24 May Friday
അതിഥി / ഓർമ

അയാളുടെ കാലുകൾ ഭൂമിയിൽ മുട്ടുന്നുണ്ട്

വി ജയദേവ്‌Updated: Sunday Jul 22, 2018
ഒരു വാക്കിനെ നഷ്ടമായ ഒരു രാത്രിയെ എങ്ങനെ മറക്കാനാകും. ഏതാണ്ട് അഞ്ചുവർഷം മുമ്പാണ്. അന്നു ജോലി ജയ‌്പുരിൽ. കേരളത്തിൽ വന്ന ഒരു അവധിയിൽ ഒരു രാത്രി ഏറെ കറുക്കുംമുമ്പ‌് കോട്ടയത്തുനിന്ന‌് മടങ്ങണം. നേരിട്ട‌് കോഴിക്കോട്ടേക്ക‌് ബസ് ഇല്ല. കൊച്ചിവഴിയുള്ള ഒരു ബസ് സ്റ്റാൻഡിൽ പിടിച്ചു.  നല്ല തിരക്ക‌്. കൂടുതൽ ആലോചിച്ചില്ല. ചാടിക്കയറി.   കിട്ടിയ സീറ്റിൽ ഇരുന്നു. ബസ് തിരുനക്കര ചുറ്റി നാഗമ്പടം കഴിയുമ്പോഴേക്കും ഉറക്കം പിടിച്ചു. 
 
പിന്നെയെപ്പോഴോ ആട്ടത്തിലും കുലുക്കത്തിലും  ഉണർന്നു. പുറത്തേക്കു നോക്കിയപ്പോൾ  പരിചയമുള്ള സ്ഥലങ്ങളല്ല പിറകിലേക്ക് ഓടിപ്പോയ‌്‌ക്കൊണ്ടിരുന്നത്. ബസ് പരിചയമില്ലാത്ത ഏതോ ഭൂഖണ്ഡത്തിലൂടെ പോകുകയാണ്.
 
ബോർഡിലെ സ്ഥലപ്പേരുകൾ വായിക്കാൻ ശ്രമിച്ചു. എന്നാൽ, ഉറക്കപ്പിച്ചിൽ കണ്ണുകൾ വേറെയെന്തൊക്കെയോ വായിക്കുന്നു. ഒരു കാര്യം ഉറപ്പായി. എറണാകുളം വിട്ടിട്ടു മണിക്കൂറുകളായി.
 
ബസ്  ക്ഷേത്രനഗരത്തിൽ നിർത്തുന്നു.  അവശേഷിച്ചിരുന്ന യാത്രക്കാർ പുറത്തിറങ്ങി എങ്ങോട്ടോ നിമിഷങ്ങൾക്കുള്ളിൽ അപ്രത്യക്ഷരായി.  ഞാനൊറ്റയ‌്‌ക്കായി. ആ ബസ് കൂടി സ്ഥലംവിട്ടതോടെ ഇരുട്ടും ഞാനും മാത്രം. അതീവസുന്ദരനായതുകൊണ്ട് ഇരുട്ടിലൊന്നും അത്ര പെട്ടെന്ന് എന്നെക്കാണില്ല. ഇരുട്ടിന്റെ മറ പിടിച്ചു നിന്നു. 
 
അപ്പോഴാണ് വെള്ളയും വെള്ളയുമിട്ട ഒരു വാക്ക് അടുത്തേക്കു വരുന്നത്. ബാധ ഒഴിപ്പിക്കുന്നതിനും പ്രസിദ്ധമായ ക്ഷേത്രപട്ടണം.  മധ്യവയസ്സു പിന്നിട്ട ഒരാൾ. ഒരു ചിരകാലപരിചയം അയാളുടെ മുഖത്ത് ഇരുട്ട് എഴുതിയിട്ടുണ്ടായിരുന്നു. 
 
ആരാണ് എന്താണ് എന്ന ചോദ്യങ്ങൾക്ക് ഒഴുക്കൻ ഉത്തരങ്ങളാണ് സാധാരണ എന്റെ മറുപടി. കൃത്യമായ ഐഡന്റിറ്റി മറച്ചുവയ‌്ക്കുകയാണ‌് പതിവ‌്. അയാൾ ഇരുട്ടിൽ നോക്കി ആരോടൊക്കെയോ സംസാരിക്കുന്നുണ്ട്. എല്ലാം പരിചയക്കാരാണ്. എല്ലാ ദിവസവും രാത്രി വൈകിയാണ‌് യാത്ര. ഇവർക്കൊക്കെ എന്നെ ഏത് ഇരുട്ടിലും തിരിച്ചറിയാനാകും എന്നൊക്കെ. ബസ് വരുമെന്നേ. വരാതെ എവിടെപ്പോവാനാ. ഞാനിതെത്ര കാലംകൊണ്ടു കാണുന്നതാ എന്നൊക്കെയുള്ള ആത്മവിശ്വാസം  എന്നിൽ കുത്തിവയ‌്ക്കുന്നുമുണ്ട്. ആരാ, എന്താ എന്നൊക്കെ ആവർത്തിച്ചു. നിർബന്ധം സ‌്നേഹത്തോടെ കൂടിയപ്പോൾ പത്രക്കാരനാണ്, ഡൽഹിയിലാണ്, അവധിക്കുവന്നതാണ് എന്നൊക്കെ  തട്ടിവിട്ടു. അതിൽ അയാൾക്ക‌് അത്ഭുതം. ഒടുവിൽ ഇന്ന പത്രത്തിൽ, ഇന്നയിടത്തു ജോലി തുടങ്ങിയ തന്ത്രപ്രധാനവിവരങ്ങൾ ചോർത്തിയെടുക്കപ്പെട്ടിരുന്നു.
 
ബസ് വരാനുണ്ട്, ഓരോ ചായ കുടിക്കാം എന്ന സ്നേഹത്തിനുമുന്നിൽ പിടിച്ചുനിൽക്കാനായില്ല. എന്നാൽ, ആവാമെന്നു മറുപടി.   വാ.. അവിടെ പോകാം. വടക്കേ നടേല് നല്ല ചായ കിട്ടും. ഇവടെയെല്ലാം വാട്ടവെള്ളമാ...ആയിരിക്കും. സ്ഥലത്തിന്റെ നിജസ്ഥിതി അറിയാവുന്നവരോടു തർക്കിക്കാൻ നിന്നില്ല. ഇരുട്ടിന്റെ ഊടുവഴികളിലൂടെ വടക്കേനടയിലേക്ക്. ചൂടുചായ ഊതിക്കുടിക്കാനൊന്നും അയാൾ മിനക്കെട്ടില്ല. ഒറ്റവലി. ആ അത്ഭുതത്തിൽ എന്റെ ബാക്കിയുണ്ടായിരുന്ന ഉറക്കവും ആവിയായി. 
 
ചായക്കടയിലെ ആളുകളുടെ പെരുമാറ്റം അയാൾക്കു നൊന്തു എന്നു മടങ്ങുമ്പോൾ മനസ്സിലായി. ‘ഒരു പരിചയോം കാണിക്കാത്തവറ്റ. അവന്റെ അപ്പനെ ചായ അടിക്കാൻ പഠിപ്പിച്ചീർന്നത് കൈമളാണ്, എന്നിട്ടാണ്.’
 
തിരിച്ചു വീണ്ടും കവലയിൽ. ബസ് വരാനുള്ള ഒരു ലക്ഷണവും ഇരുട്ടു കാണിക്കുന്നില്ല. വരും. വരാതെ എവിടെപ്പോവാനാ. ഞാനിതെത്ര കണ്ടതാണ്. നമ്മടെ മടക്കം എന്നും ഈ സമയത്തന്നെ.
 
ഇരുട്ടു വീണ്ടും നീളുകയായിരുന്നു. അപ്പോഴാണ് ഒരു നിർദേശം ഇരുട്ടിൽ നിന്നു വന്നത്. പത്രക്കാരനല്ലേ. സ്റ്റേഷനില് ഒന്നോക്കാം. അവരടട്ത്ത് വണ്ടീണ്ടല്ല. ഏത് സ്റ്റേഷൻ ? പോലീസ് സ്റ്റേഷൻ തന്നെ. ഈ നട്ടപ്പാതിരായ‌്ക്ക‌് സ്റ്റേഷനിച്ചെന്ന് തലവെച്ചോടക്കണോ എന്നൊരു സംശയം ന്യായമായും ഉണർന്നു. പത്രക്കാർക്ക‌് ഏട്യാ ഏത് നേരത്താ പോവാമ്പാടില്ലാത്തത് എന്ന ചോദ്യംകൊണ്ടാണ് അതിനെ നേരിട്ടത്. നിർബന്ധത്തിനുവഴങ്ങി സ്റ്റേഷനിലെത്തി. 
 
പത്രത്തിലാണ്, ഡൽഹിയിലാണ് തുടങ്ങിയ ഇൻട്രോകളിൽ റൈറ്റർ കണിശത അൽപ്പം മാറ്റിവച്ചു. എന്താ കാര്യം ? 
 
എന്താന്ന് വെച്ചാ... വിശദീകരണവുമായി അയാൾ മുന്നിലേക്കു തള്ളിക്കയറിവന്നു. താനാരെടോ എന്നു റൈട്ടർ സ്വന്തം സ്വഭാവം പുറത്തെടുത്തു. ഞാൻ കൈമള് എന്നോ മറ്റോ ഒരുത്തരവും ഉണ്ടായി. താനേതാ ? എവിടത്തുകാരനാടോ. മാറിനിക്ക്. സാറ് പറയട്ട്. 
 
ചുരുക്കത്തീ, ഇവടന്ന് പോവാൻ ഒരു ബസ് വേണംല്ലേ. ഏഴുകഴിഞ്ഞാൽ പിന്നെ ലൈൻബസൊന്നും ഇതുവഴിയില്ല. ബൈപാസ് വഴിയാണ്. അതാർക്കാണ് അറിയാത്തത്. ബസ്ണ്ടെന്ന് ആരാ പറഞ്ഞ് ? 
 
അതെങ്ങന്യാടോ അങ്ങനെ വിചാരിക്യ. ബൈപാസില് ജീപ്പില് കൊണ്ട് വിടാര്ന്ന്. എന്നാ എസ്സൈ കോമ്പിങ്ങിന് പോയിരിക്യാ. എടോ, തനിക്കറീല്ലെടോ, രാത്രിയായാ ബസില്ലാന്ന്. താനേതു നാട്ടുകാരനാടോ. താൻ ഈ ഭൂമിയിലേ അല്ലെന്ന മട്ടിൽ അയാൾ ചിരിച്ചെന്നുവരുത്തി. എന്നിട്ടെന്നോട്, വേം ബൈപാസ് പിടിച്ചോ എന്നു സ‌്നേഹത്തോടെ റൈറ്റർ.
 
സ്റ്റേഷനിൽനിന്നിറങ്ങുമ്പോൾ, നമ്മളെട്ത്ത് കൊണ്ടാട്ന്ന പിള്ളേരാണ്. നടക്കട്ട്. എന്ന് ആത്മഗതം. എന്നാ ബൈപാസ് വരെ ഞാനും വരാം എന്നു പ്രകാശം.
 
അങ്ങനെയൊരു നടത്തം പിന്നീടു ഞാൻ നടന്നിട്ടില്ല. അയാൾ ഒരു വിഷയത്തിൽ നിന്നു മറ്റൊന്നിലേക്കു തെന്നിമാറിക്കൊണ്ടിരുന്നു. ശാസ‌്ത്രം, മതം, വിശ്വാസം. അങ്ങനെയങ്ങനെ. സ്റ്റീഫൻ ഹോക്കിങ് മുതൽ സന്യാസിമാർ വരെ. എന്തിനും അഭിപ്രായങ്ങളുണ്ടായിരുന്നു.
 
യുക്തിവാദിയായിരുന്നിട്ടും പെട്ടെന്ന് വേറൊരു കാലത്തെ ജീവിതത്തെക്കുറിച്ചുള്ള ആലോചനയിലേക്ക‌് ചിന്ത പാളി. ഇരുവരും ഇരുട്ടിലൂടെ തുഴഞ്ഞു.
 
വഴിതെറ്റിയെത്തുന്ന ഏതെങ്കിലും വാഹനത്തിന്റെ സൂര്യപ്രകാശംമാത്രം. അതിൽ അയാളുടെ വസ‌്ത്രങ്ങളുടെ വെളുപ്പ് അറിഞ്ഞു. ഇനി ? അയാളുടെ കാലുകൾ ഭൂമിയിൽ മുട്ടുന്നുണ്ടോ എന്ന് മരണാനന്തരജീവിതത്തെക്കുറിച്ചുള്ള പരമ്പരാഗത ടെക‌്സ‌്റ്റുകൾ ഓർത്തു പരിശോധിക്കണമെന്നുണ്ടായിരുന്നു. അതിനായി കൈയിലിരുന്ന തീപ്പെട്ടി പലവട്ടം വീണു. ഞാനത് ഓരോ പ്രാവശ്യവും കുനിഞ്ഞെടുത്തു. ഉണ്ട്. അയാളുടെ കാലുകൾ ഭൂമിയിൽത്തന്നെയാണ്. ഭൂമിയിൽ മുട്ടുന്നുണ്ട്. 
 
ഒന്നുരണ്ടു വാഹനങ്ങൾ ചീറിപ്പാഞ്ഞുപോയി. അയാൾ റോഡിന്റെ ഏതാണ്ടു നടുക്കായിരുന്നു. മാറി നടക്ക്, ഞാൻ ശാസിച്ചു. അവമ്മാര് വന്ന് എറച്ചീല് മണ്ണ് പറ്റിച്ചേച്ച് പോവത്തേയുള്ളൂ. ഒന്നും  നോക്കത്തില്ല എന്നു കോട്ടയം സ്ലാങ്ങിൽ പറഞ്ഞു. എന്നോച്ചാ? അയാള് ചോദിച്ചു. ചത്തുപോകുംന്ന്. ഞാൻ വിശദീകരിച്ചു. 
 
ഓ, അതാണോ ? ചത്ത് കൊതി തീർന്നതാണ്. എത്രയോ വട്ടം ചത്തിട്ട്ണ്ട്. പിന്ന്യാണ്.
 
അപ്പോൾ ഇരുട്ട് ഒന്നുകൂടി കറുത്തു. എന്റെ ചോരക്കുഴലിലൂടെ ഒരു വൈദ്യുതി തരംഗം കടന്നുപോയി.
 
ബൈപാസ് ഉടനെത്തുമെന്നും അതോടെ ഈ വാക്കുകളെ എറിഞ്ഞുകളയാണെന്നും എന്റെ ഉടൽ എന്നോടുപറഞ്ഞു. എന്നാലും ബൈപാസ് ഒരിക്കലും എത്താത്ത ഒരിടമായിരിക്കുമോ എന്നും സംശയിപ്പിച്ചു. റൈറ്റർ പറഞ്ഞതനുസരിച്ച് എത്തേണ്ട സമയം കഴിഞ്ഞിരിക്കുന്നു. ഇനി വഴി തെറ്റിയോ എന്നു ഞാൻ ഉറക്കെ സംശയിച്ചു. ഞാന്ള്ളപ്പളോ. നല്ല കാര്യായി. കൈമള് ആരാന്നാ നിങ്ങൾടെയൊക്കെ വിചാരം.
 
അപ്പോൾ അയാൾ ഹിമാലയത്തിലെ ഒരു സന്യാസിയെക്കുറിച്ചു പറയുകയായിരുന്നു. 
 
എന്താണു ബൈപാസ് എത്താത്തത്? വരൂലോ, വാടോ, ങ്ങളെ വല്ല ലോറിക്കോ മറ്റോ കേറ്റിവിട്ടിട്ടേ കൈമള് പോവുള്ളൂ. ലോറിക്കോ ? അതേ ലോറിക്ക്. 
 
കൂടുതൽ സംശയങ്ങൾക്കു വിരാമമിട്ടുകൊണ്ടു ദൂരെ ബൈപാസിലെ ഒന്നു രണ്ടു വിളക്കുകൾ തെളിഞ്ഞു. ഏറെ നിർബന്ധം സഹിക്കവയ്യാഞ്ഞ് അയാൾ അപ്പോഴുണ്ടാക്കിയ ബൈപാസ് പോലെയാണു തോന്നിച്ചത്. 
 
ഏറെ കാത്തിരിപ്പിനുശേഷം ലോഡിറക്കി ചാവക്കാട്ടേക്കു തിരിച്ചുപോകുന്ന ലോറിയുടെ ഡ്രൈവർക്കു മാത്രമേ ബ്രെയ‌്ക്കിൽ കാൽ പതിഞ്ഞുള്ളൂ. നിൽക്കുന്നതിനും മുന്നേ അയാൾക്കായിരുന്നു ( അയാളെ ഞാൻ കൈമൾ എന്നു വിളിക്കില്ല എന്നു നേരത്തേ തീരുമാനിച്ചിരുന്നു. അത് അയാളുടെ പല പേരുകളിൽ ഒന്നായിരിക്കും) അതിൽ കയറിപ്പറ്റാനുള്ള വെമ്പൽ. നിങ്ങളെങ്ങോട്ടാണ് എന്ന ചോദ്യത്തെ അയാൾ ആദ്യം അവഗണിച്ചു.  കയറി ക്ലീനറെ തള്ളിമാറ്റി അറ്റത്ത് ഇരുപ്പുറപ്പിച്ച് എന്നോടു പറഞ്ഞു. ഞാനൂണ്ട്. ചാവക്കാട് വരെ. 
 
നിങ്ങളെന്തിന് അവിടെപ്പോകണം ?
 
പിന്നെ ങ്ങളെ ഒറ്റക്ക് വിടാമ്പറ്റ്വോ, ഇപ്പോൾ ങ്ങള് ന്റെ ഉത്തരവാദിത്താണ്.
 
എനിക്ക് എവിടെയോ ഒന്നിരിക്കാൻ പറ്റിയെന്നേയുള്ളൂ. റോഡിൽ നിന്നു പിന്തിരിഞ്ഞ് ബാക്കി മൂന്നുപേർക്കും അഭിമുഖമായി. ഇടയ്ക്ക് എന്നോടു പറഞ്ഞു. കിളിക്ക് എന്തെങ്കിലും കൊടത്തേക്കണം, ചായുടിക്കാൻ.
 
ലോറിയിൽ കയറിയശേഷം ഭാഷ മറന്നുപോയതു പോലെ മൗനിയായിരുന്നു. ഇടയ‌്ക്കെപ്പോഴോ ഒരു നമ്പർ തന്നു. നാളത്തന്നെ വിളിക്കണം. നമ്മളിനീം കാണേണ്ടവരാണ് എന്നോ മറ്റോ പറഞ്ഞു. 
 
വറ്റിപ്പോയ ഉറക്കത്തിന്റെ  ഉറവ വീണ്ടും. ഇരുട്ടും ഇരുട്ടിലെ കാഴ്ചകളും പിന്നോട്ട് ഓടിത്തുടങ്ങിയിരുന്നു. പല വെട്ടത്തിലും അയാളുടെ മുഖത്തേക്കു വെളിച്ചം പാളിവീഴുന്നതുനോക്കി ഞാനിരുന്നു. 
 
ഇരുട്ടിൽ എവിടെയോ എത്തിയപ്പോൾ അയാൾ ഡ്രൈവറോടു ലോറി നിർത്താൻ പറഞ്ഞു. സഹികെട്ട ഡ്രൈവർ എവിടെയോ വച്ചു ചവിട്ടി. ലോറിയുടെ ജനാലവാതിൽ തുറന്നിറങ്ങി അയാൾ ഇരുട്ടിലേക്ക് അപ്രത്യക്ഷനായി. ആ വെളുപ്പ് ഒരു മിന്നായംപോലെ ഒരിക്കലേ കണ്ടുള്ളൂ. പിന്നെ, നിത്യനിതാന്തമായ ഇരുട്ടിലേക്ക്.
 
ഇതെവിടെയാണ് സ്ഥലം എന്ന ചോദ്യം ഡ്രൈവറും കിളിയും കേട്ടില്ലെന്നു നടിച്ചു. ആ ഇരുട്ടിൽ ഭൂമിയുണ്ടായിരുന്നോ എന്നുപോലും സംശയം. പിന്നെയും ഒന്നരയോ രണ്ടോ മണിക്കൂറുകൾ. ഗുരുവായൂരിലേക്കോ മറ്റോ തിരിയുന്ന റോഡിൽ എന്നെയിറക്കിവിട്ടു ലോറി ഇരുട്ടിൽ അലിഞ്ഞുചേർന്നു. മുമ്പോ അതിനുശേഷമോ അങ്ങനെ ഒരു ലോറിയോ അതിലെ ഡ്രൈവറാദിയോ ഇല്ലാത്തതുപോലെ.
 
കോഴിക്കോട്ടേക്ക‌് ബസ് കിട്ടാനിടയുള്ള ഒരു സ്റ്റോപ്പിലെ വെളിച്ചത്തിൽ എന്തോ കീശയിൽ തടഞ്ഞു. അത് അയാൾ തന്ന ഫോൺ നമ്പർ കുറിച്ച കടലാസായിരുന്നു. വെളിച്ചത്തേക്കു പിടിച്ചുനോക്കി. അതിലൊന്നും എഴുതിയിട്ടില്ലായിരുന്നു. 
 
അല്ലെങ്കിൽ വാക്കുകളും അക്കങ്ങളും കണ്ടുപിടിക്കുന്നതിനു മുമ്പേയുള്ള ഏതോ അക്ഷരത്തിലോ അക്കങ്ങളിലോ ആയിരുന്നിരിക്കണം. അതു വായിക്കാൻ എനിക്കറിയില്ലായിരുന്നു. അറിയില്ല ഇന്നും.
പ്രധാന വാർത്തകൾ
 Top