23 January Wednesday

എല്ലാവർക്കും വേണ്ടി ഒരു ഫെമിനിസ്റ്റ് കോക്ടെയ്ൽ

ഡോ. യു നന്ദകുമാർUpdated: Sunday Feb 25, 2018

അനേകം മൗലികചിന്തകൾ മുന്നോട്ടുവയ്ക്കുന്ന നൂറ്റാണ്ടിലാണ് നാം വസിക്കുന്നത്. പോയകാലത്ത് മനസ്സിലുറപ്പിച്ച ആശയങ്ങളെ വെല്ലുവിളിക്കുന്ന സംവാദങ്ങളും സമീപനങ്ങളും നമുക്കുചുറ്റും നിറയുമ്പോൾ ചിന്തിക്കുന്നവർക്ക് പുറംതിരിഞ്ഞുനിൽക്കാനാകില്ല. പുതിയ ചിന്തകൾ ക്രമേണ പുതിയ ജീവിതശൈലികളിലേക്ക് പരിണമിക്കും; അങ്ങനെ അവ പുതിയ സംസ്കാരത്തിന് രൂപംകൊടുക്കും. അത്തരത്തിൽ നമ്മെ സ്വാധീനിക്കുന്ന പുസ്തകമാണ് കമീൽ പാലിയ രചിച്ച സ്വതന്ത്ര സ്ത്രീകൾ, സ്വതന്ത്ര പുരുഷന്മാർ  (Camille Paglia:–Free Women, Free Men,- 2017  Pantheon Books)    എന്ന ഏറ്റവും പുതിയ പുസ്തകം. സെക്സ്, ജൻഡർ, ഫെമിനിസം എന്നിവയെ പുതിയ വായനയിലൂടെ കാണുന്നതിനാൽ മാസങ്ങളായി നിരവധി ചർച്ചകൾക്കും സംവാദങ്ങൾക്കും പുസ്തകം വഴിയൊരുക്കി.

ഫെമിനിസ്റ്റ് സൈദ്ധാന്തികതയെ വിലയിരുത്തുന്ന ‘സെക്ഷ്വൽ പർസോനെ’ (Sexual Personae)  എന്ന പുസ്തകമാണ് കമീൽ പാലിയയെ ലോകശ്രദ്ധയിലെത്തിച്ചത്. പ്രശംസയും നിന്ദയും ഒപ്പംകിട്ടിയ ഈ കൃതിയിലൂടെ വേറിട്ട് സഞ്ചരിക്കുന്ന ഫെമിനിസ്റ്റായി അവർ വിലയിരുത്തപ്പെട്ടു. വിദ്യാഭ്യാസകാലത്തുതന്നെ ഫെമിനിസ്റ്റായും സ്വവർഗാനുരാഗിയായും പ്രത്യക്ഷനിലപാടെടുത്ത വ്യക്തി എന്ന നിലയിൽ സമൂഹത്തിന്റെ യാഥാസ്ഥിതിക ചട്ടക്കൂടുകളെ താൻ ഭയക്കുന്നില്ലെന്ന് അവർ കാട്ടിക്കൊടുത്തു.
പുതിയ പുസ്തകത്തിൽ തന്റെ സംവാദത്തിന് രണ്ട് അടിസ്ഥാന തത്വങ്ങളാണ് സ്വീകരിച്ചിട്ടുള്ളത്; സ്വതന്ത്രചിന്തയും സ്വതന്ത്രഭാഷണവും. ഇവ ചേരുമ്പോൾ പൂർണസ്വാതന്ത്ര്യത്തോടുള്ള ആവിഷ്കാരത്തിന് സാധ്യത തെളിയും. ഉൽപ്പതിഷ്ണുതയുടെയോ യാഥാസ്ഥികതയുടെയോ നിബന്ധനകൾക്ക് വഴങ്ങാതെ സുതാര്യവും ചടുലവും അപരിമിതവുമായ ചർച്ചയാണ് നാം ലക്ഷ്യമിടേണ്ടത്. അതിവികസനത്തിന്റെ പാതയിലുള്ള ടെക്നോളജിയും മാറിവരുന്ന രാഷ്ട്രീയസാഹചര്യങ്ങളും മറിച്ചുള്ള നിലപാടുകൾക്ക് സാധ്യത തരുന്നില്ല. സെക്സ്, ജൻഡർ എന്നിവപോലും വെറും ഭാവനാധിഷ്ഠിതമായ പ്രതിഭാസങ്ങൾമാത്രമാണെന്നുള്ള അക്കാദമിക് സൈദ്ധാന്തികരുടെ നിലപാടിനോട് കമീൽ പാലിയ വിയോജിക്കുന്നു. ജൈവശാസ്ത്രപരമായ സ്വാധീനങ്ങൾ തള്ളിക്കളയുന്ന ഫെമിനിസത്തിന് വിരുദ്ധമായ സ്ത്രീപക്ഷസിദ്ധാന്തമാണ് അവർ ശക്തമായി മുന്നോട്ടുവയ്ക്കുന്നത്.
വ്യവസ്ഥാപിത ഫെമിനിസ്റ്റ് മാതൃകകളിൽ സ്ത്രീകൾ അക്രമോത്സുകരാകണം, വ്യക്തമായ പുരുഷപീഡനനയം (manbashing) സ്വായത്തമാക്കണം. എന്നിങ്ങനെയാണ് 20‐ാം നൂറ്റാണ്ടിലെ ഫെമിനിസ്റ്റ് തരംഗങ്ങൾ ശഠിച്ചത്. ഇന്നത്തെ സ്ത്രീകൾക്ക് വീട്, സമൂഹം, തൊഴിൽ എന്നിവിടങ്ങളിൽ അഭൂതപൂർവമായ സ്വാതന്ത്ര്യവും സാധ്യതകളുമാണ് കൈവന്നിരിക്കുന്നത്. സാമൂഹികമാറ്റങ്ങളും നിയമപരിഷ്കാരങ്ങളുമാണ് ഇത് സാധ്യമാക്കിയത്. തന്മൂലം ഭൂരിപക്ഷം സ്ത്രീകളുമിപ്പോൾ ഫെമിനിസ്റ്റ് ലക്ഷ്യങ്ങളിൽനിന്ന് അകന്നുകഴിഞ്ഞു. ഇതിന് ചരിത്രപരമായ കാരണങ്ങൾ കണ്ടെത്താനാകും. സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമം, ക്രമേണ വിദ്യാഭ്യാസവും തൊഴിലും കൈവശമുള്ള മധ്യവർത്തി സ്ത്രീകളുടെ ഉന്നമനം ലാക്കാക്കി മുന്നോട്ടുനീങ്ങി. പുരുഷകേന്ദ്രീകൃതവും അവർ നിർമിച്ച ചട്ടക്കൂടുകളും കൈവരിക്കുക എന്നതുമാത്രമായി സ്ത്രീപക്ഷപ്രസ്ഥാനങ്ങൾ ചുരുങ്ങി. അക്കാദമിക് തലത്തിൽ വിജയിച്ചുവെന്ന് നാം കരുതുന്ന പല സ്ത്രീകളും തങ്ങളുടെ വൈകാരികജീവിതം സാഫല്യത്തിൽ എത്താത്തതിന്റെ ആകുലതകൾ സ്വകാര്യമായി പങ്കുവയ്ക്കുന്നു. പുരുഷത്വത്തെ തിരസ്കരിക്കുന്ന സംസ്കാരം സ്ത്രീകൾ കൈക്കൊള്ളുമ്പോൾ, അവർ  പക്വതയില്ലാത്തതും പ്രാപ്തിയില്ലാത്തതുമായ യുവാക്കളോടൊത്ത് സമയം ചെലവിടേണ്ടിവരും. പാലിയ പറയുന്നത്,  “And without strong men as models either to embrace or for dissident lesbians to resist women will never attain a centered and profound sense of themselves as women''.-  അക്കാദമിക് തലത്തിലുള്ള ഫെമിനിസ്റ്റുകളാകട്ടെ, പുസ്തകപ്പുഴുക്കളായ തങ്ങളുടെ ഭർത്താക്കന്മാരാണ് പുരുഷപ്രതീകത്തിന്റെ ഉത്തമമാതൃകയെന്ന് വിശ്വസിക്കുന്നു.
കമീൽ പാലിയ മനുഷ്യരിൽമാത്രമല്ല ആൺ‐പെൺ പാരസ്പര്യം കാണുന്നത്. ആകാശവും ഭൂമിയും; ഭൂമിയും അതിനെ ഉർവരമാക്കുന്ന മഴയും അതിന്റെ ചിഹ്നങ്ങളാണ്. സൗന്ദര്യത്തിന്റെ പുരുഷകാമനകൾ പാലിയ കാണുന്നത് വിലൻഡോർഫിലെ വടിവില്ലാത്ത വീനസ് പ്രതിമയിൽനിന്ന് ഈജിപ്തിലെ വടിവൊത്ത നഫെർടിറ്റി പ്രതിമയിലേക്കുള്ള രൂപാന്തരത്തിലാണ്. സമാന്തരമായി നടന്ന മാറ്റമാണ് ശാസ്ത്രത്തിന്റെ പുരോഗതി.
എല്ലാം സ്ത്രീക്ക് പ്രാപ്യമായ കാലത്ത് ഫെമിനിസം ഇനി പോകേണ്ട ദിശ ഏതാണെന്ന് അന്വേഷിക്കേണ്ടതുണ്ട്. കഴിഞ്ഞ കാലത്തെ സാമൂഹികമാറ്റവും സംഘടിതമായ പ്രവർത്തനവും വഴി നേടിയ നേട്ടങ്ങൾ പരിഗണിച്ചാൽ പഴയ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് ഭാവിയിൽ നേടാനൊന്നുമില്ല. കമീൽ പാലിയ കരുതുന്നത് ഭാവിയുടെ ഫെമിനിസ്റ്റ് മാതൃകയായി എടുത്തുകാട്ടാവുന്ന ഒരാളാണ് മഡോണ. തന്റെ  സ്റ്റേജ് ഷോകളിൽ ശക്തിയും ആത്മവിശ്വാസവും വ്യത്യസ്ത ലൈംഗിക പ്രതീകങ്ങളും അവതരിപ്പിക്കുന്നു. ജീവിതത്തിൽ തികഞ്ഞ ഉത്തരവാദിത്തവും തന്റേടവും പ്രകാശിപ്പിക്കുമ്പോഴും സ്വന്തം ശരീരത്തെ സൗന്ദര്യസങ്കൽപ്പവുമായി ഇണക്കിച്ചേർക്കാനും അവർക്ക് സാധിക്കുന്നു. മഡോണ പെൺകുട്ടികൾക്ക് നൽകുന്ന പാഠമിതാണ്: വശ്യത, പ്രണയാതുരത, അഭ്യുദയേച്ഛ, ഊർജസ്വലത എന്നിവ ഒരേസമയം പ്രകടിപ്പിക്കുന്നത് തെറ്റല്ല.
മുൻകാല ഫെമിനിസ്റ്റ് പ്രത്യയശാസ്ത്രം പലപ്പോഴും പൊരുത്തക്കേടുകൾ നിറഞ്ഞതാണ്. ആശയവിനിമയസങ്കേതം, തത്സമയ ടിവി സ്ട്രീമിങ് തുടങ്ങിയ സങ്കേതങ്ങൾ നിരവധി സ്ത്രീകൾക്ക് ഇതര ഫെമിനിസ്റ്റ്, നിഷ്പക്ഷ നിലപാടുകളുമായി മുന്നോട്ടുവരാൻ അവസരമൊരുക്കി. തുടർന്ന് കൂടുതൽ സ്ത്രീകൾ കർക്കശമായ ഫെമിനിസ്റ്റ് നിലപാടുകളിൽനിന്ന് പിൻവാങ്ങി. കാരണങ്ങൾ പലതാണ്; 9/11നുശേഷമുണ്ടായ സാമൂഹിക രാഷ്ട്രീയ മാറ്റങ്ങൾ ചില പുരുഷപക്ഷ ബോധത്തെ ഫെമിനിസത്തോട് ചേർത്തുകാണാമെന്നായി, ആക്രമണോത്സുകത, പട്ടാളത്തോടുള്ള ആഭിമുഖ്യം, ഭീകരവാദവിരുദ്ധത ഇങ്ങനെ പലതും.
പല ചിന്തകരും പറയുന്നത് കമീൽ പാലിയ ഒരു ഫെമിനിസ്റ്റ് വിരുദ്ധ ഫെമിനിസ്റ്റാണെന്നാണ്. അവർ സ്വയം ഇത് നിഷേധിക്കുന്നില്ല; താൻ ലൈംഗികതയെ അനുകൂലിക്കുന്ന ഫെമിനിസ്റ്റാണെന്നും ലൈംഗികതയോട് നിഷേധാത്മക നിലപാടെടുക്കുന്ന അക്കാദമിക് ഫെമിനിസ്റ്റ് കാഴ്ചപ്പാടിനോട് യോജിപ്പില്ലെന്നും അവർ പറയുന്നു. ഗ്ലോറിയ സ്റ്റെയ്നെയിം പറഞ്ഞത്, ഒരു മത്സ്യത്തിന് സൈക്കിൾ എത്രകണ്ട് ആവശ്യമുണ്ടോ അത്രമാത്രമേ ഒരു സ്ത്രീക്ക് പുരുഷനെ ആവശ്യമുള്ളൂ, അംഗീകരിക്കാനാകില്ലല്ലോ. ആൻഡ്രിയ ദ്വൊർകിൻ, ക്യാതെറിൻ മാക് കിനോൺ എന്നിവരും തീവ്രനിലപാടുകൾ എടുത്തവർതന്നെ.
സൂക്ഷ്മവും നിശിതവുമായ അവതരണത്തിലൂടെ നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന പുസ്തകമാണിത്. കമീൽ പാലിയയുടെ കാഴ്ചപ്പാടുകളോടും ആവിഷ്കാരത്തോടും വിയോജിപ്പുണ്ടാകാം. എന്നാൽ ഫെമിനിസം, സമകാലിക സംസ്കാരം എന്നിവയിൽ താൽപ്പര്യമുള്ളവർക്ക് അവഗണിക്കാനാകാത്ത കൃതിയാണ് ഇത്.
പ്രധാന വാർത്തകൾ
 Top