19 October Saturday

കല്യാണമണ്ഡപത്തില്‍ കുഞ്ചന്‍നമ്പ്യാരും ബഷീറും

കൃഷ‌്ണ പൂജപ്പുര krishnapoojappura@gmail.comUpdated: Sunday Jun 23, 2019

എണീറ്റുനിന്ന് ഒരു കൈയടി കൊടുക്കുകയാണ് പത്രാധിപർ സാർ. അതെ, എണീറ്റുനിന്ന്. ആകാശം ഇടിഞ്ഞുവീഴുന്നുവെന്ന് കേട്ടാൽപ്പോലും ശരീരമനങ്ങാനുള്ള മടികാരണം ഇരിക്കുന്നിടത്തുനിന്ന് അനങ്ങാത്ത എന്നെ എണീപ്പിച്ചുനിർത്തി കൈയടിപ്പിക്കുന്നതെന്തെന്നായിരിക്കും സാർ അത്ഭുതപ്പെടുന്നത്. മനോഹരമായ ഒരു വാർത്ത വായിച്ചിട്ടാണ് സാർ. നല്ല ചന്തമുള്ള, തിളക്കമുള്ള വാർത്ത.

പശ്ചിമ ബംഗാളിലെ കിഴക്കൻ മിഡ്നാപുരിൽനിന്നാണ്‌ വാർത്ത. സ്‌ത്രീധന സമ്പ്രദായം ശക്തമായ അന്നാട്ടിലെ സൂര്യകാന്ത് ബാരിക് എന്ന ചെറുപ്പക്കാരനാണ് വാർത്താപുരുഷൻ. പുള്ളിക്കാരന്റെ വിവാഹം. വധുവിന്റെ വീട്ടുകാർ എത്ര നിർബന്ധിച്ചിട്ടും സ്‌ത്രീധനം വാങ്ങില്ലെന്ന് കട്ടായം പറഞ്ഞുനിന്നു ബാരിക്. വിവാഹദിവസം മണ്ഡപത്തിലെത്തിയ ബാരിക് അത്ഭുതപ്പെട്ടുപോയി. വരന്റെ നവചിന്തയ്‌ക്കുള്ള സ്‌നേഹസമ്മാനമായി വധുവിന്റെ വീട്ടുകാർ അവിടെ ഒരുക്കിവച്ചിരുന്നതെന്തെന്നോ? പുസ്‌തകങ്ങൾ! ഒന്നും രണ്ടുമല്ല  ലക്ഷം രൂപ വിലയുള്ള പുസ്‌തകങ്ങൾ. രബീന്ദ്രനാഥ ടാഗോർ, ബങ്കിംചന്ദ്ര ചാറ്റർജി, മുൻഷി പ്രേംചന്ദ് തുടങ്ങി പ്രമുഖരും അപ്രമുഖരുമായവരുടെ രചനകൾ. വധുവിന്റെ വീട്ടുകാർ കല്യാണക്കത്തിലും പറഞ്ഞിട്ടുണ്ടായിരുന്നത്രേ സമ്മാനം പുസ്‌തകരൂപത്തിൽമാത്രം മതിയെന്ന്. ചുരുക്കത്തിൽ, വിവാഹസ്ഥലം ഒരു വമ്പൻ വായനശാലപോലെയോ സാംസ്‌കാരികകേന്ദ്രംപോലെയോ ഒക്കെയായി. വധുവിന്റെ കൈയിലെയും കഴുത്തിലെയും ആഭരണങ്ങളിലല്ല  പന്തലിൽ  ഒരുക്കിവച്ച പുസ്‌തകങ്ങളിലായിരുന്നത്രേ അതിഥികളുടെ കണ്ണ്‌.  സദ്യാലയത്തിന് മുന്നിലായിരുന്നില്ല പുസ്‌തകക്കൂമ്പാരത്തിന് മുന്നിലായിരുന്നത്രേ തള്ളൽ. ഒന്ന് മറിച്ചുനോക്കാൻ.
 
വായനവാരം ആഘോഷിക്കുന്ന വേളയിൽ ഇതിലും ഇമ്പമുള്ള ഒരു വാർത്ത വേറെയുണ്ടോ സാർ. സ്‌ത്രീധനം സ്വീകരിക്കില്ലെന്ന് ഉറച്ചുനിന്ന ബാരിക്കിന് ഒരു കോമൺ കൈയടിയും കല്യാണവേദിയിൽ പുസ്‌തകങ്ങൾ നിറച്ച വധുവിന്റെ മാതാപിതാക്കൾ മിസ്റ്റർ ആൻഡ് മിസിസ് ആസിത് ബേജിനും പിന്തുണച്ച വധു പ്രിയങ്ക ബേജിനും സ്‌പെഷ്യൽ കൈയടിയും നൽകുകയാണ്. എണീറ്റുനിന്ന്. ഇതുപോലെ കുറെപ്പേർ ഉള്ളകാലത്തോളം പുസ്‌തകവും മരിക്കില്ല, വായനയും മരിക്കില്ല സാർ. സ്‌ത്രീധനം പുസ്‌തകരൂപത്തിൽ. എന്തുനല്ല ചിന്ത.
 

നമ്മുടെ നാട്ടിൽ

 
സ്‌ത്രീധനവിരുദ്ധ ചിന്തകൾ സജീവമാണെങ്കിലും പൂർണമായും വിട്ടുപോകാതെ ടി സമ്പ്രദായം നമ്മെ ചുറ്റിപ്പറ്റി നിൽപ്പുണ്ട്. ഡയറക്ട് ചോദ്യവും വിലപേശലുമൊക്കെ കുറഞ്ഞിട്ടുണ്ടാകാം. പക്ഷേ, പരോക്ഷമായെങ്കിലും വധുവിന്റെ വീട്ടുകാരുടെ ആസ്‌തിബാധ്യതകൾ മനസ്സിലാക്കിയശേഷമായിരിക്കും ഹരിശ്ചന്ദ്രന്മാരായി ‘ഏയ്, ഞങ്ങൾക്ക് ഡിമാൻഡൊന്നുമില്ല' എന്ന പഞ്ച് ഡയലോഗ്. മുമ്പൊക്കെ (പലേടത്തും ഇപ്പോഴും) പെണ്ണുകാണൽ ചടങ്ങിലെ മുഖ്യ അജൻഡതന്നെ കൊടുക്കൽ വാങ്ങൽ ചർച്ചയാണല്ലോ. പെൺകുട്ടി ചായ കൊണ്ടുവച്ച് അകത്തേക്ക് പോയിക്കഴിഞ്ഞാൽ   മറ്റ് സ്‌ത്രീകളും വധുവിനൊപ്പം അടുക്കള ഭാഗത്തേക്ക് മാറി ചെറുക്കനെക്കുറിച്ചുള്ള വിലയിരുത്തലുകൾ ആരംഭിക്കും. ഇങ്ങേപ്പുറത്ത് ചെറുക്കൻവീട്ടുകാരിലെ തന്ത്രജ്ഞൻ:
 

‘‘അപ്പോൾ ബാക്കി കാര്യങ്ങൾ?''

 
‘ബാക്കി കാര്യങ്ങൾ' എന്നതുകൊണ്ട് കല്യാണത്തീയതിയോ, കല്യാണം എവിടെ  നടത്തണമെന്നോ, എത്രപേർ വരുമെന്നോ ഒന്നുമല്ല ഉദ്ദേശിക്കുന്നത്. എന്താണ് കൊടുക്കാൻ ഉദ്ദേശിക്കുന്നതെന്നതാണ് ‘ബാക്കി കാര്യങ്ങളിൽ' വരുന്നത്. ‘ബാക്കി കാര്യങ്ങൾ' അറിഞ്ഞാലേ ശരിയായ കാര്യം നടക്കൂ. ‘ബാക്കി കാര്യങ്ങളിൽ' ഒന്നും ബാക്കിവയ്‌ക്കാനും പാടില്ല. സ്‌ത്രീധനചർച്ചകളിൽ വരന്റെ അച്ഛൻ ‘ഈ രക്തത്തിൽ എനിക്ക് പങ്കില്ല' സ്റ്റാൻഡായിരിക്കും സ്വീകരിക്കുക.  പുള്ളിക്കാരൻ ചർച്ചകളുടെ പുരോഗതി നിശ്ശബ്്‌ദം വിലയിരുത്തി അങ്ങനെ ഇരിക്കും.  പറയേണ്ടതും ചോദിക്കേണ്ടതുമൊക്കെ ടീമംഗങ്ങളെ പുറപ്പെടുന്നതിനുമുമ്പുതന്നെ പഠിപ്പിച്ചുവച്ചിട്ടുണ്ട്. ടീമിലെ സ്‌ത്രീധനചർച്ചാ വിദഗ്‌ധനായിരിക്കും ചർച്ച നിയന്ത്രിക്കുന്നത്. നിരവധി സ്‌ത്രീധനചർച്ചകൾ കൈകാര്യംചെയ്ത് ഈ വിഷയത്തിൽ അഗാധമായ അനുഭവജ്ഞാനമുള്ള ആളുമായിരിക്കും. ‘കാലശേഷം' എന്നതുകൊണ്ട് എന്താണ് അർഥമാക്കുന്നത്, ഇരുനില വീട് രണ്ട് മക്കൾക്കായിട്ടാണ് മാറ്റിവച്ചിരിക്കുന്നതെങ്കിൽ ഏതുനില ആർക്കൊക്കെയാണ് എന്നതിൽ വ്യക്തത വന്നിട്ടുണ്ടോ, ഒന്നുകിൽ സിറ്റിയിലെ അഞ്ച് സെന്റും ആയിരം സ്‌ക്വയർഫീറ്റ് വീടും അല്ലെങ്കിൽ കുറച്ച് ഉള്ളിലേക്ക് മാറിയുള്ള അമ്പത് സെന്റ് ഭൂമി ഇതിൽ ഏതെങ്കിലും ഒന്ന് എടുക്കാം എന്ന ഓപ്ഷൻ വരികയാണെങ്കിൽ ഏത് സ്വീകരിക്കുന്നതാണ് ബുദ്ധി തുടങ്ങിയ നിർണായക സ്‌ത്രീധന കീറാമുട്ടികൾ ഈസിയായി ഹാൻഡിൽചെയ്തെടുക്കും ഇദ്ദേഹം. സ്‌ത്രീ ധനത്തെ പ്രധാനമായും സ്വർണം, വീട്, വാഹനം, വസ്‌തു, ലിക്വിഡ് ക്യാഷ് എന്നിങ്ങനെ അഞ്ച് ഭാഗങ്ങളായാണ് വിഭജിച്ചിരിക്കുന്നത്‌.  അതിൽ മൂന്നുപൊരുത്തമെങ്കിലും ഉത്തമമായി വന്നാൽ വിവാഹത്തിെലത്തും. നാലും ഉത്തമമാണെങ്കിൽ ശ്രേഷ്‌ഠം. അഞ്ചും ഗംഭീരപൊരുത്തമാണെങ്കിൽ അതിവിശിഷ്ടം.  
 
വിദ്യാഭ്യാസം, സ്വഭാവഗുണം, രൂപഗുണം, ബന്ധുബലം, കുടുംബമാഹാത്മ്യം തുടങ്ങിയവയും പ്രധാനമാണെങ്കിലും ഒന്നാംവിഭാഗമായി പറഞ്ഞ അഞ്ച് ഐറ്റങ്ങൾ കോംപ്രമൈസ് ചെയ്‌ത്‌ ഈ രണ്ടാം വിഭാഗത്തിന് ഊന്നൽകൊടുക്കില്ല. ഉണ്ടെങ്കിൽ നല്ലത് അത്രതന്നെ. പക്ഷേ, ഇതിപ്പോൾ നല്ല മിടുക്കി പെൺകുട്ടികളുടെ കാലമാണ്. ‘‘സ്‌ത്രീധനമോ, പോയി പണിനോക്ക്'' എന്ന് അവർ ബോൾഡായിത്തന്നെ പറഞ്ഞുതുടങ്ങിയിരിക്കുന്നു. ‘‘അങ്ങനെ സ്‌ത്രീധനം തന്നിട്ട് ഞങ്ങളുടെ മോളെ അങ്ങോട്ടയക്കുന്നില്ലെന്ന്'' പറഞ്ഞ്‌ അച്ഛനമ്മമാരും കട്ടസപ്പോർട്ടുമായി മകൾക്കൊപ്പമുണ്ട്.  ഒരിടത്ത് ‘‘പെണ്ണിന് എന്തുകൊടുക്കും?'' എന്ന ചോദ്യം വന്നപ്പോൾ അച്ഛന്റെ മറുപടി:
 
‘‘രാവിലെ കാപ്പികൊടുക്കും. ഉച്ചയ്‌ക്ക്‌ ഊണുകൊടുക്കും. രാത്രി ചോറോ ചപ്പാത്തിയോ.''
അമ്മ ഇത്രയുംകൂടി പറഞ്ഞു: ‘‘കിടക്കുന്നതിനുമുമ്പ് ഒരു ഗ്ലാസ് പാലും കൊടുക്കും.'' അല്ലപിന്നെ. ചെറുക്കൻവീട്ടുകാർ ഓടിയവഴിയിൽ പുല്ലുപോലും കിളിർത്തിട്ടില്ലത്രേ.
 

മറുവശം

 
പറയുമ്പോൾ എല്ലാം പറയണമല്ലോ. ചില മാതാപിതാക്കൾക്ക് മകളെ കെട്ടുന്ന പയ്യന് സർക്കാർമേഖലയിൽ സ്ഥിരജോലിതന്നെവേണം. ശ്ശെടാ. സർക്കാർ ജോലിയില്ലെന്നുവച്ച് പെണ്ണുകെട്ടണ്ടേ? അങ്ങനെ ഒരു വീട്ടിൽ പെണ്ണുകാണൽ. പയ്യൻ ബഹുയോഗ്യൻ.  അന്തസ്സായി കുടുംബംനോക്കാനുള്ള ആരോഗ്യവും പ്രാപ്തിയും. ചെറിയ ബിസിനസ്സ് നടത്തുന്നു.
 
‘‘അയ്യോ, മറ്റൊന്നും തോന്നരുത്. മോളെ സർക്കാർ ജോലിയുള്ളവരോടൊപ്പമേ അയക്കൂ'' എന്ന് വീട്ടുകാർ.
ചെറുക്കൻടീംസ്‌ പുറത്തേക്കിറങ്ങുന്നു.അപ്പോൾ പെൺകുട്ടിയുടെ സഹോദരനോട് അവരിൽ ഒരാൾ: ‘‘മോൻ എന്തുചെയ്യുന്നു?'' മറുപടി: ‘‘ടാക്‌സി ഓടിക്കുന്നു''  ‘‘ഓ, അപ്പോൾ പെണ്ണുകെട്ടാൻ യോഗമില്ല അല്ലേ?'' എന്ന് കടുപ്പത്തിലൊരു ചോദ്യവും ചോദിച്ച് അവർ നടന്നു.
 
ഇങ്ങനെയൊക്കെയുള്ള അന്തരീക്ഷത്തിലാണ് ഞാൻ ആ പശ്ചിമ ബംഗാളിലെ സൂര്യകാന്ത് സഹോദരന്റെ വാർത്ത വായിച്ചതും എണീറ്റുനിന്ന് കൈയടിച്ചതും.
 

പുസ്‌തകസമ്മാനം

 
സ്‌ത്രീധനമായിട്ട് പുസ്‌തകം നൽകിയില്ലെങ്കിലും സമ്മാനമായിട്ട് പുസ്‌തകം നൽകൽ ഈസിയായിട്ട് നടത്താവുന്നതല്ലേ സാർ. ചെറിയ സമ്മാനത്തെ വലിയ പാക്കറ്റിലാക്കി വലുപ്പം കാണിക്കേണ്ട ബുദ്ധിമുട്ടുമില്ല. എന്ത് സന്തോഷമായിരിക്കും. കല്യാണസമ്മാനം പുസ്‌തകം. ജന്മദിനസമ്മാനം പുസ്‌തകം. വാർഷികസമ്മാനങ്ങളും പുസ്‌തകം. പത്ത് പുസ്‌തകം സമ്മാനമായി കിട്ടുമ്പോൾ വായിക്കാൻ താൽപ്പര്യമില്ലാത്തവർപോലും ഒന്ന് മറിച്ചുനോക്കും. അതിലൊരു സന്തോഷം തോന്നിയാൽ വായന വർധിക്കും. അതുമല്ല ഏത് വീട്ടിലും എഴുത്തുകാരുടെ പേരൊക്കെ പരാമർശിക്കപ്പെട്ടുതുടങ്ങും.
 
‘‘ശാരീടെ മോൾടെ കല്യാണം വിളിച്ചു. നമ്മുടെ മോന്റെ കല്യാണത്തിന് അവർ രണ്ടാമൂഴമാണ് തന്നത്. തിരിച്ചങ്ങോട്ട് ചങ്ങമ്പുഴ കൃതികളെങ്കിലും കൊടുക്കണം.''
‘‘ആ വീട്ടുകാർ നല്ല തമാശക്കാരല്ലേ? അപ്പോൾ ബഷീർ കൃതികൾ കൊടുക്കാം.'' തുടങ്ങിയ സംഭാഷണങ്ങൾ വീടുകളിൽ മുഴങ്ങുന്നത്‌ എത്ര ഹൃദ്യമായിരിക്കും.
‘‘ഏയ്... അവർക്ക് ഏതെങ്കിലും പുസ്‌തകം പോരാ. മിനിമം ശബ്‌ദതാരാവലിയെങ്കിലും വേണം.'' എന്നൊക്കെയുള്ള അഭിപ്രായങ്ങൾ എന്ത് സന്തോഷപ്രദമായിരിക്കും. സാറെ, ഞാൻ കൗതുകമായിട്ടോ രസമായിട്ടോ അല്ല പറയുന്നത്. നൂറല്ല നൂറ്റൊന്ന് ശതമാനം ആത്മാർഥമായിട്ടാണ്.സ്‌ത്രീധനമായിട്ട് ലക്ഷങ്ങളുടെ പുസ്‌തകങ്ങൾ കൊടുത്ത നാട്ടിൽ സമ്മാനമായിട്ടെങ്കിലും എന്തുകൊണ്ട് പുസ്‌തകം കൊടുത്തുകൂടാ സാർ. ഗിഫ്റ്റ് ഷോപ്പുകളിൽ ബുക്‌ഷെൽഫ്‌ സജ്ജമാക്കുന്നത്‌ സുഖംതരുന്ന കാര്യമല്ലേ.
പ്രധാന വാർത്തകൾ
 Top