23 February Saturday

വേഗം സുഖപ്പെടട്ടെ

എം വി പ്രദീപ്‌Updated: Sunday Jan 21, 2018

ഫോട്ടോ: ജി പ്രമോദ്

വാട്ടിയെടുത്ത തൂശനിലയിലേക്ക് ചോറിടുമ്പോൾ സുഗന്ധം പരക്കുന്നു. ആവശ്യത്തിന് വിളമ്പിയിട്ടും ആ അമ്മയ്ക്ക് വേവലാതി. ഇതുകൊണ്ട് വിശപ്പ് മാറിയില്ലെങ്കിലോ... വീണ്ടും രണ്ടു തവികൂടി. സാമ്പാറും തോരനും പപ്പടവും കൂട്ടുകറിയും അച്ചാറും വറുത്ത മീനും എല്ലാം വച്ച് കടലാസിൽ പൊതിഞ്ഞ് റബർബാൻഡ് ചുറ്റിയിട്ടപ്പോൾ എല്ലാം ഭദ്രം. മനം നിറഞ്ഞു. വലിയൊരു പൊതിച്ചോറ്. അടുത്ത ഇലയെടുത്ത് ചോറും കറികളും വച്ച് പൊതിഞ്ഞു. അങ്ങനെ നാെലണ്ണം. കലം കാലി. അമ്മ മറ്റൊരു പാക്കറ്റിൽനിന്ന് രണ്ട് പൊതിച്ചോറുകൂടി എടുത്ത് അതിനൊപ്പം വച്ചു. അയൽപക്കത്ത് താമസിക്കുന്ന മകൾ മീരയുടെ വക. ആകെ ആറ് പൊതി വട്ടിയിലാക്കി അമ്മ വഴിക്കണ്ണുമായി കാത്തിരുന്നു. സമയം പകൽ 11. നേമം കോലിയക്കോട്ടെ വയൽക്കരയിലെ ശോഭനാമ്മയുടെ വീട്ടിലേക്ക് വെള്ളക്കൊടികളുമായി ഒരു സംഘം എത്തി. “മക്കളേ ഇന്ന് അമ്മയുടെ വക ആറ് പൊതി”. അവർ അതും വാങ്ങി ഇറങ്ങുമ്പോൾ അമ്മ വീണ്ടും ഓർമിപ്പിച്ചു: “ഇനീം വന്ന് പറയണേ മക്കളേ... ഞങ്ങള് തരാം”. പൊതികൾ വാങ്ങി യുവാക്കൾ അടുത്ത വീട്ടിലേക്ക്.
  
ആ അമ്മയോട് ഞങ്ങൾ ചോദിച്ചു, ഇങ്ങനെ പൊതിച്ചോറ് കൊടുക്കുമ്പോൾ എന്ത് തോന്നുന്നു. “സത്യമായിട്ടും സന്തോഷംകൊണ്ട് മനസ്സ് നിറയുന്നു മക്കളേ... അവർക്ക് അന്നം കൊടുക്കാൻ അമ്മയ്ക്ക് കഴിഞ്ഞല്ലോ.. വിശപ്പുകൊണ്ട് ഇന്ന് അവരുടെ കണ്ണ് നിറയില്ലല്ലോ.'' സന്തോഷം നിയന്ത്രിക്കാനാകാതെ ആ അമ്മയുടെ മിഴിനിറഞ്ഞു. കണ്ണീർ തുടച്ച് അവർ പറഞ്ഞു: “പാവപ്പെട്ടവർക്ക് അന്നം ചോദിച്ച് ഇവരല്ലാതെ ഇതുവരെ ആരും വന്നിട്ടില്ല. ദിവസവും വന്നോട്ടെ. ആകുന്നകാലംവരെ ഞാൻ കൊടുക്കും.'' 'വയറെരിയുന്നോരുടെ മിഴിനിറയാതിരിക്കാൻ' എന്ന സന്ദേശവുമായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ദിവസവും ഉച്ചഭക്ഷണം നൽകുന്ന ഡിവൈഎഫ്‌ഐയുടെ 'ഹൃദയപൂർവം' പദ്ധതിയുടെ ഭാഗമാണ് ഈ അമ്മ. അറിയപ്പെടാത്തവരുമായി സാഹോദര്യം സ്ഥാപിക്കുന്ന പതിനായിരക്കണക്കിന് അമ്മമാരിൽ ഒരാൾ. തങ്ങളിതുവരെ കണ്ടിട്ടില്ലാത്തവർക്ക് വിരുന്നൂട്ടുന്നവർ. 
അപ്പുറത്തുള്ള വാടകവീട്ടിൽ വൃദ്ധദമ്പതികളാണ്. അവിടെയും അഞ്ച് പൊതിച്ചോറിന്റെ സമൃദ്ധി. പ്രവർത്തകർ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് വീടുകയറി. അരമണിക്കൂർ കഴിഞ്ഞ് തൊട്ടടുത്ത പൂഴിക്കുന്ന് യൂണിറ്റിന്റെ അതിരിലെ ശരത്തിന്റെ വീട്ടിലെത്തിയപ്പോഴേക്കും ഉമ്മറം നിറയെ പ്രവർത്തകർ സമാഹരിച്ച പൊതിച്ചോറുകൾ. അവയെല്ലാം പ്രവർത്തകരായ സുമീർ, റിയാസ്, റമീസ്, ഷെജിൻ തുടങ്ങിയവർ ചേർന്ന് ഭദ്രമായി അടുക്കിവയ്ക്കുന്നു. ഇതിനിടെ ബിനു പാഞ്ഞെത്തി. ബിനു ശബരിമലയ്ക്ക് പോകാൻ തീരുമാനിച്ച ദിവസമാണ് പൊതിച്ചോറ് ഒരുക്കേണ്ട ഊഴം. അതിനാൽ ഒരുദിവസം മുന്നേ മലകയറി ഓടിയെത്തിയതാണ്. 
 
മറ്റൊരു സംഘത്തോടൊപ്പം പൊതിച്ചോറുകളുമായി അനു ശ്രീധരൻ എത്തി. പാറശാല ശ്രീകൃഷ്ണ ഫാർമസി കോളേജിലെ അസി. പ്രൊഫസറാണ് അനു. ഒരാണ്ടിനിടെ ഇത് രണ്ടാംതവണയാണ് നേമം മേഖലയ്ക്ക് അവസരം ലഭിക്കുന്നത്. യൂണിറ്റിൽനിന്ന് അഞ്ഞൂറിൽ കുറയാത്ത പൊതിച്ചോറ് ശേഖരിക്കണമെന്നാണ് നിർദേശം. എല്ലാ യൂണിറ്റുകളും വണ്ടിപിടിച്ചാണ് നേമം ജങ്ഷനിൽ പൊതിച്ചോറുമായി എത്തിയത്. ഏഴായിരം പൊതിച്ചോറുകളുമായി ലോറിയടക്കമുള്ള വാഹനങ്ങളിൽ പ്രവർത്തകർ മെഡിക്കൽ കോളേജിലേക്ക്. കൃത്യം 12.30ന് ലക്ഷ്യത്തിലെത്തണം. കരമന പിന്നിട്ട് തമ്പാനൂർ, പാളയം, പിഎംജിവഴി ശുഭ്രപതാക കെട്ടിയ വാഹനങ്ങൾ കുതിച്ചു. പട്ടത്തുനിന്ന് മെഡിക്കൽ കോളേജ് റോഡിലേക്ക് തിരിഞ്ഞ് വണ്ടികൾ മുന്നോട്ട്. വാഹനങ്ങൾ വഴിമാറിക്കൊടുക്കുന്നു. മെഡിക്കൽ കോളേജിന്റെ പ്രധാന ഗേറ്റിൽ ഗതാഗതക്കുരുക്ക്. ആംബുലൻസ്‌പോലും ഭക്ഷണവാഹനങ്ങൾക്ക് വഴിയൊരുക്കുന്ന അത്യപൂർവ കാഴ്ച.
 
മെഡിക്കൽ കോളേജിൽ ഭക്ഷണവിതരണത്തിന് ഡിവൈഎഫ്‌ഐക്ക് അനുമതി നൽകിയ പ്ലാറ്റ്‌ഫോമിലേക്ക് വണ്ടികൾ ചേർത്തുനിർത്തി. അടുത്ത് അറ്റം കാണാത്ത വരി. പിന്നറ്റം തേടി പോയപ്പോൾ ഒപി‐ഐപി ബ്ലോക്കുകളെ ബന്ധിപ്പിച്ചിരുന്ന പഴയ ഇടനാഴിയുടെ രണ്ടുവശങ്ങളിലും നീണ്ട ക്യൂ. റീജ്യണൽ ക്യാൻസർ സെന്റർ, ശ്രീചിത്ര, എസ്എടി ആശുപത്രികളിലെ രോഗികളും കൂട്ടിരിപ്പുകാരും മാത്രമല്ല; മെഡിക്കൽ കോളേജ് പരിസരത്ത് ഒരുനേരത്തെ അന്നത്തിന് വകയില്ലാത്ത എല്ലാവരും വരിയിലുണ്ട്. 12.30നുതന്നെ ഭക്ഷണവിതരണം തുടങ്ങി.
ഡിവൈഎഫ്ഐ പ്രവർത്തകർ നേമത്തെ കോലിയക്കോട്ടുനിന്ന് പൊതിേച്ചാറുകൾ ശേഖരിച്ച് വാഹനത്തിൽ കയറ്റുന്നു

ഡിവൈഎഫ്ഐ പ്രവർത്തകർ നേമത്തെ കോലിയക്കോട്ടുനിന്ന് പൊതിേച്ചാറുകൾ ശേഖരിച്ച് വാഹനത്തിൽ കയറ്റുന്നു

ഉച്ചയ്ക്ക് ജോലി നിർത്തിവച്ച് ഭക്ഷണവിതരണത്തിന് എത്തിയ മെഡിക്കൽ കോളേജ് മേഖലയിലെ ഡിവൈഎഫ്‌ഐ പ്രവർത്തകർ അതിവേഗം പൊതികൾ കൈമാറുന്നു. എങ്ങും പൊതിച്ചോറിന്റെ ഗന്ധം. അവരിൽ അമ്മയും മക്കളുമുണ്ട്. രോഗികളായ ഉറ്റവർക്ക് കൂട്ടിരിക്കാൻ വന്ന്, എന്നും ഒരുമിച്ച് ഉച്ചഭക്ഷണം കഴിച്ച് സുഹൃത്തുക്കളായവരുണ്ട്. മരുന്നിനുപോലും കാശില്ലാതെ വലയുമ്പോൾ വിശപ്പടക്കാൻ എത്തിയവരുണ്ട്. ആരോരുമില്ലാതെ കഴിയുന്ന വൃദ്ധദമ്പതിമാരുണ്ട്. ഒരു പൊതി വാങ്ങി പങ്കിട്ട് കഴിച്ചശേഷം രണ്ടാമത്തെ പൊതി അത്താഴത്തിനായി കരുതിവയ്ക്കുന്നവരുണ്ട്. 

ഇരുനൂറിൽ തുടങ്ങി; അക്ഷയപാത്രമായി

2017 ജനുവരി ഒന്നിനാണ് തിരുവനന്തപുരം ഡിവൈഎഫ്‌ഐ മെഡിക്കൽ കോളേജ് മേഖല കമ്മിറ്റി 200 പൊതിച്ചോറുകളുമായി 'ഹൃദയപൂർവം' പദ്ധതി ആരംഭിക്കുന്നത്. ഡിവൈഎഫ്‌ഐ 'മാനുഷം' എന്ന പേരിൽ ആരംഭിച്ച രക്തദാനപദ്ധതിയുടെ ഭാഗമായി മെഡിക്കൽ കോളേജിലെത്തിയ യുവാക്കൾക്കുമുമ്പിൽ പാവപ്പെട്ട രോഗികൾ ഭക്ഷണത്തിന് വകയില്ലാതെ കൈനീട്ടിയപ്പോഴാണ് ഇതേക്കുറിച്ച് ആലോചിച്ചതെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ഐ സാജു. അപ്രതീക്ഷിതമായി മാരകരോഗങ്ങൾ പിടിപെട്ട് ആർസിസിയിലേക്കും മറ്റും വരുന്നവർക്ക് പലപ്പോഴും മരുന്നിനുപോലും വകയുണ്ടാകില്ല. മാസങ്ങൾ ചികിത്സ വേണ്ടിവരും.  ഇവർ എരിഞ്ഞ വയറുമായി കഴിയുന്ന ദുഃസ്ഥിതി മാറ്റണമെന്ന നിശ്ചയദാർഢ്യം മാത്രം കൈമുതൽ. ആവശ്യക്കാർ കൂടിയതോടെ 164 മേഖല കമ്മിറ്റികളെ ഏകോപിപ്പിച്ച് ജില്ലയിലെ എല്ലാ കുടുംബങ്ങളുടെയും പിന്തുണ തേടി. ദിവസം ഒരു മേഖലാ കമ്മിറ്റിയുടെ ചുമതലയിലാണ് ഭക്ഷണസമാഹരണവും വിതരണവും. മുൻകൂട്ടി എല്ലാ വീടുകളിലും പ്രവർത്തകരെത്തി പൊതിച്ചോറ് ശേഖരിക്കുന്ന ദിവസം അറിയിക്കും. ഒരു കുടുംബത്തിൽനിന്ന് ഒരു പൊതി നൽകണമെന്നാണ് അഭ്യർഥിക്കുന്നതെങ്കിലും, അമ്മമാർ ദിവസം അഞ്ചും ആറും പൊതി നൽകും. ഒരു മേഖല അഞ്ചുമാസം കൂടുമ്പോൾ ഒരുദിവസം ഉത്തരവാദിത്തം ഏറ്റെടുത്താൽ മതി. ഇപ്പോൾ ദിവസം ഏഴായിരം പൊതിവരെ വിതരണംചെയ്യുന്നു. പതിനയ്യായിരം പൊതിവരെ നൽകിയ ദിവസങ്ങളുമുണ്ട്. ജീവകാരുണ്യപ്രവർത്തനങ്ങളിൽ തൽപ്പരരായ ഒട്ടേറെപ്പേരുടെ  പങ്കാളിത്തവുമുണ്ട്.  
 
തുടക്കത്തിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർമാത്രമാണ് പങ്കെടുത്തിരുന്നത്. കൂടുതൽ പ്രചാരം ലഭിച്ചതോടെ രാഷ്ട്രീയ ഭേദമെന്യേ ജനങ്ങൾ ഏറ്റെടുത്തു. സ്ഥിരമായി പൊതിച്ചോറ് നൽകുന്ന ഇതര രാഷ്ട്രീയകക്ഷി പ്രവർത്തകരുമുണ്ടെന്ന് വളന്റിയർമാർ പറഞ്ഞു. കുട്ടികളുടെ പിറന്നാൾ ഉൾപ്പെടെയുള്ള ആഘോഷദിനങ്ങളിൽ കൂടുതൽ ഭക്ഷണപ്പൊതി നൽകാൻ പലരും സന്നദ്ധർ. എന്നാൽ, ഭക്ഷണവിതരണം അതീവശ്രദ്ധയോടെ നടത്തുന്നതിനാൽ നേരിട്ടറിയാവുന്നവരിൽനിന്ന് വീടുകളിൽ ചെന്നാണ് പൊതി സ്വീകരിക്കുക. പ്ലാസ്റ്റിക്കിന് ഇവിടെ സ്ഥാനമില്ല. വാഴയിലമാത്രം ഉപയോഗിക്കും. ഇല ഇല്ലാത്ത വീടുകളിൽ പ്രവർത്തകർ ഇല എത്തിച്ചുനൽകും. 

ലോകത്തിന് മാതൃക

കൂടുതൽ അടുക്കളയിൽനിന്ന് കൂടുതൽപേർക്ക് ഭക്ഷണം മുടങ്ങാതെ നൽകുന്ന പദ്ധതി ലോകത്തുതന്നെ ആദ്യം. അടുക്കളയിൽ അമ്മമാർ തയ്യാറാക്കുന്ന ഭക്ഷണത്തിന്റെ പങ്കുവയ്ക്കലാണിത്. തുടങ്ങിയതുമുതൽ ഒരുദിനംപോലും മുടങ്ങാത്ത പദ്ധതി ഒരുവർഷം പിന്നിട്ടപ്പോൾ 20 ലക്ഷം പൊതിച്ചോറുകൾ വിതരണം ചെയ്തുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നാട്ടിലെ മുഴുവൻ വീട്ടിലെയും അടുക്കള വിശക്കുന്ന മനുഷ്യർക്കായി ഒരുദിവസം മാറ്റിവയ്ക്കുന്ന സമാനതകളില്ലാത്ത അനുഭവം. പൊതിക്കുമുകളിൽ 'വേഗം സുഖപ്പെടട്ടെ' എന്ന് എഴുതി ആശംസിക്കുന്നവരുമുണ്ട്. 
തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിസരത്ത് പൊതിച്ചോറ് വിതരണംചെയ്യുന്നു

തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിസരത്ത് പൊതിച്ചോറ് വിതരണംചെയ്യുന്നു

ഇനി പൊതിച്ചോറുകൾ ഉണ്ടാക്കാനുള്ള പച്ചക്കറി വിളയിച്ച് നൽകാനുള്ള 'സ്‌നേഹപൂർവം' പദ്ധതിക്കും ഡിവൈഎഫ്‌ഐ തുടക്കമിട്ടു. ഓരോ മേഖല കമ്മിറ്റിയും കുറഞ്ഞത് പത്തുസെന്റിൽ പച്ചക്കറികൃഷി നടത്തുന്നുണ്ട്. പൊതിച്ചോറ് നൽകുന്ന വീടുകളിൽ പച്ചക്കറി എത്തിക്കുകയാണ് ലക്ഷ്യം. പാറശാലയിൽ രണ്ടേക്കറിൽ ജൈവ നെൽക്കൃഷിയും ആരംഭിച്ചിട്ടുണ്ട്. 

വാടക വാങ്ങാതെ വാഹനങ്ങൾ 

'ഹൃദയപൂർവം' പദ്ധതിയുടെ തുടക്കത്തിൽ ഭക്ഷണപ്പൊതികൾ ആശുപത്രിയിൽ എത്തിക്കാൻ വാഹന ഉടമകൾക്ക് വാടക നൽകേണ്ടിയിരുന്നു. എന്നാൽ, ഒരിക്കൽ വാഹനത്തിലെത്തി പൊതിവിതരണം നേരിൽ കണ്ടിട്ടുള്ള ഡ്രൈവർമാരും ഉടമകളും പിന്നീട് വാടക വാങ്ങാറില്ല. ഇനി സ്വന്തം നാട്ടിൽനിന്ന് ഭക്ഷണം കൊണ്ടുപോകുന്നത്  എന്റെ വാഹനത്തിൽതന്നെ വേണമെന്ന് നിർബന്ധം പിടിക്കുന്നവരാണ്  ഏറെയും. ഏത് വലിയ വാഹനവും വിട്ടുതരാൻ ആർക്കും മടിയില്ല. 

കേരളമാകെ ഏറ്റെടുത്തു

തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിസരം വിശപ്പുരഹിതമാക്കിയ മാതൃകാപദ്ധതി സംസ്ഥാനമാകെ ഏറ്റെടുക്കാൻ ഡിവൈഎഫ്‌ഐ ആഹ്വാനം ചെയ്തതോടെ, മുഴുവൻ മെഡിക്കൽ കോളേജിലേക്കും ജില്ലാ ആശുപത്രികളിലേക്കും താലൂക്കാശുപത്രികളിലേക്കും പദ്ധതി വ്യാപിക്കുകയാണ്. ഈ മാതൃകാപദ്ധതിയുടെ ചുവടുപിടിച്ച് യുവജനപ്രവർത്തകർ കക്ഷിരാഷ്ട്രീയഭേദമെന്യേ ദിവസം ഒരുലക്ഷത്തിലേറെ പൊതിച്ചോറ് സംസ്ഥാനത്തെ ആശുപത്രിപരിസരങ്ങളിൽ വിതരണം ചെയ്യുന്നുവെന്നാണ് കണക്ക്.
 
mvpradeepkannur@gmail.com
പ്രധാന വാർത്തകൾ
 Top