20 March Wednesday
ഏക‌്താര

താളത്തിന്റെ ആളലുകൾ

മുകുന്ദനുണ്ണിUpdated: Saturday Aug 25, 2018
അമ്മ അറിയാൻ സിനിമ തുടങ്ങുന്നതിനു മുമ്പ‌് എപ്പോഴോ ആദ്യമായി കാണുമ്പോൾ ഹരിനാരായണൻ ആരോടെന്നില്ലാതെ കയർക്കുന്നുണ്ടായിരുന്നു.  തന്റെ ഗുരു, 'ദാസ് തീവണ്ടിപ്പാളങ്ങളുടെ നേർക്ക് നടന്നകന്നു.  ഞാൻ എവിടെയോവച്ച‌് തിരിച്ചുനടന്നു.  ദാസ് വലിച്ചെറിഞ്ഞ പിച്ചയാണ് എന്റെ ജീവിതം.'  പണ്ട് പാലക്കാട് മണി അയ്യർ ഇട്ടുതന്ന പിച്ചയാണ് നാം അനുഭവിക്കുന്നത് എന്ന് മൃദംഗവാദകർ പറയാറുണ്ട്.  തനിയാവർത്തനം വായിച്ച് മൃദംഗത്തിന്റെ കച്ചേരിയിലുള്ള പദവി ഉയർത്തി എന്ന അർഥത്തിൽ.  ഹരിയുടെ ക്ഷുഭിത യൗവ്വനം അവ്യക്തമായി പിറുപിറുത്തത് സമാന്തരമായ ഒരു ഗുരുസ്‌മരണയായിരിക്കണം.  
 
ദാസ് എന്ന പ്രതിഭാധനനായ തബലിസ്റ്റിനെക്കുറിച്ച് ഹരി പറഞ്ഞു.  ആ കഥയിൽ വാസ്‌തവത്തേക്കാളേറെ മറ്റെന്തോ ആയിരുന്നു.  അതിനു മുമ്പോ ശേഷമോ അങ്ങനെ ഒരു തബലവാദകനെക്കുറിച്ച് കേട്ടിട്ടില്ല.  അങ്ങനെയൊരു കൽപ്പിത കഥാപാത്രം ഉണ്മയ്‌ക്കും ശൂന്യതയ്‌ക്കുമിടയിൽ ഉണ്ടായിരുന്നിരിക്കണം.  പ്രതിഭാധനനായിരിക്കുകയും അതേ സമയം സാധാരണ ജീവിതം ജീവിക്കാനാകാതിരിക്കുകയും ചെയ്യുന്ന തരത്തിലുള്ള ഒരു സംഗീതജ്ഞനായിരുന്നു ഹരിയുടെ മനസ്സിലെ ഗുരു.  അത്രമേൽ വൈരുധ്യംനിറഞ്ഞ ഒരു സംഗീതത്തിന്റെ സത്യാന്വേഷണമായിരുന്നു ഹരിയുടെ ജീവിതം: ജീവിക്കണമെങ്കിൽ ജീവിക്കാതിരിക്കണം എന്ന പാഠം.  ചെയ്യേണ്ടതും ചെയ്യാനാകുന്നതും തമ്മിലുള്ള വിള്ളലിന് കുറുകെ പാലം കെട്ടാനാകാതെ തീരത്ത് നിർത്തിയിട്ട ജീവിതം.   
 
കോഴിക്കോട്‌ മീഞ്ചന്തയിലെ വീടിന്റെ കോലായയിൽ ഒരു ശിഷ്യൻ ‘ത ദി ധോം ന്നം' വായിക്കുന്നുണ്ടായിരുന്നു.  സമീപം ഊതിവിട്ട പുകയുടെ മറവിൽ ഹരി വേദനപൂണ്ടിരുന്നു.  ആത്മഹത്യ അനിവാര്യമാക്കുന്ന സാമൂഹ്യാവസ്ഥയോട് കോപിച്ചുകൊണ്ട്.  കലാമണ്ഡലത്തിൽ പഠിക്കാൻ പോയതും ജാതീയത കണ്ട് സഹികെട്ടതും ഇറങ്ങിപ്പോന്നതും...  പിന്നെ തെരുവിലേക്ക് ഇറങ്ങിയതും ഊരുതെണ്ടിയതും നഗരങ്ങൾ ചുറ്റിയതും...  ആത്മഗതം ലഹരിയുടെ അർധമയക്കത്തിൽ മൗനത്തിലേക്ക്‌ വീണു.  ഇടയ്‌ക്ക്‌ 'ലവ് സോങ് ഓഫ്‌ ജെ ആൽഫ്രഡ് പ്രൂഫ്രോക്ക്' എന്ന ടി എസ്‌ ഇലിയട്ടിന്റെ കവിത ചൊല്ലി. ആ കവിതയിലെ ചില വരികൾ അവിടെ പ്രത്യക്ഷപ്പെട്ടതുപോലെ തോന്നി.  ശസ്ത്രക്രിയ ചെയ്യാൻ ബോധം കെടുത്തിക്കിടത്തിയതുപോലെയുള്ള സായാഹ്നവും വളഞ്ഞുപുളഞ്ഞ തെരുവുകളെപ്പോലെ ഉത്തരമില്ലാത്ത ചോദ്യത്തിൽ മുട്ടിനിൽക്കുന്ന വാഗ്വാദങ്ങളും.  നിഷേധവും ലഹരിയും ചേർന്ന് പുകഞ്ഞ ആ അന്തരീക്ഷം ലോകത്തിൽനിന്ന് വേറിട്ടു ചരിത്രരഹിതമായി നിൽക്കുന്നതായി തോന്നി. 
 
സാംസ്‌കാരിക അന്തരീക്ഷത്തിൽ അസ്തിത്വചിന്തകൾ തുടുത്തുനിന്നു.  കലയ്‌ക്കും ജീവിതത്തിനുമിടയിൽ നിലകിട്ടാതെ കഴിയുകയായിരുന്നു യുവത്വം.  എറിക് റിക്‌സൺ ഐഡന്റിറ്റി ക്രൈസിസ് (സ്വത്വപ്രതിസന്ധി) എന്ന വാക്ക് കണ്ടുപിടിച്ച കാലം.  സംഗീതത്തിന്റെമാത്രം അന്തരീക്ഷമായിരുന്നില്ല, ചിന്തയും സൗഹൃദവും സിനിമയും ജോണും സന്നിഹിതമായ  ഒരു ബൊഹീമിയൻ ജീവിതശൈലിയായിരുന്നു ഹരിയുടെ അകത്തും പുറത്തും. 
ഹരിനാരായണൻ

ഹരിനാരായണൻ

 
ഹരി ഒരു അഭ്യസിച്ച കലകാരനായിരുന്നില്ല.  അഭ്യാസങ്ങൾക്ക് അപ്പുറത്തുള്ള സംഗീതത്തിൽ തന്നെ സ്വയംകാത്തിരുന്ന ഒരു പ്രതിഭയായിരുന്നു.  പലപ്പോഴും വളരെ വ്യവസ്ഥയോടെ അഭ്യസിക്കാനൊരുങ്ങുകയും ഉടൻതന്നെ വ്യവസ്ഥീകരണത്തോട് കലഹിക്കുകയും ചെയ്യുന്ന കലാകാരൻ. അതുകൊണ്ട് വ്യവസ്ഥ പാലിക്കാത്ത സംഗീതരൂപങ്ങളായിരുന്നു ഹരിയുടെ മേഖല.  പ്രതിഭമാത്രം മതി.  വ്യവസ്ഥീകരണത്തിലൂടെ ആർജിച്ച് ജ്ഞാനം വേണ്ട.  പ്രതിഭയെ വ്യവസ്ഥാതീതമായി പ്രകാശനംചെയ്യാൻ പുതിയ കലാരൂപങ്ങൾ ഉണ്ടാക്കണം.  ഇതിവൃത്തങ്ങളില്ലാത്ത, വ്യാകരണമില്ലാത്ത, നിയമങ്ങളില്ലാത്ത സംഗീതംചെയ്യാൻ പ്രതിഭയുള്ളവരെ ചേർത്ത് എൻസെംബിൾ ചെയ്യുക.  ഏതാനുംതവണ ഹരി എൻസെംബിൾ അവതരിപ്പിക്കുകയും ചെയ്തിരുന്നു.  വ്യവസ്ഥയുടേയോ ക്രമത്തിന്റെയോ കുറവുകളോടെ അത്തരം പരിപാടികൾ അരങ്ങേറി.  എന്നാൽ, ഹരിയുടെ സംഗീതസൃഷ്ടികളും അവതരണങ്ങളും കേൾക്കാനും കാണാനുമുണ്ടായിരുന്നത് സംഗീതജ്ഞരായിരുന്നില്ല.  വ്യവസ്ഥയ്‌ക്കെതിരെ ഒഴുന്നവർ മാത്രമായിരുന്നു.  അതുകൊണ്ട് സമാനവൈദഗ്ധ്യമുള്ളവരുടെ ഇടയിലല്ല ഹരിയുടെ അവതരണങ്ങൾ ഉണ്ടായിരുന്നത്.  കോഴിക്കോട് ഒരു വ്യവസ്ഥാവിരുദ്ധ സംഗീതത്തിന്റെ സാംസ്‌കാരിക കാലവസ്ഥ നിലനിന്നിരുന്നെങ്കിൽ ഹരിയുടെയും സമാനരുടെയും ശ്രമങ്ങൾ, ഒരു പക്ഷേ, ഫലോന്മുഖമാകുമായിരുന്നു. ഏറ്റവും ചുരുങ്ങിയത് ജീവിതവും കലയും തമ്മിൽ ഇത്രയേറെ ഇടയില്ലായിരുന്നു. 
 
കേരളത്തിലെ ഗ്രാമങ്ങളിലൂടെ നജ്മൽ ബാബുവിനോടൊപ്പം കോഴിക്കോട്‌ അബ്ദുൾ ഖാദറിന്റെയും ബാബുരാജിന്റെയും ഗാനങ്ങൾ മലയാള ഗസൽ ശൈലിയിൽ ആലപിച്ചു യാത്രചെയ്യുന്ന പദ്ധതിയിൽ ഹരി കുറച്ചുകാലം സജീവമായിരുന്നു.  എല്ലാവർക്കും പ്രാപ്യമായ സംഗീതത്തിലൂടെ ജീവിതത്തെ സ്വരപ്പെടുത്തുക എന്ന അവ്യക്തവും ഉദാരവുമായ ലക്ഷ്യങ്ങളും ആഗ്രഹങ്ങളും തന്റെ പരീക്ഷണങ്ങളിൽ ഇടംപിടിച്ച് ഒരു കാലമായിരുന്നു അത്. 
 
എപ്പോഴും നീട്ടിവച്ചുകൊണ്ടിരുന്ന അവതരണംപോലെയായിരുന്നു ഹരിയുടെ സംഗീതപ്രകാശനം.  ഇപ്പോൾ തബല വായിക്കും എന്ന മട്ടിലാണ് ഹരി എപ്പോഴും ഇരിക്കുക.  പക്ഷേ, വായിക്കുക എന്നതിന് ചുറ്റും ഒരുപാട് വ്യവസ്ഥകളുള്ളതുകൊണ്ട് അറച്ചു നിൽക്കും.  ഉപകരണവാദ്യത്തിന്റെ നിലവിലുള്ള ഭാഷയെ തകർത്തെറിയാൻ കഴിയുന്ന ഒരു നിറഞ്ഞനിമിഷം വരുമ്പോഴാണ് ഹരി തബല വായിക്കുക.  നീണ്ട വിരലുകൾ തബലയിൽ ഉണ്ടാക്കുന്ന നാദം...  ആ നാദമുണർത്തുന്ന ആത്മരതിയിൽ ഹരി നിർന്നിമേഷനാകാറുണ്ട്.  വ്യാകരണം നോക്കാതെയുള്ള ചില ദ്രുത ശീലുകൾ... ഒരു അപ്രതീക്ഷിതമായ, പെട്ടെന്ന്, ന്യാസ നാദത്തിന്റെ അലയുടെ അന്ത്യത്തിൽ എല്ലാം നിശ്ശബ്ദമാകുന്ന ഇഫക്ട് എന്നിവ ഹരിയുടെ സോളോയുടെ പ്രധാനവെളിച്ചങ്ങളാണ്. 
 
ഹരിയുടെ സ്വപ്‌നം തബലയിൽ സോളോ ചെയ്യുക എന്നതായിരുന്നു.  ഹിന്ദുസ്ഥാനിയുടെ രീതിയിലുള്ള വാദനമല്ല.  സമകാലസംഗീതത്തിന്റെ അപ്രവചനീയമായ സോളോ.  ആത്മാവിന്റെയല്ല, ശരീരത്തിന്റെ. ഭിന്നവർഗത്തിന്റെയല്ല, സ്വവർഗരതിയുടെ ഏകാംഗ തബല വാദനമായിരുന്നു ഹരി അവതരിപ്പിക്കുമായിരുന്നത്.  ചില മുഹൂർത്തങ്ങളിൽ, സ്വന്തം പ്രതിച്ഛായയിൽ തന്മയീഭവിച്ച്, ഹരി പലർക്കും കേരളത്തിന്റെ ബോബ് മാർലിയായി.  
 
ചേരിയിൽനിന്ന് ആഗോള താരാപഥത്തിലേക്ക്‌ ഉയർന്ന സംഗീതജ്ഞനായിരുന്നു ബോബ് മാർലി.  പക്ഷേ, അതേ സമയം കമ്പോളവും സ്വധർമവും തമ്മിലുള്ള സംഘർഷം അദ്ദേഹത്തിന്റെയുള്ളിൽ സദാ ആളിയിരുന്നു.  ഇതേ ആളൽ മറ്റൊരു രൂപത്തിൽ, ആവിഷ്‌കരിക്കാൻ ആഗ്രഹിച്ചതും ആവിഷ്‌കരിക്കാത്തതുമായ കലാപ്രകാശനത്തിന്റെ അവ്യക്തതകളാൽ മൂടിയ സംഘർഷങ്ങൾ, ഹരിയിലും കാണാം.  ‘കണ്ണുകാണാതാവുംവരെ ഗഞ്ജ വലിക്കാൻ പോകുകയാണ്' എന്നു പാടിയ ബോബ്മാർലിയോടൊപ്പം ഹരിയുമുണ്ടായിരുന്നു.
 
unni.mukundan@gmail.com
പ്രധാന വാർത്തകൾ
 Top