27 October Wednesday

അമ്മയെന്ന പുസ്‌തകം

ടി പത്മനാഭൻUpdated: Saturday Aug 21, 2021

കണ്ണൂർ പള്ളിക്കുന്നിലെ വീട്ടിൽ ടി പത്മനാഭനെ കോടിയേരി സന്ദർശിച്ചപ്പോൾ (ഫയൽ ചിത്രം)

കോടിയേരിയുടെ അമ്മ  നാരായണിയമ്മയുടെ ഛായാചിത്രം

കോടിയേരിയുടെ അമ്മ നാരായണിയമ്മയുടെ ഛായാചിത്രം

സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ ദേശാഭിമാനി ഓണപ്പതിപ്പിൽ അമ്മയെക്കുറിച്ച്‌ എഴുതിയ കുറിപ്പിനോടുള്ള ടി പത്മനാഭന്റെ പ്രതികരണം

ദേശാഭിമാനി’യുടെ ഇത്തവണത്തെ  ഓണം വിശേഷാൽ പതിപ്പ്‌ കിട്ടിയപ്പോൾ ഞാൻ ആദ്യമായി വായിച്ചത്‌ കോടിയേരി ബാലകൃഷ്‌ണന്റെ ‘അമ്മയെന്ന പുസ്‌തകം’ എന്ന ലേഖനമാണ്‌. അദ്ദേഹത്തോടുള്ള സ്‌നേഹബഹുമാനങ്ങൾ മാത്രമല്ല അതിനുള്ള കാരണം. കാര്യങ്ങൾ ഋജുവായും യുക്തിസഹമായും അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ പാടവത്തോടുള്ള മതിപ്പു കൊണ്ടുകൂടിയാണ്‌.

ലേഖനം വായിച്ചുകഴിഞ്ഞപ്പോൾ എനിക്കുണ്ടായ അത്ഭുതവും സന്തോഷവും കുറച്ചൊന്നുമായിരുന്നില്ല. ഇതിന്റെ കാരണം വ്യക്തമാക്കാം. തന്റെ മരിച്ചുപോയ വന്ദ്യമാതാവ്‌ നാരായണി അമ്മയെയും മഹാനായ റഷ്യൻ സാഹിത്യകാരൻ ഗോർക്കിയെയും കുറിച്ചാണല്ലോ കോടിയേരി എഴുതിയത്‌. അദ്ദേഹത്തിന്റെ അമ്മയും എന്റെ അമ്മയും തമ്മിൽ അത്ഭുതകരമായ സാമ്യം പല കാര്യങ്ങളിലുമുണ്ട്‌. ഞാനും എന്റെ അമ്മയെക്കുറിച്ച്‌ കൊല്ലങ്ങൾക്ക്‌ മുമ്പ്‌ എഴുതിയിട്ടുണ്ട്‌. ‘സ്‌നേഹത്തിന്റെ വെളിച്ചം’ എന്നപേരിൽ മനോരമയിൽ വന്ന ആ ലേഖനം പിന്നീട്‌ ഡിസി ബുക്‌സ്‌ പ്രസിദ്ധീകരിച്ച ‘പള്ളിക്കുന്ന്‌’ എന്ന ലേഖന സമാഹാരത്തിൽ എടുത്തുചേർത്തിട്ടുണ്ട്‌.

ഇനി ഗോർക്കിയുടെ കാര്യം. ഞാനും കോടിയേരിയെപ്പോലെ ആ മഹാനായ സാഹിത്യകാരന്റെ ആരാധകനാണ്‌.  ‘അമ്മ’ എന്ന അദ്ദേഹത്തിന്റെ നോവൽ എത്രയോ തവണ വായിച്ചിട്ടുണ്ട്‌. ‘മനുഷ്യൻ‐ ഹാ! എത്ര മനോഹരമായ പദം!’  എന്ന അദ്ദേഹത്തിന്റെ പ്രശസ്‌തമായ വാക്യം എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്‌. അതുകൊണ്ട്‌ തന്നെയാണ്‌ 1950ൽ മംഗലാപുരത്ത്‌ വിദ്യാർഥിയായിരുന്നപ്പോൾ ഞാൻ എഴുതിയ കഥയ്‌ക്ക്‌ ശീർഷകമായി ഗോർക്കിയുടെ ആ വാചകം സ്വീകരിച്ചത്‌. ‘മനുഷ്യൻ‐ ഹാ! എത്ര സുന്ദരമായ പദം!’

എന്റെ കഥയിലെ കഥാപാത്രങ്ങൾ നിസ്വരും നിരാലംബരും ചൂഷിതരും  പാവങ്ങളുമായിരുന്നു. പ്രത്യേകിച്ചും പ്രധാന കഥാപാത്രമായ അന്ധനായ യാചകബാലൻ. പിന്നെ, അവന്റെ ദാരുണമായ അന്ത്യവും. ഈ കഥയിലെ സംഭവങ്ങളൊക്കെയും ഞാൻ കണ്ടനുഭവിച്ചതാണെന്നുകൂടി പറഞ്ഞുകൊള്ളട്ടെ.

ഇനി ‘സനേഹത്തിന്റെ വെളിച്ചം’ എന്ന എന്റെ ലേഖനത്തെക്കുറിച്ച്‌. കോടിയേരിയെപ്പോലെ ഞാനും രാഷ്‌ട്രീയ വിഷയങ്ങളിൽ ചെറുപ്പം മുതലേ ആമഗ്നനായിരുന്നു. പക്ഷേ, കാര്യമായ ഒരു വ്യത്യാസമുണ്ടായിരുന്നത്‌ പറയാതെ വയ്യ‐ അദ്ദേഹം കമ്യൂണിസ്റ്റായിരുന്നെങ്കിൽ  ഞാൻ കടുത്ത കോൺഗ്രസുകാരനായിരുന്നു. എന്റെ അമ്മ ഒരുകാലത്തും എന്റെ രാഷ്‌ട്രീയ പ്രവർത്തനത്തിന്‌ എതിര്‌ നിന്നിരുന്നില്ല. പക്ഷേ എന്റെ ഒരു സ്വഭാവം അമ്മയെ ഏറെ ദുഃഖിപ്പിച്ചിരുന്നു. മിക്ക ദിവസങ്ങളിലും രാത്രി ഏറെ വൈകിയിട്ടാണ്‌ വീട്ടിലെത്തിയിരുന്നത്‌. കോൺഗ്രസിന്റെ പദയാത്രകൾ, പ്രകടനങ്ങൾ, സ്റ്റഡിക്ലാസുകൾ. ഇങ്ങനെ പലതുമുണ്ടാകും. സ്വാഭാവികമായും വീട്ടിലെത്താൻ വൈകും.

ഞങ്ങളുടെ വീട്ടിന്റെ മുമ്പിൽ വിശാലമായ ഒരു കാട്ടുകണ്ടിപ്പറമ്പാണ്‌. ഇവിടെ പകൽസമയങ്ങളിൽ പലപ്പോഴും മൂർഖൻ പാമ്പുകളെ കണ്ടിട്ടുണ്ട്‌. ഈ കാട്ടുകണ്ടിയുടെ കിഴക്കേ അതിരും കണ്ണൂർ സെൻട്രൽ ജയിലിലെ ഉദ്യോഗസ്ഥരുടെ ക്വാർട്ടേഴ്‌സുള്ള ജയിൽ പറമ്പിന്റെ അതിരും ഒന്നായിരുന്നു. ജയിൽ ക്വാട്ടേഴ്‌സിന്റെ കിഴക്കാണ്‌ നാഷണൽ ഹൈവേ.

ഏതു അർധരാത്രിയിലും ഏത്‌ കുറ്റാക്കുറ്റിരുട്ടത്തും കൈയിൽ ഒരു ടോർച്ചോ ഓലച്ചൂട്ടോ ഇല്ലാതെ ജയിൽവളപ്പും കാട്ടുകണ്ടിയും കുറുകെ കടന്നാണ്‌ ഞാൻ വീട്ടിലെത്തുക. അമ്മ ഇതിൽ ഏറെ ദുഃഖിതയായിരുന്നു. ഇരുട്ടത്ത്‌ എന്തെങ്കിലും സംഭവിച്ചാലോ! മൂർഖൻ പാമ്പുള്ള വഴിയല്ലേ? പലതവണ കരഞ്ഞുപറഞ്ഞിട്ടും ഞാൻ അതൊന്നും കണക്കിലെടുക്കുകയുണ്ടായില്ല.

ഒരു രാത്രിയിൽ ഞാൻ കോൺഗ്രസ്‌ പ്രവർത്തനമൊക്കെ കഴിഞ്ഞ്‌ വീട്ടിലേക്ക്‌ വരുമ്പോൾ അത്ഭുതകരമായ ഒരു കാഴ്‌ച കണ്ടു. കാട്ടുകണ്ടിയുടെ നടുക്ക്‌ ചുറ്റും പ്രകാശം വിതറിക്കൊണ്ട്‌ ഒരു വിളക്ക്‌!

അമ്മ അറ്റകൈക്ക്‌  സ്വീകരിച്ച പ്രതിഷേധമാർഗമായിരുന്നു അത്‌. പിന്നീടൊരിക്കലും ഒരു ഓലച്ചൂട്ടെങ്കിലുമില്ലാതെ ഞാൻ രാത്രികാലങ്ങളിൽ സഞ്ചരിച്ചിരുന്നില്ല.

അമ്മ വളരെ ചെറുപ്പത്തിലേ വിധവയായി. മദ്രാസ്‌ സർവേ ഡിപ്പാർട്ട്‌മെന്റിൽ സാമാന്യം നല്ല ഉദ്യോഗസ്ഥനായിരുന്നു അച്ഛൻ. അച്ഛന്റെ മരണം വളരെ പെട്ടന്നായിരുന്നു. ഇതിനുശേഷം ഞങ്ങൾ നാലു മക്കളെ പോറ്റാൻ അമ്മ പെട്ട പെടാപ്പാട്‌ പറയാനാവതല്ല. ഏറ്റവും ഇളയവനായ എനിക്ക്‌ അച്ഛനെ കണ്ട ഓർമ പോലുമില്ലായിരുന്നു. ഹൈസ്‌കൂളിൽ സെക്കൻഡ്‌ ഫോമിൽ പഠിച്ചുകൊണ്ടിരുന്ന ഏട്ടൻ പഠിപ്പുനിർത്തി. നല്ല ബുദ്ധിമാനായ ഏട്ടൻ പിന്നീട്‌ വക്കീൽ ഓഫീസുകളിൽ ഗുമസ്‌തരെ സഹായിക്കാൻ പോയി. അതിൽനിന്നു കിട്ടുന്ന തുച്ഛമായ വേതനവും അമ്മ പശുക്കളെ പോറ്റി പാൽവിറ്റു കിട്ടുന്നതും കൊണ്ടാണ്‌ ഞങ്ങൾ ജീവൻ പിടിച്ചുനിർത്തിയത്‌.

ഖലീഫാ ഉമറിന്റെ ജീവിതകഥയിൽ അത്യന്തം വികാരഭരിതമായ ഒരധ്യായമുണ്ട്‌. ദരിദ്രയായ ഒരമ്മ കലത്തിൽ വെള്ളം നിറച്ച്‌ അടുപ്പത്തു വച്ച്‌ കത്തിച്ചുകൊണ്ടിരിക്കുകയാണ്‌. കലത്തിൽ വെള്ളം മാത്രമേയുള്ളൂ‐ ധാന്യത്തിന്റെ ഒരു മണിപോലുമില്ല! അമ്മയുടെ മടിയിലും ചുറ്റുമായി വിശപ്പിൽ വാടിത്തളർന്നുകിടക്കുന്ന കുട്ടികൾ! ‘ഇപ്പോൾ ഭക്ഷണം പാകമാകും’, ‘ഇപ്പോൾ പാകമാകും’, എന്ന പ്രതീക്ഷയിൽ കാത്തുനിൽക്കുന്ന കുട്ടികൾ പതുക്കെ ഉറങ്ങിപ്പാകും. അതിനാണ്‌ അമ്മ കാത്തു നിൽക്കുന്നത്‌.  ഈ അമ്മയെ എനിക്കറിയാം.

അത്‌ എന്റെ അമ്മയായിരുന്നു. കാലമേറെ കഴിഞ്ഞപ്പോൾ, ഞാൻ ‘ഫാക്ടി’ന്റെ അമ്പലമേട്‌ ഡിവിഷനിൽ ഒരുയർന്ന ഉദ്യോഗസ്ഥനായിരുന്നപ്പോൾ  ‘കത്തുന്ന ഒരു രഥചക്രം’ എന്ന പേരിൽ  ഒരു കഥയെഴുതുകയുണ്ടായി. പശുക്കളെ പോറ്റി കുടുംബം പുലർത്തുന്ന ഒരമ്മ‐ വളരെ പാവപ്പെട്ട ഒരമ്മ  അതിലുണ്ട്‌. അതും എന്റെ അമ്മയായിരുന്നു.

അമ്മ കഷ്ടപ്പാടുകളിലും  തീർത്തും അഭിമാനിയായിരുന്നു. ആരുടെ മുമ്പിലും ഒരിക്കലും കൈനീട്ടിയിരുന്നില്ല. ഉള്ളതുകൊണ്ട്‌ തീർത്തും സംതൃപ്‌തയായി ജീവിച്ചു. ഒരിക്കലും സത്യവിരുദ്ധമായി ഒന്നും ചെയ്‌തില്ല. പാലിൽ ഒരിക്കലും ഒരിറ്റുപോലും  വെള്ളം  ചേർത്തില്ല. ഇല്ലായ്‌മയുടെ കാലത്തും അമ്മ മറ്റുള്ളവരെ സഹായിക്കുന്നതിൽ സന്തോഷം കൊണ്ടു. പിൽക്കാലത്ത്‌ ഞങ്ങൾ നല്ലനിലയിലായപ്പോൾ അമ്മയ്‌ക്ക്‌ പണത്തിന്‌ ഒരു മുട്ടുമില്ലാതായി. അപ്പോൾ കൂടുതലായി ആളുകളെ സഹായിക്കാനും കഴിഞ്ഞു.

അമ്മ അമ്പലത്തിൽ പോകുന്നതോ ഉറക്കെ പ്രാർഥിക്കുന്നതോ ഞാൻ ഒരിക്കലും കണ്ടിട്ടില്ല. കുളി കഴിഞ്ഞാൽ അമ്മ കോലായയുടെ തെക്കേ അറ്റത്ത്‌ കെട്ടിത്തൂക്കിയിരുന്ന ഭസ്‌മക്കൊട്ടയിൽനിന്ന്‌ ഒരു നുള്ള്‌ ഭസ്‌മമെടുത്ത്‌ നെറ്റിയിൽ വരക്കും‐ തീർന്നു അമ്മയുടെ ഭക്തിപ്രകടനം!

അമ്മയ്‌ക്ക്‌ ഒരിക്കലും ജാതിമതചിന്തകൾ ഉണ്ടായിരുന്നില്ല. അമ്മയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ സമൂഹത്തിന്റെ ഏറ്റവും താഴേത്തട്ടിലുള്ള കീഴ്‌ജാതിയിൽപ്പെട്ട രണ്ട്‌ സ്‌ത്രീകളായിരുന്നു. വാർധക്യകാലത്തും ഈ രണ്ടുപേരെയും കണ്ടുമുട്ടിയാൽ, അക്ഷരാർഥത്തിൽത്തന്നെ അമ്മ അവരെ കെട്ടിപ്പുണരുമായിരുന്നു. അമ്മയുടെ കുട്ടിക്കാലത്തെ സഹപാഠികളായിരുന്നു അവരെന്ന്‌ ഞങ്ങൾ മനസ്സിലാക്കിയത്‌ ഏറെ വൈകിയായിരുന്നു.

ആ പഴയകാലത്തും അമ്മ തപ്പിത്തടഞ്ഞ്‌ ‘ദി ഹിന്ദു’ പത്രം വായിക്കുമായിരുന്നു. മനോഹരമായി എംബ്രോയിഡറി ചെയ്യുമായിരുന്നു. അച്ഛന്റെ കൂടെ മദിരാശിലും മറ്റും താമസിച്ചിരുന്ന കാലത്ത്‌ നേടിയ അറിവുകളായിരുന്നു ഇവ.

ജീവിതത്തിൽ ഞാൻ എന്തെങ്കിലും നേടിയിട്ടുണ്ടെങ്കിൽ അതൊക്കെ എന്റെ അമ്മ നിമിത്തമാണ്‌. ആ കാട്ടുപറമ്പിൽ അമ്മ കത്തിച്ചുവച്ച വിളക്കിന്റെ പ്രകാശത്തിലാണ്‌ ഈ തൊണ്ണൂറ്റിരണ്ടാം വയസ്സിലും ഞാൻ മുന്നോട്ടു പോകുന്നത്‌.

ഈ കുറിപ്പ്‌ അവസാനിക്കുംമുമ്പ്‌ മഹാനായ ഗോർക്കിയെക്കുറിച്ചും ഒരു കാര്യം പറയട്ടെ. ഗോർക്കിയെക്കുറിച്ച്‌ ആളുകൾ പൊതുവെ ധരിച്ചു വച്ചിട്ടുള്ളത്‌ അദ്ദേഹം വിപ്ലവകാരിയാണ്‌, പുരോഗമനസാഹിത്യകാരനാണ്‌, സാമൂഹ്യ പ്രതിബന്ധതയുടെ വക്താവാണ്‌ എന്നൊക്കെയാണ്‌. ഇതൊക്കെ ശരിയാണുതാനും. പക്ഷേ, നാമൊരുകാര്യം മനസ്സിലാക്കണം. ഇതിനുമപ്പുറം തന്റെ ചിന്തയെ ചലിപ്പിച്ച ഒരു വലിയ ക്രാന്തദർശിയായിരുന്നു അദ്ദേഹം. മനുഷ്യമനസ്സിന്റെ ദുരൂഹവും അവ്യാഖ്യേയവുമായ സ്ഥലികളിൽ അനായാസം സഞ്ചരിച്ച  ധിഷണാശാലി കൂടിയായിരുന്നു ഗോർക്കി. For want of thing better to do എന്ന കഥ ഉദാഹരണം. എത്രയോ സാഹിത്യ സദസ്സുകളിൽ ഈ കഥയെക്കുറിച്ച്‌ ഞാൻ പറഞ്ഞിട്ടുണ്ട്‌.

എന്റെ പ്രിയപ്പെട്ട അമ്മയെക്കുറിച്ചും ഇഷ്ടസാഹിത്യകാരനായ മാക്‌സിം ഗോർക്കിയെക്കുറിച്ചും വീണ്ടും ഓർക്കുവാൻ ഇതാ, കോടിയേരി ബാലകൃഷ്‌ണൻ അവസരം നൽകിയിരിക്കുന്നു.

നന്ദി, സുഹൃത്തേ, നന്ദി!


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top