22 February Friday

ഉദാഹരണം സ്വരാജ്

മിഥുന്‍ കൃഷ്ണUpdated: Sunday Oct 22, 2017

സ്വരാജ് ഗ്രാമിക

പുത്തന്‍പണത്തില്‍ അഭിനയിക്കുന്നതിനുമുമ്പ് നാടകവേദിയിലും ഷോര്‍ട്ട്ഫിലിം മേഖലയിലും സ്വരാജ് ഉണ്ട്. കൊല്ലത്തെ നാടകപ്രവര്‍ത്തകനായ മണിവര്‍ണനാണ് പുത്തന്‍പണം എന്ന ചിത്രത്തിലേക്ക് സംവിധായകന്‍ രഞ്ജിത് ബാലനടനെ തേടുന്ന വിവരം പറഞ്ഞത്. താല്‍പ്പര്യമുണ്ടെന്നറിഞ്ഞപ്പോള്‍ മണിവര്‍ണന്‍തന്നെ രഞ്ജിത്തുമായി ബന്ധപ്പെട്ടു. പിറ്റേദിവസംതന്നെ കോഴിക്കോട്ട് എത്താന്‍പറഞ്ഞു. യാത്രയ്ക്കിടയില്‍ മുമ്പ് അഭിനയിച്ച ഷോര്‍ട്ട് ഫിലിമുകളുടെയും നാടകങ്ങളുടെയും വീഡിയോ രഞ്ജിത്തിന് വാട്സാപ് ചെയ്തു. കോഴിക്കോട്ടുവച്ച് കണ്ടപ്പോള്‍ അദ്ദേഹം അഭിനയത്തെക്കുറിച്ച് ഒന്നും ചോദിച്ചില്ല; പറഞ്ഞുമില്ല. മറ്റു പല കാര്യങ്ങളും അന്വേഷിച്ചു. തീരുമാനമെന്തെന്ന് അറിയാതെ നാട്ടിലേക്ക് മടങ്ങി. ഏറെക്കഴിഞ്ഞ് ഒരു ദിവസം രഞ്ജിത് വിളിച്ചു. സിനിമ തുടങ്ങാന്‍പോകുന്നു. തയ്യാറാകണം. അങ്ങനെ പുത്തന്‍പണത്തിലൂടെ ബിഗ്സ്ക്രീനിലേക്ക്.

മമ്മൂട്ടിക്കൊപ്പം മാസ് എന്‍ട്രി

കൊച്ചിയിലായിരുന്നു പുത്തന്‍പണത്തിന്റെ ആദ്യ ലൊക്കേഷന്‍. തമിഴ് ബാലന്‍ മുത്തുവേല്‍ എന്ന കഥാപാത്രം. മമ്മൂട്ടിക്കൊപ്പമായിരുന്നു ആദ്യ ഷോട്ട്. പരിഭ്രമം ഉണ്ടായെങ്കിലും സ്റ്റാര്‍ട്ട് പറഞ്ഞപ്പോള്‍ ആദ്യഷോട്ടില്‍ത്തന്നെ ഓകെ. മമ്മൂട്ടിയും രഞ്ജിതും അടക്കമുള്ളവര്‍ അഭിനന്ദിച്ചു. കേന്ദ്രകഥാപാത്രമായ മമ്മൂട്ടിയുടെ അധോലോക നായകന്‍ നിത്യാനന്ദ ഷേണായിയെ വട്ടംചുറ്റിക്കുന്ന തമിഴ് പയ്യന്‍ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. ഷേണായി ഉപേക്ഷിച്ച തോക്ക് കിട്ടുന്ന മുത്തുവേല്‍ അതുകൊണ്ട് തന്റെ ജീവിതം സുരക്ഷിതമാക്കാമെന്ന പ്രതീക്ഷയില്‍ മുന്നോട്ട് നീങ്ങുന്നു. തോക്ക് വീണ്ടെടുക്കാന്‍ കൊച്ചിയില്‍ എത്തുന്ന ഷേണായിക്ക് മുത്തുവേലിനു മുന്നില്‍ തോല്‍ക്കേണ്ടിവരുന്നു. മമ്മൂട്ടിക്കൊപ്പം മികച്ച പ്രകടനം കാഴ്ചവച്ചു സ്വരാജ്. ഷൂട്ടിങ് ലൊക്കേഷനില്‍ മമ്മൂട്ടിയുമായി ഏറെ അടുത്തു. ഒടുവില്‍ പിരിയുമ്പോള്‍ മമ്മൂട്ടി സ്വരാജിന്റെ ഡയറിത്താളില്‍ ഇങ്ങനെ എഴുതി. 'യാത്ര ആരംഭിച്ചിട്ടേയുള്ളൂ. വഴികളിലെ മുള്ളുകളെയും പൂക്കളായി കരുതി യാത്ര തുടരുക. വിജയാശംസകള്‍...'

ആരംഭം അപുവില്‍

നാടകക്കമ്പക്കാരനായ അച്ഛന്‍ ബൈജു ഗ്രാമികയാണ് മകനിലെ നടനെ തിരിച്ചറിഞ്ഞത്. തിരുവനന്തപുരം നാവായിക്കുളം വെട്ടിയറ ഗ്രാമിക നാടകപഠനഗവേഷണ സംഘംപ്രവര്‍ത്തകനാണ് ബൈജു. മൂന്നാംക്ളാസില്‍ പഠിക്കുമ്പോള്‍ മോണോആക്ടിലൂടെയാണ് സ്വരാജ് അഭിനയരംഗത്ത് എത്തുന്നത്. 2012ല്‍ ആരംഭിച്ച ഗ്രാമിക നാടകപഠനഗവേഷണ സംഘത്തിന്റെ ആദ്യനാടകം പഥേര്‍ പാഞ്ചാലി ആയിരുന്നു. അതില്‍ കേന്ദ്രകഥാപാത്രമായ അപുവിനെ അവതരിപ്പിച്ച് സ്വരാജും അഭിനയരംഗത്തെത്തി. അന്ന് സ്വരാജ് നാലാംക്ളാസില്‍. കേരള സംഗീതനാടക അക്കാദമിയുമായി സഹകരിച്ച് കേരളത്തില്‍ വിവിധയിടങ്ങളില്‍ ഈ നാടകം കളിച്ചു. ഇതുവരെ പത്ത് നാടകത്തില്‍ 150 സ്റ്റേജില്‍ അഭിനയിച്ചു. സ്കൂള്‍ കലോത്സവത്തില്‍ യുപി വിഭാഗത്തില്‍ തുടര്‍ച്ചയായി മൂന്നുതവണ തിരുവനന്തപുരം റവന്യൂജില്ലയില്‍ മികച്ച നടനായി. ബാലസംഘത്തിലൂടെ കലാരംഗത്തേക്ക് വന്ന സ്വരാജ് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ശാസ്ത്ര ജാഥകളിലെ നാടകങ്ങളില്‍ മികച്ച അഭിനയത്തിലൂടെ കൈയടി വാങ്ങി. ബിഗ്സ്ക്രീനില്‍ എത്തുന്നതിനുമുമ്പ്  അക്വ റീജിയ, നോട്ടീസ്വണ്ടി എന്നീ ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിച്ചു. 

മഞ്ജുവാര്യര്‍ക്കൊപ്പം

ഉദാഹരണം സുജാതയുടെ ചിത്രീകരണവേളയില്‍ മഞ്ജുവാര്യരോടൊപ്പം സ്വരാജ്

ഉദാഹരണം സുജാതയുടെ ചിത്രീകരണവേളയില്‍ മഞ്ജുവാര്യരോടൊപ്പം സ്വരാജ്

ഇപ്പോള്‍ തിയറ്ററുകളില്‍ നിറഞ്ഞോടുന്ന ഉദാഹരണം സുജാതയില്‍ രാജീവ് എന്ന പത്താംക്ളാസ് വിദ്യാര്‍ഥിക്കാണ് സ്വരാജ് ജീവന്‍ നല്‍കിയത്. കേന്ദ്രകഥാപാത്രമായ മഞ്ജുവാര്യരുടെ സുജാതയുടെ ജീവിതത്തില്‍, നിര്‍ണായകഘട്ടത്തില്‍ താങ്ങാകുന്ന സഹപാഠിയുടെ റോള്‍. ഏകാന്തതയിലും അരക്ഷിതാവസ്ഥയിലും ദാരിദ്യ്രത്തിലുമാണ് രാജീവ്. പക്ഷേ, അവന്‍ പ്രതീക്ഷ കൈവിടുന്നില്ല. കഠിനാധ്വാനംചെയ്താല്‍ ജീവിതത്തില്‍ മുന്നേറാമെന്ന 'കണക്ക്' സുജാതയ്ക്ക് പഠിപ്പിച്ചുകൊടുക്കുന്ന സഹപാഠിയെ സ്വരാജ് മികവുറ്റതാക്കി. ചിത്രത്തിന്റെ നിര്‍ണായക ഘട്ടങ്ങളില്‍ മഞ്ജുവാര്യര്‍ക്കൊപ്പം മത്സരിച്ച് അഭിനയിക്കുന്ന സ്വരാജ് പ്രേക്ഷകരുടെ പ്രിയതാരമായി മാറിക്കഴിഞ്ഞു. 
പുത്തന്‍പണം കണ്ടതിനുശേഷം ഉദാഹരണം സുജാതയുടെ പ്രോജക്ട് ഡിസൈനറായ ബിനീഷാണ് ആ സിനിമയിലേക്ക് വിളിച്ചത്. സുജാതയ്ക്കുശേഷം നിരവധി ഓഫറുകള്‍ വന്നിട്ടുണ്ട്. സിനിമയില്‍ സജീവമാകുമ്പോള്‍ നാടകവേദി വിടാന്‍ സ്വരാജ് തയ്യാറല്ല. ജിനോ ജോസഫിന്റെ പുതിയ നാടകത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്യാനൊരുങ്ങുകയാണ് സ്വരാജ്. നേരത്തെ നാടകത്തെക്കുറിച്ച് പഠിക്കാന്‍ ഒരു വര്‍ഷം പഠനത്തില്‍നിന്ന് മാറിനിന്നിട്ടുണ്ട് സ്വരാജ്. ഏഴാംക്ളാസ് കഴിഞ്ഞ് ഒരു വര്‍ഷം നാടകപഠനവും ക്യാമ്പുമായി രംഗവേദിയെ അടുത്തറിഞ്ഞു.

കുടുംബം

ഹയര്‍ സെക്കന്‍ഡറി വിഭാഗം മലയാളം അധ്യാപകരായ ബൈജുവിന്റെയും മായാകുമാരിയുടെയും മൂത്തമകനാണ് സ്വരാജ്. സഹോദരന്‍ ഭഗത്. തിരുവനന്തപുരം നാവായിക്കുളം വെട്ടിയറ വൈഖരിയിലാണ് താമസം. നാവായിക്കുളം ജിഎച്ച്എസ്എസില്‍ ഒമ്പതാം ക്ളാസ് വിദ്യാര്‍ഥിയാണ്. പഠനത്തിലും മിടുക്കനാണ്. ജില്ലാ ശാസ്ത്രമേളകളില്‍ ശാസ്ത്രപരീക്ഷണവിഭാഗത്തില്‍ മൂന്നുതവണ സ്വരാജ് സമ്മാനം നേടി. പഠനത്തോടൊപ്പം വായനയും എഴുത്തുമുണ്ട്. ചെറുകഥകളോടാണ് ഇഷ്ടം.
 
midhunrain@gmail.com
പ്രധാന വാർത്തകൾ
 Top