19 February Wednesday

വാക്കുകളുടെ ആശ്ലേഷം

സജയ്‌ കെ വി sajaikv@yahoo.comUpdated: Sunday Sep 23, 2018

ഒരു ഹസ‌്തദാനമോ ആശ്ലേഷമോ നടക്കുന്നുണ്ട‌് വിവർത്തനത്തിൽ. ഭാഷകൾ തമ്മിലാണ‌് ആ ഹസ‌്തദാനം. ഹസ‌്തദാനത്തിനായി നീട്ടിയ കൈകൾ, ഒന്നുകൂടി നീണ്ട‌്, ഒരു ആശ്ലേഷത്തിലമർന്ന‌് ഗാഢമാകുമ്പോഴാണ‌് വിവർത്തനം പൂർണമാകുക. ഒരു വഴുക്കൻ ഹസ‌്തദാനം കൊണ്ടുതന്നെ തൃപ‌്തിയടയുന്നവരാണ‌് പല വിവർത്തകരും. മറ്റ‌് ചിലർ അതിനെ ആശ്ലേഷമാക്കി മാറ്റുന്നു. ഭാഷയുടെ ഉദ്യാനത്തിൽ അകറ്റിനട്ട മരങ്ങൾ അപ്പോൾ ഭൂമിക്കടിയിൽ വേരുകൾകൊണ്ട‌് കെട്ടിപ്പിടിക്കുന്നു 

 

വിവർത്തനത്തിൽ നഷ്ടപ്പെടുന്നതാണ‌് കവിത എന്ന ഫ്രോസ‌്റ്റിയൻ നിർവചനത്തെ സൗമ്യമായും ധീരമായും മറികടക്കുമ്പോഴാണ‌് പരിഭാഷകയുടെ ബാബേൽ പണിതീരുക. അതിൽ അതൃപ‌്തിയെന്നെപോലെ അനന്യമായ ചാരിതാർഥ്യവുമുണ്ട‌്. അതൃപ‌്തിയാണ‌് വിവർത്തകയിൽ, ക്രമേണ, ചാരിതാർഥ്യമായി. ‘ഇരുളും മെല്ലെ വെളിച്ചമായ‌് വരാം’ എന്നപോലെ തന്നിലെ ഭാഷാപരമായ അസംതൃപ‌്തിയുടെ ഇരുട്ടിനെ ക്രമേണ അതേ ഭാഷയിൽ വിരിയുന്ന തൃപ‌്തിയുടെ നറുവെളിച്ചമാക്കി മാറ്റുന്നു ഓരോ പരിഭാഷകയും. സ്രോത: ഭാഷയിൽനിന്ന‌് ലക്ഷ്യഭാഷയിലേക്ക‌് പ്രസാരണനഷ്ടം കൂടാതെ കവിതയുടെ വൈദ്യുതി പായിക്കുന്നതിൽ മികച്ച വിവർത്തക സദാജാഗരൂക. തുള്ളിപോലും തൂവിപ്പോകാതെ തലയിലേറ്റിയ പാൽക്കുടവുമായി നൂൽപ്പാലം കടന്നെത്തിയ ചാരിതാർഥ്യത്താൽ തുളുമ്പിപ്പോകാറുണ്ട‌് ഓരോ വിവർത്തന യത‌്നത്തിനുമൊടുവിൽ അത‌് ചെയ്യുന്നയാൾ. ഈ ജാഗ്രതയുടെ അഭാവത്താൽ തരംതാണ പരിഭാഷകളുണ്ടാകും. അല്ലാത്തപ്പോൾ അത‌് പ്രാർഥനപോലെയോ  ധ്യാനംപോലെയോ വിടർന്ന‌് ഏകാഗ്രമാകും. എഴുത്തിന്റെ വേളയിൽ കവിയനുഭവിച്ച കൃതാർഥത, അപ്പോൾ വിവർത്തകയുടേതുകൂടിയായി മാറും. ‘ഓൺ ഫസ്റ്റ‌് ലുക്കിങ‌് ഇൻറ്റു ചാപ‌്മാൻസ‌് ഹോമർ’ എന്ന ഗീതകത്തിൽ താൻ ആദ്യമായി  കാണാനിടയായ ഒരു ഹോമർപരിഭാഷയെപ്പറ്റിയാണ‌് കീറ്റ‌്സ‌് എഴുതുന്നത‌്. ആദ്യമായി ശാന്തമഹാസമുദ്രം കണ്ടെത്തിയ പര്യവേക്ഷകനെപ്പോലെയായി താൻ അപ്പോൾ എന്നും കീറ്റ‌്സ‌്. ആ സാഗരവിസ‌്തൃതി അയാൾക്കുമുന്നിൽ തുറന്നിട്ടതാകട്ടെ ‘ചാപ‌്മാൻ’ എന്ന വിവർത്തകനും.

 

ഒരു ഹസ‌്തദാനമോ ആശ്ലേഷമോ നടക്കുന്നുണ്ട‌് വിവർത്തനത്തിൽ. ഭാഷകൾ തമ്മിലാണ‌് ആ ഹസ‌്തദാനം. ഹസ‌്തദാനത്തിനായി നീട്ടിയ കൈകൾ, ഒന്നുകൂടി നീണ്ട‌്, ഒരു ആശ്ലേഷത്തിലമർന്ന‌് ഗാഢമാകുമ്പോഴാണ‌് വിവർത്തനം പൂർണമാകുക. ഒരു വഴുക്കൻ ഹസ‌്തദാനം കൊണ്ടുതന്നെ തൃപ‌്തിയടയുന്നവരാണ‌് പല വിവർത്തകരും. മറ്റ‌് ചിലർ അതിനെ ആശ്ലേഷമാക്കി മാറ്റുന്നു. ഭാഷയുടെ ഉദ്യാനത്തിൽ അകറ്റിനട്ട മരങ്ങൾ അപ്പോൾ ഭൂമിക്കടിയിൽ വേരുകൾകൊണ്ട‌് കെട്ടിപ്പിടിക്കുന്നു. കവിതവായിക്കുന്ന മലയാളിക്ക‌് സുപരിചിതമാണ‌് ഈ രൂപകം. വീരാൻകുട്ടിയുടെ ‘ആശ്ലേഷം’ എന്ന കവിത വായിച്ചിട്ടില്ലാത്ത മലയാളിയുടെ കാവ്യനിരക്ഷരത അത്രമേൽ അപരിഹാര്യമാണെന്നവിധം പ്രചാരം നേടി ആ കവിത. വീരാൻകുട്ടിയുടെ കവിതയെ വിവർത്തനത്തിൽ സംഭവിക്കുന്നതിന്റെ രൂപകമായി വായിച്ചതിന‌് ഇവിടെ ഒരു സവിശേഷപ്രസക്തിയുണ്ട‌്. ആ കവിയുടെ 75 കവിതകളുടെ ഇംഗ്ലീഷ‌് വിവർത്തനമാണ‌് ഈയാഴ‌്ചത്തെ പുസ‌്തകം. മിനിസ്‌തി എസ‌് ആണ‌് പരിഭാഷക; ‘ദ ഹെവിനെസ‌് ഓഫ‌് ദ റെയിൻ’ ആണ‌് പുസ‌്തകം. 
 
മലയാളിയെ മലയാളി ഇംഗ്ലീഷിലേക്ക‌് പരിഭാഷപ്പെടുത്തുമ്പോൾ മലയാളികളല്ലാത്ത  വായനാസമൂഹത്തെയാണ‌് മുന്നിൽകാണുക. ഒരു മലയാളി അത‌് വായിക്കുമ്പോൾ എഴുത്തിലും വായനയിലും ഒരു ചക്രം ‐ സൈക്കിൾ ‐ പൂർത്തിയാകുന്നു എന്നുപറയാം. നമ്മുടെ ഭാഷയുടെ ജലാശയത്തിൽനിന്നെടുത്തതിനെ മഴയായി നമുക്കുതന്നെ മടക്കിത്തരികയാണ‌് മിനിസ്‌തി. മലയാളത്തിൽ വായിച്ചാസ്വദിച്ചവ മറ്റൊരു ഭാഷയിൽ വായിക്കുമ്പോൾ സംഭവിക്കുന്നതെന്താണ‌്? വർഷങ്ങൾക്കുശേഷം വീണ്ടും കണ്ടുമുട്ടിയ പ്രണയഭാജനം ആദ്യം അപരിചിതയായും അടുത്തനിമിഷം ‘അവളാ’യും മാറുന്നതുപോലെയാണിത‌്. അപരിചിതയിൽനിന്ന‌് പൊടുന്നനെ ഒരു ചിരപരിചിത പ്രത്യക്ഷയാകുന്നു. മിനിസ്‌തി പരിഭാഷപ്പെടുത്തിയ വീരാൻകുട്ടിക്കവിതകൾ ഒരു മലയാളി വായിക്കുമ്പോഴും അതാണ‌് സംഭവിക്കുക. ‘പാരവും പരിചയം കലർന്നെഴും / പേരുമീ മധുരമായ കണ‌്ഠവും / സാരമായ‌് സ‌്മൃതിയിൽ നീയുമിപ്പൊൾ നിൻ/ ദൂരമാം ഭവനവും വരുന്നയേ!’ എന്ന മാതിരി. മിനിസ‌്തിയുടെ പരിഭാഷ വായിക്കുന്ന മലയാളി ആ കവിതയുടെ ‘ദൂരമാം ഭവനം’ ഓർമിക്കുന്നു. ‘സത്തയുടെ ഭവന’മായി ഭാഷയെ നിർവചിച്ചത‌് ഹൈഡഗറാണ‌്; കവിതയുമതേ. വീരാൻകുട്ടിയുടെ കവിതയ‌്ക്ക‌് പുതിയൊരു ഭാഷാഭവനം കൈവരുന്നു, മിനിസ്‌തിയുടെ പരിഭാഷയിലൂടെ. വാക്കുകളോടുള്ള പരിഗണന മൗനത്തോടുമുണ്ട‌് കവിയായ വീരാൻകുട്ടിക്ക‌്. ‘വാക്കിന്റെ മുനയെങ്ങാനേശിയാൽ പിഞ്ഞിപ്പോകുന്ന’ ആ മൗനത്തെയും നന്നായി പരിഗണിച്ചുകൊണ്ടാണ‌്, പരിചരിച്ചുകൊണ്ടാണ‌്  മിനിസ്‌തിയുടെ തർജമ. ചുരുക്കം ചില ഇടങ്ങളിലൊഴികെ ഈ ജാഗരൂകത നിലനിർത്താനും അവർക്കാകുന്നു.
എ കെ രാമാനുജൻ ഇംഗ്ലീഷിലേക്ക‌് പരിഭാഷപ്പെടുത്തിയ സംഘകവിതകളുടെ സമാഹാരത്തിന‌് ‘പോയംസ‌് ഓഫ‌് ലൗ ആൻഡ‌് വാർ’ എന്ന പേരിൽ  കവിയുടെ ഭാര്യകൂടിയായ മോളി എ ഡാനിയേൽസായിരുന്നു മുഖക്കുറിപ്പെഴുതിയത‌്. അതിന്റെ തുടക്കവാക്യം ഇപ്രകാരമാണ‌് ‐  ‘ഒരു വലിയ പരിഭാഷകന‌് രണ്ട‌് ഭാഷകളിലെ പാടവം കൂടാതെ മൂന്നാമതൊരു ഭാഷകൂടി വശമായിരിക്കും, ഹൃദയത്തിന്റെ’. ഹൃദയത്തിന്റെ ഭാഷയിലാണ‌് മിനിസ്‌തിയുടെ പരിഭാഷ. ‘പൂച്ചയെ പോലെ കവിതയ‌്ക്കും ഒമ്പത‌് ജന്മങ്ങളുണ്ട‌്, പരിഭാഷയിൽ’ എന്നും മോളി ഡാനിയേൽസ‌് നിരീക്ഷിക്കുന്നുണ്ട‌്. കവിത രാമാനുജന്റെ ‘ന്യുറോ ട്രാൻസ‌്മിറ്ററാ’യിരുന്നുവെന്നും ‘വാക്കുകളോട‌് വജ്രങ്ങളോടെന്നപോലെ അയാൾ പെരുമാറി’ എന്നും തീരെ ചെറിയ ആ ആമുഖക്കുറിപ്പിൽ നമ്മൾ വായിക്കുന്നുണ്ട‌്. പരിഭാഷ ഒരു ജൈവവിനിമയമായും വിലപിടിച്ച വാക്കുകളോടുള്ള  കരുതലായും മാറുന്നു. ‘ദ ഹെവിനെസ‌് ഓഫ‌് ദ റെയിൻ’ എന്ന പുസ‌്തകത്തിൽ മലയാളത്തിന്റെ പ്രിയപ്പെട്ട കവി, ആദ്യമായല്ലെങ്കിലും, ആംഗലപ്പെടുന്നതിൽ ആ കവിതയുടെ വായനക്കാരനുഭവിക്കുന്ന ചാരിതാർഥ്യം വലുതാണ‌്. പരിഭാഷയിലൂടെ വീരാൻകുട്ടിക്കവിതയ‌്ക്ക‌് പരഭൃതജന്മം നൽകിയതിൽ മിനിസ്‌തി  എന്ന സിവിൽ സർവീസ‌് ഓഫീസർക്കും അഭിമാനിക്കാം; താൻ അടയിരുന്നത്‌ കുയിൽമുട്ടയ‌്ക്കായിരുന്നു എന്നതിനാൽ.
 
`The trees that we planted
Far apart from each other
Worried that their leaves would touch,
Their roots are embracing ardently
 under the earth'  
 
 
 
പിക്കാസോയുടെ ഒരാദ്യകാല ചിത്രത്തിൽ ‘ദ ലവേഴ‌്സ‌്’ എന്നുപേരിട്ട, ബ്ലൂപീര്യഡ‌് ചിത്രം ‐ കാമുകന്റെ കരവലയത്തിലൊതുങ്ങി നിർവൃതിപൂണ്ടുനിൽക്കുന്ന യുവതിയെക്കാണാം. വാക്കുകളുടെ സുഖാശ്ലേഷത്തിലൊതുങ്ങി, ഇവിടെ കവിത ആ ശാലീനയുവതിയെപ്പൊലെ നിൽക്കുന്നു. ‘ആശ്ലേഷം’ എന്ന കവിതയിലെങ്ങുമില്ലാത്ത ഒരു വാക്ക‌് നമ്മൾ പരിഭാഷയിൽ കാണുന്നു. ‘ആർഡെന്റ‌്‌‌ലി’ ‐ ഹൃദയപൂർവം എന്ന വാക്കാണത‌്. ആ അധികപദംപോലും അധികപ്പറ്റല്ലാതായി മാറുന്നു ഈ പരിഭാഷയിൽ.
പ്രധാന വാർത്തകൾ
 Top