04 April Saturday

കഴുത നമ്മളുദ്ദേശിച്ചയാളല്ല സർ

ശ്രീരാജ‌് ഓണക്കൂർ sreerajonakkoor@gmail.com ‘നീ വെറും കഴുതയാണല്ലോ’... ഇങ്ങUpdated: Sunday Feb 23, 2020

ഫാമിലെ കഴുതകൾക്കൊപ്പം എബി ബേബി

കഴുത എന്നത്‌ പരിഹാസദ്യോതകമായ  വാക്കാണ്‌ പൊതുവിൽ. എന്നാൽ, എറണാകുളം ജില്ലയിലെ രാമമംഗലത്തുള്ള എബി ബേബിക്ക്‌ കഴുത ലക്ഷങ്ങൾ വരുമാനം തരുന്ന അരുമകളാണ്‌. വസ്‌തുത അറിയാത്ത ആരോ ആണ്‌ കഴുതയെന്ന പരിഹാസ പ്രയോഗം തുടങ്ങിയതെന്ന്‌ വിശ്വസിക്കുന്നു  കഴുത ഫാം നടത്തുന്ന എബി 

നീ വെറും കഴുതയാണല്ലോ’... ഇങ്ങനെ കളിയാക്കുന്നവർക്ക‌് എറണാകുളം കോലഞ്ചേരിക്കടുത്ത്‌ രാമമംഗലം  വലിയമറവത്തു വീട്ടിൽ എബി ബേബിയുടെ ഫാമിലേക്ക്‌ സ്വാഗതം. കഴുത നമ്മളുദ്ദേശിച്ച ആളല്ലെന്ന‌് ഫാം മനസ്സിലാക്കിത്തരും. തമിഴ‌്നാട്ടിൽ സാധാരണ കഴുതകൾമുതൽ ലക്ഷങ്ങൾ വിലയുള്ള ഫ്രാൻസുകാരൻ പോയ‌്ടൂവരെ ഇവിടെ സൂപ്പർതാരങ്ങൾ.

‘വിവരമില്ലാത്ത ആരോ ആണ‌്  കഴുത എന്ന‌ പരിഹാസവാക്ക്‌ പ്രയോഗിച്ചു തുടങ്ങിയത‌്.’ കഴുതക്കുട്ടികളായ ബോബനെയും റാണിയെയും ലാളിച്ചുകൊണ്ട‌് എബി പറയുന്നു. കഴുതപ്പാൽ സംസ്‌കരിച്ച‌് ഇവിടെ ഉൽപ്പാദിപ്പിക്കുന്ന സൗന്ദര്യവർധക വസ‌്തുക്കൾ ഉലകംചുറ്റുകയാണ‌്. ഹോളിവുഡിലും വിദേശത്തെ രാജകുടുംബങ്ങളിലും ഡോ ൾഫിൻ ഐബിഎ എന്ന കമ്പനിയുടെ ഫെയ്‌സ്‌ക്രീമും ഫെയ്‌ഷ്യൽ കിറ്റും പരിചിതമായി.  ‘ഇന്ത്യയിൽ പാവപ്പെട്ടവന്റെ ചിഹ്നമാണ്‌ കഴുത. പക്ഷേ, വിദേശങ്ങളിൽ സമ്പന്നന്റേതും’–-  എബി പറയുന്നു.  

ഗുഡ‌്നൈറ്റ‌് മോഹൻ, ഇയ്യോബിന്റെ പുസ‌്തകം 

1993ൽ പതിനെട്ടാം വയസ്സിൽ ബംഗളൂരുവിൽ കംപ്യൂട്ടർ സയൻസ‌്  പഠനകാലം. ഒപ്പം താമസിച്ച സുഹൃത്ത‌് ബിസിനസ്‌ പൊട്ടി പാളീസായി മേലോട്ടുനോക്കിയിരിക്കുന്നു. വേറെ ജോലി വല്ലതും നോക്കിക്കൂടേയെന്ന എബിയുടെ ചോദ്യത്തിന‌് അവൻ പറഞ്ഞത‌് ഒരു കഥ. സിനിമാ  നിർമാതാവുകൂടിയായ വ്യവസായി ഗുഡ‌്നൈറ്റ‌് മോഹനാണ‌്  കഥയിലെ നായകൻ. മോഹൻ ഒരിക്കൽ ജപ്പാനിൽ പോയി. കൊതുകുകടി സഹിക്കാനാകാതെ ഹോട്ടലിലെ റൂംബോയിയോട‌് ചൂടായി. കൊതുകിനെ തുരത്താൻ  മാറ്റുമായാണ്‌ അയാൾ വന്നത്‌. അത്‌ കത്തിച്ചപ്പോൾ കൊതുകുകൾ ചത്തുവീണു. ഇതിൽനിന്ന‌് പ്രചോദനം ഉൾക്കൊണ്ടാണ‌് ഗുഡ‌്നൈറ്റ‌് മാറ്റുകൾ ഉണ്ടാക്കി വിപണിയിൽ എത്തിച്ചത്‌. പിന്നീടത്‌ കോടികൾ നൽകി ഗോദ്‌റെജ‌്  ഏറ്റെടുത്തു. ഗുഡ‌്നൈറ്റ‌് മോഹൻ പ്രചോദനമായത്‌ സുഹൃത്തിനല്ല, എബിക്കായിരുന്നു. രണ്ടാമത്തേത്‌ ബൈബിൾ കഥ. ഇയ്യോ ബിന‌് മൂന്ന‌് പുത്രിമാരും ഏഴ‌് പുത്രന്മാരും. പുത്രിമാർക്ക്‌ ആയിരം കഴുതകളുണ്ട്‌. ഇയ്യോബിന്റെ പുത്രിമാരെപ്പോലെ സൗന്ദര്യമുള്ളവർ അന്നാട്ടിലെങ്ങും ഇല്ലായിരുന്നു (ഇയ്യോബ് 52:15). കഴുതപ്പാലായിരുന്നു അവരുടെ സൗന്ദര്യരഹസ്യം. ക്ലിയോപാട്ര കഴുതപ്പാലിൽ കുളിച്ചിരുന്നുവെന്നും എബി കേട്ട കഥകളിലുണ്ടായിരുന്നു.  
 

അലർജി മാറ്റും കഴുതപ്പാൽ 

കഴുതപ്പാൽ സംസ്‌കരിക്കാൻ ഫ്രീസ്‌ ഡ്രയിങ് ടെക്‌നോളജിയാണ്‌ ഉപയോഗിക്കുന്നത്‌. വീടിനോട്‌ ചേർന്നാണ്‌ ഉൽപ്പാദനകേന്ദ്രം. തിളപ്പിച്ചാൽ ഗുണം നഷ്ടപ്പെടും. 50 മില്ലി ലിറ്റർ പാൽമാത്രമേ ഒരു കഴുതയിൽനിന്ന്‌ പരമാവധി ലഭിക്കൂ. കഴുതപ്പാൽ ലിറ്ററിന്‌ വില 4800 രൂപ. ആസ്‌മ അടക്കമുള്ള അലർജിരോഗങ്ങൾക്ക്‌ കഴുതപ്പാൽ ഗുണകരമാണെന്നാണ്‌ എബിയുടെ വാദം. മറ്റു മൃഗങ്ങളുടെ പാലിൽനിന്ന്‌ വ്യത്യസ്‌തമായി മഗ്‌നീഷ്യം, സിങ്ക്‌, ഫോസ്‌ഫറസ്‌ എന്നിവയെല്ലാം ഇതിലുണ്ട്‌.  
 രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ കഴുതപ്പാലിനാകുമെന്ന്‌ ശാസ്‌ത്രീയപഠനങ്ങൾ തെളിയിച്ചിട്ടുണ്ട്‌. കഴുതപ്പാലിന്റെ ഔഷധഗുണങ്ങളെക്കുറിച്ച്‌ അനിമൽ സയൻസ്‌ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. ബി എൻ ത്രിപാഠി, നാഷണൽ റിസർച്ച്‌ ഓൺ ഇക്വിനസിലെ ശാസ്‌ത്രജ്ഞരായ ഡോ. യശ്‌പാൽ, ഡോ. അനുരാധ ഭരദ്വാജ്‌ എന്നിവരുമായി സഹകരിച്ച്‌ ഗവേഷണങ്ങൾ നടത്തുന്ന തിരക്കിലാണ്‌ എബി.  
 

 മെരുക്കാനാകില്ല, ഇണക്കാം 

രാജസ്ഥാനിലെ ബിക്കാനീറിൽനിന്ന്‌ ലേലത്തിൽ പിടിച്ചവയാണ്‌ വില കൂടിയ ഇനങ്ങൾ. കരസേനയ്‌ക്കുവേണ്ടി ഭാരം ചുമക്കുന്ന കഴുതകളാണിവ.  പെൺകഴുതകളെ ഇണചേർക്കാൻ കൊണ്ടുവന്ന ഹലാരി എന്ന ഗുജറാത്തിയെ പ്രത്യേകം കൂട്ടിലാണ്‌ പാർപ്പിച്ചിരിക്കുന്നത്‌. ഭക്ഷണം നൽകാൻ ചെന്നയാളുടെ കൈ കടിച്ചെടുത്തവൻ. 50 പേർ പിടിച്ചാലും അടങ്ങില്ല ഈ കരുത്തൻ. മെരുക്കാൻ കഴിയാത്ത കഴുതകളെ ഇണക്കാനേ കഴിയൂ. കുതിര അതിവേഗം നീങ്ങും. കാൽ മടിഞ്ഞ്‌ വീണാലും  പെട്ടെന്ന്‌ ചാടി എഴുന്നേൽക്കും. പുറത്തിരിക്കുന്നയാളുടെ കാര്യം ഓർക്കില്ല. പക്ഷേ, കഴുത എന്തെങ്കിലും പ്രതിബന്ധങ്ങൾ വന്നാൽ മനുഷ്യനെപ്പോലെ ആലോചിച്ചേ പ്രവർത്തിക്കൂ. ഇവയെ ആദ്യമായി കൊണ്ടുവന്നശേഷം അഴിച്ചുവിട്ടെങ്കിലും വഴിതെറ്റാതെ തിരിച്ചെത്തി.
റാഗി, മുതിര, കടല എന്നിവയാണ്‌ പ്രധാന ഭക്ഷണം. മനുഷ്യനെ എന്നപോലെ നോക്കണം. മനുഷ്യന്‌ വരുന്ന എല്ലാ അസുഖങ്ങളും വരും. ഇതുകൊണ്ടുതന്നെയാണ്‌ പലരും കഴുതവളർത്തലിൽനിന്ന്‌ പിന്മാറുന്നത്‌.
 

സ്വപ്‌നം ആയിരം കഴുതകൾ 

കഴുത ഫാമിനെ ടൂറിസവുമായി ബന്ധപ്പെടുത്തി റിസോർട്ട‌ാക്കാനുള്ള ഒരുക്കത്തിലാണ‌് എബി. നിലവിൽ 24 എണ്ണമുണ്ട‌്. ഇത‌് മുന്നൂറാക്കി ഉയർത്തണം. ആയിരം കുതിരയോ ആനയോ ഉണ്ടെന്നു പറയുമ്പോൾ ഉള്ളതിനേക്കാൾ കൗതുകമാണ്‌ 50 കഴുതയുണ്ടെന്ന്‌ കേട്ടാൽ.  കഴുതപ്പാലിൽനിന്നുള്ള സോപ്പും ബോഡിക്രീമും ലിപ്‌ ബാമുമെല്ലാം മാർച്ചോടെ വിപണിയിലെത്തും. എബിയുടെ കഥ കേട്ടറിഞ്ഞ്‌ സിനിമാക്കാരും ഇവിടെയെത്തി. ‘ആയിരം കഴുതകൾ. അവയെ നോക്കി ഇയ്യോബിനെപ്പോലെ ഞാൻ’ എബി സ്വപ്‌നം കാണുകയാണ്‌.
 
 

 

പ്രധാന വാർത്തകൾ
 Top