24 April Wednesday

റൊണാൾഡോ അത്ര പോരാ

കൃഷ‌്ണ പൂജപ്പുരUpdated: Sunday Jun 24, 2018

 ‘‘ശ്ശെ! അയ്യയ്യയ്യേ... ഇങ്ങേര‌് കളിയൊക്കെ മറന്നോ... ശ്ശെ... അയ്യേ... ബോൾ മറ്റേയാൾക്ക‌് തട്ടിക്കൊ ടുക്കണമായിരുന്നു. എന്നിട്ട‌് അയാൾ പാസ‌് ചെയ്യുമ്പോ ദേ റൈറ്റ‌് വിങ്ങിൽക്കൂടി വന്ന‌് ഇടത്തോട്ട‌് നീങ്ങി രണ്ട‌് സ‌്റ്റെപ്പ‌് ഫ്രണ്ടിൽ കേറി അടിച്ചിരുന്നെങ്കിൽ ഗോളാണ‌്. അതാ... അതാ... അതും പാഴാക്കി. ഒന്ന‌് ഹെഡ‌് ചെയ‌്തുകൊടുത്താൽ മതിയായിരുന്നു... അതാ... ഒന്ന‌് ഓടിയിറങ്ങിയിരുന്നെങ്കിൽ അത‌് ഗോളായേനെ... ബെസ‌്റ്റ‌്! കോർണർ കിക്ക‌് എടുത്ത എടുപ്പ‌് കണ്ടില്ലേ...?’’

സംഗതി മറ്റൊന്നുമല്ല. ഫുട‌്ബോൾ ലോകകപ്പിൽ കളിക്കാർക്ക‌് കളി പറഞ്ഞുകൊടുക്കുന്ന നാടൻ കോച്ചുകളാണ‌്. നമ്മുടെ നാട്ടിലെ ചായക്കടയിലും കവലയിലും വീട്ടിലുമൊക്കെ ടിവിക്കു മുന്നിലിരുന്ന‌് കളിയിലേക്കങ്ങ‌് അലിഞ്ഞിറങ്ങി ആവേശപ്പെടുന്ന ജോസഫേട്ടന്മാരെയും ഹമീദിക്കമാരെയും രാമേട്ടന്മാരെയും ഒക്കെ കാണാൻ വലിയ രസം. അവരിൽ ഞാനും സാറുമൊക്കെയുണ്ട‌്. കളി പഠിപ്പിച്ചുകൊടുക്കുന്നതോ റൊണാൾഡോക്കും മെസിക്കും നെയ‌്മറിനുമൊക്കെ. ‘‘ശ്ശെ! കളഞ്ഞു’’ എന്നൊക്കെ ദേഷ്യപ്പെടുന്നത‌് കാണാൻ ഇദ്ദേഹത്തെ  അങ്ങോട്ട‌് ഇറക്കിവിട്ടാൽ വലത്തമർന്ന‌്, ഇടത്തുചാടി, ഒഴിഞ്ഞമർന്ന‌്, ഓതിരം കടകം തിരിഞ്ഞ‌് ബോളുകൾ ശറപറേന്ന‌് ഗോ ളുകളാക്കുമെന്ന‌് തോന്നും. 
എന്തായാലും കളി റഷ്യയിലാണെങ്കിലും ആവേശം മൊത്തം കേരളത്തിലാണ‌്. സ്‌പെയിനും ജർമനിയും ഫ്രാൻസും ഇംഗ്ലണ്ടും ഒക്കെ കളിക്കുന്നുണ്ടെങ്കിലും അർജന്റീനയും ബ്രസീലുംകൂടിയാണ‌് കേരള ഫാൻസിനെ പങ്കിട്ടെടുത്തത‌്. ഇന്നലെവരെ ഞാൻ കരുതിയത‌് ക്രിക്കറ്റെന്ന‌ു പറഞ്ഞ ഐറ്റം ഇല്ലെങ്കിൽ ചെറുപ്പക്കാരും പിള്ളേരുമൊക്കെ എന്തുചെയ്യുമെന്നാണ‌്. ഇപ്പോഴിതാ റണ്ണെന്നും ഫോറെന്നും അമ്പയറെന്നും പറഞ്ഞിരുന്നവർ, ഗോളിയെന്നും ഓഫ‌്സൈഡെന്നും റഫറിയെന്നുമൊക്കെ പറഞ്ഞ‌് നൃത്തംവയ‌്ക്കുന്നു. ഇന്ത്യ, പാകിസ്ഥാൻ, വെസ്റ്റിൻഡീസ‌്, ഓസ‌്ട്രേലിയ എന്ന‌ത‌ു മാറി അർജന്റീന, ബ്രസീൽ, കൊളംബിയ, പോർച്ചുഗൽ എന്നൊക്കെയായി. സച്ചിനും കോഹ‌്‌ലിയും പോയി റൊണാൾഡോയും നെയ‌്മറും മെസ്സിയും ഒക്കെയായി. പിച്ച‌് മാറി ഗ്രൗണ്ടായി. വിക്കറ്റ‌് കീപ്പറല്ല, ഇപ്പോൾ ഗോൾകീപ്പർ. ഇന്നിങ‌്സല്ല ഫസ്റ്റ‌് ഹാഫും സെക്കൻഡ‌് ഹാഫും. ലോകം ആകെയൊരു ഫുട‌്ബോൾ ഗ്രൗണ്ട‌് ആയതുപോലെ. ഫുട‌്ബോൾ കളിയുടെ ആവേശവും സൗന്ദര്യവുമൊക്കെ കളി അറിയാത്തവരെയും  സ്വാധീനിച്ചിരിക്കുന്നു.
 

ഒഴിഞ്ഞ സീറ്റിന്റെ കഥ

ലോകകപ്പ‌് ഫുട‌്ബോളിലെ പ്രധാന മത്സരം.  നൂറുകണക്കിനുപേർ ടിക്കറ്റ‌് കിട്ടാതെ മടങ്ങിയിരിക്കുന്നു. ആറുമാസംമുമ്പ‌് ടിക്കറ്റ‌് എടുത്തതുകൊണ്ട‌് അയാൾക്ക‌് കിട്ടി. അയാൾ നോക്കുമ്പോൾ തൊട്ടടുത്ത കസേര ഒഴിഞ്ഞുകിടക്കുന്നു. ‘‘ഏത‌് നിർഭാഗ്യവാനാണ‌് ടിക്കറ്റെടുത്തശേഷം വരാൻ സാധിക്കാത്തത‌്’’ എന്ന‌് തൊട്ടപ്പുറത്തിരുന്ന ആളിനോട‌് ആകാംക്ഷ പങ്കുവച്ചു. ‘‘അതെന്റെ ഭാര്യക്ക‌ുവേണ്ടിയാണ‌്. കഴിഞ്ഞ നാല‌് ലോകകപ്പും ഞങ്ങൾ ഒരുമിച്ചാണ‌് കണ്ടത‌്. ഇപ്പോൾ അവൾ മരിച്ചുപോയി.’’
‘‘ഓ... അയാം സോറി. ഏതായാലും ഭാര്യയുടെ ഓർമയിൽ ഭാര്യക്കുവേണ്ടികൂടി ഒരു ടിക്കറ്റ‌് മാറ്റിവച്ച താങ്കളുടെ സ‌്നേഹംനിറഞ്ഞ മനസ്സിനെ അഭിനന്ദിക്കുന്നു. പക്ഷേ, ഇന്നത്തേ‌ത‌് പ്രധാന കളിയല്ലേ? ഭാര്യയുടെ ഒാർമ നിലനിർത്തിക്കൊണ്ടുതന്നെ മറ്റേതെങ്കിലും ബന്ധുക്കളെ കൊണ്ടുവരാമായിരുന്നു.’’ അയാൾ പറഞ്ഞു.
‘‘ഏത‌് അത‌് നടക്കില്ല.’’ മറ്റേയാൾ പറഞ്ഞു. ‘‘എല്ലാവരും അവൾടെ ശവസംസ‌്കാരച്ചടങ്ങിൽ പങ്കെടുക്കാൻ പള്ളിയിലാ.’’
ഫുട‌്ബോൾ ഭ്രാന്തിനെക്കുറിച്ച‌് കേട്ട നേരമ്പോക്കാണ‌്. പക്ഷേ. 
 

ജീവിതം ഫുട‌്ബോൾപോലെ

ലോകത്തെ മുഴുവൻ ഫുട‌്ബോൾ ചേർത്തുനിർത്താൻ കാരണമെന്താകും? ലേഖകൻ ആലോചിച്ചിട്ട‌് തോന്നിയത‌്, പരോക്ഷമായി ജീവിതംതന്നെ ഒരു ഫുട‌്ബോൾ കളി ആയതുകൊണ്ടാകും. ആലോചിച്ചുനോക്കണം സാർ... ഓരോദിവസവും നൂറുകണക്കിന‌ു ജീവിതപ്രശ‌്നങ്ങൾ വരുമ്പോൾ നമ്മൾ ഗോളിയാകുന്നു. ‘വായ‌്പാ തിരിച്ചടവ‌് മുടങ്ങി’യതിനെ ചെറുക്കാൻ ഇടത്തേക്ക‌് ചാടുമ്പോൾ അതാ വലതുഭാഗത്തുകൂടി ‘മകളുടെ സ‌്കൂൾ ഫീസ‌്’ നമ്മുടെ നേർക്ക‌് വരുന്നു. അതിനെയും സമർഥമായി ബ്ലോക്കുചെയ്യുന്നു. അപ്പോഴാണ‌് അയൽക്കാരന്റെ വക മറ്റൊരു പ്രശ‌്നം. ചുരുക്കത്തിൽ ഓരോ ദിവസവും നമ്മുടെ ജീവിതത്തിലേക്ക‌് പാഞ്ഞുവരുന്ന പ്രശ‌്നങ്ങളാകുന്ന പന്തുകളെ, ഗോളായിമാറി നമ്മുടെ ജീവിതത്തെ പരാജയപ്പെടുത്താതെ ഇടത്തും വലത്തും ചാടി ഇടിച്ചുതെറിപ്പിച്ചും ഹെഡുചെയ‌്ത‌് അകറ്റിയും നമ്മൾ മുന്നേറുന്നു.
 

കളിക്കാർ

നമ്മൾ ഗോളിയാകുന്നതുപോലെ കളിക്കാരുമാകുന്നു. ജീവിതമാകുന്ന ഫുട‌്ബോളിനെ ഗോളാക്കി ജീവിതവിജയം നേടാനുള്ള ഓട്ടപ്പാച്ചിൽ. പലപ്പോഴും ഗോളെന്നുകരുതി അടിക്കുന്നത‌് ഓഫ‌്സൈഡാകുന്നു. അല്ലെങ്കിൽ ഔട്ട‌്. അല്ലെങ്കിൽ നമ്മൾ കാൽവച്ച‌് വീഴ‌്ത്തപ്പെടുന്നു. വീണുകിടക്കാൻ പറ്റുമോ? പൊടിയും തട്ടി എണീറ്റ‌് വീണ്ടും ജീവിതത്തിന്റെ പിറകേ ഓട്ടമാണ‌്. മറ്റുചില ഘട്ടങ്ങളിൽ നമ്മൾ റഫറിയാണ‌്. മറ്റുള്ളവരുടെ കുറ്റങ്ങൾ എന്തെന്ന‌് സൂക്ഷിച്ചുനോക്കി മുന്നേറുകയാണ‌്. പ്രശ‌്നങ്ങൾ ഒത്തുതീർത്തും റഫറിമാരാകുന്നു. പക്ഷേ, നമ്മുടെ ഏറ്റവും നല്ല റോൾ ഗ്യാലറിയിലിരുന്ന‌് കളി പഠിപ്പിക്കുകയാണ‌്. നമ്മൾ യോഗ്യൻ. ബാക്കിയാരും ശരിയല്ല. ‘അവൻ പാസുചെയ‌്തത‌് ശരിയല്ല. ഇങ്ങനെയായിരുന്നില്ല ആ ഹെഡ്ഡർ പോകേണ്ടത‌്’. എന്നിങ്ങനെ മറ്റുള്ളവരുടെ ജീവിതത്തെ വിലയിടുകയാണ‌്. പലപ്പോഴും ഒന്നാന്തരം പെനാൽറ്റികളും നമുക്ക‌് ഏറ്റുവാങ്ങേണ്ടിവരും. പലപ്പോഴും നമ്മൾ കമന്റേറ്റർമാരും ആകും. ‘‘അറിഞ്ഞോ, നമ്മുടെ മാധവേട്ടനും ഭാര്യയും വലിയ പ്രശ‌്നത്തിലാണ‌്. ഡൈവോഴ‌്സ‌് നോട്ടീസ‌് കൊടുത്തു എന്നാണ‌് അറിയുന്നത‌്. ഇന്നലെ വീട്ടിൽ വഴക്കുണ്ടായി. ഭാര്യ വീട്ടിലെ ഫ‌്ളവർവേസ‌് എടുത്ത‌് മാധവേട്ടന്റെ നേർക്ക‌് ഒറ്റ ഏറ‌് എറിഞ്ഞത‌് അതാ മാധവേട്ടന്റെ നേർക്ക‌് പാഞ്ഞുവരികയാണ‌്. കൊണ്ടു. മാധവേട്ടന്റെ തലയ‌്ക്ക‌് കൊണ്ടു... ഗോൾ...’’എന്നൊക്കെയുള്ള രീതിയിൽ ശ്രോതാക്കളെ ഹരംകൊള്ളിക്കുന്നവിധത്തിലുള്ള നമ്മുടെ കമന്ററികൾ പ്രൊഫഷണൽ കമന്റേറ്റർമാരെ അസൂയപ്പെടുത്തിക്കളയും.
 

സോഷ്യൽ മീഡിയ മത്സരം

സത്യത്തിൽ എനിക്ക് സംശയം മത്സരം റഷ്യൻ ഗ്രൗണ്ടുകളിലാണോ ഇവിടെ സോഷ്യൽ മീഡിയയിൽ ആണോ എന്നാണ്. മമ്മൂട്ടി, മോഹൻലാൽമാർക്കു പകരം ഇപ്പോൾ ബ്രസീലും അർജന്റീനയും റഷ്യയുമൊക്കെയാണ്. അർജന്റീനയ്ക്കെതിര ബ്രസീൽ ഫാൻസ് ഇട്ട ഒരു ട്രോൾ ഇങ്ങനെ: മകൾ അമ്മയോട് ചോദിക്കുന്നു നമ്മുടെ വീടിന്റെ മുന്നിൽ അർജന്റീനൻ ടീമിന്റെ ഫ്ളക്സ് വയ്ക്കാൻ ചേട്ടന്റെ ക്ലബ്ബിന് അമ്പതു രൂപ എന്തിനാണ് കൊടുത്തതെന്ന്. അതിന് അമ്മയുടെ മറുപടി, “ഹ! അർജന്റീന പെട്ടെന്ന് ഔട്ടാകില്ലേ. അപ്പോൾ നമുക്ക് ഫ്ളക്സ് എടുത്ത് അടുക്കളയിൽ ചോർച്ചയുള്ള ഭാഗം കവർ ചെയ്യാം. ആകെ അമ്പതു രൂപയുടെ ചെലവേ ഉള്ളൂ.’’ അതിന് അർജന്റീനൻ ഫാൻസിന്റെ മറുപടി ഇങ്ങനെ: റഷ്യയിലേക്ക് പോകാനൊരുങ്ങുന്ന ബ്രസീൽ താരത്തെ കെട്ടിപ്പിടിച്ച് കുഞ്ഞുമോൻ കരഞ്ഞു. “അച്ഛൻ പോണ്ട. എനിക്ക് അച്ഛനെ കാണാതെ പറ്റൂല.’’ അതിന് അമ്മയുടെ മറുപടി. “ഹ! അച്ഛൻ ബ്രസീൽ ടീമിലാണെന്ന് അറിയില്ലേ കുട്ടാ.. പ്രീ ക്വാർട്ടറിനുമുമ്പേ ഇങ്ങ് തിരിച്ചുവരില്ലേ.’’ 
ഫുട്ബോൾ അറിഞ്ഞുകൂടാതെ രസം കൊല്ലുന്നവരെക്കുറിച്ചുമുണ്ട് ട്രോളുകൾ: 
മത്സരം കാണുന്ന മകൻ. അമ്മ ചോദിക്കുന്നു, “ഇന്ന് ആരൊക്കെ തമ്മിലാ മോനേ മത്സരം’’
മകൻ: ജർമനിയും ക്രൊയേഷ്യയും‌.
ചേച്ചി: ഇതിൽ മെസി ഏതു ടീമിലാ.
ഇളയമ്മ: അർജന്റീന എന്നു പറയുന്നത് ഇന്ത്യേടെ ഏതു ഭാഗത്താ.
മകൻ: അത് ലാറ്റിൻ അമേരിക്കൻ രാജ്യമാ.
അമ്മ: ങാ.. അപ്പോൾ അയാൾ ലാറ്റിൻ കത്തോലിക്കനാ അല്ലേ.
അമ്മായി: ഇന്ത്യേടെ കളി എന്നാ മോനേ. എനിക്ക് കാണണം.
മകൻ: ഇതാ റിമോട്ട്. സീരിയൽ കണ്ടോ.
ആവേശവും കൈയടിയും കണ്ണീരും ചിരിയുമൊക്കെയായി ലോകത്തെ തൽക്കാലത്തേക്കെങ്കിലും ഒന്നിച്ചുനിർത്തി ഒരു കളി അങ്ങനെ മുന്നേറുകയാണ്. ഇന്ത്യ കളിക്കുന്നില്ല എന്നത് വേദനയോടെയാണെങ്കിലും മറന്ന് കളിക്കുവേണ്ടി കൈയടിക്കുന്നവരെ കാണുന്നതും സുഖംതന്നെ.
പ്രധാന വാർത്തകൾ
 Top