04 April Saturday

ഓർമകളിൽ കുടമണി കിലുങ്ങുന്നു

ബിജോ ടോമി bijotomy2011@gmail.comUpdated: Sunday Feb 23, 2020

ഒരു കാലത്ത്‌ വടകരപ്പതിയിലെ പണിശാലകളിൽ ആളുകൾ കാത്തു കെട്ടിക്കിടന്നിരുന്നു. സൗന്ദർരാജനും മക്കളും നിർമിക്കുന്ന കാളവണ്ടികൾക്കു വേണ്ടി. ഈ നാടിനെ മറുനാട്ടുകാർ അറിഞ്ഞത്‌ സത്രം വണ്ടികളുടെ പേരിലായിരുന്നു. വണ്ടി നിർമിക്കുന്ന ശിൽപ്പികളുടെ അവസാന തലമുറ ഓർമകൾ പങ്കുവയ്‌ക്കുന്നു 

അവർക്കിപ്പോഴും കേൾക്കാം തണ്ടുവലിക്കുന്ന കാളകളുടെ കുളമ്പടി ശബ്‌ദവും കുടമണിക്കിലുക്കവും വായുവിൽ  പുളയുന്ന ചാട്ടയുടെ മൂളലും. ഈ തലമുറ അവസാനിച്ചാൽ തീരും, കാലത്തെ മുന്നോട്ടുനയിച്ച കാളവണ്ടികളുടെ ഓർമകൾ. വടകരപ്പതി ഗ്രാമത്തിലെ പണിപ്പുരയിൽ ഒരുങ്ങിയ ‘സത്രം’ വണ്ടികൾക്കായി ആളുകൾ കാത്തുകെട്ടിക്കിടക്കുന്ന കാലത്തിന്റെ ഓർമകളെ അവർ ചിന്തേരിട്ട്‌ മിനുക്കുകയാണ്‌. തടിയിൽ ഉളിയും കൊട്ടുവടിയും തീർക്കുന്ന ശബ്ദം ജീവതാളമാക്കിയവർ.     

തമിഴ്നാടിനോട് ചേർന്ന പാലക്കാടൻ ഗ്രാമമായ വടകരപ്പതിയിലെ പരിശക്കല്ലിലാണ്‌ കാളവണ്ടി നിർമാണത്തിലെ അവസാന തലമുറ തങ്ങളുടെ ദൗത്യം തുടരുന്നത്‌.  തമിഴ്‌കാറ്റിൽ അലിഞ്ഞുചേരുന്ന താളത്തെ പിന്തുടർന്നാൽ  ‘സത്രം’ കാളവണ്ടികളുടെ പണിപ്പുരയിലെത്തും. പണ്ടൊക്കെ തമിഴ്‌നാട്ടിൽനിന്നും  കർണാടകത്തിൽനിന്നും കാളവണ്ടി തേടി ആളുകളെത്തിയിരുന്നു. മോട്ടോർ വാഹനങ്ങൾ റോഡ്‌ കീഴടക്കിയതോടെ നാലേക്കറിൽ പരന്നു കിടന്നിരുന്ന കാളവണ്ടി നിർമാണശാല ചെറിയൊരു ഷെഡിൽ ഒതുങ്ങി. സഹോദരങ്ങളായ ഗോവിന്ദച്ചാമി, പഞ്ചലിംഗം, മതിവാണൻ എന്നിവരാണ്‌ ശിൽപ്പികൾ. ഇപ്പോഴും കാളവണ്ടികൾ നിർമിക്കുന്നവരിൽ ചിലർ. അച്ഛനപ്പൂപ്പന്മാരായി കൈമാറി കിട്ടിയ കുലത്തൊഴിലാണ്‌ അവർക്കിത്‌. ‘മക്കളൊക്കെ വേറെ ജോലിയിലേക്ക്‌ തിരിഞ്ഞു. ഞങ്ങളുടെ തലമുറയോടെ ഇതു നിലയ്‌ക്കും’–- പഞ്ചലിംഗത്തിന്റെ വാക്കുകളിൽ നിരാശ. 

 
പഴനിയിലാണ്‌ തായ്‌വേരുകൾ. മുത്തച്ഛൻ കറുപ്പുസ്വാമി  പേരുകേട്ട കാളവണ്ടിക്കാരൻ. കറുപ്പുസ്വാമിയിൽനിന്ന്‌ കാളവണ്ടി നിർമാണത്തിൽ വൈദഗ്‌ധ്യം നേടിയ അച്ഛൻ സുന്ദർരാജ്‌ അറുപതാണ്ടുകൾക്കു മുമ്പ്‌ വടകരപ്പതിയിൽ എത്തിയതോടെയാണ്‌ പരിശക്കൽ കാളവണ്ടി നിർമാണ കേന്ദ്രമാകുന്നത്‌. സത്യത്തിൽ കാളവണ്ടി നിർമിക്കാനല്ല സുന്ദർരാജ്‌ വന്നത്‌. വടകരപ്പതിയും സമീപ പ്രദേശങ്ങളും അന്ന്‌ കരിമ്പുകൃഷിയുടെ കേന്ദ്രം. കരിമ്പിൽനിന്ന്‌ ശർക്കര ഉണ്ടാക്കാൻ ചക്ക്‌ നിർമിച്ച്‌ വാടകയ്‌ക്ക്‌ നൽകുകയായിരുന്നു ഉദ്ദേശ്യം. ഇതിനൊപ്പം കരിമ്പ്‌ കൊണ്ടുപോകാനും മറ്റും ഉപയോഗിച്ചിരുന്ന കാളവണ്ടികളുടെ അറ്റകുറ്റപ്പണികളും അത്യാവശ്യം വണ്ടി നിർമാണവും ചെയ്‌തു തുടങ്ങി. സുന്ദർരാജിന്റെ  വൈദഗ്‌ധ്യം കണ്ട്‌ നാട്ടുകാർ പ്രദേശത്തുനിന്ന്‌ മടങ്ങരുതെന്ന്‌ ആവശ്യപ്പെട്ടു. കാളവണ്ടി നിർമാണത്തിനായുള്ള സ്ഥലവും  കണ്ടെത്തി നൽകി. ഇതോടെ ചക്കിന്റെ പണി നിർത്തി. ശ്രദ്ധ കാളവണ്ടി നിർമാണത്തിൽ മാത്രമായി. കേട്ടറിഞ്ഞ്‌ പുറമെനിന്ന്‌ ആളുകളെത്തി. അതോടെ നിർമാണശാലയ്‌ക്ക്‌ ഏകദേശം നാലേക്കറോളം വിസ്‌തൃതിയായി. 
 
തമിഴ്‌നാട്ടിൽനിന്ന്‌  പണിക്കാർ എത്തിയിരുന്നു. സുന്ദർരാജ്‌ നിർമിക്കുന്ന കാളവണ്ടികൾക്ക്‌ ആളുകളൊരു പേരും ചാർത്തി നൽകി. സത്രം വണ്ടികൾ.  തൊട്ടടുത്തുള്ള സ്ഥലത്തിന്റെ പേരാണ്‌ സത്രം. സമീപസ്ഥലങ്ങളിലും ഇതുപോലെ വണ്ടി നിർമാണ കേന്ദ്രങ്ങൾ പ്രവർത്തിച്ചിരുന്നു. കാലക്രമേണ എല്ലാം നിലച്ചു. അപ്പോഴും സത്രം വണ്ടികൾ തലമുറകളിലൂടെ നിരത്തുകളിൽ ഓടിക്കൊണ്ടിരുന്നു. സുന്ദർരാജിന്റെ ഒമ്പത്‌ ആൺമക്കളിൽ ആറു പേരും കാളവണ്ടി നിർമാണം തന്നെ തൊഴിലാക്കി. ഗോവിന്ദച്ചാമിയെയും പഞ്ചലിംഗത്തെയും മതിവാണനെയും കൂടാതെ കാളവണ്ടി നിർമിച്ചിരുന്ന ബാക്കി മൂന്നുപേരും ഇപ്പോഴില്ല.  ജീവിച്ചിരിക്കുന്നവരിൽ മൂത്തയാളായ ഗോവിന്ദച്ചാമിക്ക്‌ വയസ്സ്‌ 75.  ബാക്കി രണ്ടു പേർക്കും ഇതിനോടടുത്തു പ്രായം. പഴയതു  പോലെ ശരീരം വഴങ്ങുന്നില്ല. പണിനിർത്താൻ സമയമായെന്ന്‌ ശരീരം ഇടയ്‌ക്കിടെ ഓർമിപ്പിക്കാറുണ്ടെന്നു പറഞ്ഞ്‌ മൂവരും ചിരിച്ചു.
 
മുപ്പത്തഞ്ച്‌ വർഷം മുമ്പാണ്‌ സുന്ദർരാജ്‌ മരിച്ചത്‌. അതിനു ശേഷം മക്കൾ ഓരോരുത്തരും സ്വന്തമായി നിർമാണം ആരംഭിച്ചു. ഒരു മതിലിന്റെ മാത്രം അകലത്തിൽ മൂന്നു പണിശാലകൾ. ഇപ്പോൾ അപൂർവമായി മാത്രമേ കാളവണ്ടി തേടി ആളെത്തുന്നുള്ളൂ.  ഗ്രാമങ്ങളിൽ കാളവണ്ടി ഉപയോഗിക്കുന്നവർ അറ്റകുറ്റപ്പണിക്കായി വരാറുണ്ട്‌.  മത്സരയോട്ടങ്ങളുടെ സീസണാകുമ്പോൾ ചക്രങ്ങളും മറ്റും ശരിയാക്കാൻ  പലരുമെത്തും. 
 
ഏറെ വൈദഗ്‌ധ്യം വേണ്ട ജോലിയാണ്‌ കാളവണ്ടി നിർമാണമെന്ന്‌  പഞ്ചലിംഗം അഭിമാനത്തോടെ പറഞ്ഞു. ചക്രമാണ്‌ ആദ്യം നിർമിക്കുക. കരിവേലകവും  തേക്കുമൊക്കെയാണ്‌ ചക്രത്തിന്‌ ഉപയോഗിക്കുക. ചക്രത്തിന്റെ നടുവിലെ കുംഭമാണ്‌ ആദ്യം പണിയുക. കുംഭത്തിനു ചുറ്റും ചക്രത്തിന്‌ ഭംഗിയും ബലവും നൽകുന്ന ആരക്കാലുകൾ പിടിപ്പിക്കും. റ ആകൃതിയിൽ തേക്കിൻ കഷണങ്ങൾ വെട്ടിയെടുത്ത്‌ യോജിപ്പിച്ചാണ്‌ വൃത്തമുണ്ടാക്കുന്നത്‌. ഇത്‌ ആരക്കാലിൽ ഘടിപ്പിക്കും. പൊള്ളാച്ചിയിൽനിന്നാണ്‌ ചക്രത്തിനുള്ള ഇരുമ്പു പട്ടയും ടയറും  വരുത്തുക. ടാർ റോഡുകൾ വന്നതോടെ ഇരുമ്പുപട്ടയിൽ വണ്ടി ഓടിക്കുന്നത്‌ ബുദ്ധിമുട്ടായി. തുടർന്നാണ്‌ ചക്രങ്ങളിൽ ടയർ ഘടിപ്പിച്ചുതുടങ്ങിയത്‌. ആളുകളിരിക്കുന്ന മേൽബോഡിയിൽനിന്ന്‌ പത്തടി നീളത്തിൽ മുന്നോട്ടു നീണ്ട കോലുകളിലാണ്‌ കാളയെ കെട്ടുക. ആവശ്യമനുസരിച്ച്‌ വണ്ടികളുടെ വലുപ്പത്തിലും നിർമാണത്തിലും വ്യത്യാസമുണ്ടാകും.
 
 
ഭാരവണ്ടിക്ക്‌ വലുപ്പവും ഈടും കൂടുതലാണ്‌. 12 ആരക്കാലുകളാണ്‌ ഉണ്ടാകുക. ചക്രത്തിന്‌ നാലരമുതൽ അഞ്ചടിവരെ വ്യാസം. സവാരിവണ്ടിക്ക്‌ 14 ആരക്കാലുകൾ. ഏഴു പട്ടകൾ വേണം. മൂന്നരയടിവരെയാകും ചക്രത്തിന്റെ വ്യാസം. അഞ്ചു മുതൽ പത്തു പേർക്കിരിക്കാവുന്ന വണ്ടികളായിരുന്നു പണ്ട്‌.  ഇപ്പോൾ രണ്ടു പേർക്ക്‌ ഇരിക്കാവുന്നതും.  മത്സരയോട്ടത്തിന്‌ ഉപയോഗിക്കുന്നവയ്‌ക്ക്‌ വലുപ്പം കുറവായിരിക്കും. രാപ്പകൽ വിശ്രമമില്ലാതെ വണ്ടികൾ നിർമിച്ചകാലത്തിന്റെ പ്രസരിപ്പായിരുന്നു ഇതു വിവരിക്കുമ്പോൾ പഞ്ചലിംഗത്തിന്റെ മുഖത്ത്‌. 
സമീപദേശത്തുനിന്ന്‌ എത്തിയ രണ്ടുപേർ കാത്തുനിന്നിരുന്നു. അടുത്തുതന്നെ നടക്കുന്ന മത്സരയോട്ടത്തിൽ പങ്കെടുക്കാൻ അറ്റകുറ്റപ്പണിക്കായി കാളവണ്ടിയുമായി എത്തിയവർ.  മുണ്ടൊന്നുമുറുക്കി വണ്ടിക്കരികിലേക്ക്‌ നീങ്ങുമ്പോൾ പഞ്ചലിംഗം ആരോടെന്നില്ലാതെ പറഞ്ഞു. ‘ഇതുപോലെ എത്ര വണ്ടികൾ ദിവസവും എത്തിയിരുന്ന മുറ്റമാണിത്‌.’
പ്രധാന വാർത്തകൾ
 Top