25 April Thursday

പ്രകാശം പരത്തിയ പയ്യൻ

ഗിരീഷ്‌ ബാലകൃഷ്‌ണൻUpdated: Sunday Mar 25, 2018

പോയവർഷത്തെ മികച്ച ചിത്രമായി ഒറ്റമുറിവെളിച്ചത്തിലേക്ക്് സംസ്ഥാന ചലച്ചിത്ര പുരസ്കാരനിർണയ ജൂറി എത്തിയത് ഏകസ്വരത്തിലായിരുന്നു. പക്ഷേ, ആരുടേതാണ് ഈ സിനിമയെന്ന് അവർ പരസ്പരം ചോദിച്ചുപോയി. സിനിമയുടെ പിന്നണിക്കാരെല്ലാം ചലച്ചിത്രവ്യവസായത്തിന് അപരിചിതരായിരുന്നു. തിരുവനന്തപുരം കവടിയാറിലെ കഫെ കോഫി ഡേയിൽ വൈകുന്നേരങ്ങളിൽ ചലച്ചിത്രചർച്ച നടത്തി നേരംപോക്കിയ കുറെ പയ്യന്മാരുടേതായിരുന്നു ആ സിനിമ. മിക്കവരും ഐടി രംഗത്തുനിന്നുള്ളവർ. ശരാശരിപ്രായം 25. സിനിമ ചെയ്യണമെന്ന പൂതി കലശലായപ്പോൾ ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോ എന്ന പേരിൽ കമ്പനിയുണ്ടാക്കി. എല്ലാവരിൽനിന്നുമായി പണംപിരിച്ച് 30 ലക്ഷംരൂപയ്ക്ക് സിനിമയെടുത്തു. ഷോർട്ട് ഫിലിമുകളിൽനിന്നും വീഡിയോ ആൽബങ്ങളിൽനിന്നുമുള്ള ക്രമാനുഗതമായ ചുവടുവയ്പായിരുന്നു അവരിലേറെപ്പേർക്കും സിനിമ. 

സംവിധായകൻ രാഹുൽ റിജി നായർ അക്കാദമികമായി സിനിമ പഠിച്ചിട്ടില്ല. യുട്യൂബ് ട്യൂട്ടോറിയലുകളായിരുന്നു സിനിമാഗുരു. സിനിമാപഠനത്തിന്റെ ഭാഗമായി അവരൊരുക്കിയ 'മൗനം സൊല്ലും വാർത്തൈകൾ' എന്ന ആൽബം യുട്യൂബിൽ നേടിയത് 86 ലക്ഷത്തിലേറെ ലൈക്കുകൾ. സിനിമ ചെയ്തേ അടങ്ങൂ എന്ന വാശിയുമായി ആറുമാസംമുമ്പാണ് രാഹുൽ ആറക്കശമ്പളമുള്ള ഐടി കമ്പനി ജോലി ഉപേക്ഷിച്ചത്്. വമ്പൻ സിനിമകളോട് മത്സരിച്ച് രാഹുലിന്റെ കന്നിച്ചിത്രം നേടിയത് കൈനിറയെ പുരസ്കാരങ്ങൾ. മികച്ച ചിത്രം, മികച്ച എഡിറ്റർ (അപ്പു ഭട്ടതിരി), മികച്ച രണ്ടാമത്തെ നടി (പോളി വൽസൺ), പ്രത്യേക ജൂറി പരാമർശം (വിനിത കോശി). ന്യൂയോർക്ക് രാജ്യാന്തര ചലച്ചിേത്രാത്സവത്തിലേക്ക്സിനിമ തെരഞ്ഞെടുത്തുകൊണ്ടുള്ള അറിയിപ്പ് ഉടനുണ്ടാകും. മറ്റ് മേളകളിലേക്കും ക്ഷണമുണ്ട്്. ചലച്ചിത്രസാങ്കേതികവിദ്യയുടെ ജനാധിപത്യവൽക്കരണം സാധ്യമാക്കിയ ഡിജിറ്റൽ സാങ്കേതികവിദ്യയാണ് രാഹുലിനെയും കൂട്ടരെയും സിനിമാക്കാരാക്കി മാറ്റിയത്. സിനിമയുടെ വഴികളെക്കുറിച്ച് രാഹുൽ പറയുന്നു.

 

യുവകൂട്ടായ്മ

ഒറ്റമുറിവെളിച്ചത്തിൽ വിനിത കോശി

ഒറ്റമുറിവെളിച്ചത്തിൽ വിനിത കോശി

ഞങ്ങളുടെ ടീമിന്റ ശരാശരി പ്രായം 25 വയസ്സായിരിക്കാം. അതിൽ ഒരുമിച്ചു പഠിച്ചവരും കൂടെ ജോലിചെയ്തവരുമുണ്ട്. 2011ൽ ഞാൻ ഡോക്യുമെന്ററി ഒരുക്കിയപ്പോൾമുതൽ ഒപ്പമുള്ളവരുണ്ട്്. അതിൽ ഗാനരചയിതാക്കളുണ്ട്, ഛായാഗ്രാഹകരുണ്ട്, എഡിറ്റർമാരുണ്ട്. സിനിമയോടുള്ള താൽപ്പര്യംകൊണ്ട് എവിടെനിന്നെല്ലാമോ വന്നുചേർന്നവർ. അഞ്ചാറുവർഷമായി ഞങ്ങൾ ഒപ്പമുണ്ട്്. ആദ്യാവസാനം സിനിമയോടൊപ്പം എഡിറ്റർ അപ്പു ഭട്ടതിരിയും. ഒരുമിച്ച് ഷോർട്ട് ഫിലിം ചെയ്തുതുടങ്ങിയവരാണ് ഞങ്ങൾ. 
ക്യാമറാമാൻ ലൂക്ക് ജോസിന് 21 വയസ്സ്‌. മൗനം സൊല്ലും എന്ന ആൽബത്തിന്റെ ക്യാമറ ചെയ്തതും ലൂക്കാണ്. ആർട്ട് ഡയറക്ടർ സിദ്ധാർഥ് ജീവകുമാർ 24 വയസ്സുകാരൻ. ഇതാദ്യസിനിമ. സൗണ്ട് ഒരുക്കിയ ഷെഫിൻ മുമ്പ് ചില സിനിമകളുമായി സഹകരിച്ചിട്ടുണ്ടെങ്കിലും ഒറ്റമുറിവെളിച്ചമാണ് മേജർവർക്ക്. സിദ്ധാർഥ പ്രദീപും രണ്ടു പാട്ടും പശ്ചാത്തലസംഗീതവുമൊരുക്കി. ഷെറോൺ റോയ് വേറൊരു പാട്ടൊരുക്കി. കാസ്റ്റിങ് ഡയറക്ടർ മുഹമ്മദ് സോഹൻ, ചീഫ് അസോസിയറ്റ്സ്  ജീവൻ, ബൈജു എന്നിങ്ങനെ വളരെ കാലമായി അടുത്തുബന്ധമുള്ളവരുടെ കൂട്ടായ്മ. നിർമാതാക്കൾ പത്തിലേറെപ്പേരുണ്ടാകും. കമ്പനി എന്റെ പേരിലാണെങ്കിലും ഞാൻ സിനിമ ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ഒരുപാടുപേരുടെ നിസ്വാർഥ  സഹകരണം സിനിമയ്ക്കുപിന്നിലുണ്ട്. ടിസിഎസിൽ എനിക്കൊപ്പമുണ്ടായിരുന്ന ലിജോ ജോസഫാണ് പ്രധാനമായും പണം മുടക്കിയത്. അഭിനേതാക്കളും ഒപ്പമുള്ളവരാരും പ്രതിഫലം കൈപ്പറ്റിയിട്ടില്ലാത്തതിനാൽ സിനിമയുടെ ഇതുവരെയുള്ള ആകെ ചെലവ് 30 ലക്ഷം രൂപയാണ്. 
 

സിനിമാപഠനം

സിനിമ കണ്ടും നല്ല നിരൂപണങ്ങൾ വായിച്ചും യുട്യൂബ് ട്യൂട്ടോറിയലുകൾ വഴിയുമാണ് ഞാൻ സിനിമ പഠിച്ചത്്. സിനിമയുടെ സാങ്കേതികത്വം അറിയാൻ യുട്യൂബ് വളരെ സഹായിച്ചു. സിനിമയുടെ ഒരു സാങ്കേതികവശത്തെക്കുറിച്ചും അറിയാത്ത വ്യക്തിയായിരുന്നു ഞാൻ 2011 വരെ. സ്വന്തമായി പഠിക്കാൻ ഞാനൊരു ക്യാമറ വാങ്ങി. ഒറ്റയ്ക്ക് ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് നോക്കി. ചെറിയ ചെറിയ വീഡിയോകൾ ഇറക്കി. സിനിമകളുടെ ട്രെയിലറുകൾ സ്വന്തമായി ഒരുക്കും. അങ്ങനെ സ്വയം പഠനത്തിന് ഒരുപാട് സമയം കളഞ്ഞു. വി  എഫ് എക്സ്, മ്യൂസിക് മിക്സിങ് എല്ലാം പഠിക്കാനുള്ള ശ്രമമായിരുന്നു മൗനം സൊല്ലും വാർത്തൈകൾ  എന്ന ആൽബംപോലും.
കുട്ടിക്കാലത്തേ സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ചിട്ടില്ല. ബിടെക് കഴിഞ്ഞു. ഇൻഫോസിസിൽ ജോലി കിട്ടി. പിന്നെ എംബിഎ ചെയ്തു. അതിനിടയിലാണ് ഡോക്യുമെന്ററിയിലേക്കും ഷോർട്ട്ഫിലിമിലേക്കും തിരിയുന്നത്. പക്ഷേ, അപ്പോൾ സിനിമയ്ക്കുവേണ്ടി ജോലി ഉപേക്ഷിക്കാൻ പറ്റിയ സാഹചര്യമായിരുന്നില്ല. അതെല്ലാം പരിഹരിക്കാമെന്നായപ്പോഴാണ് രണ്ടും കൽപ്പിച്ച് ജോലി ഉപേക്ഷിച്ചത്്. രണ്ടുമൂന്നുവട്ടം സിനിമ ചെയ്യാനുള്ള അവസരങ്ങൾ നഷ്ടമായി. ഇനി എന്തുചെയ്യുമെന്ന് അറിയാത്ത പ്രതിസന്ധിഘട്ടത്തിലാണ് മേളകൾക്കുവേണ്ടി ഒരു ചെറിയ സിനിമ എന്ന ആശയത്തിലേക്ക് എത്തിയതും ഈ സിനിമ ഒരുക്കുന്നതും. 
 

ഒറ്റമുറിവെളിച്ചം

ഒറ്റമുറിയുള്ള വീട്്. ആ വീട്ടിലേക്ക് വരുന്ന സ്ഥിരമായി അണയാതെ നിൽക്കുന്ന വെളിച്ചം, പലപ്പോഴും നിറംമാറിക്കൊണ്ടിരിക്കുന്നു. ആ വെളിച്ചം ഭർത്താവിന്റെ ഏറ്റവും വലിയ കണ്ടുപിടിത്തമാണെന്ന് ഭർത്താവ് കരുതുന്നു, എന്നാൽ, ഭാര്യക്ക് അത് വലിയ ബുദ്ധിമുട്ടായി മാറുന്നു. അടച്ചുറപ്പില്ലാത്ത പൊട്ടിപ്പൊളിഞ്ഞ വീട്ടിലേക്ക് കടന്നുവരുന്ന വെളിച്ചം അവരുടെ സ്വകാര്യതയെ ഹനിക്കുകയാണ്. ഭർത്താവിൽനിന്ന് ലൈംഗികപീഡനം ഏൽക്കേണ്ടിവരുന്ന യുവതിയുടെ പ്രതിസന്ധിയാണ് സിനിമയുടെ കാതൽ. ബോണക്കാട് മേഖലയിൽ 22 ദിവസംകൊണ്ടായിരുന്നു ഷൂട്ടിങ്. 
മേളകളിലേക്ക് അയക്കാൻവേണ്ടിയായിരുന്നു സിനിമ ചെയ്തു തുടങ്ങിയത്. കേരളത്തിന്റെ രാജ്യാന്തരമേളയിലേക്ക് സിനിമ തെരഞ്ഞെടുക്കപ്പെടാതെ പോയതിൽ കടുത്ത നിരാശയായി. എന്നാൽ, എൻഎഫ്ഡിസിയുടെ ഫിലിം ബസാറിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചിത്രത്തിന് വിദേശമേളകളിലെ പ്രതിനിധികളിൽനിന്ന് ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. നിരവധി രാജ്യാന്തരമേളകളുടെ അവസാനറൗണ്ടിൽ സിനിമ എത്തി. മേളകളിലെ സാധ്യത തേടിയ ശേഷമായിരിക്കും സിനിമ തിയറ്ററുകളിൽ എത്തിക്കുക. ന്യൂയോർക്ക് രാജ്യാന്തരമേളയിൽ സിനിമ പ്രദർശിപ്പിക്കും. ഔദ്യോഗികപ്രഖ്യാപനം ഉടനുണ്ടായേക്കും. ബർലിൻ മേളയുടെ അന്തിമപരിഗണനയിൽവരെ ചിത്രം എത്തി.
മലയാളസിനിമയുടെ പ്രതിനിധി എന്ന നിലയിൽ മറ്റ് മേളകളിലെ ക്യുറേറ്റർമാർക്കുമുന്നിൽ എത്തുമ്പോൾ ലഭിക്കുന്ന സ്വീകരണം അത്ഭുതാവഹമാണ്. എനിക്കുമുമ്പേ പോയവർ  ഉണ്ടാക്കിയ പ്രതീക്ഷകൾ വളരെ വലുതാണ്. അങ്കമാലി ഡയറീസ് ബുസാനിൽ പ്രദർശിപ്പിച്ചപ്പോൾ നിറഞ്ഞ കൈയടി ലഭിച്ചു. സിനിമയിലെ ചെറിയ തമാശകൾപോലും അവർ ആസ്വദിക്കുന്നു. അത്തരം സിനിമകൾ എടുക്കുന്നവരുടെ നാട്ടുകാരൻ എന്ന പരിഗണന എനിക്കും ലഭിക്കുന്നുണ്ട്. 

അടുത്ത പ്രോജക്ട്

മുഖ്യധാര സിനിമ ഒരുക്കാനുള്ള ചർച്ചകൾ മാസങ്ങൾക്കുമുമ്പേ ആരംഭിച്ചിരുന്നു. അതായിരിക്കും അടുത്തതായി സംഭവിക്കാൻ പോകുന്നത്. നിരവധി ചെറിയ സിനിമകളുടെ ആശയവും മനസ്സിലുണ്ട്്്.
unnigiri@gmail.com
പ്രധാന വാർത്തകൾ
 Top