24 February Sunday
ഏക‌്താര

സിതാറിലെ രണ്ട് പ്രപഞ്ചങ്ങള്‍

നദീം നൗഷാദ‌്Updated: Sunday Jul 22, 2018

പണ്ഡിറ്റ‌് രവി ശങ്കർ

ഭൂമി നിറയെ പ്രണയം  
ഒരു സിതാറിന്റെ ഞരമ്പുകളിൽ  
എത്രകൊള്ളും     (സച്ചിദാനന്ദൻ)   
                   
കവികളെ ഏറെ  പ്രചോദിപ്പിച്ച ഹിന്ദുസ്ഥാനി സംഗീതോപകരണം സിതാറായിരിക്കും. സിതാർ കണ്ടുപിടിച്ചതും ഒരു കവിയാണ്‌. പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ച  പേർഷ്യൻ  കവി അമീർ ഖുസ്രു. അദ്ദേഹം ഇന്ത്യയിലേക്ക്‌ കൊണ്ടുവന്ന സെഹ്താർ പരിഷ‌്‌കരിച്ചാണ്  സിതാറായതെന്ന് കരുതപ്പെടുന്നു.
 
ഇന്ത്യയിൽമാത്രം ഒതുങ്ങിനിന്ന സിതാറിനെ പാശ്ചാത്യലോകത്ത് എത്തിച്ചത് പണ്ഡിറ്റ്‌ രവിശങ്കറായിരുന്നു. 1950കളുടെ മധ്യത്തിൽ.  രവിശങ്കർ നടത്തിയ അമേരിക്കൻ പര്യടനമാണ് സിതാറിനും ഇന്ത്യൻ സംഗീതത്തിനും ലോകജാലകം തുറന്നുകൊടുത്തത്.
 
1920ൽ ബനാറസിലെ ഒരു ബംഗാളി കുടുംബത്തിലാണ് രവിശങ്കറിന്റെ ജനനം. ചെറുപ്പത്തിൽത്തന്നെ നൃത്തം അഭ്യസിച്ചു. മൂത്തസഹോദരൻ ഉദയ്ശങ്കറിന്റെ ട്രൂപ്പിൽ പാരീസിലേക്ക്‌ പോയി. പതിനെട്ടാം വയസ്സിൽ നൃത്തം ഉപേക്ഷിച്ച് സിതാർ പഠിക്കാൻ മൈഹാറിലെ  ഉസ്‌‌താദ് അലാവുദീൻ ഖാന്റെ വീട്ടിലെത്തി. അലാവുദീൻ ഖാൻ ഉദയശങ്കറിന്റെ പാരീസ് പര്യടനകാലത്ത് ഒപ്പമുണ്ടായിരുന്നു. ആ പരിചയമാണ് രവിശങ്കറിനെ മൈഹാറിൽ എത്തിച്ചത്.  അലാവുദീൻ ഖാന്റെ മക്കളായ അലിഅക്ബർ ഖാന്റെയും അന്നപൂർണയുടെയും കൂടെയായിരുന്നു സംഗീതാഭ്യസനം. 
 
അമ്പതുകളിൽ രവിശങ്കർ ആകാശവാണിയിൽ ജോലി ചെയ്യുമ്പോൾ  ഇന്ത്യയിൽ പര്യടനം നടത്തിയിരുന്ന വിശ്വപ്രസിദ്ധ വയലിനിസ്റ്റ് യഹുദി മെനുഹിനെ പരിചയപ്പെട്ടു. അദ്ദേഹം രവി ശങ്കറിനെ ന്യൂയോർക്കിലേക്ക് ക്ഷണിച്ചു. അത് രവിശങ്കറിന്റെ ജീവിതത്തിൽ വഴിത്തിരിവായി. 1960കളിൽ പാശ്ചാത്യസംഗീതത്തിലെ തരംഗമായിരുന്ന ബീറ്റിൽസിലെ ജോർജ് ഹാരിസനുമായുള്ള ബന്ധം രവിശങ്കറിന്റെ  ഗ്രാഫ് ഉയർത്തി. ഹാരിസൺ രവിശങ്കറിനെ ഗുരുവായി സ്വീകരിച്ച് സിതാർ പഠിക്കാനും തുടങ്ങി.
ഉസ‌്താദ‌് വിലായത‌് ഖാൻ

ഉസ‌്താദ‌് വിലായത‌് ഖാൻ

സംഗീതത്തിൽ  മാത്രമല്ല പ്രണയത്തിലും മറ്റാരെക്കാളും മുന്നിലായിരുന്നു രവിശങ്കർ. അലാവുദീൻ ഖാന്റെ കീഴിൽ സിതാർ പഠിക്കുന്ന കാലത്ത് ഗുരുവിന്റെ മകൾ അന്നപൂർണയുമായി പ്രണയം. 1941ൽ  വിവാഹം. മികച്ച സുർബഹാർ വാദകയായിരുന്ന  അവർ വിവാഹത്തോടെ  ഉൾവലിഞ്ഞു.  രവിശങ്കർ അവരെ ഉപേക്ഷിച്ച്  നർത്തകിയായ കമലശാസ‌്ത്രിയുമായി പ്രണയം. അമേരിക്കൻ പര്യടനത്തിനിടെ  കൺസെർട്ട് പ്രൊഡ്യുസർ സ്യൂജോൺസുമായി പ്രണയം. കമലയെ വിട്ട‌് സ്യൂ ജോൺസിനൊപ്പം. ആ ബന്ധം അഞ്ചുവർഷം തുടർന്നു. തുടർന്ന് പഴയ കാമുകിയായ  സുകന്യ രാജനെ വിവാഹം കഴിച്ചു. അപ്പോൾ രവിശങ്കറിന് പ്രായം 69. സുക്യനയിൽ ജനിച്ച അനുഷ‌്ക ശങ്കറും സ്യൂ ജോൺസിൽ ജനിച്ച നോറ ജോൺസും ഇപ്പോൾ ലോകമറിയുന്ന സംഗീതജ്ഞർ.  അന്നപൂർണയിലെ മകൻ  ശുഭേന്ദ്ര ശങ്കർ മികച്ച സിതാർ വാദകനായിരുന്നെങ്കിലും  അകാലത്തിൽ മരിച്ചു. 
 
സത്യജിത്റായിയുടെ പഥേർപാഞ്ചാലിക്ക് സംഗീതം ചിട്ടപ്പെടുത്തിയാണ്‌  രവിശങ്കറിന്റെ സിനിമാപ്രവേശം.  ഋഷികേശ് മുഖർജിയുടെ അനുരാധ(1960), ത്രിലോക് ജെറ്റ‌്‌ലിയുടെ ഗോദാൻ(1963)‌, ഗുൽസാറിന്റെ മീര (1979) എന്നിവയിലെ പാട്ടുകൾ ബോളിവുഡിൽ പുതിയ അനുഭവമായിരുന്നു. റിച്ചാർഡ് അറ്റൻബറോയുടെ  ഗാന്ധി (1982)ക്കും സംഗീതമൊരുക്കി. സാരേ ജഹാംസെ അച്ഛാ എന്ന  ദേശഭക്തി ഗാനത്തിന‌് സംഗീതം കൊടുത്തതും  രവിശങ്കർ.  തിലക്ശ്യാം, നട് ഭൈരവ്, അഹിർ ലളിത്  തുടങ്ങി മുപ്പതോളം രാഗങ്ങൾ അദ്ദേഹം സൃഷ‌്‌ടിച്ചിട്ടുണ്ട്. തൊണ്ണൂറ്റിരണ്ടാം വയസ്സിൽ മരിക്കുമ്പോൾ ഭാരതരത്നം ഉൾപ്പെടെ അംഗീകാരത്തിന്റെ ഉയരങ്ങളൊക്കെ രവിശങ്കർ കീഴടക്കിയിരുന്നു. 
 
രവിശങ്കറിന് തുല്യനായ സിതാർ വാദകനാണ് ഉസ‌്താദ‌്  വിലായത് ഖാൻ. വിലായതിന് ഒമ്പത് വയസ്സുള്ളപ്പോൾ  പിതാവ് ഇനായത് ഖാൻ  മരിച്ചു. അമ്മാവൻ വഹീദ്ഖാനും അമ്മ ബഷീറാൻ ബീഗവുമാണ് ആദ്യകാല ഗുരുക്കൻമാർ. ഒമ്പതാമത്തെ  വയസ്സിൽ തന്നെ 78 ആർപിഎം ഡിസ‌്ക‌്  പാടി റെക്കോർഡ്‌ ചെയ്യാൻ അവസരംകിട്ടിയ അപൂർവ പ്രതിഭ. 
 
പാട്ടുകാരൻ ആകാനായിരുന്നു  താൽപ്പര്യം. പക്ഷേ, കുടുംബത്തിന്റെ സിതാർ പാരമ്പര്യം കാത്തുസൂക്ഷിക്കണമെന്ന അമ്മയുടെ നിർബന്ധപ്രകാരമാണ് ഉപകരണസംഗീതത്തിലേക്ക് തിരിഞ്ഞത്. സിതാറിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടാണ് പാട്ടിനോടുള്ള തന്റെ അടങ്ങാത്ത ആഗ്രഹം അദ്ദേഹം സഫലീകരിച്ചത്. സിതാറിന്റെ തന്ത്രികളുടെ ക്രമംമാറ്റി അദ്ദേഹം പാടുന്ന സിതാർ രൂപപ്പെടുത്തി. ഗായകി അംഗ് (സിതാറിൽ വായ്‌പാട്ടിന്റെ രീതി) ആദ്യമായി അവതരിപ്പിച്ചു. വലിയ ഗായകരുടെ പാട്ടുകൾ തന്റെ സിതാറിൽ കൊണ്ടുവരണമെന്ന് അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു. അങ്ങനെ ഉസ്താദ് ഫയാസ്ഖാൻ, അല്ലാദിയാഖാൻ, അബ്ദുൽ കരീംഖാൻ, പണ്ഡിറ്റ്‌ ഓംകാർനാഥ്‌ ഠാക്കൂർ എന്നിവരുടെയെല്ലാം പാട്ടുകൾ ആ സിതാറിലൂടെ ആസ്വാദകർ കേട്ടു. 
 
ഭാവനാവിലാസം സാങ്കേതികതയുടെമേൽ ആധിപത്യം നേടി.  തുമ‌്‌രിയോ ധുനോ വായ‌്പാട്ടോ പാടുകയും അവ സിതാറിൽ വായിക്കുകയും ചെയ‌്താണ‌്  അദ്ദേഹം കച്ചേരി അവസാനിപ്പിക്കുക. രവിശങ്കറിന്റെ ബീൻകാർ ശൈലിക്കുപകരം ഗായകി അംഗ് ശൈലിയാണ് വിലായത് ഖാൻ പിന്തുടരുന്നത്.
 
ഇന്ത്യയിൽ ഏറ്റവുമധികം പ്രതിഫലം കിട്ടിയിരുന്ന കലാകാരൻമാരിൽ ഒരാളായ വിലായത്ഖാന് ആദ്യ കച്ചേരിക്ക്‌  കിട്ടിയ പ്രതിഫലം മൂന്നുരൂപയും രണ്ടു കൊച്ചുകുടം കരിമ്പിൻനീരുമായിരുന്നു. കുടങ്ങൾ രണ്ടും സൈക്കിളിൽ കെട്ടിത്തൂക്കി തിടുക്കത്തിൽ വീട്ടിലേക്കു പോകവെ  സൈക്കിൾ മറിഞ്ഞ‌് കുടംപൊട്ടി.  കരിമ്പിൻ നീരിൽ കുളിച്ചാണ‌് വീട്ടിലെത്തിയത്.
 
സത്യജിത്റായുടെ ജൽസാ ഘർ (1958), ഇംഗ്ലീഷ് ചിത്രമായ ഗുരു (1969)‌, ഹിന്ദി ചിത്രമായ  കാദംബരി(1976) എന്നിവയ‌്ക്ക് സംഗീതം കൊടുത്തു. 1964ൽ പത്മശ്രീയും 1968ൽ പത്മഭൂഷണും നിരസിച്ചു. തന്റെ സംഗീതത്തെ വിലയിരുത്താനുള്ള ശേഷി  സർക്കാർ സമിതിക്ക‌് ഇല്ലെന്നായിരുന്നു വാദം.  തന്നെക്കാൾ അർഹത ഇല്ലാത്തവർക്ക് കൊടുത്തുയെന്ന് പറഞ്ഞ് 2000ൽ പത്മവിഭൂഷണും നിരസിച്ചു. ചീട്ടുകളിയും ബാൾറൂം ഡാൻസും  ഏറെ ഇഷ്ടമായിരുന്നു. കൂടാതെ, പാശ്ചാത്യവസ‌്ത്രങ്ങളും. 2004ൽ മരിക്കുമ്പോൾ വിലായത്തിന്റെ സംഗീതപൈതൃകം ഏറ്റെടുക്കാൻ മകനായ ഷുജായത് ഹുസൈൻ ഖാനും മകൾ സൂഫിഗായിക സിലഖാനും ഉണ്ടായിരുന്നു. 
 
രവിശങ്കറിലേക്കും  വിലായത് ഖാനിലേക്കും എത്താൻ നമുക്ക് പ്രചോദനം മികച്ച സിതാർ അനുഭവങ്ങളുള്ള പ്രിയഗാനങ്ങളാകാം. ബാബുരാജ് സംഗീതം  നൽകിയ താമസമെന്തേ വരുവാൻ (ഭാർഗവിനിലയം 1964)‌, കണ്മണി നീയെൻ കരം പിടിച്ചാൽ, കാണാൻ പറ്റാത്ത കനകത്തിൻ മണിമുത്തേ (കുപ്പിവള1965) സൃഷ‌്ടി തൻ സൗന്ദര്യ മുന്തിരിച്ചാറിനായി (സൃഷ‌്ടി 1976) തുടങ്ങിയവ.
 
noushadnadeem@gmail.com
പ്രധാന വാർത്തകൾ
 Top