24 May Friday

ഊർന്നിറങ്ങുമ്പോൾ കാണുന്നത‌്

സുമേഷ്‌ കാരാട്‌Updated: Sunday Jun 24, 2018

 ഒരുപാടൊന്നും വായിച്ചു വളരാൻ പറ്റിയ സാഹചര്യമൊന്നും ഇല്ലായിരുന്നു. വായിച്ചാൽ വിളയുമെന്ന് ആരും പറഞ്ഞുതന്നതുമില്ല. പത്രംതന്നെ വായിച്ചുതുടങ്ങിയത് ഹൈസ്‌കൂൾ ക്ലാസുമുതൽ. ആരൊക്കെയോ വാങ്ങിയ ബാലരമയും ബാലഭൂമിയുമെല്ലാം അപ്പൂപ്പൻതാടി കാറ്റത്ത് പറന്നുപോകുന്നതുപോലെ കൈമറിഞ്ഞ് കൈമറിഞ്ഞ് എന്നെ തേടിയെത്തി. ചിത്രകഥകൾ എത്രതവണ വായിച്ചാലും കൊതിതീരില്ല. വായിച്ചവ വീണ്ടും വീണ്ടും വായിക്കും. കഥാപുസ്തകങ്ങൾ വായിക്കാൻവേണ്ടിമാത്രം വെള്ളിയാഴ‌്ചകളിൽ അമ്മയുടെ വീട്ടിലേക്കൊരു പോക്കുണ്ട്. നാളെ സ്‌കൂൾ തുറക്കുമല്ലോ എന്ന സങ്കടത്തോടെ ഞായറാഴ‌്ച വൈകിട്ട‌്  വീട്ടിലേക്ക് മൂടിപ്പിടിച്ച് നടന്നുവരുമ്പോഴും അവിടെയുണ്ടായിരുന്ന കഥാബുക്കുകൾ ഞാൻ തിന്നുതീർത്തിട്ടുണ്ടാകും. സ്‌കൂളിലേക്ക് പോകാൻ ഭയങ്കര മടി. പാഠത്തിനപ്പുറമൊന്നും അവരാരും പറഞ്ഞുതന്നതുമില്ല. അമ്മയും അച്ഛനും എന്നെ തുറന്നുവിട്ടു. തോന്നിയപോലൊയൊക്കെ ജീവിക്കാൻ സാധിച്ചു. നാട്ടിലെ ചെക്കന്മാരോടൊപ്പം കളിച്ചും മീൻ പിടിച്ചും മുള്ളുംകായ പറിച്ചും തല്ലുണ്ടാക്കിയും സ്‌നേഹിച്ചും നടന്നു. ആ നടത്തമെല്ലാം അനുഭവങ്ങളായി. ഓരോ കഥാപാത്രത്തിന‌് രൂപം നൽകുമ്പോഴും പഴയ കാലത്തേക്ക് ഊർന്നിറങ്ങും.

കോഴിക്കോട്ടുനിന്ന് രാമനാട്ടുകരയിലേക്ക് പോകുമ്പോൾ  ബൈപാസിൽ അഴിഞ്ഞിലത്തുനിന്ന് ഇടത്തോട്ട് തിരിഞ്ഞാൽ കാരാടെത്തും. ബൈപാസിന്റെ വലതുഭാഗം കോഴിക്കോട് ജില്ല. കാഴ‌്‌ചവട്ടത്തിലെ ഒരുപാടുപേരിൽ പെട്ടെന്ന് ഓർമവരുന്ന ചിലരുണ്ട്. അച്ഛമ്മ എനിക്ക് കഥകളൊന്നും പറഞ്ഞുതന്നിട്ടില്ല. അച്ഛമ്മയ്‌ക്കെത്ര വയസ്സായെന്നു ചോദിച്ചാൽ ഖിലാഫത്തിലുണ്ടായതാണെന്നു പറയും. രാത്രിയിൽ ഇടയ്ക്കിടെ മൂത്രമൊഴിക്കാനുണ്ടെന്നു പറഞ്ഞ് അച്ഛമ്മ ഞങ്ങളെയൊക്കെ വിളിക്കും. ഒരു രാത്രിയിൽത്തന്നെ മൂന്നോ നാലോ തവണ. നല്ല ഉറക്കത്തിലായിരിക്കും വിളികേട്ട് ഞങ്ങൾ ഉണരുക. ‘ങ്ങളിപ്പളല്ലേ മൂത്രൊയ്‌ച്ചേ'ന്ന് ചോദിക്കുമ്പോൾ  ‘ആ... ക്കിപ്പൊളുംണ്ട്' ന്ന് പറഞ്ഞ് ഞങ്ങളുടെ ദേഷ്യത്തെയൊന്നും മൈൻഡ‌് ചെയ്യാതെ അച്ഛമ്മ മൂത്രമൊഴിച്ച് വന്ന് കെടക്കും. ചിലപ്പോ വീണ്ടും എഴുന്നേറ്റെന്നു വരും. 
പാപ്പന്റെ വീട്ടിലേക്ക് പഴക്കം പറയാനാകാത്ത ഒരു കട്ടി ശീലയുള്ള കുടയും കൊണ്ടായിരുന്നു അച്ഛമ്മ പോയിരുന്നത്. ശിവദാസേട്ടന്റെ ചായപ്പീടികയിലെത്തുംവരെ നേർരേഖയിൽ നടന്ന അച്ഛമ്മയുടെ യാത്രാഗതി പെട്ടെന്ന് റൊബോർട്ടോ കാർലോസിന്റെ മഴവിൽകിക്കുപോലെ  വളയും. ആവശ്യത്തിന് ചായയും പലഹാരങ്ങളും കഴിക്കും. എത്രയോതവണ അച്ഛമ്മയുടെ പിന്നാലെ പോയി കള്ളത്തരം  കണ്ടുപിടിച്ച് ഉന്നതങ്ങളിൽ റിപ്പോർട്ട് ചെയ‌്തിട്ടുണ്ട്. അച്ഛമ്മയെ പറഞ്ഞ് തോൽപ്പിക്കാനൊന്നും പറ്റില്ല, ഉരുളയ‌്ക്കുപ്പേരിപോലെ നല്ല പുളിച്ച തറുതല പറയും.  മരിച്ച‌്  വർഷങ്ങൾ കഴിയവെ അച്ഛമ്മ ഒരു കഥാപാത്രമായി വന്ന് സ്വാതന്ത്ര്യത്തെക്കുറിച്ച് പറഞ്ഞുതരാറുണ്ട്.  ഞങ്ങളനുഭവിച്ച സ്വാതന്ത്ര്യമൊക്കെ അനുഭവിക്കാൻ ഞങ്ങളെ അനുവദിക്കുക, ഞങ്ങൾ നടന്നിടത്തൊക്കെ ഞങ്ങളെ നടക്കാൻ അനുവദിക്കുക എന്ന് ഒറ്റയ‌്ക്ക് മുദ്രാവാക്യമൊക്കെ വിളിച്ച് കടന്നുവരാറുണ്ട്. പ്രായമാകുംതോറും നഷ്ടപ്പെടുന്ന പരിഗണനയാണ് ഒരു മനുഷ്യനെ പെട്ടെന്ന് വാർധക്യത്തിലെത്തിക്കുന്നതെന്നും മറ്റെന്തിനേക്കാളും മനുഷ്യൻ ആഗ്രഹിക്കുന്നത് സ്വാതന്ത്ര്യമാണെന്നും  മനസ്സിലായത് അച്ഛമ്മയെക്കുറിച്ച് ഓർക്കുമ്പോഴൊക്കെയാണ്.  
സദുവേട്ടൻ എന്നൊരു മനുഷ്യനുണ്ടായിരുന്നു കാരാടിൽ. മരിച്ചുപോയി. കാരാടിന്റെ അബോധം. ആരോടും ഒന്നും പറയാതെ എന്നാൽ സ്വയം എന്തൊക്കയോ സംസാരിച്ച് നടന്നിരുന്ന ഒരു വെളുത്ത കോലുമുടിക്കാരൻ. പീടികത്തിണ്ണയിൽ ഇരുന്ന് സദുവേട്ടൻ കടലാസിൽ എന്തൊക്കയോ കുത്തിവരയ‌്ക്കും. നേരെയും കുറുകയും  കുറെ വരകൾ വരച്ച് അപൂർണമാക്കിയ എന്തൊക്കെയോ. താൻ ചിന്തിച്ചത് വരയ‌്ക്കാൻ സാധിക്കാത്തതുകൊണ്ടോ മറ്റോ കുറെ കടലാസുകൾ അവിടവിടെ ചിതറിക്കിടക്കുന്നതു കാണാം. ഇതുവരെ ഒരാളെപ്പോലും ഉപദ്രവിച്ചിട്ടില്ലാത്ത സദുവേട്ടനെ കുട്ടികൾ ഭയന്നു.   എവിടെനിന്നോ സദുവേട്ടൻ പെട്ടെന്ന് ഞങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെടും. ഞങ്ങളെ ഒന്ന് നോക്കുകപോലും ചെയ്യാതെ എന്തൊക്കെയോ പറഞ്ഞുകൊണ്ടു പോകും.  എല്ലാ കല്യാണവീടുകളിലും മരണാനന്തരചടങ്ങുകളിലും സദുവേട്ടന് ഒരു ഇലയുണ്ടായിരുന്നു. 
കോഴിക്കോട് മാനാഞ്ചിറയിൽവച്ച്, അച്ഛന് സീരിയസാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. വീട് തൃശൂരാണ്. അച്ഛന്റെ മെഡിക്കൽരേഖയൊക്കെ അവിടെയാണ്. പോയെടുക്കാൻ സഹായിക്കുമോ എന്നും ചോദിച്ച് ഒരു ചെറുപ്പക്കാരൻ പൈസ വാങ്ങി പോയി. അൽപ്പനേരം കഴിഞ്ഞ് ബാറിനു മുന്നിൽ അടിച്ച് കോൺതിരിഞ്ഞ് സിഗററ്റും വലിച്ചുനിന്ന അയാൾ. ഭിക്ഷ യാചിക്കാൻ വന്നയാൾക്ക് രണ്ട് 500ന്റെ നോട്ടുകൾ പാത്രത്തിൽ ഇട്ടുകൊടുത്ത് യാചകനെയും ചുറ്റുമുണ്ടായിരുന്നവരെയും അമ്പരപ്പിച്ച് ആൾക്കൂട്ടത്തിൽ അലിഞ്ഞുപോയ കാഷായവേഷക്കാരി... ഇവരെല്ലാം എപ്പൊഴൊക്കെയോ കഥാപാത്രങ്ങളായി വരാറുണ്ട്. അല്ലെങ്കിൽ അവരാരും എന്റെ മനസ്സിൽനിന്ന് കഥയാകാതെ ഇറങ്ങിപ്പോകില്ലെന്നു ചുരുക്കം. 
ഗുരുവായൂരപ്പൻ കോളേജാണ് കഥാലോകം വിശാലമാക്കിയത്. കെമിസ്ട്രി ക്ലാസിൽ ഇരുന്ന് ഞങ്ങളൊരിക്കലും ആസിഡുകളെക്കുറിച്ചോ കോംപൗണ്ടുകളെക്കുറിച്ചോ വേവലാതിപ്പെട്ടിട്ടില്ല. ഞങ്ങൾ സംസാരിച്ചത് സിനിമകളെക്കുറിച്ചും പുസ്തകങ്ങളെക്കുറിച്ചുമാണ്. ബബീഷായിരുന്നു അന്ന് ഒന്നാം നമ്പർ എഴുത്തുകാരൻ. അവന്റെ എഴുത്തുകളോട് അസൂയത്തോന്നിപ്പോയിട്ടുണ്ട്.  
മാതൃഭൂമി ലോകചെറുകഥാ മത്സരത്തിൽ അവസാന 20ൽ തെരഞ്ഞെടുത്ത ‘മീശ' എന്ന കഥയിലും (പിന്നീട് എഴുത്തുമാസിക ചെറുകഥാ പുരസ്‌കാരം ലഭിച്ചു). വസന്ത സ്മാരക ചെറുകഥാപുരസ്‌കാരം ലഭിച്ച ‘ആഗസ‌്റ്റ‌് പൈനഞ്ച് ആയിരത്തിതൊള്ളാരത്തി നാപ്പത്തേയ്' എന്ന കഥയിലുമെല്ലാം കണ്ടും കേട്ടും അറിഞ്ഞ ഈ അനുഭവലോകങ്ങളോട് ഞാൻ നിരന്തരം ചോദിച്ചുകൊണ്ടിരുന്ന ചോദ്യങ്ങളുണ്ടായിരുന്നു. എം എൻ വിജയൻ മാഷ‌് പറയുംപോലെ. പ്യൂപ്പത്തോട‌് പൊട്ടിച്ചുവരുന്ന ഒരുപൂമ്പാറ്റയുടെ ചിറകടിയൊച്ച. 
കുട്ടിക്കാലത്ത് ശ്രീകൃഷ്ണ സീരിയൽ കാണാൻ ഞാൻ പോകാത്ത സ്ഥലങ്ങളില്ല. ഞങ്ങളുടെ ലൈനിൽ കരണ്ടില്ലെങ്കിൽ ഏത് ലൈനിലാണോ കരണ്ടുള്ളത് അവിടെപ്പോയി കാണും. പിന്നെ ജയ് ഹനുമാൻ സീരിയിൽ കാണാൻ വേണ്ടിമാത്രം അമ്മയുടെ വീട്ടിലേക്കൊരു പോകലുണ്ട്. കുട്ടിക്കാലത്ത്  രാമനും കൃഷ്ണനുമൊക്കെയായി മാറി അസുരന്മാരെയും രാക്ഷസന്മാരെയും അമ്പെയ‌്‌ത‌് കൊന്നിട്ടുണ്ട്. ഈ കാഴ്ചകൾ നൽകിയ അബോധത്തെ പിന്നീട് പോസ്റ്റ്‌മോർട്ടം ചെയ്തപ്പോഴാണ് രാമനും കൃഷ്ണനും അർജുനനുമൊന്നും മീശല്ല്യ, രാവണനും രാക്ഷസന്മാമാർക്കുമൊക്കെ അതുണ്ട് താനും എന്ന രസകരമായ ചിന്ത വന്നത്. അതിലൊരു രാഷ്ട്രീയമുണ്ടായിരുന്നു. ഉത്തരേന്ത്യയിൽ നിൽക്കുന്ന ‘സാലാ മദ്രാസി' വിളിയിലൊക്കെ നിറഞ്ഞുനിൽക്കുന്ന രാഷ്ട്രീയം. അതിനെയാണ് നാടക പശ്ചാത്തലത്തിൽ ‘മീശ' എന്ന കഥയാക്കിയത്. കാരാട് ജിഎൽപി സ്‌കൂളിൽവച്ച് കണ്ട നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി നാടകവും വല്യമ്മയോടൊപ്പം പൊന്നേംപാടത്ത്‌പോയി കണ്ട പുതിയ ആകാശം പുതിയ ഭൂമി നാടകവും ധ്വനി ക്ലബ് സംഘടിപ്പിച്ച അശ്വമേധം നാടകവുമെല്ലാം ഈ കഥയെഴുത്തിന്റെ ഘട്ടത്തിൽ എന്നെത്തേടിവന്നു. 
ആറാംക്ലാസിൽ പഠിക്കുമ്പോൾ ക്ലാസിലെ ഒരു പെൺകുട്ടി ‘സാറെ ക്കി പാത്താണ്ട് 'എന്ന് പറഞ്ഞതിന്റെ തമാശയെക്കുറിച്ച് ഏട്ടൻ അന്ന് വീട്ടിൽ വന്ന് പറഞ്ഞതെനിക്കോർമയുണ്ട്. ഞാനന്നൊരുപാട് ചിരിച്ചിരുന്നു. ആ പാത്താനുണ്ട് എന്ന വാക്കിലെ ഭംഗിയില്ലായ്‌മയോ, സംസ്‌കാരമില്ലായ്മയോ  ഓർത്ത്. വിദ്യാഭ്യാസസത്തിലൂടെ ഞാൻ പലപ്പോഴും എന്റെ വാക്കുകളെ സംസ്‌കരിച്ചെടുത്തിരുന്നു. ‘യ്യി' എന്നത് 'നീ' ആയി... ‘ഓൻ' എന്നത് ‘അവനാ'യി... ‘അന്റെ' എന്നത് ‘നിന്റെ' ആയി. അങ്ങനെ പലരീതിയിൽ ഞാൻ എന്റെ നാട്ടിൽനിന്ന് പഠിച്ച ഭാഷയെ കൊന്ന് പരിഷ്‌കാരിയായി. പഠിപ്പിച്ച ടീച്ചർമാരെല്ലാം പരിഷ്‌കാരിയാകാൻ സഹായിച്ചു. പിന്നീടാണ് ഈ തിരുത്തിലിന്റെ പ്രശ്‌നങ്ങളെക്കുറിച്ച്  ഞാൻ ചിന്തിച്ചത്. നമ്മൾ ആരുടെ ഭാഷയിലേക്കാണ് നമ്മളെ തിരുത്തുന്നതെന്ന്. എന്തുകൊണ്ട് നമുക്ക് നമ്മുടെ ഭാഷയിൽ പറഞ്ഞുകൂടാ. ഈ ചോദ്യങ്ങളാണ് ‘ആഗസ്റ്റ് പൈനഞ്ച് ആയിരത്തിതൊള്ളാരത്തി നാപ്പത്തേയ് 'എന്ന കഥയിലേക്ക് നയിച്ചത്.  ദേശീയതയും ആധുനികതയും അബോധവും എല്ലാം വായിക്കുമ്പോൾ  അത് മനസ്സിലാക്കിയെടുക്കാൻ ഒട്ടും പ്രയാസം തോന്നുന്നില്ല. നാടിനെക്കുറിച്ചും നാട്ടുകാരെക്കുറിച്ചുമുള്ള അനുഭവങ്ങളിലേക്ക് ഒന്നിറങ്ങിച്ചെന്നാൽ മതി.
പ്രധാന വാർത്തകൾ
 Top