേനലിൽ കൊച്ചി അഴിമുഖംവഴി വരുന്ന ഓരുവെള്ളത്തെ മഴവെള്ളം പിന്നോട്ടുതള്ളും. അതുകൊണ്ട്‌ ഉപ്പിലും ശുദ്ധജലത്തിലും വളരുന്ന ജലജീവികൾ കുട്ടനാട്ടിലുണ്ടായിരുന്ന കൊമ്പൻസ്രാവുകളും അഴിമുതലകളും കായലിലുണ്ടായിരുന്നെന്നു പറഞ്ഞാൽ ഇന്നാരും വിശ്വസിക്കുകയില്ല. ഇന്നത്തെ കരുത്തൻ പുറംബണ്ടുകളും ടാറിട്ട റോഡുകളുമില്ലാത്ത കുട്ടനാടായിരുന്നു അന്നത്തേത്‌. യഥാർഥ കുട്ടനാട്ടുകാർ ഉഭയജീവികളാണ്‌. വെള്ളത്തിലും കരയിലും ജീവിക്കും.
 
ഇന്നാട്ടിന്റെ താളംതെറ്റിച്ചത്‌ രണ്ടാം ലോകയുദ്ധകാലത്തെ ഭക്ഷ്യക്ഷാമമാണ്‌. സർക്കാർതന്നെ മുൻകൈയൈടുത്ത്‌ കായൽ കൃഷിസ്ഥലമാക്കാൻ അനുവാദം നൽകി. അവിടെയൊക്കെ ഇരുപ്പൂ കൃഷിചെയ്യാൻ ഉപ്പുവെള്ളത്തെ തുരത്തണം. അതിനായി കായലിനെ പകുത്ത്‌ തണ്ണീർമുക്കം ബണ്ട്‌ കെട്ടി.  കുമരകംകാരനായ ജോൺ എബ്രഹാം അതിനെ എതിർത്ത്‌ അക്കാലത്തെഴുതിയ ലേഖനം ഇന്നും ലഭ്യമാണ്‌. അതിന്റെ പ്രവചനസ്വഭാവം നമ്മളെ അത്ഭുതപ്പെടുത്തും.
 
എത്ര ജലമാർഗങ്ങൾ അടച്ചാലും പുഞ്ചനിലങ്ങളിലെ ജീവിതത്തെ എഴുതുമ്പോൾ വെള്ളപ്പൊക്കത്തെ എഴുതാതെ വയ്യ. മലയാളകഥ പ്രായപൂർത്തിയാകുന്നത്‌ തകഴിയുടെ ‘വെള്ളപ്പൊക്കത്തിൽ’ ആണെന്ന്‌ എൻ എസ്‌ മാധവൻ പറഞ്ഞത്‌ യാദൃച്ഛികമല്ല. എങ്കിലും കുട്ടനാട്ടിലെ ചെളിയും വെള്ളവും കണ്ടമരക്കഷണങ്ങളും തിമിർക്കുന്നത്‌ ഇന്നാരും അധികം ഓർമിക്കാത്ത കാവാലം വിശ്വനാഥക്കുറുപ്പിന്റെ കൃതികളിലാണ്‌. സംശയമുണ്ടെങ്കിൽ ഏതെങ്കിലും ലൈബ്രറികളിലെ ഇരുണ്ട കോണുകളിൽ തപ്പിയാൽ ചെളി, കായൽരാജാവ്‌ തുടങ്ങിയ കൃതികൾ കിട്ടിയേക്കും. നായകസ്ഥാനത്ത്‌ കുട്ടനാടിനെ പ്രതിഷ്‌ഠിച്ച്‌ ‘മീശ’ എഴുതിയപ്പോൾ എനിക്കും വെള്ളപ്പൊക്കത്തെക്കുറിച്ച്‌ എഴുതാതിരിക്കാനായില്ല. പിന്നാലെ വന്ന അറംപറ്റിയതുപോലുള്ള വിമർശന വെള്ളപ്പൊക്കം എല്ലാവരും കണ്ടതാണല്ലോ.
 
എന്നാൽ, ഇത്തവണത്തെ പ്രളയത്തിന്‌ മറ്റൊരു പ്രത്യേകതകൂടിയുണ്ട്‌. നദികളൊക്കെ പഴയ അതിരുകൾ വീണ്ടെടുത്തു. കായൽ പഴയ തീരത്തേക്ക്‌ കയറിവന്നു. മനുഷ്യനുണ്ടാക്കുന്ന നഷ്ടങ്ങൾ എന്നെങ്കിലും പ്രകൃതി തിരിച്ചുപിടിക്കുമെന്ന്‌ കേട്ടിട്ടുണ്ട്‌. കുട്ടനാട്ടിലെ നഷ്ടപ്പെട്ട ജീവജാലങ്ങളും അങ്ങനെ തിരിച്ചുവരുമോ? കാലങ്ങളോളം മനുഷ്യനിൽനിന്ന്‌ ഒളിച്ചിരുന്ന ഇവിടത്തെ ഏറ്റവും പുരാതന ജീവി‐ മുതല‐ അതിനിടെ ഒരിടത്ത്‌ തലപൊക്കിയത്‌ അതിന്റെ ലക്ഷണമാണോ? എന്തായാലും വെള്ളപ്പൊക്കം ഇത്തവണ ഓണം കൊണ്ടുവന്നില്ല. മനസ്സുകളുടെ ആഘോഷത്തിനുപകരം തുണിക്കടകളുടെയും ആഭരണക്കടകളുടെയും ഉത്സവമായി മാറിയ അതിനെ, ഇക്കുറി കുട്ടനാട്ടിലെ പുരാതനമായ ഒരു ശീലം മുടക്കി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top