21 February Thursday

ശാസ്ത്രവും കപടശാസ്ത്രവും അൽപ്പം ദർശനവും

ഡോ. യു നന്ദകുമാർUpdated: Sunday Mar 25, 2018

 നമുക്കു ചുറ്റും ശാസ്ത്രം നിലനിൽക്കുന്നു; ദൃശ്യമായും അദൃശ്യമായും. നാം കാണുന്ന സിനിമയും യാത്രചെയ്യുന്ന വിമാനവും നമ്മെ സുഖപ്പെടുത്തുന്ന ചികിത്സയും ഒക്കെ പലതരം ശാസ്ത്രസങ്കൽപ്പങ്ങളുടെ തെളിവ്. തമോഗർത്തവും ബഹിരാകാശ ശൂന്യതയിൽ സംഭവിക്കുന്ന മാറ്റങ്ങളും മനുഷ്യൻ കണ്ടെത്തിക്കഴിഞ്ഞ ശാസ്ത്രസങ്കൽപ്പങ്ങളാണ്; ഇവ നാം കണ്ടനുഭവപ്പെടുന്നില്ല, എങ്കിൽക്കൂടി. ശാസ്ത്രത്തിലെ നിയമങ്ങളുടെ നമ്മെ ബോധ്യപ്പെടുത്തുന്നതരം തെളിവുകൾ നമുക്ക് പ്രാപ്യമായിക്കൊള്ളണമെന്നില്ല. എല്ലാ ശാസ്ത്രവും പഠിക്കാനും മനസ്സിലാക്കാനുമുള്ള കഴിവ് എല്ലാരിലും എത്താനാകില്ല എന്നതുകൊണ്ടാണിങ്ങനെ. അതേസമയം, കഴിഞ്ഞ മൂന്നോ നാലോ ദശകങ്ങളിൽ ശാസ്ത്രനേട്ടങ്ങളിലാണ് നാമേവരും ജീവിക്കുന്നതും വ്യാപരിക്കുന്നതും. ഇ‐മെയിൽ സന്ദേശങ്ങൾ, യാത്രയിൽ വഴികണ്ടെത്തൽ, ഗൂഗിൾ അന്വേഷണം, പഠനം, രേഖകൾ സൂക്ഷിക്കൽ, ക്രയവിക്രയങ്ങൾ എന്നിവയെല്ലാം നാം അറിഞ്ഞും അറിയാതെയും ശാസ്ത്രം എന്ന മാധ്യമത്തിൽ അമ്പേ മുഴുകിയിരിക്കുന്നു. ഇവയ്ക്കുപിന്നിലെ ശാസ്ത്രസങ്കൽപ്പങ്ങൾ സത്യമല്ലെങ്കിൽ അതടിസ്ഥാനപ്പെടുത്തി രൂപകൽപ്പന ചെയ്യപ്പെട്ട ജീവിതാവസ്ഥകളും നിലനിൽക്കില്ലല്ലോ.

ഇതെല്ലാം മനുഷ്യൻ കണ്ടെത്തിയ ശാസ്ത്രനേട്ടങ്ങൾതന്നെ. അതിവേഗം വികസിച്ചുവരുന്ന ശാസ്ത്രം നമ്മെ അതിശയിപ്പിക്കുന്നു. നമ്മുടെ ചിന്തയുടെ പരിമിതികളും നാം വസിക്കുന്ന ഭൂമി എത്ര നിസ്സാരമാണെന്ന തിരിച്ചറിയലും ശാസ്ത്രംതന്നെയാണ് മുമ്പിൽ വയ്ക്കുന്നത്. വേട്ടയാടി മൃഗങ്ങളെ പിടിച്ച് ഭക്ഷിക്കുന്നതിൽ പരമാനന്ദം കണ്ടെത്തിയിരുന്ന മനുഷ്യനിപ്പോൾ ആകുലപ്പെടുന്നത് സ്പേസ് ടൈം അവസ്ഥയിലുള്ള വക്രതയും ക്വാൺടം വ്യവസ്ഥയിലെ അസ്ഥിരതയും മനസ്സിലാക്കുന്നതിലുള്ള പ്രയാസമാണ്. 
വളരെ വൈവിധ്യമാർന്ന അവസ്ഥകൾ പരിചിന്തനം ചെയ്യാൻ അവസരം നൽകുക എന്നതും ശാസ്ത്രധർമംതന്നെ. അനന്യമായ അനേകം ചിന്താസരണികൾ കാലികപ്രസക്തിയോടെ ഒരേപ്രതലത്തിൽ നിലകൊള്ളുമ്പോൾ അവയുടെ പരസ്പര്യത്തെക്കുറിച്ചുള്ള പരിഗണനകൾക്ക് പ്രസക്തിയേറും. അങ്ങനെ ശാസ്ത്രത്തിന്റെ ദാർശനികത എന്നൊരു വിഷയം ഉണ്ടായിവരുന്നു.
കേംബ്രിജ് സർവകലാശാലയിൽനിന്ന് പിഎച്ച്ഡി കരസ്ഥമാക്കിയ ദാർശനികനാണ് പോൾ ഡീക്കൻ. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ദാർശനിക ഗ്രന്ഥമാണ്, തെറ്റിദ്ധരിക്കപ്പെടുന്ന ശാസ്ത്രം  ശാസ്ത്രത്തിൽ ദാർശനികതയുടെ പൊരുളെന്ത്?” (Paul Dicken - Getting Science Wrong: Why the Philosophy of Science Matters- 2018,- Bloomsbury)  എന്ന പുസ്തകം. ഈ വർഷത്തെ ശ്രദ്ധിക്കപ്പെട്ട പുസ്തകങ്ങളിലൊന്ന്. തികച്ചും പാരായണയോഗ്യവും വിജ്ഞാനപരവുമായ ഗ്രന്ഥം; കുസൃതിയും കുട്ടിത്തവും ഇടകലർത്തിയ രസകരമായ ആഖ്യാനം. ശാസ്ത്രത്തിലെ ദർശനം പഠിക്കുകയെന്നത് നാളിതുവരെ ശാസ്ത്രജ്ഞരുടെയോ ദാർശനികരുടെയോ ഹൃദയം കവർന്ന ആശയമല്ല എന്ന് ഡീക്കൻ പറയുന്നു.
ശാസ്ത്രം വന്നത് തികച്ചും കാൽപ്പനികവഴികളിലൂടെയല്ല. ഒരു പരീക്ഷണത്തിന് ആവശ്യമായ അടിസ്ഥാനവസ്തുതകൾ ശേഖരിക്കുക എന്നത് ശ്രമകരമാണെന്ന് സ്വന്തം അനുഭവത്തിലൂടെ ഐസക് ന്യൂട്ടൺ മനസ്സിലാക്കിയിരുന്നു. അദ്ദേഹത്തിന്റെ ശാസ്ത്രനിലപാടനുസരിച്ച് ഭൗതികലോകത്തിലെ ഏതു പ്രതിഭാസവും അനേകം സൂക്ഷ്മഭാഗങ്ങളുടെ കൂട്ടായ പ്രവർത്തനംമൂലമാണ് സാധ്യമാകുന്നത്. പ്രകാശരശ്മികൾ കണ്ണിലെ സൂക്ഷ്മഭാഗങ്ങളിൽ പ്രവർത്തിച്ചാണ് കാഴ്ച സാധ്യമാക്കുന്നതെന്ന് അദ്ദേഹം ചിന്തിച്ചു. ഇത് തെളിയിക്കാൻ ലഘുപരീഷണം രൂപകൽപ്പന ചെയ്തു. നീളമുള്ള ഒരു സൂചി സ്വന്തം കണ്ണിന്റെയും അസ്ഥിയുടെയും ഇടയിൽക്കൂടി കടത്തി കണ്ണിന്റെ പിൻഭാഗത്തെ കോശങ്ങളെ ഉത്തേജിപ്പിക്കലായിരുന്നു ലക്ഷ്യം. പരീക്ഷണം വിജയമായി; അനേകം വൃത്തങ്ങളും നിറവിന്യാസങ്ങളും അദ്ദേഹത്തിന് കാണാൻ കഴിഞ്ഞു. യഥാർഥ വിജയം സ്വന്തം കണ്ണ് പരിക്കില്ലാതെ രക്ഷപ്പെട്ടു എന്നതുതന്നെ. നാടകീയമായിരുന്ന ഈ പരീക്ഷണംപോലും വളരെ പരിമിതമായ വസ്തുതകളിൽ (data) ഊന്നിനിൽക്കുന്നു എന്നു നാം കാണുന്നു. വിശാലമായ പരീക്ഷണങ്ങൾക്ക് വിപുലമായ ഡാറ്റ ആവശ്യമാകുന്നു. ന്യൂട്ടോണിയൻ മെക്കാനിക്സ് ഐൻസ്റ്റീൻ തലത്തിലെത്തുമ്പോൾ പരാജയപ്പെടുന്നത് അതിനാൽ. ഇന്ന് ലഭ്യമായ അതിവിപുല ഡാറ്റ, വിശകലനം ചെയ്യാൻ ശക്തമായ കംപ്യൂട്ടറുകൾ, ഒന്നും ന്യൂട്ടൺ കാലത്ത് ലഭ്യമായിരുന്നില്ലല്ലോ.
 
 
2007‐08 കാലഘട്ടത്തിൽ അമേരിക്കയിൽ വ്യാപകമായ ഫ്ളൂ ബാധയുണ്ടായി. ഇതിന്റെ വ്യാപ്തി, പടരുന്നതിന്റെ വേഗം, ബാധിതരുടെ ലക്ഷണങ്ങൾ, പ്രതിരോധം തുടങ്ങി നൂറുകണക്കിന് വിവരങ്ങൾ ആരോഗ്യവകുപ്പ് ആശുപത്രികളിൽനിന്നും  ഡോക്ടർമാരിൽനിന്നും നിരന്തരം ശേഖരിച്ചു. ഓരോ വാരത്തിലെയും കണക്കുകൾ തൊട്ടടുത്ത വാരം ലഭ്യമായി. എന്നാൽ, 2009 നേച്ചർ’ജേണലിൽ ഗൂഗിൾ അവരുടെ ഡാറ്റ പ്രസിദ്ധീകരിച്ചു. വ്യക്തികൾ ഫ്ളൂ എന്നപേരിൽ ഗൂഗിൾ അന്വേഷണം നടത്തിയതിനെ ആസ്പദമാക്കിയാണ് അവർ റിപ്പോർട്ട് തയ്യാറാക്കിയത്. ആരോഗ്യവകുപ്പിന് ലഭിച്ചതിനുസമാനമായ വസ്തുതകൾ ഗൂഗിളിനും ലഭിച്ചു; മാത്രമല്ല, ആരോഗ്യവകുപ്പിന് ഒരാഴ്ച താമസമുണ്ടായിടത്ത് ഗൂഗിളിന് ഏതാനും മിനിറ്റുകൾക്കുള്ളിൽ ഡാറ്റ തയ്യാറാക്കാനായി. അതും പ്രത്യേക  മെഡിക്കൽ സാങ്കേതികജ്ഞാനമില്ലാതെ!
പ്രസിദ്ധനായ ഷെർലക് ഹോംസ്  കുറ്റവാളിയെ കണ്ടെത്തുന്നരീതി അറിയപ്പെടുന്നത് വ്യവകലനം (deduction)- എന്നാണ്. ഡീക്കൻ പറയുന്നത് ഹോംസിന്റെ രീതിക്ക് വ്യവകലനത്തോടോ നിവേശനത്തോടോ  (induction)- സാമ്യമില്ലെന്നും. പല സാധ്യതകളും പരിഗണിക്കുന്നു; അതിൽനിന്ന് ഏറ്റവും പൊരുത്തപ്പെടുന്നതിലേക്ക് നിഗമനങ്ങളെ കൊണ്ടെത്തിക്കുന്നു. ഡോ. സമേൽവെയ്സ് 19‐ാംനൂറ്റാണ്ടിൽ വിയന്ന ജനറൽ ആശുപത്രിയിൽ ജോലിക്കു പ്രവേശിക്കുമ്പോൾ അവിടെ ഒന്നാം പ്രസവമുറിയിലെ മരണനിരക്ക് രണ്ടാംമുറിയുടേതിനേക്കാൾ ഇരട്ടി. രോഗാണുക്കളെ കണ്ടെത്തുന്നതിനും വളരെമുമ്പാണ് കഥ നടക്കുന്നത്. സമേൽവെയ്സ് ഇതിന് കാരണമാരാഞ്ഞു. സാധ്യതാപട്ടികയുണ്ടാക്കി സൂക്ഷ്മപരിശോധനയ്ക്കുശേഷം ഓരോന്നായി ഒഴിവാക്കുക എന്ന ശാസ്ത്രീയമാർഗംതന്നെയാണ് അദ്ദേഹം സ്വീകരിച്ചത്. ഇത് ഗുണം കണ്ടുവെന്ന് പറയേണ്ടതില്ലല്ലോ. മോർച്ചറിയിൽ ശവശരീരങ്ങൾ പഠിച്ചശേഷം വരുന്ന വിദ്യാർഥികളിൽനിന്നാണ് പ്രസവശേഷം സ്ത്രീകൾക്ക് ജ്വരബാധയുണ്ടാകുന്നതും മരിക്കുന്നതും. കർശനമായ കൈകഴുകൽ നടപ്പാക്കിയശേഷം മരണനിരക്ക് പകുതിയിലും താഴെയായി. ഗവേഷകനല്ലാത്ത ഹോംസും ഗവേഷകനായ സമേൽവെയ്സും സമന്മാരാകുന്നത് അങ്ങനെയാണ്.
ശാസ്ത്രത്തെ വെല്ലുവിളിച്ചുകൊണ്ട് ഒപ്പം നീങ്ങുകയാണ് കപടശാസ്ത്രം. പുരോഗതിയെത്തന്നെ വെല്ലുവിളിച്ച് ജനജീവിതത്തെ പിന്നോക്കം നയിക്കാൻ കപടശാസ്ത്രം സദാ ശ്രമിച്ചുകൊണ്ടിരിക്കും. പോൾ ഡീക്കൻ കപടശാസ്ത്രത്തിന്റെ ആലോചനകൾ കാട്ടിത്തരുന്നു. മനുഷ്യൻ ചന്ദ്രനിൽ പോയതുപോലും പൂർണമായും കെട്ടിച്ചമച്ചതാണെന്ന് കപടശാസ്ത്രാനുകൂലികൾ അവകാശപ്പെടുന്നു. എല്ലാത്തിനും പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് അവർ ഒന്നാമതായി അവകാശപ്പെടുന്നു. പോപ്പർ സിദ്ധാന്തമായ വ്യാജവൽക്കരണം (Falsification) ഗൂഢാലോചനയ്ക്കുമുമ്പിൽ ഒന്നുമല്ല. ചന്ദ്രനിലെ പാറകൾ നാം കണ്ടുവല്ലോ എന്ന് വാദിച്ചാൽ, അതെല്ലാം ഉൽക്കാവശിഷ്ടങ്ങളല്ലേ എന്നാവും മറുപടി. അടുത്തകാലത്തെ ഹബിൾ ടെലിസ്കോപ് എടുത്ത ചിത്രങ്ങൾ ചന്ദ്രനിൽ മനുഷ്യനെത്തിയത് സ്ഥിരീകരിക്കുന്നുണ്ടല്ലോ എന്നു പറഞ്ഞുനോക്കിയാലോ. ആ ചിത്രങ്ങൾക്ക് റസൊല്യൂഷൻ തീരെ പോരാ; അവ്യക്തമായ അടയാളങ്ങൾമാത്രമാണ് കാണാനാവുക, എന്നു മറുപടി വരും. ഒരിക്കലും സംശയനിവൃത്തി എത്താനാകാത്തവിധം വക്രമാണ് കപടശാസ്ത്രക്കാരുടെ വാദഗതികൾ. 
ഇതിനിടയിൽനിന്ന് ശാസ്ത്രത്തിന്റെ ശക്തിയും ലാളിത്യവും അതിന്റെ ദാർശനികതയും ചിപ്പിക്കുള്ളിൽ മുത്തെന്നപോലെ നമുക്കു കാട്ടിത്തരുന്നു പോൾ ഡീക്കൻ.
പ്രധാന വാർത്തകൾ
 Top