29 January Wednesday

എഴുതാത്ത ഒസ്യത്തിൽ ആ പേരുണ്ട‌്

നാരായണൻ കാവുമ്പായി kavumbayi@gmail.comUpdated: Sunday Jun 23, 2019

ടി പദ‌്മനാഭൻ

‘എന്റെ മരണാനന്തരചടങ്ങിന്‌  മേൽനോട്ടം നൽകുക ഒരു മുസൽമാൻ’.  മലയാളചെറുകഥയെ  ലോകവിതാനത്തിലെത്തിച്ച  ടി പത്മനാഭൻ പറയുന്നു. ജീവിതംകൊണ്ടുമാത്രമല്ല,  മരണംകൊണ്ടും  നൽകാനുണ്ട‌്  ഒരു സന്ദേശം.  മതനിരപേക്ഷതയുടെ  മഹത്തായ സന്ദേശം

 

 

‘വളരെയൊന്നും പ്രായമായിട്ടില്ലാത്ത മരങ്ങളുടെ തഴച്ചുനിൽക്കുന്ന ചില്ലകൾ വകഞ്ഞുമാറ്റി പുറത്തേക്കു കടന്നപ്പോൾ‐ എന്റെ ഊഹം ശരിയായിരുന്നു. ഞങ്ങൾ കണ്ടു...! ഒന്നുമില്ല, കടൽക്കരയിലെ പൂഴിയിൽ ഒരു ചെറിയ ചാൽ. പൊട്ടിയ ഒരു മൺകുടത്തിന്റെ കഷണങ്ങൾ. കാറ്റു വീശുമ്പോൾ അപ്പോഴും പൂർണമായി കെട്ടടങ്ങിയിട്ടില്ലാത്ത ചിതയിലേക്കു പൂഴിത്തരികൾ ഊർന്നു വീണുകൊണ്ടിരുന്നു... കടൽ ഇരമ്പുന്നുണ്ടായിരുന്നു. 

ആ ചാരത്തിന്റെയും മൺകുടത്തിന്റെ കഷണങ്ങളുടെയും മുമ്പിൽ വളരെനേരം കടലിന്റെ ഇരമ്പവും കാറ്റിന്റെ ദുഃഖശ്രുതിയും കേട്ടുകൊണ്ട് നിന്നപ്പോൾ എന്തെന്നില്ലാത്ത ഒരു സംതൃപ്തി എനിക്കനുഭവപ്പെട്ടു. ഞാൻ വിചാരിച്ചു: ഇങ്ങനെയായിരിക്കും അദ്ദേഹം ആഗ്രഹിച്ചിട്ടുണ്ടായിരിക്കുക’.

(ആത്മാവിന്റെ മുറിവുകൾ)

 

 

‘‘ജീവിതത്തിന്റെ ചരമാദ്രിയിൽനിന്ന് പിറകോട്ട് നോക്കാനുള്ള സമയമായോ എന്നെനിക്കറിയില്ല. ആയെന്നു ഞാൻ കരുതുന്നില്ല. ഇനിയുമേറെ കാര്യങ്ങൾ ചെയ്യാനുണ്ട്‌. എൺപത്തിയൊമ്പതാം വയസ്സിലും ഞാൻ കഥകളെഴുതുന്നു. എന്റെ മനസ്സിൽ ഇപ്പോഴും യൗവനമുണ്ട്‌. എങ്കിലും... എന്നെങ്കിലുമൊരുദിവസം പോയല്ലേ പറ്റൂ...  തിരിഞ്ഞുനോക്കുമ്പോൾ  മനസ്സിൽ അവകാശവാദങ്ങളൊന്നുമില്ല. സംതൃപ്തി മാത്രം. ഇത്രയെങ്കിലും കഴിഞ്ഞല്ലോ’’. 

 മലയാളചെറുകഥയെ ലോകവിതാനങ്ങളിലെത്തിച്ച പ്രതിഭ ടി പത്മനാഭൻ ഇങ്ങനെ പറയുമ്പോൾ മുഖം പ്രസന്നമായിരുന്നു.   കഴിഞ്ഞ ദിവസം സി ബി സി വാര്യർ ഫൗണ്ടേഷൻ  പുരസ്‌കാരം സ്വീകരിച്ച്‌ ആലപ്പുഴയിലെ ഹരിപ്പാട്‌ നടത്തിയ മറുപടി പ്രസംഗത്തിൽ തന്റെ മരണാനന്തര ചടങ്ങിനെക്കുറിച്ച്‌ അദ്ദേഹം പരാമർശിച്ചു. ഒരു മുസൽമാനാണ്‌ അതിന്‌ നേതൃത്വം നൽകുകയെന്നും പറഞ്ഞു. ആരാണ്‌ അയാൾ എന്നാരാഞ്ഞ്‌ നിരവധി സഹൃദയർ വിളിച്ചു. ഇക്കാര്യം സൂചിപ്പിച്ചപ്പോഴാണ്‌ പത്മനാഭന്റെ പ്രതികരണം. 

‘‘അങ്ങനെ പറഞ്ഞത്‌ ഇപ്പോഴത്തെ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ്‌. മുംബൈയിൽ ഒരു വനിതാ ഡോക്ടറെ സഹപ്രവർത്തകർ അപമാനിച്ച്‌ ആത്മഹത്യയിലേക്ക്‌ തള്ളിവിട്ട വാർത്ത ഞെട്ടിക്കുന്നതായിരുന്നു. അവർ ദളിത്‌വിഭാഗത്തിൽപ്പെട്ടതുകൊണ്ടാണ്‌ ഈ ദുർഗതിയുണ്ടായത്‌.  ജാതിവിവേചനത്തെ എതിർത്തതിനാണ്‌ ഒരു യുവജനനേതാവ്‌ തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്‌. നമ്മൾ എങ്ങോട്ടാണ്‌ പോകുന്നത്‌? രാജ്യം ഭരിക്കുന്നവർ ജാതിയുടെയും  മതത്തിന്റെയും പേരിൽ വിദ്വേഷവും അസഹിഷ്‌ണുതയും അടിച്ചേൽപ്പിക്കുകയാണ്‌.  ഇരുട്ടിലേക്കാണോ നാം നടന്നടുക്കുന്നത്‌? 

ഞങ്ങളാരും സ്‌കൂളിൽ പഠിക്കുമ്പോൾ പേരിനൊപ്പം ജാതിവാൽ വച്ചിരുന്നില്ല. ആൺകുട്ടികൾ ഒട്ടുമിക്കപേരും ഹൈസ്‌കൂളിലും ഉയർന്നക്ലാസുകളിലുമെത്തുമ്പോൾ ജാതിപ്പേര്‌ വയ്‌ക്കാറുണ്ട്‌. എന്നാൽ പെൺകുട്ടികൾ ഒരിക്കലും ജാതിേപ്പര്‌ വച്ചിരുന്നില്ല.  ഇപ്പോൾ ആൺ–പെൺ വ്യത്യാസമില്ലാതെ ഒരു വയസ്സായ കൊച്ചുമക്കളുടെ പിറന്നാൾ പരസ്യത്തിൽപോലും ജാതിപ്പേര്‌ അഭിമാനപൂർവം ചേർക്കുന്നു. ജാതിവിവേചനത്തിനെതിരെ പോരാടിയ ശ്രീനാരായണഗുരുവും സഹോദരൻ അയ്യപ്പനും വീണ്ടും കേരളത്തിൽ വരാനിടയായാൽ  പരാജയം സമ്മതിച്ച്‌ നിസ്സഹായരായി മടങ്ങേണ്ടിവരും.  നമ്മൾ നവോത്ഥാനമൂല്യങ്ങളിൽനിന്ന്‌ വളരെയേറെ അകന്നുകഴിഞ്ഞു.  ഈ പശ്ചാത്തലത്തിൽ ജീവിതംകൊണ്ടു മാത്രമല്ല മരണംകൊണ്ടും ചില സന്ദേശങ്ങൾ നൽകാനാകണം. ഈ ആലോചനയിൽ നിന്നാണ്‌ ഞാൻ ചില കാര്യങ്ങൾ പറഞ്ഞത്‌. 

ജാതിയുണ്ടെങ്കിൽ ദക്ഷിണമലബാറിലെ ഉയർന്ന നായർതറവാട്ടിൽ ജനിച്ചുവളർന്നവളായിരുന്നു എന്റെ ഭാര്യ. അവരുടെ ചിതയ്‌ക്ക്‌ തീ കൊളുത്തിയതും ചിതാഭസ്‌മം വയനാട്ടിൽ നദിയിൽ ഒഴുക്കിയതും ബലിതർപ്പണം നടത്തിയതും കീഴ്‌ജാതിക്കാരനെന്ന്‌ സമൂഹം വിശേഷിപ്പിക്കുന്ന വിഭാഗത്തിൽ നിന്നുള്ള  രാമചന്ദ്രനാണ്‌. എനിക്ക്‌ മക്കളില്ല. അതുകൊണ്ട്‌  ഞാൻ മരിച്ചാൽ ആ സ്ഥാനത്തുനിന്ന്‌ കർമങ്ങൾ ചെയ്യുന്നതും അദ്ദേഹമായിരിക്കും. തിരുനാവായ നവാമുകുന്ദക്ഷേത്രത്തിനരികിൽ നിളയിൽ  ചിതാഭസ്‌മം ഒഴുക്കുന്നതും രാമചന്ദ്രനായിരിക്കും. എന്റെ മരുമക്കളൊക്കെ ഉയർന്ന വിദ്യാഭ്യാസമുള്ളവരും ഉന്നത പദവികളിലുള്ളവരുമാണ്‌. അവർക്കൊന്നും  ജാതിവാലില്ല. അവരെല്ലാം കർമങ്ങളിൽ പങ്കെടുക്കുമെങ്കിലും മകന്റെ സ്ഥാനത്ത്‌ ഒരാൾമാത്രം. രാമചന്ദ്രൻ.  അക്കാര്യങ്ങളെല്ലാം അവരെ പറഞ്ഞ്‌ ഏൽപ്പിച്ചിട്ടുണ്ട്‌. 

 മരണാനന്തരചടങ്ങുകൾക്കെല്ലാം മേൽനോട്ടം വഹിക്കുന്നത്‌ ഒരു മുസൽമാനായിരിക്കും. അഞ്ചുനേരവും നിസ്‌കരിക്കുന്ന യഥാർഥ മുസൽമാൻ. ദശാബ്‌ദങ്ങളായി അടുത്ത സൗഹൃദം പുലർത്തുന്നയാൾ.  തികഞ്ഞ സഹൃദയൻ. ജീവകാരുണ്യപ്രവർത്തകൻ. ജാതിമത പരിഗണനകൾ എന്റെ വിഷയമല്ല. കുട്ടിക്കാലം മുതലേ മനസ്സിൽ ജാതിവേർതിരിവിന്‌ സ്ഥാനമില്ല.’’

തനിക്ക്‌ മതനിരപേക്ഷ കാഴ്ചപ്പാട് കിട്ടിയതിന്റെ പ്രധാന പ്രചോദനം അമ്മയായിരുന്നു എന്ന്‌ ടി പത്മനാഭൻ പറയാറുണ്ട്‌. തിണയ്ക്കൽ ദേവകിയമ്മയ്ക്ക് ജാതിയും മതവുമുണ്ടായിരുന്നില്ല. അയിത്തവും ജാതീയതയും കൊടികുത്തിവാഴുന്ന കാലത്ത് അവർ അന്യജാതിക്കാരുമായി നല്ല സൗഹൃദം പുലർത്തി. ഒരുവിധ ജാതി‐മത കുനുഷ്ടും തീണ്ടിയില്ല. അന്യമതസ്ഥരോട്  അലിവോടെ പെരുമാറി.

 അക്കാലത്ത് മുസ്ലീങ്ങൾ ഹിന്ദുവീടുകളിൽ നിന്ന്     ആഹാരം കഴിക്കാറില്ല. ഹറാമാണ്! വീട്ടിൽ പതിവായി വരാറുള്ള മൊയ്തീനും റെജബും അമ്മ കൊടുത്ത ആഹാരം ആരും കാണാതെ കഴിച്ചു. മറ്റുള്ളവർ കാണാതിരിക്കാൻ അവർക്ക് പ്രത്യേകം സൗകര്യമൊരുക്കി. ഒരു തെങ്ങിൻതടം വൃത്തിയായി മെഴുകി മുറിപോലെ ആക്കിയിട്ടുണ്ടാവും.  അതിനകത്ത് ഒരാൾക്ക് ഭക്ഷണം കൊടുത്താൽ അടുത്ത് പോയി  നോക്കിയാലേ കാണാൻ പറ്റൂ. വീട്ടിൽ പല സഹായത്തിനും ആവശ്യത്തിനുമൊക്കെയായി വരുന്ന മുസ്ലിങ്ങൾക്ക് അവിടെ ഭക്ഷണം നൽകും.  അമ്മാവനാണ്‌ അങ്ങനെ  സൗകര്യമൊരുക്കാൻ അമ്മയെ സഹായിച്ചത്‌. 

പത്മനാഭന്റെ വീട് ഉൾപ്പെടുന്ന പള്ളിക്കുന്നിന് പടിഞ്ഞാറ് ഇടുങ്ങിയ ചിന്താഗതിക്കാരായ നായന്മാരുടെ അഗ്രഹാരമായിരുന്നു.  എന്നാൽ കൂടെ പഠിച്ച ഹരിജൻ സ്ത്രീകളായിരുന്നു അമ്മയുടെ കൂട്ടുകാർ.  ജാതിവിലക്കുണ്ടായ അക്കാലത്ത് അവരുടെ ഏറ്റവും അടുത്ത കൂട്ടുകാരി മലയസമുദായത്തിൽപെട്ട സ്ത്രീ. കുട്ടിക്കാലത്ത് സ്കൂളിൽ തുടങ്ങിയ സൗഹൃദം അന്ത്യം വരെ തുടർന്നു. 

  അമ്മ വിശ്വാസിയായിരുന്നെങ്കിലും അമ്പലത്തിൽ പോയില്ല. ഉത്സവങ്ങളിലും പങ്കുകൊണ്ടില്ല. പ്രായമാകുന്തോറും ഭക്തിയിൽ ലയിക്കുന്നവരിൽ നിന്ന് വ്യത്യസ്ത. സന്ധ്യാസമയങ്ങളിൽ നാമം ജപിക്കാറില്ല. അമ്പലക്കുളത്തിൽ നിന്ന് കുളികഴിഞ്ഞെത്തിയാൽ  ഉമ്മറക്കോലായിലെ ഭസ്മക്കൊട്ടയിൽ നിന്ന് ഒരുനുള്ള് ഭസ്മമെടുത്ത് നെറ്റിയിൽ ചാർത്തും. അതിലൊതുങ്ങി പ്രാർഥന.

അമ്മ കഴിഞ്ഞാൽ ജീവിതത്തിൽ തന്നെ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ളവർ  ശ്രീനാരായണഗുരു, ലിയോ ടോൾസ്റ്റോയി, പി കൃഷ്ണപിള്ള, കെ കേളപ്പൻ, മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്‌, ഇ മൊയ്തുമൗലവി തുടങ്ങിയവരാണെന്ന്‌ പത്മനാഭൻ പറയാറുണ്ട്‌. അദ്ദേഹം ഏറെ ആരാധിക്കുന്ന വ്യക്തിയാണ് ശ്രീനാരായണഗുരു. അദ്ദേഹം സന്യാസത്തിലേക്ക് പോയില്ലായിരുന്നെങ്കിൽ മലയാളത്തിലെ മഹാകവിയായി മാറുമായിരുന്നു. എല്ലാ അർഥത്തിലും മഹാത്മാവായിരുന്നു.

പത്മനാഭന്റെ ബാല്യകാല സ്‌മരണകൾ ഉണർന്നിരിക്കുന്നത് കണ്ണൂരിനടുത്ത പള്ളിക്കുന്ന് ഗ്രാമത്തിനുചുറ്റുമാണ്. അക്കാലത്ത് പള്ളിക്കുന്ന് നായന്മാരുടെ അഗ്രഹാരം പോലെയായിരുന്നു. പട്ടന്മാരുടെ മൂന്ന് മഠങ്ങൾ. വാരിയന്മാരുടെയും മാരാന്മാരുടെയും കുറച്ച് വീടുകൾ. പിന്നെ ഏതാനും കീഴ്ജാതിക്കാരും.  ഇത്രയും  കഴിഞ്ഞാൽ പിന്നെ മുഴുവനും നായന്മാരായിരുന്നു. സത്യത്തിൽ അന്ന് പള്ളിക്കുന്ന് ഭരിക്കുന്നത് അവരായിരുന്നു. 

എന്നാൽ പത്മനാഭൻ കുട്ടിക്കാലം കഴിച്ചുകൂട്ടിയിരുന്നത്‌  പള്ളിക്കുന്നിലെ നായർ അഗ്രഹാരത്തിലായിരുന്നില്ല. അവിടെ കൂട്ടുകാരുമുണ്ടായിരുന്നില്ല. വീടിന്റെ കിഴക്കുഭാഗത്തുള്ള ജയിൽ പറമ്പിലായിരുന്നു ആ ബാല്യം തളിരിട്ടത്‌. അവിടെ ജയിൽ വാർഡന്മാരുടെ മക്കളുമായി കളിച്ചുനടന്നു.  ജയിലർമാർക്ക് എഴുത്തും വായനയും അറിയില്ല. അവരിൽ തമിഴരുണ്ട്, തെലുങ്കരുണ്ട്, കർണാടകക്കാരുണ്ട്. അവരുടെ മക്കളായിരുന്നു ബാല്യകാല ചങ്ങാതിമാർ. അവരുടെ മുഖങ്ങൾ ഇന്നും പത്മനാഭന്റെ മനസ്സിലുണ്ട്.  ജയിൽപറമ്പിലെ ഈ ‘കോസ്‌മോപൊളിറ്റൻ’ ജീവിതമാണ് അദ്ദേഹത്തിലെ മതേതരവാദിയെ ഉണർത്തിയത്‌. 

ജീവിതത്തെ നിറഞ്ഞ ശുഭാപ്‌തിയോടെ കാണാനാണ്‌ പത്മനാഭൻ തയ്യാറാകുന്നത്‌. അദ്ദേഹം ഇങ്ങനെ പറഞ്ഞു: 

‘‘ജി ശങ്കരക്കുറുപ്പ്  'പഥികന്റെ പാട്ടി'ൽ 

'മുകളിൽ മിന്നുന്നൊരു താരമേ ചൊൽക നീ

അകലെയെങ്ങാനും പ്രഭാതമുണ്ടോ‐?' എന്ന്‌ വിഭാവനം ചെയ്‌തത്‌ എന്റെ മനസ്സിൽ എപ്പോഴുമുണ്ട്‌. മൂകാന്ധകാരത്തിൻ വഴി നല്ലപോലെ കാണാൻ കഴിയുന്നില്ലെങ്കിലും വിദൂരതയിൽ മിന്നിനിൽക്കുന്ന ആ ദീപാങ്കുരത്തെ ലക്ഷ്യമാക്കി പുലരാൻ പോകുന്ന ആ പ്രഭാതത്തിലേക്ക് പ്രയാണം തുടരാം.’’

 

പ്രധാന വാർത്തകൾ
 Top