രാജ്യത്തെതന്നെ ഏറ്റവും ശ്രദ്ധേയരായ എഡിറ്റര്‍മാരിലൊരാള്‍, മിക്കപ്പോഴും വെള്ളിവെളിച്ചത്തില്‍നിന്ന് മാറിനില്ക്കുന്നയാള്. ഒരു സിനിമയ്്ക്കും രണ്ട് ഹ്രസ്വചിത്രങ്ങള്ക്കുമടക്കം മികച്ച എഡിറ്ററിനുള്ള മൂന്ന് ദേശീയപുരസ്കാരങ്ങള്‍, മൂന്ന് സംസ്ഥാന പുരസ്കാരങ്ങള്‍. രാജ്യാന്തരശ്രദ്ധനേടിയ നിരവധി ഡോക്യുമെന്ററികള്‍, പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് പഠിച്ചിറങ്ങി മലയാള സിനിമയില്‍ ജോലിചെയ്യുന്ന അപൂര്‍വം ചിലരിലൊരാള്‍. അടൂര്‍ ഗോപാലകൃഷ്ണന്റെയും രാജീവ് രവിയുടെയും സ്ഥിരം എഡിറ്റര്‍, ബി അജിത്കുമാര്‍. 15 വര്‍ഷത്തിലേറെ നീണ്ട എഡിറ്റിങ് ജീവിതത്തിനിടെ ആദ്യമായി സിനിമ സംവിധാനം ചെയ്യുന്ന തിരക്കില്‍.
മലയാള സിനിമയ്ക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന ഉത്തമബോധ്യവുമായാണ് അജിത്കുമാര്‍ മുംബൈ ഉപേക്ഷിച്ച് തിരുവനന്തപുരത്തേക്ക് വന്നത്. സിനിമയില്‍ കംപ്യൂട്ടറുകള്‍ ആധിപത്യം സ്ഥാപിച്ചുതുടങ്ങിയ കാലത്ത് ചിത്രാഞ്ജലിയില്‍ രാപ്പകലില്ലാതെ സിനിമകളും ഡോക്യുമെന്ററികളും എഡിറ്റ് ചെയ്തു. അമ്പതിലേറെ സിനിമകള്‍ എഡിറ്റ് ചെയ്തു. എന്നാല്‍, കെട്ടുകാഴ്ചകളായിമാറുന്ന ഫോര്‍മുല സിനിമകള്‍ക്കൊപ്പം ആ പേരുണ്ടാകില്ല. അടൂര്‍ ഗോപാലകൃഷ്ണന്, കെ പി കുമാരന്, എം പി സുകുമാരന്‍നായര്‍, ലെനിന് രാജേന്ദ്രന് തുടങ്ങി നിരവധി സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ സഹപാഠിയായ രാജീവ് രവിക്കൊപ്പംചെയ്ത അന്നയും റസൂലും, ഞാന്‍ സ്റ്റീവ് ലോപ്പസ്, കമ്മട്ടിപ്പാടം എന്നിവ മലയാള സിനിമയില്‍ പുതിയ ഭാവുകപരിണാമത്തിന് തുടക്കമിട്ടു. സഹപാഠികളുടെ കൂട്ടായ്മയുടെ പിന്ബലത്തില്നിന്ന് ആദ്യമായി സംവിധാനംചെയ്ത സിനിമ 'ഈട'യുടെ എഡിറ്റിങ് ജോലിയിലാണ് അദ്ദേഹം. ചലച്ചിത്രജീവിതത്തെക്കുറിച്ച് അജിത്കുമാര്‍ സംസാരിക്കുന്നു. ആഴത്തിലുള്ള വായനയും രാഷ്ട്രീയബോധവും പകരുന്ന ഉള്‍ക്കാഴ്ചയുണ്ട് അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക്.
സുമംഗല ഫിലിം സൊസൈറ്റി
കോതമംഗലത്താണ് ജനിച്ചുവളര്‍ന്നത്. സുമംഗല ഫിലിം സൊസൈറ്റിയിലൂടെയാണ് യൂറോപ്പിലെയും സോവിയറ്റ് യൂണിനിലെയും സിനിമ പരിചയപ്പെടുന്നത്. ഹോളിവുഡ് സിനിമകളോട് അന്നേ ആവേശമില്ല. കെ എം കമാലും മധുനീലകണ്ഠനും ഞാനുമെല്ലാം അന്നേ സുഹൃത്തുക്കളാണ്. സിനിമ ചെയ്യാനല്ല കാണാനാണ് ഞങ്ങള്‍ ശ്രമിച്ചുകൊണ്ടിരുന്നത്. പിന്നീട് തിരുവനന്തപുരത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ളീഷില്‍ പഠിക്കാനെത്തി. അപ്പോള്‍ സിനിമ കാണാന്‍ കൂടുതല്‍ അവസരങ്ങള്‍. പുണെയിലെ എന്‍ട്രന്‍സ് എഴുതിയപ്പോള്‍ കിട്ടി. എല്ലാം സംഭവിച്ചുപോയതാണ്. ഇന്‍സ്റ്റിറ്റ്യൂട്ടിലും സിനിമ കാണല്തന്നെയായിരുന്നു പഠനം. മൂന്നു വര്‍ഷത്തിനിടെ ലോകമെമ്പാടുമുള്ള ആയിരത്തഞ്ഞൂറോളം സിനിമ കണ്ടിരിക്കും. ഋത്വിക് ഘട്ടക്കും ആന്ദ്രെ തര്‍ക്കോസ്കിയും അത്ഭുതപ്പെടുത്തി. മലയാള സിനിമയില്‍ കെ ജി ജോര്‍ജും.
എന്തുകൊണ്ട് കേരളം
ഞങ്ങളുടെ കാലത്ത് എഫ്ടിഐഐയില്നിന്ന് ഇറങ്ങിയവര്‍ അവസരംതേടി മുംബൈയില്‍ കൂടുകയാണ് പതിവ്. ഇപ്പോള്‍ അത് മാറിവരുന്നു. ഞാനും തുടക്കത്തില്‍ മറാത്തിസിനിമകളില് പങ്കാളിയായശേഷമാണ് കേരളത്തിലേക്ക് വരുന്നത്. അന്ന് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒപ്പമുണ്ടായിരുന്ന ഞങ്ങള്‍ കുറച്ചുപേര്‍ സിനിമചെയ്യാന്‍ നാട്ടിലേക്ക് മടങ്ങി. സര്‍ക്കാരിന്റെ സബ്സിഡൈസ്ഡ് എഡ്യൂക്കേഷന്റെ പ്രയോജനം ലഭിച്ചവരാണ് ഞങ്ങള്‍. അതിനാല്‍, തിരിച്ച് നമ്മുടെ നാടിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ചിന്തിച്ചു. ഇപ്പോഴത്തെ ചലച്ചിത്രവിദ്യാര്‍ഥികള്‍ക്ക് അങ്ങനെയൊരു ചിന്തയുണ്ടോയെന്നറിയില്ല.
അടൂരിനൊപ്പം
സര്‍ക്കാരിന്റെ ചലച്ചിത്രനിര്‍മാണ സ്ഥാപനമായ ചിത്രാഞ്ജലിയിലെ എഡിറ്റിങ് സങ്കേതങ്ങള്‍ കംപ്യൂട്ടര്‍ അധിഷ്ഠിതമായി ചുവടുമാറ്റിയ കാലഘട്ടത്തില്‍ അതിനൊപ്പം തുടക്കംമുതല്‍ അജിത് എന്ന ചെറുപ്പക്കാരന്റെ പരിശ്രമമുണ്ടായിരുന്നു. അവിടെവച്ചുണ്ടായ പരിചയത്തില്‍നിന്നാണ് അടൂര്‍ സ്വന്തം സിനിമയിലേക്ക് അജിത്തിനെ ക്ഷണിക്കുന്നത്. 'നിഴല്‍ക്കുത്തി'ലൂടെയായിരുന്നു തുടക്കം. മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന പുരസ്കാരം അതിലൂടെ ലഭിച്ചു. 'നാലുപെണ്ണുങ്ങ'ളിലൂടെ ദേശീയപുരസ്കാരവും. ഒടുവിലിറങ്ങിയ 'പിന്നെയും'വരെ അടൂരിന്റെ ചലച്ചിത്രയാത്രയില്‍ അജിത്തുമുണ്ട്.
"അടൂര്‍ സാര്‍ സ്വയം എഡിറ്റര്‍കൂടിയാണ്. മൂവിയോളയില്‍ അദ്ദേഹം സിനിമയും ഡോക്യുമെന്ററികളും സ്വന്തമായി എഡിറ്റ് ചെയ്തിട്ടുണ്ട്്. സാങ്കേതികവിദ്യയുടെ മാറ്റം ഉപയോഗപ്പെടുത്താനുള്ള സഹായംമാത്രമേ അദ്ദേഹത്തിന് ആവശ്യമുള്ളൂ. സിനിമയെക്കുറിച്ചുള്ള വ്യക്തമായ ധാരണയും നിരവധി തവണ പരിഷ്കരിച്ച തിരക്കഥയുമായാണ് അദ്ദേഹം ചിത്രീകരണം നടത്തുന്നത്. ഒരു സീനില്‍ എന്തെല്ലാം ഷോട്ടുകള്‍ വേണമെന്ന കൃത്യമായ ഗൃഹപാഠം അദ്ദേഹത്തിനുണ്ട്്. അപൂര്‍വമായിമാത്രമേ അതില്‍ മാറ്റംവരൂ. അങ്ങനെ സിനിമയെടുക്കുന്ന അധികം സംവിധായകരെ ഞാന്‍ കണ്ടിട്ടില്ല. സിനിമയുടെ ഘടനയെക്കുറിച്ച് അദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ട്്. എഡിറ്റിങ് വേളയില്‍ പരീക്ഷണം നടത്താന്‍ പിന്നെ അവസരമില്ല. പക്ഷേ, രാജീവ് രവി ചിത്രങ്ങളില്‍ സിനിമ അന്തിമരൂപം പ്രാപിക്കുന്നത് എഡിറ്റിങ് മുറിയിലായിരിക്കും. സിനിമയുടെ ഘടനപോലും മാറ്റും. ചിലപ്പോള്‍ സീനുകള്‍ വെട്ടിച്ചുരുക്കും, പുതിയ തീരുമാനങ്ങളെടുക്കും.''
കലക്ടീവ് ഫെയ്സ്- രാജീവ് രവി
അന്നയും റസൂലും, കമ്മിട്ടിപ്പാടം എന്നീ രാജീവ് രവി ചിത്രങ്ങളിലൂടെയാണ് അജിത് വീണ്ടും മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയത്. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ചിറങ്ങിയ മലയാളികളുടെ കൂട്ടായ്മയില്‍നിന്ന് ജനിച്ച കലക്ടീവ് ഫെയ്സ് സിനിമയുടെ കച്ചവടവല്ക്കരണത്തിനെതിരെ പുതിയകാലത്തിന്റെ പ്രതിരോധം തീര്‍ക്കലാണ്.
"മൂലധനത്തിന്റെ കെട്ടുപാടില്ലാതെ കലാകാരന്മാരുടെ കൂട്ടായ്മയിലൂടെ സമൂഹത്തിനുവേണ്ടി കലാസൃഷ്ടി നടത്താനുള്ള അവസരമൊരുക്കുക എന്ന ആശയമാണ് കലക്ടീവ് ഫെയ്സ്്. കെ എം കമാലിന്റെ 'ഐഡി'യിലൂടെയായിരുന്നു തുടക്കം. ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് ഇറങ്ങിയ എന്നെയും രാജീവിനെയും മധുനീലകണ്ഠനെയും റസൂല്‍ പൂക്കുട്ടിയെയുംപോലുള്ളവര് ഒന്നിച്ച് സിനിമ ചെയ്യുന്നു. നല്ല സിനിമ ഉണ്ടാക്കാനുള്ള അടിസ്ഥാന സൌകര്യം സൃഷ്ടിക്കുന്നു. ചെറിയതോതില്‍ നിര്‍മാണമേഖലകളിലും സഹകരിക്കും. നിരവധി കലാപ്രവര്‍ത്തകര്‍ കലക്ടീവ് ഫെയ്സിന്റെ ശൃംഖലയില്‍ കണ്ണിചേരുന്നുണ്ട്്. ഐഡി, ഞാന്‍ സ്റ്റീവ് ലോപ്പസ്, കമ്മട്ടിപ്പാടം, കിസ്മത്ത്്, ഈട, ഇപ്പോള്‍ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന 'ആഭാസം' തുടങ്ങിയ സിനിമകള്‍ക്ക് കലക്ടീവ് ഫെയ്സിന്റെ കൂട്ടായ്മയുടെ പിന്ബലമുണ്ട്്. പണം എല്ലാറ്റിനെയും നിയന്ത്രിക്കുമെന്ന പുതിയകാല നിയമത്തിനെതിരായ പ്രതിരോധം തീര്‍ക്കലാണത്.''
മുഖ്യധാരാ മാധ്യമങ്ങളുടെ ആഘോഷങ്ങളില്‍ ഇടംപിടിക്കാതെ പോകുന്നവരിലേക്ക് വെളിച്ചംവീശുന്ന ബദല്‍ മാധ്യമപ്രവര്‍ത്തനത്തിലും അജിത്കുമാറിന് പങ്കാളിത്തമുണ്ട്. ലോകമെമ്പാടുമുള്ള ബദല്‍ ആശയങ്ങള്‍ക്ക് വേദിയൊരുക്കുന്ന കൌണ്ടര്‍ കറന്റ്സ് ഡോട്ട് ഓര്‍ഗ് എന്ന വെബ്സൈറ്റിലെ എഴുത്തുകാരനും പങ്കാളിയുമാണ്.
സംവിധാനത്തിലേക്ക്
പുണെയില്‍ പഠിച്ചത് എഡിറ്റിങ്ങാണെങ്കിലും സംവിധാനത്തെ ക്കുറിച്ചും മനസ്സിലാക്കിയിട്ടുണ്ട്. കൂട്ടുകാരുടെ സിനിമകളില്‍ അസോസിയറ്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി ഡോക്യുമെന്ററികളും മറ്റും ചെയ്ത അനുഭവമുണ്ട്. കമ്മട്ടിപ്പാടത്തിന്റെ ഷൂട്ടിങ്ങില്‍ ഞാനും ഒപ്പമുണ്ടായിരുന്നു. അതുകൊണ്ട് സംവിധായകനായി സെറ്റില്‍ നില്ക്കുമ്പോള് പ്രതിസന്ധികളൊന്നുമുണ്ടായിരുന്നില്ല. ഞാന്‍ സ്റ്റീവ് ലോപ്പസ്, ഐഡി എന്നിവയുടെ പ്രോഡക്ഷനിലും പങ്കാളിയായിരുന്നു.
സ്വന്തം സിനിമ 'ഈട'
പ്രണയകഥയാണ്. റോമിയോ- ജൂലിയറ്റ് പ്രണയംപോലെ. ഷോണ്‍ നിഗവും നിമിഷയും അഭിനയിക്കുന്നു. മൈസൂരു, കോഴിക്കോട് എന്നിവിടങ്ങളിലായി പ്രിന്‍സിപ്പല്‍ ഫോട്ടോഗ്രഫി പൂര്‍ത്തിയാക്കി. മണികണ്ഠന്, സുരഭി, അലന്‍സിയര്‍, പി ബാലചന്ദ്രന് തുടങ്ങിയവരുണ്ട്. ക്യാമറ പപ്പു. അന്‍വര്‍ അലി പാട്ടെഴുതുന്നു. സെപ്തംബര്‍-ഓക്ടോബര്‍ കാലയളവില്‍ റിലീസിനാണ് പദ്ധതി. അന്തിമ തീരുമാനമായിട്ടില്ല.
unnigiri@gmail.com