20 February Wednesday

ആറിപ്പോയത് ചൂടാക്കേണമേ...

ഫ്രാൻസിസ്‌ നൊറോണUpdated: Sunday Feb 25, 2018

ആറിപ്പോയത് ചൂടാക്കേണമേയെന്ന എന്റെ മമ്മാഞ്ഞിയുടെ പ്രാർഥന കേൾക്കുമ്പോൾ കുഞ്ഞുന്നാളിൽ എനിക്കതൊരു കൗതുകമായിരുന്നു. വെള്ളക്കോപ്പയിൽ ചൂട് കട്ടൻകാപ്പിയും ഇടംകൈയിൽ തെറുപ്പുബീഡിയുമായി മമ്മാഞ്ഞി ഒടേതമ്പുരാനോട് ചോദിച്ച ആ വലിയ യാചനയുടെ പൊരുൾ അറിയുന്നത് അവർ മരിച്ചുകിടക്കുമ്പോഴാണ്... മരിക്കുമ്പോൾ മമ്മാഞ്ഞിയുടെ അരികിൽ ഞാനുണ്ടായിരുന്നു. പാദങ്ങളാണ് ആദ്യം തണുത്തുതുടങ്ങിയത്. ചുളിവുവീണ വിശുദ്ധ മുഖത്ത് ഉമ്മവയ്ക്കുമ്പോഴാണ് ജീവിതം ആറിപ്പോകുന്നത് ഞാനാദ്യമായി തൊട്ടറിഞ്ഞത്.

മമ്മാഞ്ഞിയാണ് എന്റെ കഥയെഴുത്തുവഴികളുടെ തുടക്കം. മമ്മാഞ്ഞി വിളമ്പിത്തന്ന ഒരുപാട് രുചികൾ ഇപ്പോഴും നാവിൻതുമ്പിലുണ്ട്. മമ്മാഞ്ഞിയുടെ മരണത്തോടെ മറഞ്ഞുപോയി പല വാക്കുകളും. എല്ലാത്തരം ജീവജാലങ്ങളെയും മനുഷ്യന് തിന്നാൻ കർത്താവീശോമിശിഹാ ഭൂമിയിലേക്ക് അയച്ചതാണെന്നുള്ള ബലത്തിൽ അവർ വച്ചുതന്ന ഇറച്ചിത്തരങ്ങൾ വൈവിധ്യം നിറഞ്ഞതായിരുന്നു. അന്നത്തെ ദാരിദ്ര്യംകൊണ്ടാവാം ഞങ്ങളുടെ പരിസരങ്ങളിലെ തീട്ടപ്പറമ്പുകളിൽനിന്ന് കെണിവച്ചു പിടിക്കുന്ന ജീവികളായിരുന്നു ഒട്ടുമിക്കതും. പറമ്പിനെ പകുത്ത് വാടത്തോട്ടിലേക്ക് പോകുന്ന ചെറിയ കനാലുണ്ട്, അതിൽ നിറയെ തീട്ടക്കൂരികൾ കാണും. ഞങ്ങളന്ന് തോട്ടിലേക്കു ചാഞ്ഞുനിന്ന പരുത്തിക്കൊമ്പുകളിൽ കയറിയിരുന്നാണ് ചൂണ്ടയിട്ടിരുന്നത്. എന്തോരം കാഴ്ചകളാണ് ആ പറമ്പുകൾ സമ്മാനിച്ചത്. 
കുട്ടിക്കാലം മുഴുവൻ ദാരിദ്ര്യംപിടിച്ച നാളുകളായിരുന്നു. വക്കുപൊട്ടിയ സ്ലേറ്റ്, ബട്ടണടർന്നുപോയ ഷർട്ടിനെ കുത്തിനിർത്തുന്ന പിന്ന്. വാട്ടുകപ്പയും കട്ടൻചായയും. കൂമ്പലുകൂട്ടിയ പറമ്പുകളിലൂടെ നടന്ന് ളൊള്ളോവിക്കയും ചാമ്പയ്ക്കയും പച്ചവെള്ളവും കുടിച്ചുനടന്ന നാളുകൾ. തൊണ്ടുതല്ലുന്നവർ, ഓലമെടയുന്നവർ, വേലികെട്ടുന്നവർ... സ്ലേറ്റും ഒന്നോ രണ്ടോ പുസ്തകങ്ങളും പിന്നെ അതു രണ്ടും ചേർത്തിടുന്ന കറുത്ത റബർബാൻഡ്... ."മാരിക്കാറുകൾ മഴവില്ലാൽ തോരണമാലകൾ ചാർത്തുന്നു... വാനം പൂമഴ പെയ്യുന്നു...'' എന്നു തുടങ്ങുന്ന പാട്ട്. ജീവിതം ആറിത്തണുത്തുപോകുന്ന അന്ത്യനിമിഷംവരെയും കൂടെയുണ്ടാകുന്ന കാഴ്ചകൾ...ഓർമകൾ...
അയൽവാസിയായ എലിപ്പെട്ടിയച്ചായനായിരുന്നു നാട്ടിലെ കമ്യൂണിസ്റ്റ് നേതാവ്. എലിപ്പെട്ടിയുണ്ടാക്കി വിൽക്കുന്ന അച്ചായന്റെ വീട്ടിൽ നിറയെ പൂച്ചകളുണ്ടായിരുന്നു. അച്ചായനും പൂച്ചകളും സോഷ്യലിസ്റ്റ് ചിന്തകളോടെ ഒരുമിച്ച് ഒരേ കോപ്പയിൽനിന്നാണ് ചായ കുടിച്ചിരുന്നത്. അച്ചായന്റെ വീട്ടിൽമാത്രമേ അന്ന് റേഡിയോ ഉള്ളൂ. വിവിധ് ഭാരതിയിലൂടെയും ശ്രീലങ്കാ പ്രക്ഷേപണത്തിലൂടെയും മലയാളം പാട്ടുകൾ കേൾക്കാൻ ഞങ്ങളന്ന് ഇളംതിണ്ണയിൽ കുത്തിയിരിക്കും.
അച്ചായനാണ് എന്നെ ആദ്യമായി ബാലസംഘത്തിന്റെ ജാഥയ്ക്ക് കൊണ്ടുപോകുന്നത്. നന്നാറി സർബത്തും പെപ്പറുമിഠായിയുമൊക്കെ വാങ്ങിത്തരും. മുദ്രാവാക്യം വിളിച്ച് ക്ഷീണിക്കുമ്പോൾ തോളേലെടുക്കും. എന്റെ ഉള്ളിൽ മനുഷ്യത്വം, സ്നേഹം, സാഹോദര്യം, സമത്വം എന്നിങ്ങനെയുള്ള പുണ്യങ്ങളുണ്ടെങ്കിൽ അവയുടെ ഉടയോൻ അങ്ങോരാണ്.
പിൽക്കാലത്ത് അമ്മച്ചി പള്ളിയിലെ വേദപാഠക്ലാസുകളിൽ നിർബന്ധിച്ച് കൊണ്ടിരുത്തിയെങ്കിലും, എനിക്കെന്തോ അവിടത്തെ ലോകവുമായി പൊരുത്തപ്പെടാനാകാതെ വന്നു. ഇടവക വികാരിയച്ചൻ നല്ല വിദ്യാഭ്യാസമുള്ള വ്യക്തിയായിരുന്നെങ്കിലും പണക്കാരെയും പാവപ്പെട്ടവരെയും വേർതിരിച്ചുകാണുന്ന രീതി അദ്ദേഹത്തിനുണ്ടായിരുന്നു. മോടിയായി വസ്ത്രം ധരിച്ചുവരുന്ന മുന്തിയ വീട്ടിലെ കുട്ടികളോടുള്ള അദ്ദേഹത്തിന്റെ സ്നേഹപ്രകടനങ്ങൾ, ഞങ്ങളെപ്പോലുള്ളവരുടെ മുന്നിലെത്തുമ്പോൾ മങ്ങിപ്പോയിരുന്നു.
നന്നേ ചെറിയ പ്രായംമുതലേ ഞാൻ വായിക്കുമായിരുന്നു. ബൈബിൾ വായന തുടങ്ങിയ കാലം ക്ലേശം നിറഞ്ഞതായിരുന്നു. ഒരുപാട് ചോദ്യങ്ങൾ അലട്ടിയ നാൾ. ക്രിസ്തു പറഞ്ഞതും സഭ പറയുന്നതും തമ്മിലുള്ള പൊരുത്തമില്ലായ്മകൾ. പള്ളിക്ലാസുകളിൽ എഴുന്നേറ്റുനിന്ന് ചിലതെല്ലാം ചോദിക്കുമ്പോൾ ദൈവനിഷേധിയെന്ന് അവരെന്നെ വിളിക്കാൻ തുടങ്ങി. അങ്ങനെയാണ് പള്ളിമതിലിനു പുറത്തേക്ക് ഞാനിറങ്ങുന്നത്.
തിരക്കിട്ടായിരുന്നു പിന്നീടുള്ള വായനകൾ. ചില സത്യങ്ങൾ അറിയാനുള്ള എന്റെ മനസ്സിന്റെ തിടുക്കം. ഇടയ്ക്കൊരു അസുഖം ബാധിച്ച് ദീർഘകാലം കിടക്കയിൽ ഒതുങ്ങിപ്പോയത് എന്റെ വായനകളെ സഹായിച്ചിരുന്നു. മുട്ടത്തു വർക്കിയെയും കാനത്തെയുമൊക്കെയാണ് ആദ്യം വായിക്കുന്നത്. എന്നെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഒരു പെൺകുട്ടിയാണ് 'കാലം' വായിക്കാൻ തരുന്നത്. 'കാല'മാണ് മനസ്സിൽ പ്രണയം പാകുന്നത്. എം ടി, മുകുന്ദൻ, കുഞ്ഞിക്ക, ഒ വി, സക്കറിയ, സാറാ, സി വി തുടങ്ങി... മലയാളിയുടെ മനസ്സിൽ നിറഞ്ഞുനിന്ന ഒട്ടുമിക്കവരെയും ആർത്തിയോടെ വായിച്ച നാളുകൾ.
അക്കാലത്താണ് ഞാൻ ചില സാഹിത്യക്യാമ്പുകളിൽ പങ്കെടുക്കുന്നത്. അതിൽനിന്ന് ലഭിച്ചത് ചില സൗഹൃദങ്ങളും സ്നേഹബന്ധങ്ങളും... അപ്പോഴും എഴുതാനുള്ള ആഗ്രഹമോ എഴുതാൻ കഴിയുമെന്ന വിശ്വാസമോ ഇല്ലായിരുന്നു.
പഠനം പൂർത്തിയാക്കി വീണ്ടും ചെന്നെത്തിയത് അരമനയിലേക്ക്. അച്ചന്മാരും കന്യാസ്ത്രീകളും നിറയുന്നിടത്ത് കണക്കെഴുത്തുകാരനായി എന്റെ ചെറിയ ലോകം. മാസാവസാനം 250 രൂപയുടെ വൗച്ചറിൽ ഒപ്പിടുവിച്ചിട്ട് ശമ്പളം തരുമ്പോൾ കന്യാസ്ത്രീയുടെ കണ്ണുനിറയും. കണക്കെഴുത്ത് എന്നത് എന്റെ വിലാസം മാത്രമായിരുന്നു. ലാട്രിൻ കഴുകുന്നതുമുതൽ എല്ലാ പണിയും ചെയ്യണം. ശരിക്കുമൊരു വൈദികവിദ്യാർഥിയെപ്പോലെ. ചില കഥകൾ എഴുതാൻ ഈ അനുഭവങ്ങൾ എന്നെ സഹായിച്ചിട്ടുണ്ട്.
രാത്രികാല ക്ലാസുകളിൽ പഠിച്ചാണ് ഞാൻ കുറച്ചുകൂടി മെച്ചപ്പെട്ട ജോലി നേടുന്നത്. പിന്നീട് കുടുംബമൊക്കെയായപ്പോൾ എന്റെ സാഹിത്യമൊക്കെ ആറിത്തണുത്തുപോയി. വല്ലപ്പോഴും സാഹിത്യമത്സരങ്ങളിൽ പങ്കെടുക്കും. കിട്ടുന്ന സമ്മാനങ്ങളിൽ തൃപ്തനാകും. ആലപ്പുഴയിലെ സേവ്യർ കുടിയാംശ്ശേരിയച്ചൻ എന്നെ നിർബന്ധിച്ച് അദ്ദേഹത്തിന്റെ മുഖരേഖ മാസികയിൽ ചിലതെല്ലാം എഴുതിച്ചിരുന്നു. സ്നേഹിതനും എഴുത്തുകാരനുമായ ജെ ജൂബിറ്റാണ് ഗൗരവമായ സാഹിത്യരചനകളിലേക്ക് എന്നെ കൂട്ടിക്കൊണ്ടുവരുന്നത്. ആദമിന്റെ മുഴ എന്ന കഥ ഡിസി ബുക്സിന്റെ പബ്ലിക്കേഷൻ മാനേജരായ അരവിന്ദൻ കെ എസ് മംഗലത്തിന് പരിചയപ്പെടുത്തുന്നത് അദ്ദേഹമാണ്. കഥ വായിച്ചിട്ട് 'എഴുത്തിന്റെ ദൈവം നിന്നോടുകൂടിയുണ്ട്' എന്നൊരു മെസേജ് അരവിന്ദൻ സാർ അയച്ചു. അതൊരു അനുഗ്രഹംപോലെ എന്നെ പിന്തുടരുന്നു. പിൽക്കാലത്ത് ഞാനെഴുതിയ എല്ലാ കഥകളും വായനാലോകത്ത് സ്വീകരിക്കപ്പെടാനുള്ള ഭാഗ്യമുണ്ടായി.
ആറിപ്പോകുന്നത് ചൂടാക്കണമോയെന്നൊരു പ്രാർഥന ഓരോ കഥയെഴുതുമ്പോഴും എന്റെ ഉള്ളിൽ നിറയാറുണ്ട്. കഥകൾ എപ്പോഴും ജീവിതംതന്നെയാണ്. അതില്ലാത്ത ഒന്നിനെ കഥയെന്ന് വിളിക്കാമോ? നല്ല വായനയുള്ളതുകൊണ്ടാണ് നല്ല കഥകളും ഉണ്ടാകുന്നത്. എഴുത്തിനേക്കാൾ എനിക്കിഷ്ടം വായിക്കുന്നതാണ്. ആറിത്തണുത്ത് പോകാത്ത കഥകൾക്കായി കാത്തിരിക്കാനുള്ള ക്ഷമ എനിക്ക് ഇപ്പോഴുമുണ്ട്. ഒരുപക്ഷേ, എഴുത്തിലെനിക്ക് സ്വീകാര്യത നൽകിയതും ഈ നീണ്ട കാത്തിരിപ്പുകളാകാം. 
പ്രധാന വാർത്തകൾ
 Top