16 February Saturday

'ഒരു അഡാറ്‌ പാട്ട്‌'; പ്രേക്ഷക ലക്ഷങ്ങളുടെ ഹൃദയം കവര്‍ന്ന പാട്ട്

വിഷ്ണുപ്രസാദ്Updated: Sunday Feb 25, 2018
 "മാണിക്യമലരായ പൂവി, മഹതിയാൾ ഖദീജബീവി.
മക്കയെന്ന പുണ്യനാട്ടിൽ വിലസിടും നാരീ...
വിലസിടും നാരീ...''
 
പ്രണയദിനത്തിലാണ് 'ഒരു അഡാറ് ലവ്' എന്ന സിനിമയിലൂടെ ഈ പാട്ട് മലയാളികളുടെ മനസ്സിലേക്ക് വീണ്ടും പെയ്തിറങ്ങിയത്. പരിചിതമായ പാട്ടാണെങ്കിലും പുതിയ ഭാവത്തിൽ വന്നപ്പോൾ എല്ലാവരും ഏറ്റുപാടി. പാട്ടുരംഗം കാണാനായിരുന്നു യുവതലമുറയ്ക്ക് ആവേശം. ഇതുവരെ കണ്ടിട്ടുള്ള പ്രണയരംഗങ്ങളിൽനിന്ന് വ്യത്യസ്തം ആ കണ്ണിറുക്കൽ... ചെറുപ്പക്കാരുടെ ഹൃദയമാണത് കവർന്നത്.
 
സിനിമയുടെ ചിത്രീകരണം പൂർത്തിയാകുംമുമ്പേ പാട്ട് ഹിറ്റായി കടൽ കടന്നു. അറബ്നാടുകളിൽ ഉള്ളവർപോലും ഏറ്റുപാടി. ഋഷി കപൂറും സൽമാൻ ഖാനും അടക്കമുള്ളവർക്ക് ഈ പാട്ട് പ്രിയപ്പെട്ടതായി. പക്ഷേ, നമ്മുടെ നാട്ടിലുള്ള ചിലർക്ക് ഇത് സഹിച്ചില്ല. തങ്ങളുടെ മതവികാരത്തെ മുറിവേൽപ്പിക്കുന്നുവെന്ന് ആരോപിച്ച് ചിലർ കോടതി കയറി. പിന്നെ ചർച്ച വഴിമാറി.
 
അന്നുവരെ ഏറ്റുപാടിയവരെല്ലാം മതവികാരം വ്രണപ്പെടുത്തിയോ എന്ന് ആലോചിച്ചുതുടങ്ങി. പക്ഷേ, മലയാളികൾ പാട്ടിനും സിനിമയ്ക്കുമൊപ്പമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സോഷ്യൽ മീഡിയയിലൂടെ ധൈര്യം നൽകി. അതോടെ സംവിധായകനും അണിയറപ്രവർത്തകർക്കും ധൈര്യമായി. പരാതിക്കാർക്കെതിരെ സംവിധായകൻ ഒമർ ലുലുവും നടി പ്രിയ പ്രകാശ് വാര്യരും സുപ്രീംകോടതിയിലെത്തി. പാട്ടുകേട്ട സുപ്രീംകോടതി പറഞ്ഞു, 'ഈ പാട്ടിന് വിലക്കില്ല.'
എന്തായാലും പാട്ടിൽ ആരാധകർ അമിതപ്രതീക്ഷ പുലർത്തുന്നതോടെ സിനിമയിലും പ്രത്യേകതകൾ കൊണ്ടുവരാനാണ് അണിയറപ്രവർത്തകരുടെ പരിശ്രമം. സിനിമയുടെ ആദ്യത്തെ തിരക്കഥ മാറ്റിയെഴുതി അവതരിപ്പിക്കാനുള്ള തിരക്കിലാണവർ. കോടതിയും കേസുമെല്ലാം കഴിഞ്ഞ് കിട്ടിയ ഇത്തിരി സമയം ദേശാഭിമാനിയോട് സംസാരിക്കുകയാണ് സംവിധായകൻ ഒമർ ലുലു, നടി പ്രിയ പ്രകാശ് വാര്യർ, പാട്ടുരംഗത്തിൽ അഭിനയിച്ച ജുബൈർ മുഹമ്മദ് എന്നിവർ. ഒപ്പം ഈ പാട്ടിനെ ജനകീയമാക്കിയ പ്രിയപ്പെട്ട മാപ്പിളപ്പാട്ട് ഗായകൻ എരഞ്ഞോളി മൂസയും.

എരഞ്ഞോളി മൂസ

നാൽപ്പതിലേറെ വർഷം ഞാൻ പാടിയ പാട്ടാണിത്. അതിനുമുമ്പേ ഇതേ ട്യൂൺ ഉണ്ടായിരുന്നു. പീർ മുഹമ്മദ് എഴുതിയ 'മാണിക്യക്കല്ലുവച്ച രത്നമാല മാറിലണിഞ്ഞ് വെണ്ണിലാവുപോലെ വന്ന് ചിരിക്കുന്നല്ലോ' എന്ന പാട്ടാണ് ആദ്യം ഈ ട്യൂണിൽ പുറത്തിറങ്ങിയത്. മാണിക്യമലരിന്റെ ട്യൂൺ തയ്യാറാക്കിയത് ആരെന്നോ എഴുതിയത് ആരെന്നോ കൃത്യമായി ഉത്തരമില്ല. പി എം എ ജബ്ബാറാണ് പാട്ടെഴുതിയതെന്നാണ് പറയപ്പെടുന്നത്. ജിദ്ദയിൽവച്ച് അദ്ദേഹം പരിചയപ്പെടാൻ വന്നിരുന്നു. തനിക്കും പാട്ടിനും മേൽവിലാസമുണ്ടാക്കിത്തന്നത് മൂസക്കയാണെന്നു പറഞ്ഞ് കെട്ടിപ്പിടിച്ച് സന്തോഷം പ്രകടിപ്പിച്ചു.
എന്തായാലും സിനിമയിൽ ഈ പാട്ട് വന്നപ്പോൾ വിവാദമാക്കിയതിനോട് യോജിപ്പില്ല. പാട്ടിനേക്കാൾ ഞാൻ ആസ്വദിച്ചത് ആ കുട്ട്യോളുടെ കണ്ണിറുക്കലാണ്. ഇപ്പോഴത്തെ സ്ഥിരം സിനിമകളിൽനിന്ന് വ്യത്യസ്തമായി ഒരു നോട്ടത്തിലൂടെ പ്രണയം അവതരിപ്പിച്ചിരിക്കുന്നത് എന്തു രസകരമായിട്ടാണ്. ഒരു തെറ്റും പറയാനില്ല.
മുസ്ലിം പശ്ചാത്തലമുള്ള എത്രയെത്ര സിനിമകളെയും കഥാപാത്രങ്ങളെയും മാറോടണച്ച് സ്വീകരിച്ചവരാണ് നമ്മൾ. എന്തിനെയും രണ്ടുപക്ഷം പിടിച്ച് വിമർശിക്കുന്നത് പതിവായിരിക്കുകയാണിപ്പോൾ. പത്മാവത്, മെർസൽ തുടങ്ങിയ സിനിമകൾ ഇറങ്ങിയപ്പോൾ നമ്മൾ കണ്ടതാണ്. വർഗീയശക്തികൾക്കും വിഘടനവാദികൾക്കും മരുന്നിട്ടുകൊടുക്കുന്ന സമീപനത്തിൽനിന്ന് എല്ലാവരും പിന്മാറണം.

ഒമർ ലുലു (സംവിധായകൻ)

വിവാദമാക്കാനുള്ളതൊന്നും ഈ പാട്ടിലില്ല. അവരുടെ ലക്ഷ്യമെന്തെന്ന് ഇപ്പോഴും അറിയില്ല. പ്രശസ്തിക്കുവേണ്ടിയാണെന്ന് വേണം കരുതാൻ. ഒരു സംഭവം ഹിറ്റാകുമ്പോൾ, അതിനെതിരെ പറയുക എന്നൊരു രീതി വളരെ കാലമായുണ്ട്. മതവികാരം വ്രണപ്പെടുത്തിയെന്നൊക്കെ പറഞ്ഞ് രംഗത്തുവന്നവർ മുസ്ലിങ്ങൾക്കുതന്നെ നാണക്കേടാണ്.
മതവികാരം വ്രണപ്പെടുത്തുന്ന ഒന്നും ദൃശ്യങ്ങളിലും ഇല്ല. സ്റ്റേജിൽ കുട്ടികൾ പാടുന്നു, സദസ്സിലെ കുട്ടികൾ ഓരോ നേരമ്പോക്കുകൾ ചെയ്യുന്നു. ഒരുപാട് സ്റ്റേജുകളിൽ പാടിവന്ന പാട്ടാണിത്. അവിടെയെല്ലാം സദസ്സിൽ പലപല രംഗങ്ങൾ ഉണ്ടായിട്ടുണ്ടാകും. അതുപോലെ ഒന്നായി കണ്ടാൽ മതി. കേരളത്തിലെ 99 ശതമാനം ആളുകളും ഞങ്ങളെ പിന്തുണയ്ക്കുന്നു എന്നറിയുന്നതിൽ സന്തോഷം. ഇപ്പോൾ കോടതിവിധിയും അനുകൂലം.
പണ്ടുമുതൽ കേട്ട് ഇഷ്ടപ്പെട്ട പാട്ടാണിത്. കുറച്ചുകാലത്തിനുശേഷം 'ചുമടുതാങ്ങി' ബാൻഡിലെ കുട്ടികൾ ഈ പാട്ട് പാടുന്നത് ഫെയ്സ്ബുക്കിൽ കണ്ടു. അവരെ അളിയന്റെ കല്യാണത്തിന് പാടാൻ ക്ഷണിച്ചു. അവർ സ്റ്റേജിൽ പാടിയപ്പോൾ, അതേപോലെ ഒരു പാട്ടുസീൻ അടുത്ത സിനിമയിൽ ഉൾപ്പെടുത്താൻ ആലോചിച്ചു.
പി എം എ ജബ്ബാർ എന്ന കരൂപ്പടന്ന സ്വദേശിയാണ് പാട്ടെഴുതിയത്. ഈ പാട്ട് ആദ്യം പാടിയത് ആരെന്ന കാര്യത്തിൽ പല അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്. ജബ്ബാറും അളിയനായ തലശേരി റഫീഖും ചേർന്ന് ആകാശവാണിക്കുവേണ്ടിയാണ് ഈ പാട്ട് പാടിയതെന്നാണ് അറിയുന്നത്. പക്ഷേ, ഈ പാട്ടിനെ ജനകീയമാക്കിയത് എരഞ്ഞോളി മൂസയാണ്. അദ്ദേഹമാണ് ഇത് കൂടുതൽ സ്റ്റേജിൽ പാടിയത്.
കോടതിവിധി വളരെയേറെ ആശ്വാസമായി. പ്രതീക്ഷിക്കാതെ വിവാദത്തിൽപ്പെട്ടപ്പോൾ പാട്ട് പിൻവലിച്ചാലോ എന്നുപോലും ചിന്തിച്ചു. സമൂഹത്തിന്റെ പിന്തുണയാണ് ധൈര്യമേകിയത്. മുസ്ലിം മതപണ്ഡിതന്മാർവരെ അനുകൂലിച്ച് രംഗത്തുവന്നു. പാട്ട് പിൻവലിക്കുന്നത് മുസ്ലിംസമൂഹത്തെ ബാധിക്കും; ഒരിക്കലും പിൻവലിക്കരുതെന്ന ഉപദേശമാണ് അവർ നൽകിയത്.
ഒരു മ്യൂസിക്കൽ ലൗസ്റ്റോറിയാണ് 'അഡാറ് ലവ്'. ഒമ്പതു പാട്ടുണ്ട്. ഷാൻ റഹ്മാനാണ് സംഗീതം. അദ്ദേഹത്തിന്റെ കൂടുതൽ മികച്ച പാട്ടുകൾ ഈ സിനിമയിൽ പ്രതീക്ഷിക്കാം. സ്കൂളും അവിടത്തെ കുട്ടികളുടെ പ്രണയവുമാണ് കഥാതന്തു. പൈങ്കിളി, തമാശ അങ്ങനെ ലൈറ്റായ, സാധാരണക്കാർക്ക് ഇഷ്ടപ്പെടുന്ന എല്ലാം ഇതിലുണ്ടാകും.

പ്രിയ പ്രകാശ് വാര്യർ

വിവാദം ഉണ്ടാക്കിയവരുടെ ലക്ഷ്യം ഇപ്പോഴും അറിയില്ല. അവർ പാട്ടിനെയല്ല വിവാദമാക്കിയത്. അതിലെ രംഗങ്ങളാണ് അവർ ഇഷ്ടപ്പെടാതിരുന്നത്. വിവാദങ്ങൾ എന്നെ വ്യക്തിപരമായും ബാധിച്ചു.  ഒരുപാട് ആശങ്കകളിലൂടെയാണ് കടന്നുപോയത്. സിനിമ പൂർത്തിയാകുംമുമ്പ് രാജ്യമാകെ ഒരു നെഗറ്റീവ് പ്രചാരണം വന്നപ്പോൾ ഞങ്ങളുടെ ടീംതന്നെ സമ്മർദത്തിലായി. പക്ഷേ,  നല്ലതിനുവേണ്ടി കാത്തിരുന്നു. പരസ്പരം ആശ്വസിപ്പിച്ചും പ്രോത്സാഹിപ്പിച്ചും മുന്നോട്ടുപോയി. കോടതിവിധി വന്നതോടെ എല്ലാവർക്കും വീണ്ടും ഉത്സാഹമായി.
ഇതെന്റെ ആദ്യസിനിമയാണ്. ഇപ്പോൾ ലഭിച്ച പ്രശസ്തിയെക്കുറിച്ചൊന്നും ശ്രദ്ധിക്കുന്നില്ല.  ഒക്കെ പെട്ടെന്ന് സംഭവിച്ചതാണ്. പാട്ട് എല്ലാവരും ഏറ്റെടുത്തതിലാണ് സന്തോഷം. ബാക്കിയൊന്നും ഞങ്ങൾ പ്രതീക്ഷിച്ചതുപോലെയല്ല സംഭവിച്ചത്.

ജുബൈർ മുഹമ്മദ്

സംഗീതസംവിധാനത്തിലും പാട്ടിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന എന്നെ അഭിനേതാവാക്കിയ സിനിമയാണ് അഡാറ് ലവ്. സ്കൂളിലെ പൂർവവിദ്യാർഥികളായ ഞങ്ങൾ അവിടെയെത്തി പാട്ടുപാടുന്നതാണ് സിനിമയിലെ രംഗം. അതിനിടയിലുണ്ടാകുന്ന സംഭവങ്ങളാണ് പാട്ടിനിടയിൽ കാണിക്കുന്നത്. അത് വിവാദമാക്കുന്നത് വെറുതെയാണ്. മാപ്പിളപ്പാട്ടായിത്തന്നെയാണ് ഈ പാട്ട് അവതരിപ്പിക്കുന്നത്. അതിലെ ദൃശ്യങ്ങളെ മതവുമായി ബന്ധപ്പെടുത്താനേ പാടില്ല. ഇത്രയും നല്ലൊരു മാപ്പിളപ്പാട്ട് എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിക്കുക എന്ന ദൗത്യമാണ് സിനിമയുടെ സംവിധായകനും സംഗീതസംവിധായകനും ഏറ്റെടുത്തിരിക്കുന്നത്. അതിൽ ആരുടെയും മതവികാരം വ്രണപ്പെടുത്തുന്നില്ല. ഇതുവരെ പോസിറ്റീവായ പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്.
(തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് വിദ്യാർഥിയായിരുന്ന ജുബൈർ, ഒമർ ലുലുവിന്റെ 'ചങ്ക്സി'ൽ 'കിളികൾ വന്നില്ല' എന്ന പാട്ടിന് സംഗീതം നൽകിയിട്ടുണ്ട്. ഓൾഡ് ഈസ് ഗോൾഡ് എന്ന സിനിമയിലെ മുഴുവൻ പാട്ടുകളുടെയും സംഗീതം നിർവഹിച്ചതോടെ മൂന്ന് സിനിമയിലേക്കുകൂടി അവസരം വന്നിരിക്കുകയാണ്.)
 
  vishnuvsprasad@gmail.com
 
പ്രധാന വാർത്തകൾ
 Top