23 February Saturday

തോമസ് പിക്കറ്റി അപഗ്രഥിക്കപ്പെടുന്നു

ഡോ. ബി ഇക്ബാൽUpdated: Sunday Sep 24, 2017

മുതലാളിത്ത സാമ്പത്തികവ്യവസ്ഥയിൽ സാമൂഹ്യ അസമത്വങ്ങൾ അനിവാര്യമാണെന്ന കാൾ മാർക്‌സിന്റെ നിരീക്ഷണം ശരിവച്ചുകൊണ്ട് നിരവധി സാമ്പത്തിക ശാസ്ത്രജ്ഞന്മാർ സമീപകാലത്ത് മികച്ച ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ജോസഫ് സ്റ്റിഗിലിറ്റ്‌സ് (The Price of inequaltiy: How today's divided world endangers our future: 2012), 2015ൽ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം നേടിയ ആംഗസ് ഡിയാറ്റൻ (The Great Escape health, wealth and the origins of inequaltiy: 2013), അന്തോണി ബി ആറ്റ്കിൻസൺ (Inequaltiy what can be done?: 2015) എന്നിവരുടെ കൃതികളാണ് ഇവയിൽ ശ്രദ്ധേയമായിട്ടുള്ളത്. സാമൂഹ്യ അസമത്വങ്ങളെപ്പറ്റി പഠിക്കുന്ന സാമ്പത്തിക ശാസ്ത്രജ്ഞരെ അസമത്വ സാമ്പത്തിക വിദഗ്ധർ എന്നും വിളിക്കാറുണ്ട്. എന്നാൽ, ഇവരിൽ ഫ്രഞ്ചുകാരനായ തോമസ് പിക്കറ്റിയാണ് സമീപകാലത്ത് ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ട സാമ്പത്തിക ശാസ്ത്രജ്ഞൻ. കഴിഞ്ഞ രണ്ടു ശതാബ്ദക്കാലത്തെ മുതലാളിത്ത രാജ്യങ്ങളുടെ സാമ്പത്തികവളർച്ച സസൂക്ഷ്മം പഠിച്ച് ക്യാപിറ്റൽ ഇൻ ദി ട്വന്റിഫസ്റ്റ് സെഞ്ച്വറി (Capital in the 21st Century: Harvard Universtiy Press) എന്ന വിശ്രുതഗ്രന്ഥം 2013 ആഗസ്തിൽ പ്രസിദ്ധീകരിച്ചതോടെയാണ് ലോകത്തെ ഏറ്റവുമധികം ചർച്ചചെയ്യപ്പെടുന്ന സാമ്പത്തിക ശാസ്ത്രജ്ഞനായി പിക്കറ്റി മാറിയത്. ഫ്രഞ്ച് ഭാഷയിൽ ആദ്യം പ്രസിദ്ധീകരിച്ച ഇതിെ ഇംഗ്ലീഷ് പതിപ്പ് 2014 ഏപ്രിലിൽ ഹാർവാർഡ് യൂണിവേഴ്‌സിറ്റി പ്രസ് പ്രസിദ്ധീകരിച്ചു. തുടർന്ന് ഇതിനകം 33 ഭാഷയിലായി പുസ്തകത്തിന്റെ 22 ലക്ഷം കോപ്പിയാണ് വിറ്റഴിക്കപ്പെട്ടിട്ടുള്ളത്. ഹാർവാർഡ് യൂണിവേഴ്‌സിറ്റി പ്രസിന്റെ അക്കാദമിക് പ്രസിദ്ധീകരണങ്ങളിൽപ്പെട്ട മറ്റൊരു കൃതിയും ഇത്രയധികം കോപ്പി വിറ്റഴിക്കപ്പെട്ടിട്ടില്ല.
അസമത്വം യാദൃച്ഛികമായി സംഭവിക്കുന്നതല്ല, മറിച്ച്  മുതലാളിത്ത സാമ്പത്തികവ്യവസ്ഥയുടെ അടിസ്ഥാന സ്വഭാവമാണെന്നതാണ് പിക്കറ്റിയുടെ പുസ്തകത്തിലെ കേന്ദ്രപ്രമേയം. മുതലാളിത്ത സാമ്പത്തികക്രമത്തിൽ മൂലധന വളർച്ചാനിരക്ക് സാമ്പത്തിക വളർച്ചാനിരക്കിലും ഉയർന്നിരിക്കും. സമ്പത്തിന്റെ കേന്ദ്രീകരണവും  അസന്തുലിതമായ വിതരണവും സാമ്പത്തിക അസമത്വത്തിലേക്കും സാമൂഹ്യ അസ്ഥിരതയിലേക്കും നയിക്കും. തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന പിതൃസ്വത്തുക്കൾ പൈതൃക മുതലാളിത്തത്തിലേക്കും (Ptarimonial Capitalism) മുതലാളിത്ത പ്രഭുവാഴ്ചയിലേക്കും (Oligarchy) നയിക്കുമെന്നും പിക്കറ്റി അഭിപ്രായപ്പെട്ടു. പ്രത്യക്ഷനികുതിയിലെ വൻ വർധനയും പിതൃസ്വത്തുക്കളുടെമേലുള്ള നികുതിയുമാണ് മുതലാളിത്ത സാമ്പത്തികപ്രതിസന്ധി പരിഹരിക്കാൻ പിക്കറ്റി മുന്നോട്ടുവയ്ക്കുന്ന മാർഗങ്ങൾ.
മുതലാളിത്തത്തിന്റെ ശക്തനായ വിമർശകനാണെങ്കിലും സോഷ്യലിസ്റ്റ് സാമൂഹ്യവ്യവസ്ഥിതിയെ പിക്കറ്റി മുതലാളിത്തത്തിനു ബദലായി അവതരിപ്പിക്കുന്നില്ല. അങ്ങേയറ്റം പോയാൽ ഒരുതരത്തിലുള്ള മുതലാളിത്ത പരിഷ്‌കർത്താവായ സാമ്പത്തിക ചിന്തകൻ എന്നുവേണമെങ്കിൽ പിക്കറ്റിയെ വിശേഷിപ്പിക്കാവുന്നതാണ്. എങ്കിലും മുതലാളിത്തത്തിന്റെ പ്രത്യേകിച്ച് നവ ലിബറൽ സാമ്പത്തികനയത്തിന്റെ വക്താക്കളായ മുതലാളിത്ത സാമ്പത്തിക ശാസ്ത്രജ്ഞർക്കുള്ള ശക്തമായ മറുപടിയെന്ന നിലയിൽ പിക്കറ്റിയുടെ പുസ്തകം തീർച്ചയായും പ്രസക്തംതന്നെയാണ്; മാർക്‌സിന്റെ മൂലധനം പ്രസിദ്ധീകരിച്ചതിന്റെ 150ാം വാർഷികം ആചരിക്കപ്പെടുന്ന അവസരത്തിൽ പ്രത്യേകിച്ചും. കാരണം, മാർക്‌സിന്റെ മുതലാളിത്ത വിമർശനങ്ങളെ സമകാലീന മുതലാളിത്ത രാജ്യങ്ങളുടെ സാമ്പത്തിക ഘടനകൾ വസ്തുനിഷ്ഠമായി വിശകലനം ചെയ്തുകൊണ്ട് ഫലത്തിൽ സാധൂകരിക്കയാണ് പിക്കറ്റി ചെയ്യുന്നത്. അദ്ദേഹത്തിന്റെ പരിഹാരമാർഗങ്ങൾകൊണ്ട് മുതലാളിത്തം രക്ഷപ്പെടില്ലെങ്കിലും പിക്കറ്റിയുടെ പഠനഗ്രന്ഥം മുതലാളിത്ത വിമർശന വിജ്ഞാനശാഖയ്ക്ക് ശക്തിപകരുന്നതാണ്.
പിക്കറ്റിയുടെ പുസ്തകം പ്രസിദ്ധീകരിച്ചതിനെത്തുടർന്ന് പിക്കറ്റി മുന്നോട്ടുവച്ച ആശയങ്ങളോട് പ്രതികരിച്ചുകൊണ്ട് നിരവധി പുസ്തകവും പഠനങ്ങളും ലേഖനങ്ങളും രചിക്കപ്പെട്ടു. അവയിൽ ഏറ്റവും ശ്രദ്ധേയമായിട്ടുള്ളതാണ് ഹിതർ ബൂഷേ (Heather Boushey) എഡിറ്റ് ചെയ്ത ആഫ്റ്റർ പിക്കറ്റി (After Piketty: The Agenda for Economics and Inequaltiy: Harvard Universtiy Press: 2017)  എന്ന ലേഖനസമാഹാരം. അമേരിക്കൻ സമ്പദ്ഘടനയെപ്പറ്റി പഠിക്കുന്നതിനായി രൂപീകരിച്ചിട്ടുള്ള ബുദ്ധികേന്ദ്രത്തിന്റെ (Washington Center for Equitable Growth) ഡയറക്ടറാണ് സാമ്പത്തിക വിദഗ്ധകൂടിയായ ഹിതർ ബൂഷേ. പിക്കറ്റിയുടെ പുസ്തകം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ ആർതർ ഗോൾഡ് ഹാമർമുതൽ, 2008ലെ സാമ്പത്തികശാസ്ത്ര നൊബേൽ സമ്മാന ജേതാവ് പോൾ ക്രൂഗ്മൻ അടക്കം 24 സാമ്പത്തിക−സാമൂഹ്യ ശാസ്ത്രജ്ഞർ പിക്കറ്റിയുടെ സിദ്ധാന്തങ്ങൾ വിശകലനം ചെയ്തുകൊണ്ട് എഴുതിയ ലേഖനങ്ങളും ഇവയോടുള്ള പിക്കറ്റിയുടെ പ്രതികരണവുമടങ്ങിയതാണ് സാമാന്യം വലുപ്പത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ള 640 പേജുള്ള പ്രസ്തുത ഗ്രന്ഥം. പിക്കറ്റിയുടെ കാഴ്ചപ്പാടുകളെ വിവിധ തലങ്ങളിൽനിന്ന് ആഴത്തിൽ വിശകലനം ചെയ്യുന്ന ലേഖനങ്ങളാണ് പുസ്തകത്തിലുള്ളത്.
പിക്കറ്റി ഉന്നയിക്കുന്ന പ്രധാന വാദമുഖങ്ങൾ വസ്തുതാപരമായി ശരിയാണോ? അവയെ ഗൗരവമായി എടുക്കേണ്ടതുണ്ടോ? പിക്കറ്റി ചൂണ്ടിക്കാട്ടുന്ന പ്രശ്‌നങ്ങളുടെ പ്രത്യാഘാതങ്ങൾ എന്തൊക്കെയാണ്? പരിഹാരമായി എന്തൊക്കെയാണ് ചെയ്യേണ്ടത്? എന്നിങ്ങനെ എഡിറ്റർ ഉന്നയിക്കുന്ന നാല് ചോദ്യത്തോടുള്ള പ്രതികരണമെന്ന നിലയിലാണ് ലേഖനങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. പിക്കറ്റിയുടെ നിരീക്ഷണങ്ങൾ ശരിയാണെന്നും പ്രസക്തങ്ങളാണെന്നുമുള്ള പൊതുസമീപനമാണ് എല്ലാ ലേഖകരും സ്വീകരിക്കുന്നത്.
മുതലാളിത്തവ്യവസ്ഥ അനിവാര്യമായും സൃഷ്ടിക്കുന്ന സാമൂഹ്യ −സാമ്പത്തിക അസമത്വങ്ങളെ പരിമിതപ്പെടുത്താൻ എന്തെല്ലാം  ഇടപെടലുകൾ സ്റ്റേറ്റിനും പൊതുസമൂഹത്തിനും ചെയ്യാൻ കഴിയുമെന്ന പരിശോധന മിക്ക ലേഖനകർത്താക്കളും നടത്തുന്നുണ്ട്. വികസ്വര രാജ്യങ്ങളിൽ വർധിച്ചുവരുന്ന പട്ടിണിക്കും ദാരിദ്രത്തിനും സാമൂഹ്യ വിവേചനങ്ങൾക്കും  സാമ്പത്തികപ്രതിസന്ധികൾക്കും കാരണം ഐഎംഎഫ്, ലോകബാങ്ക്, ലോകവ്യാപാരസംഘടന തുടങ്ങിയ പാശ്ചാത്യ സാമ്പത്തിക സ്ഥാപനങ്ങളുടെ നിർദയമായ നിലപാടുകളാണെന്ന് ലേഖകർ സമർഥിക്കുന്നു. പുത്തൻ ലോക സാമ്പത്തികക്രമമെന്ന പരികൽപ്പന ഒരു കെട്ടുകഥയാണ്. സാർവദേശീയ സാമ്പത്തിക സ്ഥാപനങ്ങൾ വികസിത മുതലാളിത്ത രാജ്യങ്ങളുമായി കൂട്ടുചേർന്ന് തങ്ങളുടെ സാമ്പത്തികതാൽപ്പര്യങ്ങൾക്കായി ലോകരാജ്യങ്ങളിൽ അസ്ഥിരതയും രാഷ്ട്രീയ അട്ടിമറികളും നടത്തിവരുന്നു.

സാമൂഹ്യശാസ്ത്രജ്ഞയായ എലിസബത്ത് ജേക്കബ്‌സ് പുരോഗമന അർഥശാസ്ത്രസമീപനങ്ങൾ സ്വീകരിക്കുന്ന പിക്കറ്റിയുടെ നിലപാടുകൾ പലതും പക്ഷേ പരമ്പരാഗത സാമ്പത്തികധാരണകളുടെ അടിസ്ഥാനത്തിലുള്ളതാണെന്ന് നിരീക്ഷിക്കുന്നുണ്ട്. പിക്കറ്റിയുടെ പുസ്തകത്തിൽ രാഷ്ട്രീയം എല്ലായിടത്തുമുണ്ടെന്ന് തോന്നലുണ്ടാക്കുമെങ്കിൽ യഥാർഥത്തിൽ രാഷ്ട്രീയം ഒരിടത്തുമില്ലെന്ന  ശക്തമായ വിമർശനമാണ് എലിസബത്തിനുള്ളത്. നികുതി വർധനകൊണ്ട് സാമ്പത്തിക അസമത്വം പരിഹരിക്കാമെന്ന പിക്കറ്റിയുടെ വാദത്തെ പലരും ചോദ്യംചെയ്യുന്നുണ്ട്. കൂടുതലായി സ്റ്റേറ്റിന് ലഭിക്കുന്ന നികുതിവരുമാനം താഴേക്ക് കിഴിഞ്ഞിറങ്ങി ഏറ്റവും താഴെ തട്ടിലുള്ളവരിലേക്കും മധ്യവർത്തികളിലേക്കും എത്തുമെന്നതിന് ഒരു ഉറപ്പുമില്ലെന്ന് പലരും ചൂണ്ടിക്കാട്ടുന്നുണ്ട്.
നാമൊരു രണ്ടാം സുവർണയുഗത്തിലാണ് (Gilded Age) ജീവിക്കുന്നതെന്ന് പിക്കറ്റി വ്യക്തമാക്കുന്നതായി പോൾ ക്രൂഗ്മൻ അഭിപ്രായപ്പെടുന്നു. അമേരിക്കൻ ആഭ്യന്തരയുദ്ധത്തിനും ഫ്രാൻസ്−പ്രഷ്യൻ യുദ്ധത്തിനും ഒന്നാംലോക മഹായുദ്ധത്തിനുമിടയിലുള്ള കാലത്തെയാണ് സുവർണയുഗം എന്ന് വിളിച്ചിരുന്നത്. അക്കാലത്ത് സാമ്പത്തികവും സാംസ്‌കാരികവും കലാപരവുമായ പുരോഗതിയുണ്ടായെങ്കിലും ധനികർ കൂടുതൽ ധനികരും ദരിദ്രർ കൂടുതൽ ദരിദ്രരുമായി മാറുകയാണുണ്ടായത്. ഒരു ശതമാനംപേർ 99 ശതമാനം സമ്പത്തും സ്വന്തമാക്കിയെന്ന് വസ്തുനിഷ്ഠ പഠനങ്ങളിലൂടെ തെളിയിക്കുന്ന പിക്കറ്റി  ലോകം  രണ്ടാം സുവർണയുഗത്തിലൂടെ കടന്നുപോകുകയാണെന്നാണ് പ്രഖ്യാപിക്കുന്നത്. അസമത്വത്തിന്റെ ദീർഘകാല ചരിത്രമാണ് പിക്കറ്റി വിശദീകരിക്കുന്നത്. പിക്കറ്റിക്കുമുമ്പ് അസമത്വത്തെപ്പറ്റി പഠിച്ച സാമ്പത്തിക ശാസ്ത്രജ്ഞർ ഏറ്റവും ഉയർന്ന തട്ടിൽ സമ്പത്തിന്റെ ഭൂരിഭാഗവും സ്വന്തമാക്കിയിട്ടുള്ള ഒരു ശതമാനംവരുന്ന ധനികരെ അവഗണിക്കുകയാണുണ്ടായതെന്ന് ക്രൂഗ്മൻ ചൂണ്ടിക്കാട്ടുന്നു. വർധിച്ചുവരുന്ന അസമത്വത്തിന്റെ അടിസ്ഥാനമിതാണ്. ഒന്നാം ലോകമഹായുദ്ധത്തിനുമുമ്പ് മൊത്തം സമ്പത്തിന്റെ 20 ശതമാനംമാത്രമായിരുന്നു മുകളിലുള്ള ഒരു ശതമാനത്തിന്റെ പക്കലുണ്ടായിരുന്നത്. 1950കളിൽ ഇത് 10 ശതമാനമായി കുറഞ്ഞെങ്കിലും 1980കളോടെ ക്രമമായി വർധിച്ച് പഴയ സ്ഥിതിയിലും ഉയർന്ന നിലയിലെത്തുകയാണുണ്ടായത്.
സാമ്പത്തിക വിദഗ്ധനായ ദേവേഷ് റാവൽ സമ്പത്തിന്റെ കേന്ദ്രീകരണത്തിന്റെ മുഖ്യകാരണങ്ങൾ തൊഴിലവസരങ്ങൾ കുറയ്ക്കുന്ന നവീന സാങ്കേതികവിദ്യകളും വിദേശവാണിജ്യത്തിലുണ്ടായ വർധനയുമാണെന്ന് വാദിക്കുന്നു. ലാറാ ടൈസനും മൈക്കൾ സ്‌പെൻസും മനുഷ്യാധ്വാനത്തെ അപ്രസക്തമാക്കുന്ന റോബോട്ടുകളാണ് സാമ്പത്തിക അസമത്വത്തിന്റെ അടിസ്ഥാന കാരണമെന്ന് അഭിപ്രായപ്പെടുന്നു. ബ്രിഞ്ചോൾഫ്‌സണും മക്കേഫീയും ചേർന്നെഴുതിയ ദി സെക്കൻഡ് മെഷീൻ ഏജ് എന്ന പുസ്തകം (Erik Brynjolfsson , Andrew McAfee: The Second Machine Age: Work, Progress, and Prospertiy in a Time of Brilliant Technologies:W. W. Norton 2016) പിക്കറ്റിയുടെ പുസ്തകത്തോടൊപ്പം സാമൂഹ്യ അസമത്വ സംവാദത്തിൽ തുല്യസ്ഥാനം വഹിക്കുന്നു എന്ന് ഇവർ അഭിപ്രായപ്പെടുന്നു. എഡിറ്റർ ഹിതർ ബൂഷേയുടെ ലേഖനത്തിൽ പിക്കറ്റി അവതരിപ്പിക്കുന്ന പൈതൃക മുതലാളിത്തമെന്ന പരികൽപ്പനയുടെ സ്ത്രീപക്ഷ വിശകലനം നടത്താൻ ഫെമിനിസ്റ്റ് ഇക്കണോമിസ്റ്റുകളോട് ആവശ്യപ്പെടുന്നു. പുതിയ സാമ്പത്തികക്രമത്തിൽ സ്ത്രീകളുടെ സ്വാതന്ത്രവും രാഷ്ട്രീയാധികാര സാധ്യതയും ഇല്ലാതാകുമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. പ്രായപൂർത്തി വോട്ടവകാശവും സോഷ്യൽ ഡെമോക്രസിയും മുതലാളിത്ത വ്യവസ്ഥയ്ക്ക് പോറലൊന്നും ഏൽപ്പിച്ചില്ലെന്നും ലോകമഹായുദ്ധങ്ങളും തുടർന്നുണ്ടായ നികുതിവർധനയുമാണ് മുതലാളിത്ത പ്രത്യയശാസ്ത്രത്തിന് വെല്ലുവിളി ഉയർത്തിയതെന്നുമുള്ള പിക്കറ്റിയുടെ നിരീക്ഷണത്തോട് പ്രതികരിച്ചുകൊണ്ട് യുദ്ധത്തെതുടർന്നുണ്ടായ മഹാസാമ്പത്തികമാന്ദ്യവും മുതലാളിത്തത്തെ ദുർബലപ്പെടുത്തുന്നതിൽ പങ്കുവഹിച്ചിരുന്നുവെന്ന് മാർഷൽ സ്റ്റീൻ ബോം അഭിപ്രായപ്പെടുന്നു.
പിക്കറ്റിയുടെ പ്രതികരണത്തിൽ കൂട്ടായ വിലപേശലിലൂടെ മുതലാളിത്തം സൃഷ്ടിക്കുന്ന അസമത്വം കുറച്ചുകൊണ്ടുവരാൻ കഴിയുമെന്ന പ്രത്യാശ പ്രകടിപ്പിക്കുന്നുണ്ട്. ഉപഭോക്താക്കൾ, തൊഴിലെടുക്കുന്നവർ, തൊഴിലുടമ എന്ന നിലയിലെല്ലാം വ്യക്തികൾക്ക് അസമത്വ പരിഹാരത്തിനായി ഇടപെടാൻ കഴിയും. സാമൂഹ്യാസമത്വം വിലയിരുത്തുന്നതിൽ സാമൂഹ്യശാസ്ത്രങ്ങൾക്കാണ് സാമ്പത്തിക ശാസ്ത്രത്തേക്കാൾ പ്രാധാന്യമുള്ളതെന്നും പിക്കറ്റി അഭിപ്രായപ്പെടുന്നു. ക്യാപിറ്റൽ ഇൻ ദി ട്വന്റി ഫസ്റ്റ് സെഞ്ച്വറിക്കുശേഷം സമകാലീന മുതലാളിത്ത സാമ്പത്തികക്കുഴപ്പത്തെ ആഴത്തിൽ വിശകലനം ചെയ്യുന്ന ക്രോണിക്കിൾസ് ഓൺ ഔവർ ട്രബിൾഡ് ടൈംസ് (Chronicles: On ourt roubled times: Penguin. 2016) എന്നൊരു പുസ്തകവും തോമസ് പിക്കറ്റി എഴുതിയിട്ടുണ്ട്.

പ്രധാന വാർത്തകൾ
 Top