23 May Thursday

വര്‍ത്തമാന കാലത്തിന്റെ വിശ്വരൂപം

എ ശ്യാംUpdated: Sunday Jul 23, 2017

ജീവിതത്തിന്റെ സമസ്ത തുറകളിലും- ഭക്ഷണത്തിലും തൊഴിലിലും വിദ്യാഭ്യാസത്തിലും കലകളിലും ഉച്ചരിക്കുന്ന വാക്കുകളില്‍ പോലും - ഫാസിസം പിടിമുറുക്കിയ ഭീകര യാഥാര്‍ഥ്യത്തെ അഭിമുഖീകരിക്കുകയാണ് ഇന്ത്യന്‍ജനത. പൌരന്റെ സ്വാതന്ത്യ്രബോധത്തെതന്നെ ചോദ്യംചെയ്യുന്ന, ചോദ്യമുയര്‍ത്തുന്നവരെയെല്ലാം ദേശദ്രോഹിയായി മുദ്രകുത്തുന്ന, മനുഷ്യജീവന് മൃഗത്തിന്റെ  വിലപോലുമില്ലാത്ത കാലത്ത് ചെറുത്തുനില്‍പ്പുകള്‍ വിവിധ രൂപങ്ങളില്‍ ഉയരുന്നുണ്ട്. ഫാസിസ്റ്റ് വാഴ്ചയ്ക്കെതിരെ ഉയരുന്ന പോരാട്ടത്തില്‍ മലയാളസാഹിത്യരംഗത്തുനിന്നുള്ള ശക്തമായ സംഭാവനയായിരിക്കുകയാണ് രാജേഷ് ആര്‍ വര്‍മയുടെ പ്രഥമ നോവല്‍ 'ചുവന്ന ബാഡ്ജ്'.
കേരളീയജീവിതത്തില്‍ ഫാസിസം പിടിമുറുക്കിയ ഒരു ഭൂതകാലം ഭാവനയില്‍ ആവിഷ്കരിച്ചിരിക്കുകയാണ് ചുവന്ന ബാഡ്ജില്‍. എന്നാല്‍, ഇത് തീര്‍ത്തും ഭാവനയല്ലെന്നും ഇങ്ങനെയൊക്കെത്തന്നെയാണ് ഫാസിസം ചില ആചാരങ്ങളിലൂടെയും അടയാളങ്ങളിലൂടെയും മലയാളിയുടെ പൊതുബോധത്തിലേക്ക് നുഴഞ്ഞുകയറിയതെന്നും വായനക്കാരില്‍ യൌവനം കടന്നുകഴിഞ്ഞവരെങ്കിലും തിരിച്ചറിയുകയും ചെയ്യും. എഴുപതുകളില്‍ സ്കൂള്‍വിദ്യാര്‍ഥിയായിരുന്ന എഴുത്തുകാരന്റെ ഓര്‍മകളുടെ രൂപത്തില്‍ ആത്മകഥാഖ്യാന ശൈലിയിലാണ് നോവല്‍ രചിച്ചിരിക്കുന്നത്.
ഹിന്ദുത്വ ഫാസിസ്റ്റുകളുടെ കൈച്ചരടുകള്‍ എത്ര നിസ്സാരമായാണ് അവര്‍ എല്ലാ കുട്ടികളുടെയും കൈയിലണിയിച്ചിരുന്നതെന്ന് ആ കാലത്ത് വളര്‍ന്നുവന്നവര്‍ ഓര്‍ക്കുന്നുണ്ടാകും. ആ ചരട് കൈയില്‍ കെട്ടാന്‍ കൊതിക്കാത്ത കുട്ടികളുണ്ടായിരുന്നിരിക്കില്ല അന്ന്. ക്ഷേത്രപ്പറമ്പുകള്‍ താവളമാക്കി മതപരമായ വ്യാജപരിവേഷത്തോടെ സംഘപരിവാര്‍ കേരളത്തിലെ ഗ്രാമങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിച്ച കാലമായിരുന്നല്ലോ അത്. ഉത്തരേന്ത്യയില്‍പ്പോലും അധികം പഴക്കമില്ലാത്ത 'ആഘോഷങ്ങള്‍' മതഛായ പകര്‍ന്ന് കേരളത്തിലേക്ക് ഇറക്കുമതി ചെയ്യപ്പെട്ടതും അക്കാലത്താണ്.

ചുവന്ന ബാഡ്ജ് നോവല്‍ രാജേഷ് ആര്‍ വര്‍മ വില: 320 രൂപ ചിന്ത പബ്ളിഷേഴ്സ്

ചുവന്ന ബാഡ്ജ് നോവല്‍ രാജേഷ് ആര്‍ വര്‍മ വില: 320 രൂപ ചിന്ത പബ്ളിഷേഴ്സ്

ഈ കാലത്തെയാണ് സ്കൂളിന്റെയും വീടിന്റെയും നാടിന്റെയും പശ്ചാത്തലത്തില്‍ നര്‍മമധുരമായും നിശിത പരിഹാസത്തോടെയും ഈ നോവലില്‍ ആവിഷ്കരിച്ചിട്ടുള്ളത്. നാട്ടിന്‍പുറത്തെ മലയാളം സ്കൂളില്‍നിന്ന് ഇംഗ്ളീഷ് മീഡിയത്തില്‍ പഠിക്കാന്‍ പട്ടണത്തിലെ സ്കൂളില്‍ അഞ്ചാംക്ളാസിലെത്തുന്ന ബാലന്റെ ഓര്‍മകളായാണ് കഥ പറയുന്നത്. മുന്‍ സ്കൂളില്‍ ഒന്നാമനായിരുന്നവന്‍ പെട്ടെന്ന് ഇംഗ്ളീഷ് മീഡിയത്തിലായപ്പോള്‍ പഠനത്തില്‍ പിന്നിലായി. അര്‍ധവാര്‍ഷിക പരീക്ഷകളില്‍ ഒന്നാംറാങ്ക് നേടുന്നവര്‍ക്കുള്ള ചുവന്ന ബാഡ്ജായി പിന്നീട് അവന്റെ സ്വപ്നം. അതിനുവേണ്ടി കഠിനപ്രയത്നത്തിലും പ്രാര്‍ഥനകളിലും ഏര്‍പ്പെടുന്ന അവന് പതിവായി ഒന്നാംറാങ്ക് നേടുന്ന തമിഴ് ബ്രാഹ്മണ ബാലനോടുണ്ടാകുന്ന അസൂയ തമിഴര്‍ക്കെതിരെ നാട്ടിലുയരുന്ന വികാരത്തിന്റെ ഭാഗമാകുന്നതും കാണാം. ജൂതന്മാര്‍ എന്ന് വിശേഷിപ്പിച്ചിട്ടുള്ള തമിഴര്‍ ആര്യന്മാര്‍ എന്നവകാശപ്പെടുന്നവരുടെ നിരന്തര പീഡനങ്ങള്‍ക്ക് ഇരയാകുന്നതും എല്ലാ രംഗത്തുനിന്നും അകറ്റിനിര്‍ത്തപ്പെടുന്നതും വേട്ടയാടപ്പെടുന്നതും ചില സമൂഹങ്ങള്‍ നേരിടുന്ന വര്‍ത്തമാന യാഥാര്‍ഥ്യങ്ങളുമായി ചേര്‍ത്തുകാണാം.
നാസികള്‍ എന്ന് അഭിമാനിക്കുന്ന ആര്യന്മാരുടെ ആധിപത്യത്തില്‍ 'അഖണ്ഡഭാരത'ത്തില്‍ അരങ്ങേറുന്ന അതിക്രമങ്ങള്‍ ഹിറ്റ്ലറുടെ നാസി ജര്‍മനിയില്‍ നടന്ന സംഭവങ്ങളെ ഓര്‍മിപ്പിക്കുന്നുണ്ട്; ഒപ്പം ഇന്ന് ഇന്ത്യയില്‍ ന്യൂനപപക്ഷങ്ങള്‍ക്കും ദളിതര്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങളും. തമിഴര്‍ ആര്യന്‍ അധിനിവേശത്തിനു വഴങ്ങാത്ത വ്യത്യസ്ത സംസ്കാരം പുലര്‍ത്തുന്ന ജനതകളുടെ പ്രതീകമായാണ് നോവലില്‍ ആവിഷ്കരിക്കപ്പെടുന്നത്. 'ഫാസിസം അതിന്റെ വിശ്വരൂപം കൈക്കൊള്ളാന്‍ തയ്യാറെടുത്തുനില്‍ക്കുന്ന ഇന്നത്തെ അവസ്ഥയില്‍ ആ വിശ്വരൂപം വായനക്കാരെ ഒന്നു കാണിച്ചുകൊടുക്കാനുള്ള ശ്രമമാണ് ഈ അപരിചിത നോവലില്‍' എന്ന് എഴുത്തുകാരന്‍ സംഗ്രഹക്കുറിപ്പില്‍ പറയുന്നുണ്ട്. സക്കറിയ, സേതു എന്നിവരുടെ അഭിപ്രായങ്ങളും അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്. ചിന്ത പബ്ളിഷേഴ്സാണ് പ്രസാധകര്‍.

shyamachuth@rediffmail.com

പ്രധാന വാർത്തകൾ
 Top