20 February Wednesday

ആവിഷ്കാരത്തിലെ കറുപ്പും വെളുപ്പും

എം എസ് അശോകന്‍Updated: Sunday Oct 22, 2017

ഡിജിറ്റല്‍ ഡിസൈനര്‍ ജോലി ഉപേക്ഷിച്ച് മുഴുവന്‍സമയ ചിത്രരചനയില്‍ മുഴുകിയിട്ടുള്ള ആറ്റിങ്ങല്‍ വക്കം സ്വദേശി എ ആര്‍ അരുണ്‍ തന്റെ രണ്ടാമത്തെ ഏകാംഗ ചിത്രപ്രദര്‍ശനത്തിനുള്ള തയ്യാറെടുപ്പിലാണ്. പ്രമേയത്തിലും ആവിഷ്കാരത്തിലും വ്യത്യസ്തത പുലര്‍ത്തുന്ന ചിത്രങ്ങളുടെ രചനയിലൂടെ ലഭിക്കുന്ന സംതൃപ്തിയാണ് അരുണിനെ തിരക്കേറിയ ഡിജിറ്റല്‍ ഡിസൈനിങ് രംഗത്തുനിന്ന് ഇവിടെ എത്തിച്ചത്. രാജ്യത്തിനകത്തും പുറത്തുമുള്ള പ്രധാന നഗരങ്ങളില്‍ ഡിസൈനര്‍ ജോലി ചെയ്തതിന്റെ പരിചയവും ജീവിതാനുഭവങ്ങളുമെല്ലാം പരുവപ്പെടുത്തിയ കാഴ്ചപ്പാടുകള്‍ ആത്മാവിഷ്കാരത്തിനുള്ള ഇന്ധനമാക്കുകയാണ് ഈ യുവ ചിത്രകാരന്‍. 

എ ആര്‍ അരുണ്‍

എ ആര്‍ അരുണ്‍

ഡിജിറ്റല്‍ ഡിസൈനര്‍ എന്ന നിലയില്‍ വര്‍ണസമ്പന്നമായ രചനാലോകമാണ് പരിചയമെങ്കിലും സ്വതന്ത്ര ചിത്രാവിഷ്കാരങ്ങളില്‍ അരുണിന് പഥ്യം കറുപ്പിനോടും വെളുപ്പിനോടുമാണ്. ഡിസൈനര്‍ എന്ന നിലയിലായിരിക്കണം ഇല്ലസ്ട്രേഷനും ഡൂഡിലുകളും കടലാസില്‍ കൂടുതലായി ചെയ്യുന്നത്. പത്തുരൂപയുടെ ബോള്‍ പോയിന്റ് പേനയിലെ കറുത്ത മഷി ഉപയോഗിച്ച് കുനുകുനെ വരച്ച് രൂപപ്പെടുത്തിയ ചിത്രങ്ങളില്‍ അരുണ്‍ അലിയിക്കുന്ന പ്രകൃതിപക്ഷ കാഴ്ചപ്പാടുകള്‍ ചിത്രങ്ങളെ തീക്ഷ്ണമായ ആസ്വാദനാനുഭവമാക്കുന്നു. കണ്ടലുകള്‍, കൊക്കുപോലുള്ള പക്ഷികള്‍, മൃഗങ്ങള്‍, വൃക്ഷങ്ങളൊക്കെയാണ് അരുണിന്റെ ചിത്രങ്ങളില്‍ ആവര്‍ത്തിച്ച് പ്രത്യക്ഷപ്പെടുന്ന ഇമേജുകള്‍. വിദൂര ഏകാന്തങ്ങളിലേക്കുള്ള യാത്രകളെ ഇഷ്ടപ്പെടുന്ന ചിത്രകാരന്റെ ചിത്രങ്ങളുടെ ആകെത്തുകയില്‍ അത്തരമൊരു ധ്യാനാത്മകതയും അലിഞ്ഞിരിക്കുന്നു. വിശാല ഭൂപ്രകൃതിയും അതിലെ ഗോചരമായ ഏകാന്ത ജീവസാന്നിധ്യവുമൊക്കെ ആസ്വാദകനെ സന്തോഷിപ്പിക്കും. അതിലുപരി കറുപ്പിന്റെയും വെളുപ്പിന്റെയും ഇഴയടുപ്പവും അകലവും കൃത്യതയോടെ എടുത്തുവച്ചുണ്ടാക്കുന്ന അടരുകള്‍ ചിത്രത്തിന് കൂടുതല്‍ കാഴ്ചയഴകും മിഴിവും സമ്മാനിക്കുന്നു എന്നതാണ്.

എ ആര്‍ അരുണ്‍ വരച്ച ചിത്രം

എ ആര്‍ അരുണ്‍ വരച്ച ചിത്രം

പെന്‍സിലും പേനയും ആവശ്യമായ സൂക്ഷ്മതയോടെയും വഴക്കത്തോടെയും അരുണ്‍ പ്രയോഗിക്കുന്നു. പ്രകൃതിചിത്രങ്ങളുടെ രചനയിലായാലും പോര്‍ട്രെയിറ്റുകളുടെ രചനയിലായാലും. കറുപ്പും വെളുപ്പുമുപയോഗിച്ച് വൈവിധ്യമാര്‍ന്ന പാറ്റേണുകള്‍ തീര്‍ക്കുന്നത് വലിയ വെല്ലുവിളിയാണെന്ന് അരുണ്‍ പറയുന്നു. വര്‍ണങ്ങളുപയോഗിക്കുമ്പോഴുള്ള സ്വാതന്ത്യ്രമോ അവസരങ്ങളോ അവിടെയില്ല. ആ വെല്ലുവിളി ഏറ്റെടുത്ത് പൂര്‍ത്തിയാക്കുന്നതിലെ സംതൃപ്തിയും ഈ മീഡിയങ്ങള്‍ തരുന്നുണ്ടെന്ന് അരുണ്‍ പറഞ്ഞു. തിരുവനന്തപുരം വൈലോപ്പിള്ളിയില്‍ ഏറ്റവുമൊടുവില്‍ സംഘടിപ്പിച്ച ഏകാംഗ പ്രദര്‍ശനത്തിലെ ചിത്രങ്ങളെല്ലാം കറുപ്പിലും വെളുപ്പിലും എഴുതിയവയായിരുന്നു. പ്രകൃതി പ്രമേയത്തില്‍ അവിടെ പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍ക്കും ഉപയോഗിച്ച മീഡിയത്തിനും ആസ്വാദകരില്‍നിന്ന് നല്ല പ്രതികരണം ലഭിച്ചതും കൂടുതല്‍ പരീക്ഷണത്തിന് അരുണിനെ പ്രേരിപ്പിക്കുന്നു.

കടലാസില്‍ ചിത്രങ്ങളെഴുതുന്നതുപോലെ അനായാസമായി അക്രിലിക്കും ഫാബ്രിക് പെയിന്റുമെല്ലാമുപയോഗിച്ച് ചുമരില്‍ ചിത്രമെഴുതാനും അരുണിന് കഴിയും. ആവശ്യക്കാര്‍ക്ക് വലുപ്പം കൂടിയ അത്തരം ചിത്രങ്ങള്‍ നിലവില്‍ ധാരാളമായി ചെയ്തുകൊടുക്കുന്നു. ഡൂഡില്‍ ആര്‍ട്ടും ഇത്തരത്തില്‍ ചെയ്തുകൊടുക്കുന്നുണ്ട്.
 
msasokms@gmail.com
പ്രധാന വാർത്തകൾ
 Top