26 January Sunday

നല്‍കാന്‍ കഴിയാത്ത നഷ്ടപരിഹാരം

ഇരിഞ്ചയം രവിUpdated: Sunday Sep 22, 2019

അധ്യാപകരായിരുന്നു അന്ന് ഉച്ചക്കഞ്ഞി വിളമ്പിയിരുന്നത്.  തവി നിറയെ കഞ്ഞി കോരി കുട്ടികളുടെ പാത്രങ്ങളിൽ ഒഴിച്ചു കൊടുക്കും. കഞ്ഞിയിൽ ചമ്മന്തിയുടെ രുചി. ചിലപ്പോൾ കടുമാങ്ങയുടെ രുചി. ജാതിഭേദമില്ലാതെയാണ് കുട്ടികൾ നിരനിരയായി ഇരിക്കുന്നതെങ്കിലും  അധ്യാപകരുടെ മനസ്സിൽ ജാതി നുരയിട്ടു യർന്നിരുന്നു. ഉയർന്നജാതി കുട്ടികളുടെ പാത്രത്തിൽ ഒരു തവി കഞ്ഞിവീഴും. താണജാതി കുട്ടികളുടെ പാത്രത്തിൽ ഒരു തവി കഞ്ഞിവെള്ളവും അഞ്ചാറ് വറ്റും

ഇരിഞ്ചയം രവി

ഇരിഞ്ചയം രവി

 ‘‘അതെന്തൊരു നല്ലകാലമായിരുന്നെന്നോ?''

പെൻഷൻപറ്റിപ്പിരിഞ്ഞവരിൽ പലരും ഇങ്ങനെ ഇടയ്‌ക്കിടെ പറയാറുണ്ട്.   ഏഴുപതിറ്റാണ്ടോളം പിന്നിൽ, മൂടൽമഞ്ഞിനിടയിലെ ദൃശ്യങ്ങൾപോലെ മങ്ങിയ ആ ‘നല്ലകാല'ത്തെക്കുറിച്ച് ഞാനും ഓർക്കാറുണ്ട്. എന്നെപ്പൊലുള്ളവർക്ക്‌ അതൊരു നല്ലകാലമായിരുന്നില്ല. 

സ്വാതന്ത്ര്യത്തിന്റെ സൂര്യോദയത്തിനുശേഷം തിരുവിതാംകൂർ രാജ്യത്ത് ജനിച്ച എനിക്ക്‌ രണ്ടാംക്ലാസ്‌ അനുഭവങ്ങൾ ഒരുതരത്തിലും മധുരിക്കും ഓർമകളല്ല.  ഇന്നത്തെ രണ്ടാം ക്ലാസുകാർക്കോ പത്താംക്ലാസുകാർക്കോ മാത്രമല്ല അമ്പതുവയസ്സിനു താഴെയുള്ളവർക്കൊക്കെ അവിശ്വസനീയമെന്ന് തോന്നാവുന്ന അനുഭവസാക്ഷ്യങ്ങൾ. 

അധ്യാപികയെ ടീച്ചറെന്നു വേറിട്ടു വിളിക്കുന്ന രീതി അന്നില്ല. എല്ലാവരും സാറ് തന്നെ. അമ്മുക്കുട്ടിസാറും നീലാണ്ടപ്പിള്ളസാറും പൊക്കംസാറും ചെട്ടിയാരുസാറും രാമപുരം എൽപിഎസ്  ഭരിക്കുന്ന കാലം.  അധ്യാപകർക്കുപോലും പാദുകങ്ങളില്ല.  പത്ത് അധ്യാപകരുള്ള സ്‌കൂളിൽ ഒന്നോ രണ്ടോ അധ്യാപികമാർ. പലരും ക്ലാസിൽ  മുറുക്കാൻ പൊതിയഴിച്ച് മുറുക്കിച്ചുവപ്പിച്ച് ജനാലയിലൂടെ മുറ്റത്താകെ കാവിപൂശിയിരുന്നു. 

അധ്യാപകരായിരുന്നു അന്ന് ഉച്ചക്കഞ്ഞി വിളമ്പിയിരുന്നത്.  തവി നിറയെ കഞ്ഞികോരി കുട്ടികളുടെ പാത്രങ്ങളിൽ ഒഴിച്ചുകൊടുക്കും. കഞ്ഞിയിൽ ചമ്മന്തിയുടെ രുചി. ചിലപ്പോൾ കടുമാങ്ങയുടെ രുചി. ജാതിഭേദമില്ലാതെയാണ് കുട്ടികൾ നിരനിരയായി ഇരിക്കുന്നതെങ്കിലും  അധ്യാപകരുടെ മനസ്സിൽ ജാതി നുരയിട്ടുയർന്നിരുന്നു. ഉയർന്നജാതി കുട്ടികളുടെ പാത്രത്തിൽ ഒരു തവി കഞ്ഞിവീഴും. താണജാതി കുട്ടികളുടെ പാത്രത്തിൽ ഒരു തവി കഞ്ഞിവെള്ളവും അഞ്ചാറ് വറ്റും.

ഒന്ന്‌, മൂന്ന്‌ ക്ലാസുകൾ രാവിലെ പത്തുമുതൽ പന്ത്രണ്ടര വരെയും രണ്ട്, നാല് ക്ലാസുകൾ 1.30 മുതൽ നാലുവരെയും അഞ്ചാം ക്ലാസ്‌ പത്തുമണി മുതൽ നാലുമണിവരെയുമായിരുന്നു.   ഉച്ചക്കഞ്ഞിയായിരുന്നു എന്നെപ്പോലുള്ളവരുടെ  മോട്ടിവേഷൻ. സ്ലേറ്റും പുസ്‌തകവും ചേർത്തുവച്ച് കറുത്ത വലിയ റബർബാന്റ്‌ സ്ലേറ്റിന്റെ മുക്കോട് മുക്ക് ചേർത്തുവച്ച് ബന്ധിപ്പിച്ച് അതിന്റെ പുറത്ത് ഒരു മൺചട്ടി കമിഴ്‌ത്തിവച്ചായിരുന്നു അന്നത്തെ ദരിദ്രബാല്യങ്ങൾ സ്‌കൂളിലെത്തിയിരുന്നത്. റബർ ബാന്റ് നിസ്സാരക്കാരനല്ല, കാലണ കൊടുക്കണം.  കാലണയ്‌ക്ക്‌ 1.56 പൈസയായിരുന്നു മൂല്യം.
 
വേനൽ കത്തിനിന്ന ഒരു പകൽ എന്നേ എനിക്ക് ഓർമയുള്ളൂ. ഓടിക്കിതച്ച് സ്‌കൂളിലെത്തിയതും ഉച്ചബെല്ലടിച്ചതും ഒരുമിച്ച്‌.  തിരക്കിനിടയിൽ എന്റെ മൺചട്ടി തറയിൽ വീണ് പൊട്ടിച്ചിതറി. ആ കാഴ്‌ചകണ്ട് ഒരു പെൺകുട്ടി പൊട്ടിച്ചിരിച്ചു.  അതേ സ്‌കൂളിലെ അധ്യാപികയുടെ മകൾ. അവൾക്ക് ധാരാളം കൂട്ടുകാരികൾ.
 
കഞ്ഞിച്ചട്ടി ഉടഞ്ഞ ദിവസം എനിക്ക് ഉച്ചക്കഞ്ഞി കിട്ടിയില്ല. മുറ്റത്തെ വലിയ മാവിന്റെ ചുവട്ടിൽ കത്തുന്ന വയറോടെ ഞാൻ ബെല്ലടിക്കുന്നതും കാത്തിരുന്നു. ബെല്ലടിച്ചു. ആദ്യ ചടങ്ങ് ഹാജർവിളി. അതുകഴിഞ്ഞു. ഞങ്ങളുടെ പൊക്കംസാറും (യഥാർഥ പേര് കുട്ടികൾക്ക് അറിയില്ലായിരുന്നു) തൊട്ടടുത്ത ക്ലാസിലെ പെൺസാറും തമ്മിൽ അമ്മൻകോവിലിലെ ഓട്ടം ഉത്സവം എന്ന രാജ്യാന്തരകാര്യം ചർച്ച ചെയ്‌തും ചിരിച്ചും പൊങ്കാലയുടെ മഹത്വം പങ്കുവച്ചും നിൽക്കുകയായിരുന്നു. ആ പെൺസാറിന്റെ മകൾ കഥാനായിക എന്നെ കണ്ണുരുട്ടിക്കാട്ടി പേടിപ്പിച്ചു. അവളുടെ കൂട്ടുകാരികൾ ആർത്തു ചിരിച്ചു. അളമുട്ടിയാൽ ചേരയും പത്തിവിടർത്തും. എന്റെ വയറ്റിലെരിയുന്ന അഗ്നി രണ്ടുവാക്കുകളായി കത്തിപ്പടർന്നു.
 
‘‘പോടീ ഉണ്ടക്കണ്ണീ''
 
അതൊരു ബോംബ് സ്‌ഫോടനമായിരുന്നു. ഉണ്ടക്കണ്ണി കരഞ്ഞുകൊണ്ട് പൊക്കം സാറിനെ സമീപിച്ച് മലർന്നു നോക്കിപ്പറഞ്ഞു: (മലർന്നുനോക്കിയാലേ മുഖം കാണൂ; അത്രയ്‌ക്കാണ്‌ ഉയരം)
 
‘‘സാർ ആ ചെറുക്കൻ എന്നെ ഉണ്ടക്കണ്ണീന്ന് വിളിച്ച്...''
 
പിന്നെ ചുമ്മാ തേങ്ങിക്കരച്ചിൽ. ആ കഥയിൽ കാര്യമില്ലെന്നറിയാവുന്നതുകൊണ്ട് അമ്മുക്കുട്ടിസാറ് പൊട്ടിച്ചിരിച്ചു. അമ്മുക്കുട്ടി സാറിന്റെ സ്‌നേഹപരിഗണനകൾ ആഗ്രഹിച്ചുനിന്ന പൊക്കം സാറിന്റെ ധാർമിക രോഷം സടകുടഞ്ഞെഴുന്നേറ്റു. അദ്ദേഹം ചൂരലെടുത്തു. എന്റെ ഇരുകൈ ചേർത്തുപിടിച്ച് ചന്തിയിൽ തുരുതുരെ തല്ലി. പ്രാണവേദനകൊണ്ടുള്ള എന്റെ പിടച്ചിലിൽ എങ്ങനെയോ ഒരു കൈയ് മോചിതമായി. സാറിന്റെ പോക്കറ്റിലാണ്  പിടിമുറുക്കിയത്. മനഃപൂർവം പിടിച്ചതല്ല. 
‘‘അടിക്കല്ലേ സാറേ, ഞാനിനി അവളെ ഉണ്ടക്കണ്ണീന്ന് വിളിക്കില്ലാാാ...''
 
ഞാൻ അലറി വിളിച്ചു. അദ്ദേഹത്തിന് ദയ തോന്നിയിരിക്കാം. ഞാണറ്റവില്ലുപോലെ പൊക്കം സാറ് നിവർന്നു.
 
‘‘പ്ർർർ........ർ''
 
സാറിന്റെ പോക്കറ്റ് എന്റെ കൈയിലിരുന്നു വിറച്ചു. ചന്തി നീറിക്കയറിക്കൊണ്ടിരുന്നെങ്കിലും സാറിന്റെ ഉടുപ്പു കീറിപ്പോയല്ലോ എന്നോർത്താണ് ഞാൻ പിന്നെയും കരഞ്ഞത്.
ടിടിസി കഴിഞ്ഞ് പതിനെട്ടാം വയസ്സിൽ ഞാൻ അധ്യാപകനായി. സഹപ്രവർത്തകരെ അടുത്തറിഞ്ഞു. അധ്യാപകരിൽ അധികം പേരും ദരിദ്രരാണെന്ന്‌  തിരിച്ചറിഞ്ഞു. ഞങ്ങൾക്ക് പേരുപോലും അറിയാത്ത അന്നത്തെ പൊക്കംസാറിന് ഒന്നോ രണ്ടോ ഉടുപ്പുമാത്രമേ ഉണ്ടായിരുന്നിരിക്കാൻ ഇടയുള്ളൂ. ഞാൻ കാരണം ഉടുപ്പുകീറിപ്പോയ അദ്ദേഹം അനുഭവിച്ച വേദന എന്താണെന്ന് എനിക്ക് ഊഹിക്കാൻ കഴിഞ്ഞു. അതോടെ ഞാൻ വല്ലാതെ അസ്വസ്ഥനായി. സാറിന് ഒരു നല്ല ഉടുപ്പു വാങ്ങിക്കൊടുക്കണം എന്ന തീരുമാനിച്ചു.  
1966ൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചു വഴി നിയമിതനായ എനിക്ക് ആദ്യ ശമ്പളം 125 രൂപ. ആ തുകയുമായി തിരുവനന്തപുരത്തെ ഒരു വലിയ തുണിക്കടയിലെത്തി. ടെർലിൻ വിലസുന്ന കാലം. ഷർട്ടുകൾ മനോഹരമായ പെട്ടികളിൽ അടച്ചു വരും എന്ന് അന്നാണ് ഞാനറിഞ്ഞത്. ചന്ദനക്കളറിലുള്ള ഒരു ടെർലിൻ ഷർട്ട് എനിക്ക് നന്നേ ഇഷ്ടപ്പെട്ടു. വിലകേട്ടപ്പോൾ എന്റെ നെഞ്ചുകത്തി. 125 രൂപ. ഒരു മാസത്തെ ശമ്പളം! മറ്റൊന്നും ചിന്തിച്ചില്ല, ഷർട്ടു വാങ്ങി.
 
പൊക്കം സാറിനെ എങ്ങനെ കണ്ടുപിടിക്കും? പഠിച്ച സ്‌കൂളിലെത്തി. അന്നത്തെ അധ്യാപകർക്കാർക്കും പൊക്കം സാറിനെ അറിയില്ല. പൊക്കം സാറ് എന്ന പേര് ഒരു രജിസ്റ്ററിലും ഉണ്ടാവില്ലല്ലോ. നിരാശനായി മടങ്ങുമ്പോൾ പഴയ ഉണ്ടക്കണ്ണി കോളേജ് ബസിൽ നിന്നും ഇറങ്ങുന്നു. പണ്ടെന്നെ തല്ലിച്ചതോർത്ത് പരിതപിച്ചു. പലവട്ടം മാപ്പു പറഞ്ഞു. ഞാനെന്റെ ഇംഗിതം അറിയിച്ചു. അവളെന്നെ വൃദ്ധയായ അമ്മസാറിന്റെ അടുത്തെത്തിച്ചു. അവർ തന്ന വിവരമനുസരിച്ച്, കൊല്ലത്തിനും കൊട്ടാരക്കരയ്‌ക്കും ഇടയിലുള്ള രാമകൃഷ്‌ണൻ സാറിന്റെ വീടു കണ്ടുപിടിച്ചു.
 
അന്നൊരു ഞായറാഴ്‌ചയായിരുന്നു. മുപ്പതോളം വയസ്സുള്ള നല്ല പ്രസരിപ്പുള്ള ഒരു ചെറുപ്പക്കാരൻ എന്നെ സ്വീകരിച്ചു. അയാളുടെ മുമ്പിൽ ഞാനെന്റെ സങ്കടക്കെട്ടഴിച്ചു.
 
‘‘എനിക്കെന്റെ സാറിനെകാണണം, ഈ ഷർട്ട് കൊടുക്കണം.''
‘‘ക്ഷയരോഗബാധിതനായി സാറ് മരിച്ചിട്ട്  ഒരു മാസമേ ആയുള്ളൂ.''
എനിക്കത് താങ്ങാനായില്ല.  പലതും പറഞ്ഞ് എന്നെ ആശ്വസിപ്പിച്ചിട്ട് ആ ചേട്ടൻ പറഞ്ഞു:
‘‘ഞാനും അധ്യാപകനാണ്. നിന്റെ വികാരമെന്തെന്ന് എനിക്ക് നന്നായറിയാം. നീ അച്ഛനെത്തേടി വന്നല്ലോ; അതുമതി.''
‘‘ഈ ഷർട്ട്...''
പൊക്കം സാറിന്റെ കുഴിമാടത്തിൽ ആ ഷർട്ട് വച്ചിട്ട് മടങ്ങണമെന്നാണ് അന്നേരം എനിക്കു തോന്നിയത്.
 
‘‘നീ നിന്റെ സാറിനുവേണ്ടി വാങ്ങിയ ഉടുപ്പല്ലേ? അദ്ദേഹം പോയല്ലോ. ഈ ഷർട്ട് നീ തന്നെ ധരിക്കണം. അപ്പോൾ സാറ് നിന്നോടൊപ്പമുണ്ട് എന്ന് നിനക്ക് ബോധ്യമാകും.''
ശരിയാണ്; ആ ഓർമയുമായി, ആ ഷർട്ട് ധരിച്ച് ഞാൻ കുറേക്കാലം നടന്നു. എങ്കിലും നൽകാൻ കഴിയാതെപോയ ആ നഷ്ടപരിഹാരം ഒരു ബാധ്യതയായി ഇന്നും വിങ്ങുന്നു.
പ്രധാന വാർത്തകൾ
 Top