03 June Wednesday

മലയാളം ലക്ഷദ്വീപ്‌ മുതൽ ലഡാക്ക്‌ വരെ

ഗിരീഷ്‌ ബാലകൃഷ്‌ണൻUpdated: Sunday Apr 22, 2018

 മലയാളിയുടെ ആഘോഷമായി മാറി ഇത്തവണത്തെ ദേശീയ ചലച്ചിത്രപ്രഖ്യാപനം. സജീവ് പാഴൂരും ഫഹദ് ഫാസിലും പാർവതിയും ജയരാജുമെല്ലാം മലയാള സിനിമയിലേക്ക് പുരസ്കാരങ്ങൾ എത്തിച്ചപ്പോൾ, മറുഭാഷാ ചിത്രങ്ങളിലുമുണ്ട് മലയാളിത്തിളക്കം, ലക്ഷദ്വീപ് മുതൽ ലഡാക് വരെ.

 

പാമ്പള്ളിയുടെ കഥ

സന്ദീപ് പാമ്പള്ളി

സന്ദീപ് പാമ്പള്ളി

ലക്ഷദ്വീപ് സിനിമ സിൻജറിലൂടെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരം നേടിയ പാമ്പള്ളിയെന്ന കോഴിക്കോട്ടുകാരൻ സന്ദീപ് പാമ്പള്ളി കേരളത്തിന്റെ രാജ്യാന്തരമേളകളിൽ തിയറ്ററുകൾക്കു മുന്നിലെ നീണ്ടനിരയിലെ സ്ഥിരംസാന്നിധ്യമായിരുന്നു. ഏറെ കാത്തിരിപ്പുകൾക്കും അലച്ചിലുകൾക്കുമൊടുവിലാണ് പാമ്പള്ളി സിനിമയിൽ വേരുറപ്പിക്കുന്നത്. സിനിമാജ്വരം തലയ്ക്കുപിടിച്ച് കംപ്യൂട്ടർ അഡ്മിനിസ്ട്രേറ്റർ എന്ന സ്ഥിരംജോലി ഉപേക്ഷിച്ച് നാടകവും കഥകളുമായി കുറെക്കാലം. പുരസ്കാരങ്ങളേറെ നേടി. കുട്ടികൾക്കു വേണ്ടി നാടകമെഴുതി സംവിധാനംചെയ്ത് മത്സരവേദികളിലെത്തിച്ചു. തിരക്കഥകളുമായി സംവിധായകരെ തേടിനടന്നു. ഇതിനിടെ, ശ്രദ്ധേയമായ ലഘുചിത്രങ്ങളൊരുക്കി. സ്വന്തമായി സിനിമ ഒരുക്കുകയെന്ന സ്വപ്നം കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെടുന്ന നിരവധി സന്ദർഭങ്ങളുണ്ടായി. ഇതിനിടെ, ഷിബു ജി സുശീലൻ എന്ന നിർമാതാവിനെ കണ്ടുമുട്ടുന്നതാണ് വഴിത്തിരിവായതെന്ന് പാമ്പള്ളി പറയുന്നു:
 

ഒരു ഭാഷ മരിക്കാതിരിക്കാൻ

പൃഥ്വിരാജിന്റെ സെവൻത്് ഡേ, ഇന്ത്യൻ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കെ ജി ജോർജിനെക്കുറിച്ചുള്ള ഡോക്കുമെന്ററി തുടങ്ങിയവ നിർമിച്ച ഷിബുസാർ ലക്ഷദ്വീപുകാരുടെ തനതുഭാഷയായ ജസരിയിൽ ആദ്യ സിനിമയൊരുക്കുക എന്ന ആശയം ആവേശത്തോടെ ഏറ്റെടുത്തതാണ് വഴിത്തിരിവായത്. ദേശീയ‐സംസ്ഥാന പുരസ്കാരങ്ങൾ നേടിയ പുലിജന്മം, ഒരിടം, നോട്ടം, വാസ്തവം, പകൽ തുടങ്ങിയ സിനിമകൾക്ക് ഒപ്പവും പ്രവർത്തിട്ടുള്ള അദ്ദേഹം എനിക്ക് എല്ലാ പിന്തുണയും നൽകി. വ്യാകരണമോ ലിപിയോ ഇല്ലാത്ത ഭാഷ ഇപ്പോൾ നിലനിൽക്കുന്നത് ദ്വീപിലെ പ്രായമായവർക്കിടയിൽ മാത്രമാണ്. പുതുതലമുറ മലയാളവും ഇംഗ്ലീഷും ഉപയോഗിക്കുന്നു. മരിക്കാൻ പോകുന്ന ഭാഷയെ തിരിച്ചുപിടിക്കാനുള്ള ശ്രമംകൂടിയായിരുന്നു സിനിമ. മൂന്നുവർഷത്തോളമെടുത്താണ് ജസരി പഠിച്ച് സിനിമയൊരുക്കിയത്. 
 

രണ്ട് സ്ത്രീകളുടെ കഥ

ഇറാഖിലെ സിൻജാർ പ്രവിശ്യയിൽ ഐഎസ് പിടിയിൽ ലൈംഗിക അടിമകളായി കഴിയേണ്ടിവന്ന രണ്ട് ലക്ഷദ്വീപ് പെൺകുട്ടികൾ തിരിച്ച് ജന്മനാട്ടിലെത്തുമ്പോൾ നേരിടുന്ന പ്രതിസന്ധികളാണ് സിനിമയുടെ പ്രമേയം. ജന്മനാട് അവർക്ക് ഐഎസ് തടവിനേക്കാൾ ദാരുണമായി മാറുന്നു. മൈഥിലിയും ശ്രിൻഡയുമാണ് പ്രധാന വേഷത്തിൽ. 16 ദിവസംകൊണ്ടാണ് സിനിമ പൂർത്തിയാക്കിയത്.
 

പുരസ്കാരങ്ങൾ ആദ്യമല്ല

ഷിബു ജി സുശീലൻ

ഷിബു ജി സുശീലൻ

നാൽപ്പതോളം ഹ്രസ്വചിത്രങ്ങളും ഡോക്കുമെന്ററികളും ഒരുക്കിയിട്ടുണ്ട്. പലതിനും അന്തർദേശീയ അംഗീകാരം ലഭിച്ചു. 'ലാഡം' എന്ന ഹ്രസ്വചിത്രം ക്യാനഡയിലെ വിഖ്യാതമായ പുരസ്കാരം നേടി. സംസ്ഥാന പുരസ്കാരം നേടിയ 'ലോറി ഗേൾ' അന്തർദേശീയതലത്തിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. ലക്ഷദ്വീപിൽനിന്നുള്ള മികച്ച ചിത്രമായും 'സിൻജാർ' തെരഞ്ഞെടുക്കപ്പെട്ടു. അടുത്ത സിനിമ മലയാളത്തിലാണ്. ചർച്ചകൾ നടക്കുന്നു.
 

ലഡാക്കിന്റെ ശബ്ദം

മികച്ച ലഡാക്കി ചിത്രം നിർമിച്ചതും മലയാളിയാണ്. കൊച്ചിക്കാരൻ മന്നു എന്ന മഹേഷ് മോഹന്റെ നിർമാണകമ്പനിയുടെ ആദ്യ സംരംഭമാണ് ഹിമാലയൻ താഴ്്വര ഗ്രാമത്തിലെ പത്തുവയസ്സുകാരന്റെ കഥപറഞ്ഞ 'വാക്കിങ് വിത്ത് ദ വിൻഡ്‌’. കഴുതപ്പുറത്തുവച്ചുകെട്ടിയ ഒടിഞ്ഞ കസേരയുമായി ഹിമാലയ സാനുക്കളിലൂടെയുള്ള പത്തുവയസ്സുകാരന്റെ യാത്രയാണ് പ്രമേയം. സിനിമയുടെ ശബ്ദം ഒരുക്കിയതിലൂടെ രണ്ട് മലയാളികൾ ദേശീയ അംഗീകാരം നേടി. കോഴിക്കോട്ടുകാരൻ സനൽ ജോർജും (മികച്ച ശബ്ദരൂപകൽപ്പന), തൃശൂരുകാരൻ ജസ്റ്റിൻ കെ ജോസും (മികച്ച ശബ്ദമിശ്രണം‐റി റെക്കോർഡിങ്).
പതിനാലു വർഷത്തിലേറെയായി മുംബൈയിലുള്ള ജസ്റ്റിന്  ഇത് ആദ്യ ദേശീയ പുരസ്കാരമല്ല. സഞ്ജയ് ലീല ബൻസാലിയുടെ വിഖ്യാത ചരിത്രസിനിമ ബാജിറാവു മസ്താനി (2015)യാണ് ആദ്യമായി ജസ്റ്റിന് ശബ്ദമിശ്രണത്തിനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുക്കുന്നത്്. കോളേജ് വിദ്യാഭ്യാസ കാലത്തിനുശേഷം തൃശൂർ ചേതന സൗണ്ട് സ്റ്റുഡിയോയിൽനിന്നുമാണ് ചലച്ചിത്രശബ്ദലേഖനം അഭ്യസിച്ചത്. പിന്നീട് കുറെക്കാലം ചെന്നൈയിൽ സിനിമകളുമായി കൂടി. അവിടെനിന്ന് 2004ഓടെ മുംബൈയിൽ എത്തി. ശതകോടിത്തിളക്കമുള്ള മിക്ക ബോളിവുഡ് ചിത്രങ്ങളുടെയും ശബ്ദപങ്കാളിയാണ് ഇപ്പോൾ ജസ്റ്റിൻ. പത്മാവത്, ഭജ്രംഗി ഭായിജാൻ, ട്യൂബ്ലൈറ്റ്്, എയൽ ലിഫ്്ട്, വസീർ, ബാഹുബലി എന്നിങ്ങനെ പട്ടിക നീളുന്നു. അനുരാഗ് കശ്യപ്‐രാജീവ് രവി കൂട്ടുകെട്ടിന്റെ ചിത്രങ്ങളിലും സ്ഥിരം പങ്കാളി. ഞാൻ സ്റ്റീവ് ലോപ്പസ്്, കളിയച്ചൻ, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, പ്രേതം, ഊഴം, സെക്കൻഡ് ഷോ തുടങ്ങിയ മലയാള ചിത്രങ്ങൾക്കുവേണ്ടിയും ശബ്ദ രൂപകൽപ്പനയും മിശ്രണവും നടത്തിയിട്ടുണ്ട്്. മികച്ച ശബ്ദവിന്യാസമൊരുക്കാനായി മലയാള സിനിമകളുമായി സംവിധായകർ മുംബൈയിലേക്ക് വരുന്ന ട്രെന്റ് ശക്തിപ്പെട്ടുവരികയാണെന്ന് ജസ്റ്റിൻ പറയുന്നു. 
'ബോളിവുഡിന്റെ ശബ്ദമേഖലയിൽ മലയാളി സാന്നിധ്യം ശക്തമാണ്്. പുതിയകാലത്ത് സിനിമയിൽ ഏറ്റവും കൂടുതൽ പരീക്ഷണം നടക്കുന്നതും ശബ്ദവിന്യാസമേഖലയിലാണ്്. ഹിമാലയൻ താഴ്വരയുടെ നിശ്ശബ്ദതയ്ക്ക് ശബ്ദാവിഷ്കാരം നടത്തിയതിനാണ് വാക്കിങ് വിത്ത് ദ വിൻഡിന് പുരസ്കാരം ലഭിച്ചതെന്ന് കരുതുന്നു. വിഖ്യാത ഇറാനിയൻ സംവിധായകൻ അബ്ബാസ് കിരോസ്താമിക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുന്ന സിനിമയിൽ ശബ്ദത്തെ പ്രധാന കഥാപാത്രമായിട്ടാണ് സംവിധായകൻ പ്രവീൺ മോർചലെ അവതരിപ്പിച്ചത്്' ‐ജസ്റ്റിൻ പറഞ്ഞു.
 
മഹേഷ്‌ മോഹൻ (മന്നു)

മഹേഷ്‌ മോഹൻ (മന്നു)

പുണെ ഫിലിം  ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉൽപ്പന്നമാണ് സിനിമയുടെ ശബ്ദരൂപകൽപ്പന നടത്തിയ സനൽ ജോർജ്. കോഴിക്കോട് പേരാമ്പ്ര പെരുവണ്ണാമൂഴി സ്വദേശി. ദേവഗിരി കോളേജ് വിദ്യാഭ്യാസക്കാലത്ത് രൂപീകരിച്ച ഫിലിം ക്ലബ്ബാണ് തന്നെ സിനിമയിലേക്ക് വഴിതിരിച്ചുവിട്ടതെന്ന് സനൽ പറയുന്നു. ബർഗ്മാനെയും കിം കി ഡുക്കിനെയുമെല്ലാം അവിടെനിന്നാണ് പരിചയപ്പെട്ടത്്. സിനിമയുടെ സാങ്കേതികമേഖലയിൽ പ്രവർത്തിക്കണമെന്ന മോഹവുമായാണ് പുണെയിൽ സൗണ്ട് ഡിസൈനിങ് പഠിച്ചത്്. പഠനകാലത്തുതന്നെ ബോളിവുഡ് സിനിമകളുമായി സഹകരിച്ചു. ദംഗൽ അടക്കമുള്ള ചിത്രങ്ങൾക്കുവേണ്ടി സഹകരിച്ചിട്ടുണ്ട്്. കേരളത്തിൽനിന്ന് വിളിവന്നാൽ മലയാള സിനിമയുമായി സഹകരിക്കാൻ മോഹമുണ്ടെന്നും സനൽ പറയുന്നു.
 

കല്യാണ വീഡിയോക്കാരന്റെ പരിണാമം

 
നിഖിൽ എസ് പ്രവീൺ

നിഖിൽ എസ് പ്രവീൺ

ഛായാഗ്രഹണത്തിനുള്ള ദേശീയപുരസ്കാരം നേടിയ നിഖിൽ എസ് പ്രവീൺ, നേരെ പോയത് ലഡാക്കിലേക്കാണ്, ഇന്ത്യൻ സേനയുടെ ഒരു പരിപാടി ചിത്രീകരിക്കാൻ. അവാർഡ് കിട്ടുംമുമ്പേ ഏറ്റ പരിപാടി. ദേശീയ പുരസ്കാരജേതാവാണ് ക്യാമറയുമായി മുന്നിൽ നിൽക്കുന്നതെന്ന് അവിടെ പലർക്കും അറിയില്ല. മലയാള സിനിമാക്കാരുമായി നിഖിൽ പരിചയപ്പെട്ടുവരുന്നതേയുള്ളൂ. കോട്ടയത്തെ മറ്റക്കരയിലെ കല്യാണ വീഡിയോഗ്രാഫറുടെ അവിശ്വസനീയമായ പരിണാമത്തിന്റെ കഥയാണ് നിഖിലിന് പറയാനുള്ളത്്. മക്കളെ അവരുടെ ഇഷ്ടത്തിനൊത്ത് വളരാൻ കൂട്ടുനിന്ന അച്ഛൻ എൻ ഡി ശിവനും അമ്മ സലിലയുമാണ് അതിനുള്ള കൈയടി അവകാശപ്പെട്ടത്്. 
നിഖിൽ എൽപി വിഭാഗത്തിൽ കലാപ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ജ്യേഷ്ഠൻ അഖിൽ യുപി കലാപ്രതിഭയായിരുന്നു. ട്രോഫിയുമായി നിൽക്കുന്ന സഹോദരകലാപ്രതിഭകളുടെ പടങ്ങൾ അന്ന് പത്രങ്ങളിൽ അച്ചടിച്ചുവന്നിട്ടുണ്ട്്. വളർന്നപ്പോൾ അവർക്ക് അച്ഛൻ ഒരു ചെറു ക്യാമറ വാങ്ങിക്കൊടുത്തു. കൂട്ടുകാരന്റെ സുഹൃത്തിന്റെ കല്യാണ വീഡിയോ ഒരുക്കിക്കൊണ്ടായിരുന്നു തുടക്കം. പ്ലസ്്ടു പഠനകാലത്തായിരുന്നു നിഖിൽ കല്യാണ വീഡിയോഗ്രാഫറാകുന്നത്്. പിന്നീടത് തുടർന്നു. കല്യാണ വീഡിയോകളുടെ സ്ഥിരം ചട്ടക്കൂടുകൾ പൊളിച്ചുകൊണ്ടുള്ള പരീക്ഷണങ്ങൾ അവർ അവതരിപ്പിച്ചു. അതിൽനിന്നു കിട്ടുന്ന വരുമാനംകൊണ്ട് ഹ്രസ്വചിത്രങ്ങളും ആൽബങ്ങളും ഡോക്കുമെന്ററികളും ഒരുക്കി. അവയിൽ ചിലത് ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. ദേശീയ പുരസ്കാരജേതാവായ പ്രദീപ് നായർ അവയിൽ ചിലത് കാണാനിടയായി. അങ്ങനെയാണ് 'ക്രോസ് റോഡ്' എന്ന സിനിമാസമാഹാരത്തിലെ 'കൊഡേഷ്യൻ' എന്ന ചെറു സിനിമയുടെ ഭാഗമാകാൻ  നിഖിലിനെ പ്രദീപ് ക്ഷണിക്കുന്നത്. 'കൊഡേഷ്യ'ന്റെ കഥ ജയരാജിന്റേതായിരുന്നു. അവിടെവച്ച് അദ്ദേഹത്തെ പരിചയപ്പെട്ടു. ആദ്യം ജയരാജിന്റെ ഡോക്കുമെന്ററി. പിന്നീട് 'ഭയാനകം' എന്ന സിനിമ. അതിലൂടെ ദേശീയ പുരസ്കാരം.
ദേശീയ പുരസ്കാരം തനിക്കുമുന്നിൽ സിനിമയുടെ പുതിയ വഴിതുറക്കുമെന്നാണ് നിഖിലിന്റെ പ്രതീക്ഷ.
"നന്നായി പരിശ്രമിച്ച് ആത്മാർഥമായാണ് ഓരോ വർക്കിനെയും സമീപിക്കുന്നത്. കുട്ടനാടിന്റെ പശ്ചാത്തലത്തിൽ കായലും വയലും ഷൂട്ടിങ്ങിന് വലിയ വെല്ലുവിളിയായിരുന്നു. ഒന്നാം ലോകയുദ്ധത്തിനും രണ്ടാം ലോകയുദ്ധത്തിനും ഇടയിൽ കുട്ടനാട്ടിലെ ജീവിത സാഹചര്യത്തിലുണ്ടായ മാറ്റങ്ങൾ ചിത്രീകരിക്കണമെന്നാണ് ജയരാജ് സാർ പറഞ്ഞത്. കൊച്ചിൻ മീഡിയ സ്കൂളിലെ പഠനകാലത്താണ് ഛായാഗ്രഹണത്തിന്റെ പ്രായോഗികവശങ്ങൾ മനസ്സിലാക്കുന്നത്. മധു അമ്പാട്ട്്, മധു നിലകണ്ഠൻ തുടങ്ങിയവർ ലൈറ്റിങ്ങിലും മറ്റും നൽകിയ പാഠങ്ങൾ വലുതായിരുന്നു. അവയെല്ലാം സിനിമയെ നന്നാക്കാൻ സഹായകമായി. പുലർകാലംമുതൽ രാത്രിവരെ തുടരുന്ന ചിത്രീകരണം 18 ദിവസം നീണ്ടു. ഞാനടക്കം ആറുപേരാണ് ക്യാമറയ്ക്ക് പിന്നിൽ പ്രവർത്തിച്ചത്്. ഛായാഗ്രഹണത്തെക്കുറിച്ച് കൂടുതൽ പഠിക്കാൻ അവസരമുണ്ടാകണം, നല്ല പ്രോജക്ടുകൾക്ക് ഒപ്പം നിൽക്കാനാകണം''‐ നിഖിൽ പറയുന്നു.
 
unnigiri@gmail.com
പ്രധാന വാർത്തകൾ
 Top