19 April Friday

ഔറംഗസീബും ഇന്ത്യാചരിത്രവും

സുനില്‍ പി ഇളയിടംUpdated: Sunday Jul 23, 2017

ഇന്ത്യാചരിത്രരചനയിലെ ഏറ്റവും സന്ദിഗ്ധമായ പ്രമേയങ്ങളിലൊന്നാണ് അവസാനത്തെ പ്രബലനായ മുഗള്‍ ചക്രവര്‍ത്തിയായി അറിയപ്പെടുന്ന ഔറംഗസീബിന്റെ (1658-1707) ജീവിതം. പതിനേഴാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ അരനൂറ്റാണ്ടുകാലം മുഗള്‍സാമ്രാജ്യം ഭരിച്ച ഔറംഗസീബ് ഇന്ത്യാചരിത്രവിജ്ഞാനീയ മേഖലയിലെ പ്രത്യയശാസ്ത്രപരവും മതാത്മകവും വിഭാഗീയവുമായ താല്‍പ്പര്യങ്ങള്‍ പല നിലകളില്‍ കൂടിക്കലര്‍ന്നു കിടക്കുന്ന സങ്കീര്‍ണസ്ഥാനങ്ങളിലൊന്നാണ്. ഒരുഭാഗത്ത്, സ്വന്തം അച്ഛനും അനശ്വരപ്രണയത്തിന്റെ നിത്യസ്മാരകമെന്ന് പുകഴ്പെറ്റ താജ്മഹലിന്റെ നിര്‍മാതാവുമായ ഷാജഹാനെ തടവിലാക്കിക്കൊണ്ട് അധികാരത്തിലെത്തിയ അധികാരദാഹിയായി ഔറംഗസീബ് വിലയിരുത്തപ്പെടുന്നു. ഇതിനുവേണ്ടി ഷാജഹാന്റെ മൂത്ത മകനും കിരീടാവകാശിയും ഉപനിഷത്തുകള്‍ പേര്‍ഷ്യന്‍ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയ ആളുമായ ദാരാഷിക്കോവിനെ ഔറംഗസീബ് വധിക്കുകയും ചെയ്തു. തന്റെ ഭരണമേഖലയിലെ ഹിന്ദുക്കള്‍ക്കുമേല്‍ ‘ജസിയ’ എന്ന മതനികുതി ചുമത്തുകയും ഹിന്ദുക്ഷേത്രങ്ങള്‍ പലതും തകര്‍ക്കുകയും ചെയ്ത മതഭ്രാന്തനായ ഭരണാധികാരിയായും ഔറംഗസീബ് ചിത്രീകരിക്കപ്പെടുന്നു. മറുഭാഗത്താകട്ടെ, മധ്യകാല പ്രഭുക്കന്മാര്‍ക്കും രാജാക്കന്മാര്‍ക്കും പതിവുള്ള വിലാസലോലുപജീവിതം അപ്പാടെ കൈയൊഴിഞ്ഞ്, തികഞ്ഞ മതഭക്തിയോടെ ജീവിതം നയിച്ച ഒരാളായും ഔറംഗസീബിനെ കാണാം. മദ്യപാനത്തിലോ മദിരോത്സവങ്ങളിലോ അല്‍പ്പംപോലും വ്യാമുഗ്ധനല്ലാത്ത, ഖുറാന്‍ പകര്‍ത്തിയെഴുതിയും തൊപ്പികള്‍ സ്വന്തമായി തുന്നിയുണ്ടാക്കിയും പരമമായ വ്രശുദ്ധിയോടെ തന്റെ അവസാനകാലം ചെലവഴിച്ച ഔറംഗസീബിന്റെ ചിത്രമാണ് ഈ മറുഭാഗചിത്രത്തില്‍ കാണാനാവുക. മഹത്തായ മുഗള്‍സാമ്രാജ്യത്തിന്റെ തകര്‍ച്ചയ്ക്ക് വഴിവച്ച മതഭ്രാന്തിന്റെ പ്രതിനിധിയായാണ് ഒരു കൂട്ടര്‍ ഔറംഗസീബിനെ കാണുന്നതെങ്കില്‍ മുഗള്‍ഭരണാധികാരികളില്‍ വ്യക്തിശുദ്ധിയും മതഭക്തിയും ഏറ്റവുമധികം ഏറിനില്‍ക്കുന്ന ചക്രവര്‍ത്തിയായി മറ്റൊരു വിഭാഗം ഔറംഗസീബിനെ കാണുന്നു. ഇങ്ങനെ ഇന്ത്യാചരിത്രവിചാരത്തിന്റെ മേഖലയിലെ അത്യന്തവൈരുധ്യം നിറഞ്ഞ പ്രമേയങ്ങളിലൊന്നായാണ്, പിന്നിട്ട ഒരു നൂറ്റാണ്ടിലേറെക്കാലമായി, ഔറംഗസീബ് നിലകൊളളുന്നത്. ആധുനിക ഇന്ത്യന്‍ ചരിത്രരചനയിലെ അവസാനമില്ലാത്ത സംവാദവിഷയങ്ങളിലൊന്നാണത്. ഇപ്പോഴാകട്ടെ, ഇന്ത്യന്‍ ഭരണകൂടം ഭൂതകാലചിഹ്നങ്ങളെ തേച്ചുമാച്ചു കളയുന്നതിന്റെ ഭാഗമായി ഔറംഗസീബിന്റെ പേരിലുളള റോഡ് പുനര്‍നാമകരണം ചെയ്യുന്നതിന്റെ തിരക്കിലാണ്. ബാബ്റിമസ്ജിദ് തല്ലിത്തകര്‍ക്കുകയും ഗുജറാത്തിലെ വംശഹത്യ ആസൂത്രണം ചെയ്യുകയും പശുമാംസത്തിന്റെ പേരില്‍ ആളുകളെ വേട്ടയാടിക്കൊല്ലുകയും ചെയ്യുന്നവര്‍ക്ക് ഔറംഗസീബിന്റെ മതവിദ്വേഷം താങ്ങാനാവുന്നില്ലത്രേ!

മുഗള്‍ ഭരണകാലത്തെക്കുറിച്ചുള്ള പഠനത്തിലൂടെ ആധുനികപൂര്‍വ ഇന്ത്യാചരിത്രപഠനമേഖലയില്‍ ശ്രദ്ധേയമായ ഓഡ്റി ട്രൂഷ്കേയുടെ (Audrey Truschke) ഔറംഗസീബ്: മിത്തും മനുഷ്യനും (Aurangazeb: The Man and the Myth) എന്ന ഗ്രന്ഥം മേല്‍പ്പറഞ്ഞ ചര്‍ച്ചാമേഖലയിലെ സുപ്രധാനമായ ചുവടുവയ്പാണ്. പ്രമുഖ പ്രസാധകരായ പെന്‍ഗ്വിന്‍ 2017 ആരംഭത്തിലാണ് ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചത്. ആദ്യകാല ആധുനിക ഇന്ത്യയുടെ സംസ്കാരിക-ബൌദ്ധിക ചരിത്രത്തില്‍ Early Modern Indian History)  നിഷ്ണാതയായ ഓഡ്റി ട്രൂഷ്കേ ന്യൂജേഴ്സിയിലെ റട്ജേഴ്സ് സര്‍വകലാശാലയിലെ ചരിത്രവിഭാഗം അധ്യാപികയാണ്. സംസ്കൃതം, പേര്‍ഷ്യന്‍, ഉറുദു തുടങ്ങിയ ഭാഷകളില്‍ ഒരുപോലെ പരിജ്ഞാനമുളള അവര്‍, ഈ ഭാഷകളിലെ അടിസ്ഥാനരേഖകളുടെ സമഗ്രമായ പരിശോധനയും വിശകലനവും വഴി 2016ല്‍ രചിച്ച ആദ്യഗ്രന്ഥം (Culture of Encounters: Sanskrit at the Mughal Court) ഏറെ ശ്രദ്ധ നേടിയ ഒന്നാണ്. മുഗള്‍ ഭരണകാലത്ത് സംസ്കൃതത്തിന് കൈവന്ന സാഹിത്യപരവും സാംസ്കാരികവും രാഷ്ട്രീയവുമായ സവിശേഷപദവിയെയും അതിനു പിന്നിലെ പ്രേരണകളെയും കുറിച്ചുള്ള മികച്ച പഠനമായിരുന്നു ആ ഗ്രന്ഥം. മഹാഭാരതത്തിന് പേര്‍ഷ്യന്‍ ഭാഷയിലുണ്ടായ ആദ്യവിവര്‍ത്തനവും ആ വിവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ അക്ബറിന്റെ ലോകവീക്ഷണം മുതല്‍ മുഗള്‍ സാമ്രാജ്യത്തിന്റെ രാഷ്ട്രീയയുക്തി ആ വിവര്‍ത്തനത്തില്‍ ഏതുവിധത്തില്‍ സന്നിഹിതമായിരിക്കുന്നു എന്നതുവരെയുളള നിരവധി പ്രമേയങ്ങള്‍ അത്യന്തം സൂക്ഷ്മതയോടെ ഓഡ്റി ട്രൂഷ്കേ ആ ഗ്രന്ഥത്തില്‍ ചര്‍ച്ചചെയ്യുന്നുണ്ട്. (കഴിഞ്ഞ വര്‍ഷം ഈ പംക്തിയില്‍ ആ പുസ്തകത്തെക്കുറിച്ച് വിശദമായി എഴുതിയിരുന്നു).
ഔറംഗസീബ്: മിത്തും മനുഷ്യനും’ എന്ന പുതിയ ഗ്രന്ഥത്തില്‍ ഗ്രന്ഥകാരി പിന്‍പറ്റുന്നത് തന്റെ ആദ്യഗ്രന്ഥത്തിലെ വിഷയപരിചരണരീതിയല്ല. പ്രമാണരേഖകളെ അടിസ്ഥാനമാക്കി, വേണ്ടത്ര തെളിവുകളുടെ പിന്‍ബലത്തോടെ, നിഗമനങ്ങളും നിരീക്ഷണങ്ങളും അവതരിപ്പിക്കുന്ന അക്കാദമികമായ രചനാസമ്പ്രദായമാണ് ആദ്യഗ്രന്ഥത്തില്‍ അവര്‍ സ്വീകരിച്ചിരുന്നത്. ഔറംഗസീബിനെക്കുറിച്ചുള്ള ഗ്രന്ഥം അക്കാദമികവായനയ്ക്ക് എന്നതിനേക്കാള്‍ പൊതുവായനയെ മുന്‍നിര്‍ത്തി തയ്യാറാക്കപ്പെട്ട ഒന്നാണ്. വസ്തുതകളുടെ അവതരണത്തിലും നിഗമനങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതിലും കൃത്യത പുലര്‍ത്തുമ്പോള്‍ത്തന്നെ, പൊതുവായ വായനയ്ക്ക് ഉപയുക്തമായ ഒരു രചനാസമ്പ്രദായം അവര്‍ ഈ ഗ്രന്ഥത്തില്‍ നിലനിര്‍ത്തിയിരിക്കുന്നു.
അതിനിന്ദയ്ക്കോ അമിതപ്രശംസയ്ക്കോ മുതിരാതെ പതിനേഴാം നൂറ്റാണ്ടിലെ മുഗള്‍ സാമ്രാജ്യചരിത്രത്തോടും അതിന്റെ രാഷ്ട്രീയത്തോടും ചേര്‍ത്തുവച്ച് ഔറംഗസീബിന്റെ ജീവിതം വിശകലനം ചെയ്യാനാണ് ഓഡ്റി ട്രൂഷ്കേ ഈ ഗ്രന്ഥത്തില്‍ ശ്രമിക്കുന്നത്. കൊളോണിയല്‍ ചരിത്രവിജ്ഞാനവും ദേശീയവാദചരിത്രവും ഔറംഗസീബിനുമേല്‍ ചാര്‍ത്തിക്കൊടുത്ത മതഭ്രാന്തപരിവേഷവും മതമൌലികവാദികള്‍ കല്‍പ്പിച്ചുനല്‍കുന്ന മതവിശുദ്ധന്റെ ചിത്രവും അവര്‍ ഒരുപോലെ തിരസ്കരിക്കുന്നുണ്ട്. മറ്റേതൊരു ഭരണാധികാരിയുടെ കാലത്തേക്കാളും അധികം ഹിന്ദു ഉദ്യോഗസ്ഥര്‍ മുഗള്‍ കൊട്ടാരത്തിലുണ്ടായിരുന്നത് ഔറംഗസീബിന്റെ കാലത്താണെന്ന കാര്യവും മുഗള്‍സാമ്രാജ്യത്തിന്റെ രാഷ്ട്രീയതാല്‍പ്പര്യങ്ങളും മതപരമായ പരിഗണനകളും ഏറ്റുമുട്ടിയപ്പോള്‍ മതപരമായ പരിഗണനകളേക്കാള്‍ രാഷ്ട്രീയകാര്യങ്ങള്‍ക്കാണ് ഔറംഗസീബ് മുന്‍ഗണന നല്‍കിയത് എന്ന കാര്യവും അവര്‍ വിശദീകരിക്കുന്നു. അതേസമയം മതപരമായ മുന്‍വിധികളും ശത്രുതകളും ഔറംഗസീബ് വച്ചുപുലര്‍ത്തിയിരുന്നു എന്ന കാര്യവും അത് അദ്ദേഹത്തിന്റെ ഭരണനടപടികളില്‍ പ്രതിഫലിച്ചിരുന്നു എന്ന കാര്യവും അവര്‍ കാണാതെ പോകുന്നുമില്ല.
എട്ട് ഭാഗങ്ങളായാണ് ഗ്രന്ഥകാരി ഈ പുസ്തകം സംവിധാനം ചെയ്തിരിക്കുന്നത്. ഔറംഗസീബിനെ പൊതുവായി അവതരിപ്പിക്കുന്ന ആമുഖ അധ്യായത്തിനുശേഷം അദ്ദേഹത്തിന്റെ ജീവിതചരിത്രത്തെ മുഗള്‍സാമ്രാജ്യചരിത്രവുമായി ചേര്‍ത്തുവച്ച് വിശദീകരിക്കുന്ന ആറുഭാഗങ്ങളും ഔറംഗസീബിന്റെ പില്‍ക്കാലവും പാരമ്പര്യവും വിശദീകരിക്കുന്ന അവസാനഭാഗവുമാണ് ഈ ഗ്രന്ഥത്തിലുള്ളത്. ഔറംഗസീബിന്റെ ബാല്യകൌമാരങ്ങള്‍, ഭരണമേഖലയുടെ വ്യാപനം, ഭരണകാലവും സംഭവങ്ങളും, വ്യക്തിജീവിതത്തിലെ മതധാര്‍മികതയും സദാചാരശാഠ്യങ്ങളും, മതസമീപനങ്ങള്‍, അവസാനകാല ജീവിതം എന്നിവയാണ് ഈ ആറുഭാഗങ്ങളില്‍ ചര്‍ച്ചചെയ്തിരിക്കുന്നത്. വെറുപ്പുളവാക്കുന്ന ഒരു മതഭ്രാന്തന്‍ മാത്രമായി കൊളോണിയല്‍-ദേശീയവാദ ചരിത്രവിജ്ഞാനം മുദ്രയടിച്ച ഔറംഗസീബിലെ മറ്റൊരു മനുഷ്യനെയും രാഷ്ട്രതന്ത്രജ്ഞനെയും ഈ ഗ്രന്ഥം വെളിവാക്കുന്നു എന്ന പ്രസാധകരുടെ അവകാശവാദം വകവച്ചുകൊടുക്കാനാവുന്നതാണെന്ന് വായനയില്‍ നമുക്ക് ബോധ്യപ്പെടും. ഔറംഗസീബിനെ കൃത്രിമമായ മതപരിവേഷത്തോടെ അവതരിപ്പിച്ച് വെള്ളപൂശാതെതന്നെ ഇങ്ങനെ ചെയ്യാനായി എന്നത് ഓഡ്റി ട്രൂഷ്കേയുടെ ഗ്രന്ഥത്തെ കൂടുതല്‍ സവിശേഷമാക്കുന്നു.

പ്രധാന വാർത്തകൾ
 Top