21 February Thursday

ബുദ്ധൻ ഉപേക്ഷിച്ച കപിലവസ്തു

എ ശ്യാംUpdated: Sunday Sep 24, 2017

ജനിച്ചപ്പോൾത്തന്നെ അമ്മയെ നഷ്ടപ്പെട്ട സിദ്ധാർഥന്റെ ജീവിതം ജീവിതത്തിന്റെ അർഥം അന്വേഷിച്ചുള്ള യാത്രയായിരുന്നു. ഈ യാത്രയിൽ അവൻ ജ്ഞാനിയായി, ബുദ്ധനായി. ലോകത്തിന് വെളിച്ചം പകർന്നു. ശത്രുക്കളെയും ശിഷ്യരാക്കി. അപ്പോഴും തീരാത്ത സങ്കടങ്ങൾ ഉറ്റവർക്ക് ബാക്കിയായി. അവന്റെ പ്രിയപത്‌നി ഗോപയാണ് ഏറ്റവും സഹിച്ചത്. ലൗകിക ബന്ധങ്ങളുപേക്ഷിച്ച് സിദ്ധാർഥൻ ഇറങ്ങിപ്പുറപ്പെട്ട കപിലവസ്തുവിന്റെ, അവന്റെ ബന്ധുക്കളുടെ, ജനങ്ങളുടെ കഥയാണ് 'ബുദ്ധനും ഞാനും' എന്ന നോവലിലൂടെ രാജേന്ദ്രൻ എടത്തുംകര പറയുന്നത്.
സ്വയംവരപ്പന്തൽമുതൽ കാത്തിരിപ്പായിരുന്നു ഗോപയുടെ ജീവിതം. ആദ്യം സിദ്ധാർഥനുവേണ്ടി. പിന്നെ കുഞ്ഞിനുവേണ്ടി. പ്രസവിച്ചുകിടന്ന തന്നെയും കുഞ്ഞിനെയും കാണാൻപോലുമെത്താതെ കൊട്ടാരംവിട്ട് ഇറങ്ങിയ ഭർത്താവിനുവേണ്ടി, ഒടുവിൽ  മകന്റെ സാമീപ്യത്തിനുവേണ്ടിമാത്രം ഭിക്ഷുണിയായിത്തീർന്നിട്ടും അവന്റെ മൃതദേഹം തൂണുകൾക്കിടയിലൂടെയെങ്കിലും കാണാൻ...അവന്റെ അച്ഛൻ ലോകത്തിന്റെ മുഴുവൻ അച്ഛനാണ്. പക്ഷേ, ഒരമ്മയ്ക്ക് ഈ നിമിഷം ജ്ഞാനിയായിമാത്രം ഇരിക്കാനാകുമോ എന്ന ഗോപയുടെ ചോദ്യം എല്ലാ കാലത്തേക്കുമുള്ളതാണ്.

ബുദ്ധനും ഞാനും നോവൽ രാജേന്ദ്രൻ എടത്തുംകര ഡി സി ബുക്‌സ് വില: 130

ബുദ്ധനും ഞാനും നോവൽ രാജേന്ദ്രൻ എടത്തുംകര ഡി സി ബുക്‌സ് വില: 130

വാർധക്യവും രോഗവും മരണവും ആവർത്തിക്കുന്ന കാഴ്ചകളായി സിദ്ധാർഥനെ പിന്തുടർന്നു. ജീവിതം അർഥരഹിതമായ ഒരു പ്രഹേളികയായി വിസ്മയിപ്പിച്ചു. വർഷങ്ങളുടെ തീച്ചൂളയിൽ  വെന്തുനീറി. സിദ്ധാർഥൻ ജീവിതത്തിന്റെ അർഥം അന്വേഷിക്കുകയായിരുന്നു. ആ അന്വേഷണത്തിലാണ് ബന്ധങ്ങളെല്ലാം ഉപേക്ഷിച്ച് കൊട്ടാരംവിട്ട് ഇറങ്ങിയത്. എന്നാൽ, പത്തുമാസംമുമ്പ് ഇണചേരുന്ന മുഹൂർത്തത്തിൽ ആ രാജകുമാരനെ ഈ പ്രശ്‌നങ്ങളൊന്നും അലട്ടിയിരുന്നില്ലേ എന്ന കമലയുടെ ചോദ്യത്തിന് കാളുദായ്ക്ക് ഉത്തരമുണ്ടായിരുന്നില്ല. എന്നാൽ, സിദ്ധാർഥ രാജകുമാരൻ ഇല്ലാത്ത കപിലവസ്തു കാളുദായ്ക്ക് തീച്ചൂളയായേ തോന്നിയുള്ളൂ. അതുകൊണ്ടുതന്നെ കൊട്ടാരത്തിൽനിന്ന് സിദ്ധാർഥന് സന്ദേശവുമായി പോകാൻ നിയുക്തനായപ്പോൾ താൻ തിരിച്ചുവരില്ലെന്ന് അയാൾക്കുറപ്പുണ്ടായിരുന്നു. മുമ്പ് പോയവരെപ്പോലെ...
സിദ്ധാർഥൻ ഒരേസമയം അച്ഛനെയും മകനെയും മറന്നു. അമ്മയെയും ഭാര്യയെയും മറന്നു. ആദ്യ കൂടിക്കാഴ്ചയിൽ അവകാശം ചോദിച്ച ഏഴുവയസ്സുകാരൻ മകനോടും നിർമമനായി പെരുമാറിയ ബുദ്ധൻ ആ ബാലനെയും ശിഷ്യനാക്കിയത് പല പ്രതീക്ഷകളാണ് തകർത്തത്. രാഹുലനിലൂടെയെങ്കിലും ഭർത്താവിനെ തിരിച്ചുകിട്ടിയേക്കുമെന്ന, മകനെ തിരിച്ചുകിട്ടിയേക്കുമെന്ന പ്രതീക്ഷകൾ.
ബുദ്ധനിലേക്ക് ആളുകൾ എത്തിച്ചേർന്നത് മൂന്ന് വഴികളിലൂടെയാണ്. ചിലർ ജ്ഞാനംകൊണ്ട്, മറ്റുചിലർ ഭക്തികൊണ്ട്, ഇനിയും ചിലർ ഉത്സാഹംകൊണ്ട് എന്ന് ആനന്ദൻ നന്ദനോട് പറയുന്നുണ്ട്. നിശ്ചയിച്ചുറപ്പിച്ച വിവാഹം ഉപേക്ഷിച്ച് കൊട്ടാരംവിട്ട് ഇറങ്ങിയതാണെങ്കിലും നന്ദന്റെ മനസ്സ് ചാഞ്ചാടുകയായിരുന്നു. താൻ ഭിക്ഷുക്കൾക്കൊപ്പം നഗരംവിട്ടപ്പോൾ പ്രതിശ്രുതവധു അലമുറയിട്ട് വഴിയിൽ ചെളിയിൽകിടന്ന് തലതല്ലിക്കരഞ്ഞത് അയാളുടെ കണ്ണിൽനിന്ന് ഒരിക്കലും മാഞ്ഞില്ല. ആനന്ദന്റെ ഉത്തരങ്ങളൊന്നും തിരിച്ചുപോകണമെന്ന നന്ദന്റെ ആഗ്രഹത്തെ ഇല്ലാതാക്കിയുമില്ല. സങ്കടകരമായ പരിത്യാഗം പരിത്യാഗമേയല്ല. ഉപേക്ഷിക്കുമ്പോൾ മനസ്സ് ആനന്ദപൂർണവും സ്വസ്ഥവുമാകുന്നിടത്തേ ഉപേക്ഷിക്കലിന് അർഥമുണ്ടാകുന്നുള്ളൂ എന്നും ആനന്ദൻ ഉപദേശിക്കുന്നുണ്ട്.
ജ്ഞാനമാർഗം തേടിപ്പുറപ്പെട്ട സിദ്ധാർഥൻ ഉപേക്ഷിച്ച കപിലവസ്തുവിന്റെ നിശബ്ദതകളിലൂടെയും മുറിവുകളിലൂടെയും കാലത്തിലൂടെയും ധ്യാനപൂർവം സഞ്ചരിക്കുകയാണ് ഈ നോവലിൽ. കുമാരനാശാന്റെ കവിതമുതൽ മാടമ്പ് കുഞ്ഞുകുട്ടൻ, െക അരവിന്ദാക്ഷൻ തുടങ്ങിയവരുടെ നോവലുകൾവരെയുള്ള മലയാളത്തിലെ ബുദ്ധന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയ രചനകളുടെ നിരയിലാണ് ഇതിന്റെ സ്ഥാനം. ബുദ്ധനിലേക്ക് പുതിയ അനുഭവവഴി തുറക്കുന്നു ഈ നോവലിൽ.

shyamachuth@rediffmail.com

പ്രധാന വാർത്തകൾ
 Top