21 October Monday

ഡിഎന്‍എ ചരിത്രത്തില്‍ അവഗണിക്കപ്പെട്ടവര്‍

ഡോ. ബി ഇക‌്ബാൽ ekbalb@gmail.comUpdated: Sunday Sep 22, 2019

നിരവധി ശാസ്‌ത്രജ്ഞരുടെ സംഭാവനകളാൽ സമ്പന്നമായ ചരിത്രമാണ് ഡിഎൻഎയുടെ കണ്ടെത്തലിനുള്ളത്. ഗാരെത്ത് വില്യംസ് എഴുതിയ അൺറവലിങ്‌ ദ ഡബിൾ ഹെലിക്‌സ്‌: ദി ലോസ്റ്റ് ഹീറോസ് ഓഫ് ഡിഎൻഎ  (Unraveling the Double Helix: The Lost Heroes of DNA W&N)    അവഗണിക്കപ്പെട്ട ഡിഎൻഎ മാർഗദർശികളെ അടിസ്ഥാനമാക്കി രചിച്ചതാണ്‌. വായനാക്ഷമവും ഹൃദ്യവും   ശാസ്‌ത്രീയ വിവരങ്ങളാൽ സമ്പന്നവുമാണ്‌ ഈ പുസ്‌തകം  

ശാസ്‌ത്രചരിത്രത്തിലെ ഏറ്റവും  ഉദ്വേഗജനകവും ആവേശമുണത്തുന്നതുമായ സംഭവവികാസങ്ങളാണ്  ഡിഎൻഎ ഘടനയുടെ നിർധാരണത്തിലും തുടർന്നുളള ജനിതക ശാസ്‌ത്ര ഗവേഷണ സംരംഭങ്ങളിലുമുള്ളത്. ജെയിംസ് വാട്സൺ, ഫ്രാൻസിസ് ക്രിക്ക്, മൗറീസ് വിൽക്കിൻസൺ എന്നിവർക്ക് ഡിഎൻഎ ഘടനയെക്കുറിച്ചുള്ള വിവരണത്തിന് 1962ൽ നൊബേൽ സമ്മാനം ലഭിച്ചു. ഡിഎൻഎ എന്നാൽ ഈ ത്രിത്വത്തെ സംബന്ധിച്ചുള്ള അറിവുമാത്രമായി ചുരുങ്ങിയിട്ടുണ്ട്. പക്ഷേ, ഡിഎൻഎയുടെ ഘടന നിർവചിക്കുന്നതിൽ വളരെയധികം സംഭാവന നൽകിയ റോസാലിൻഡ് ഫ്രാങ്ക്ളിനെപ്പോലെ പുകഴ്‌ത്തപ്പെടാത്ത ധാരാളം പ്രഗത്ഭമതികളും ഡിഎൻഎ ചരിത്രത്തിലുണ്ട്. ഡിഎൻഎയുടെ കണ്ടെത്തലിനെക്കുറിച്ചും ശാസ്‌ത്രത്തെക്കുറിച്ചും ധാരാളം പുസ്‌തകങ്ങൾ എഴുതപ്പെട്ടിട്ടുണ്ട്. അവയിൽ ഏറ്റവും ശ്രദ്ധേയം ജെയിംസ് വാട്സൺ എഴുതിയ ദി ഡബിൾ ഹെലിക്‌സ്‌: എ പേഴ്സണൽ അക്കൗണ്ട് ഓഫ് ദി ഡിസ്‌കവറി ഓഫ് ദി സ്ട്രക്ചർ ഓഫ് ഡിഎൻഎ(1968), ജെയിംസ് വാട്സൺ, ആൻഡ്രൂ ബെറി എന്നിവർ ചേർന്ന്‌  2003ലെഴുതിയ ഡിഎൻഎ സീക്രട്ട് ഓഫ് ലൈഫ് (2003) എന്നിവയാണ്‌.  അടുത്തകാലത്ത്  വ്യാപകമായി ചർച്ചചെയ്യപ്പെട്ട  മറ്റൊരു പുസ്‌തകം അമേരിക്കയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ വംശജനായ ക്യാൻസർ ചികിത്സാ വിദഗ്‌ധൻ  സിദ്ധാർഥ മുഖർജി എഴുതിയ ദി ജീൻ: ആൻ ഇന്റിമേറ്റ് ഹിസ്റ്ററി (2016)ആണ്‌. 

നിരവധി ശാസ്‌ത്രജ്‌ഞരുടെ സംഭാവനകളാൽ സമ്പന്നമായ ചരിത്രമാണ്‌ ഡിഎൻഎയുടെ കണ്ടെത്തലിനുള്ളത്‌. ഡിഎൻഎ സംബന്ധിച്ച ശാസ്‌ത്ര പരീക്ഷണങ്ങൾ  നിരീക്ഷിക്കുന്നവർ പോലും അവരിൽ പലരെയും സംബന്ധിച്ച വിവരങ്ങളിൽ അജ്ഞത  പുലർത്തുന്നവരാണ്. ഗാരെത്ത് വില്യംസ് എഴുതിയ അൺറവലിങ്‌ ദ ഡബിൾ ഹെലിക്‌സ്‌: ദി ലോസ്റ്റ് ഹീറോസ് ഓഫ് ഡിഎൻഎ  (Unraveling the Double Helix: The Lost Heroes of DNA W&N 2019)  അവഗണിക്കപ്പെട്ട ഡിഎൻഎ മാർഗദർശികളെ അടിസ്ഥാനമാക്കി രചിച്ചതാണ്‌. വായനാക്ഷമവും ഹൃദ്യവും ഡിഎൻഎയുടെ ശാസ്‌ത്രീയ വിവരങ്ങളാൽ സമ്പന്നവുമാണ്‌ ഈ പുസ്‌തകം. ഇത്‌ ശാസ്‌ത്രലോകത്തും ശാസ്‌ത്രസാഹിത്യത്തിൽ താൽപ്പര്യമുള്ള പൊതുസമൂഹത്തിലും വ്യാപകമായി ചർച്ച ചെയ്യപ്പെട്ടുവരികയാണ്. ഡിഎൻഎ കണ്ടെത്തലിനു പിന്നിൽ പ്രവർത്തിച്ച തീരെ ശ്രദ്ധിക്കപ്പെടാതെ പോയ നിരവധി ശാസ്‌ത്രജ്ഞരുടെ കണ്ടെത്തലുകളുടെ വിശദാംശങ്ങൾ അവരുടെ  ജീവചരിത്ര വിശദാംശങ്ങളുമായി സംയോജിപ്പിച്ച് അദ്ദേഹം പുസ്‌തകത്തിൽ നൽകിയിരിക്കുന്നു.   

ഡിഎൻഎയുടെ ചരിത്രത്തിലെ സാർവത്രികമായി അംഗീകരിക്കപ്പെട്ട  ഏതാനും ശാസ്‌ത്രജ്ഞരിൽ ഒരാളായി അറിയപ്പെടുന്ന, കോശങ്ങളുടെ വിഭജന സമയത്തെ ക്രോമസോമുകളുടെ ചലനം മനസ്സിലാക്കിയ മൈക്രോസ്‌കോപ്പിസ്റ്റായ വാൾട്ടർ ഫ്ലെമിങ്ങിന്റെ കണ്ടുപിടിത്തങ്ങൾ വിശദീകരിച്ചുകൊണ്ടാണ് അദ്ദേഹം പുസ്‌തകം തുടങ്ങുന്നത്. ഡിഎൻഎ  ചരിത്രത്തിലെ സുപ്രധാന ഘട്ടമായ ബാക്റ്റീരിയയുടെ ജനിതക സവിശേഷതകളിൽ മാറ്റം വരുത്താൻ കഴിയുന്ന ‘രൂപാന്തര ഘടകം' ഡിഎൻഎ ആണെന്നതിന്റെ തെളിവായി തന്റെ സഹപ്രവർത്തകൻ ഓസ്വാൾഡ് അവേരിയുടെ കൃതിയെ അപകീർത്തിപ്പെടുത്താൻ മോളിക്യുളാർ ബയോളജിസ്റ്റ് ആൽഫ്രഡ് മിർസ്‌കി നടത്തിയ ശ്രമങ്ങൾ അദ്ദേഹം അനാവരണം ചെയ്യുന്നു. ആൽഫ്രഡ് മിർസ്‌കിയുടെ വ്യക്തിവിദ്വേഷത്തോടെയുള്ള സമീപനത്തെ ‘തടസ്സവാദത്തിന്റെ മികച്ച കല' യുടെ മികച്ച ഉദാഹരണമായാണ് നർമബോധത്തോടെ ഗാരെത്ത് വില്യംസ് ചൂണ്ടിക്കാട്ടുന്നത്.  

ഡിഎൻഎ ചരിത്രത്തിലെ വാഴ്‌ത്തപ്പെടാത്ത യോദ്ധാവായി കരുതപ്പെടുന്ന   റോസലിൻഡ് ഫ്രാങ്ക്‌ളിന്റെ (1920–-1958) സംഭാവനകൾ  വില്യംസ് വിശദമായി വിവരിക്കുന്നുണ്ട്. ചെറുപ്പത്തിൽ തന്നെ ക്യാൻസർ ബാധിച്ച് മരിച്ചത് കൊണ്ടുമാത്രമാണ് റോസളിൻഡിന് നൊബേൽ സമ്മാനം കിട്ടാതെ പോയത്. മരണാനനന്തര ബഹുമതിയായി നൊബേൽ സമ്മാനം നൽകാറുമില്ല.  ജെയിംസ് വാട്സനോട് വില്യംസ് അത്രയേറെ സഹതാപം കാണിക്കുന്നില്ല എന്നുമാത്രമല്ല  വാട്‌സന്റെ  അഹംഭാവവും താൻപോരിമയും  പുസ്‌തകത്തിൽ തുറന്നുകാട്ടുന്നുമുണ്ട്. ഡബിൾ ഹെലിക്‌സ്‌ കണ്ടെത്തിയതിലേക്ക് നയിച്ച സംഭവപരമ്പരകൾ അദ്ദേഹം സൂക്ഷ്‌മപരിശോധനയ്‌ക്ക് വിധേയമാക്കി  പലരുടെ മനസ്സിലും അടിഞ്ഞ് കൂടിയ തെറ്റിദ്ധാരണകളുടെ മാറാലകൾ നീക്കം ചെയ്യുന്നു. ലണ്ടനിലെ കിങ്‌സ്‌ കോളേജിലെ ബയോഫിസിക്‌സ്‌ യൂണിറ്റ് മേധാവി ജോൺ റാൻഡാലിന്റെ പ്രവർത്തനങ്ങളിൽനിന്നാണ് മൗറീസ് വിൽക്കിൻസും റോസലിൻഡ് ഫ്രാങ്ക്‌ളിനും തമ്മിലുള്ള കുപ്രസിദ്ധമായ സംഘർഷം ഉടലെടുത്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഡിഎൻഎയെക്കുറിച്ചുള്ള വിൽകിൻസിന്റെ ജോലി ഏറ്റെടുക്കുമെന്ന് അവർ ഫ്രാങ്ക്‌ളിനോട് സൂചിപ്പിച്ചു, എന്നിട്ടും അവർ തന്റെ സഹായിയായിരിക്കുമെന്ന ധാരണ വിൽക്കിൻസിന് നൽകി. വിൽകിൻസ് ഡിഎൻഎ ജോലികൾ ഫ്രാങ്ക്‌ളിനു നൽകി, ഗവേഷണ വിദ്യാർഥി റെയ്‌മണ്ട് ഗോസ്‌ലിങ്‌  അവരുടെ സഹായിയായി. ഫ്രാങ്ക്ളിന്റെ മേൽനോട്ടത്തിൽ ഗോസ്‌ലിങ്ങാണ് എക്‌സ്‌റേ ഡിഫ്രാക്ഷൻ ‘ഫോട്ടോഗ്രാഫ് 51' എടുത്തത്. വിൽക്കിൻസ് അത് ‘മോഷ്ടിച്ചു' എന്ന മിഥ്യാധാരണ വില്യംസ് നീക്കം ചെയ്യുന്നുണ്ട്.  ബിർക്ക്ബെക്കിലെ ലണ്ടൻ സർവകലാശാലയിലേക്കു  പോകുംമുമ്പ്, ഫ്രാങ്ക്‌ളിൻ ഡിഎൻഎയെക്കുറിച്ചുള്ള വസ്‌തുക്കളും ഡാറ്റയും ഗോസ്‌ലിങ്ങിന് വിൽക്കിൻസിന് ഇഷ്ടാനുസരണം ഉപയോഗിക്കുന്നതിനുവേണ്ടി നൽകിയതെങ്ങനെയെന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ഇതിനുശേഷമാണ് വിൽക്കിൻസ് ഫോട്ടോഗ്രാഫ് 51 ജെയിംസ് വാട്സണെ കാണിച്ചത്, വാട്സൻ  പിന്നീട് സമർഥമായി പ്രാൻസിസി ക്രിക്കിനൊപ്പം ഈ സുപ്രധാന വിവരം ഡബിൾ ഹെലിക്‌സ്‌ കണ്ടെത്തുന്നതിനായി ഉപയോഗിച്ചു. 

വില്യംസിന്റെ രചനയിൽ ശ്രദ്ധിക്കപ്പെടാതെപോയ മറ്റ് നിരവധി നായകന്മാർ ഉയർന്നുവരുന്നുണ്ട്. മാർട്ടിൻ ഹെൻറി ഡോസൺ, ജെയിംസ് ലയണൽ അലോവേ എന്നിവർ ഓസ്വാൾഡ് അവേരിയുടെ സംഭാവനകളിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.  ജെ മാസ്സൻ ഗുള്ളാർഡിയന്റെ സംഭാവനയിൽ എച്ച് എഫ് ഡബ്ലിയു ടെയ്‌ലർ, സി ജെ ത്രെല്ഫാഓൾ എന്നിവർ നിർണായക പങ്കാളിത്തംവഹിച്ചു. ശാസ്‌ത്രമുന്നേറ്റങ്ങളെല്ലാം  ഏതാനും വ്യക്തികളുടെ മാത്രം സംഭാവനയായി അവതരിപ്പിക്കുന്ന ‘മൗണ്ടൻ ടോപ്പ്' സമീപനം വില്യംസ് ഒഴിവാക്കുന്നു. പകരം, തത്വചിന്തകനായ ബെർട്രൻഡ് റസ്സൽ പറഞ്ഞതുപോലെ, ‘കുറച്ച് പുതിയ ജ്ഞാനം' ലോകത്തിലേക്ക് കൊണ്ടുവരാൻ പോരാടുന്ന അത്രകണ്ട് അറിയപ്പെടാത്ത ശാസ്‌ത്രജ്ഞരിലേക്ക് അദ്ദേഹം  വെളിച്ചം വീശുന്നു.
 
‘അൺറാവലിങ്‌  ഡബിൾ ഹെലിക്‌സ്‌' പല വലിയ ഗവേഷകർക്കുമപ്പുറം, ഇപ്പോൾ മിക്കവരും മറന്നുപോവുകയോ ഇതുവരെ മനസ്സിലാക്കാതിരിക്കയോ ചെയ്‌ത അവഗണിക്കപ്പെട്ട ശാസ്‌ത്രജ്ഞരുടെ സംഭാവനകളിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്.  അതിശയോക്തിയില്ലാതെ ഒരു നിരൂപകൻ ചൂണ്ടിക്കാണിച്ചതു പോലെ, ഈ പുസ്‌തകം ആസ്വദിക്കാൻ ഒരാൾ ശാസ്‌ത്രകുതുകിയാവണമെന്നില്ല. മികവുറ്റ ശാസ്‌ത്രസാഹിത്യ കൃതി എന്ന പോലെ തന്നെ കുലീനരായ നായകരുടെയും പിന്നിൽ കുത്തുന്ന വില്ലന്മാരുടെയും  ഉദ്വേഗജനകവും സംഭവബഹുലവുമായ കഥപറയുന്ന  മികച്ച കുറ്റാന്വേഷണ നോവൽ  എന്ന വിശേഷണം കൂടി അർഹിക്കുന്ന പുസ്‌തകമാണിത്.
പ്രധാന വാർത്തകൾ
 Top