18 February Monday

നവമാധ്യമങ്ങൾ: സാധ്യതകൾ, വെല്ലുവിളികൾ, പരിമിതികൾ

ഡോ. ബി ഇക്‍ബാൽUpdated: Sunday Jan 21, 2018
ഡിജിറ്റൽ സാങ്കേതികവിദ്യകൾ മുന്നോട്ടുവയ്ക്കുന്ന സാധ്യതകളും അവ സമൂഹത്തിൽ സൃഷ്ടിക്കുന്ന  അനുകൂലവും പ്രതികൂലവുമായ അനുരണനങ്ങളും  സമഗ്രമായി വിലയിരുത്താനുള്ള  ശ്രമമാണ് ഇന്ത്യ കണക്ടഡ്: മാപ്പിങ് ദ ഇംപാക്ട് ഓഫ് ന്യൂ മീഡിയ (India Connected: Mapping the impact of New Media: Sunetra Sen Narayan, Shalini Narayanan: Sage Publications: 2016) എന്ന ഗ്രന്ഥം. സുനേത്ര സെൻ നാരായണും ശാലിനി നാരായണനും എഡിറ്റ് ചെയ്ത  ഈ പുസ്തകം  നവമാധ്യമങ്ങളുടെ സാമൂഹ്യപരിവർത്തന സാധ്യതകളാണ് പരിശോധിക്കുന്നത്. ഡിജിറ്റൽ സാങ്കേതികവിദ്യകൾ സാമൂഹ്യ  അസമത്വങ്ങൾ വർധിപ്പിക്കുമോ, ഭരണരംഗത്തും മറ്റും  ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ സാധ്യതകൾ പൂർണമായും പ്രയോജനപ്പെടുത്താൻ നമുക്ക് കഴിയുന്നുണ്ടോ, ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ ലിംഗപരമായ മാനങ്ങൾ എന്തൊക്കെ, ഭിന്നശേഷിക്കാർക്ക് ഡിജിറ്റൽ സാങ്കേതികവിദ്യ  തുറന്നുതരുന്ന സാധ്യതകൾ എന്തെല്ലാം തുടങ്ങിയ വിഷയങ്ങളാണ് മൂന്ന് അധ്യായങ്ങളിലായി ചേർത്തിട്ടുള്ള 12 ലേഖനങ്ങൾ വിശദമായി ചർച്ചചെയ്യുന്നത്. 
 
ഡിജിറ്റൽ സാങ്കേതികവിദ്യയുടെ പ്രധാന ഉൽപ്പന്നമായ ഇന്റർനെറ്റിന്റെ ഇന്ത്യയിലെ വ്യാപന നിരക്ക് അവിശ്വസനീയമാംവിധം വർധിക്കുകയാണ്. രണ്ടായിരാമാണ്ടിൽ ജനസംഖ്യയുടെ കേവലം 0.5 ശതമാനം വരുന്ന 55 ലക്ഷം ഇന്റർനെറ്റ് ഉപയോക്താക്കളാണ് രാജ്യത്തുണ്ടായിരുന്നത്. 2015ൽ അത് ജനസംഖ്യയുടെ 28 ശതമാനമായി. അതായത് 35.40 കോടി. 2018 ഓടെ ഇത് 50 കോടിയായി വർധിക്കും.  ചൈന കഴിഞ്ഞാൽ ഇന്റർനെറ്റ് ഏറ്റവുമധികംപേർ ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്.  
 
പത്രം, റേഡിയോ, ടെലിവിഷൻ എന്നീ പഴയ മാധ്യമങ്ങളിൽ (Legacy Media എന്നും ചിലർ ഇവയെ വിളിക്കുന്നുണ്ട്) നിന്ന്  നവമാധ്യമങ്ങളെ ഗുണപരമായി വ്യത്യസ്തമാക്കുന്ന ഘടകങ്ങൾ  സുനേത്ര സെൻ നാരായണും ശാലിനി നാരായണനും ആമുഖലേഖനത്തിൽ വിശകലനംചെയ്യുന്നു.  പാരമ്പര്യമാധ്യമങ്ങൾ അനലോഗ് സങ്കേതങ്ങളുടെയും  നവമാധ്യമങ്ങൾ ഡിജിറ്റൽ സങ്കേതങ്ങളുടെയും അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത.് പാരസ്പര്യസ്വഭാവവും (Interactive), വിവിധ മാധ്യമങ്ങളുടെ കേന്ദ്രീകരണവും (Convergence), പരസ്പരം ബന്ധിപ്പിക്കലും (Connectivtiy), അതിവേഗത്തിലുള്ള വ്യാപനവുമാണ് നവമാധ്യമങ്ങളെ പാരമ്പര്യമാധ്യമങ്ങളിൽനിന്ന്  വ്യത്യസ്തമാക്കുന്നത്. കംപ്യൂട്ടറുകളിൽനിന്ന് മൊബൈൽ ഫോണുകളിലേക്ക്  സ്ഥാനമുറപ്പിച്ചതോടെ നവമാധ്യമങ്ങൾക്ക് സ്വീകാര്യതയും സ്വാധീനവും വർധിച്ചു.
 
നവമാധ്യമവ്യാപനം വർധിച്ചെങ്കിലും പാരമ്പര്യമാധ്യമങ്ങൾക്കുള്ള പ്രസക്തി കുറെയേറെ കാലംകൂടി ഇന്ത്യയിൽ നിലനിൽക്കുമെന്ന് ജതിൻ ശ്രീവാസ്തവയും ഏണാക്ഷി റോയിയും ലേഖനത്തിൽ പറയുന്നു.  മൊബൈൽ ഫോണും മറ്റും സാധാരണ ജനങ്ങളുടെ ജീവിതത്തിൽപോലും ഗുണപരമായ മാറ്റം വരുത്തുകയാണെന്ന് കേരളത്തിലെ മത്സ്യത്തൊഴിലാളികളെ ഉദാഹരിച്ച്  ഇവർ ചൂണ്ടിക്കാട്ടുന്നു. കടലിൽ മീൻ പിടിച്ച് മടങ്ങുമ്പോൾ എവിടെ കൂടിയ വില ലഭിക്കുന്നതെന്ന് മനസ്സിലാക്കാൻ അവർക്ക് കഴിയുന്നു. തൊഴിലിൽ കാര്യക്ഷമത വർധിപ്പിക്കാനും അനിശ്ചിതത്വം ഒഴിവാക്കാനും ആധുനിക സാങ്കേതികവിദ്യകൾ സഹായിക്കുന്നു.
 
മൊബൈൽ ഫോണും മറ്റ് ഡിജിറ്റൽ സാങ്കേതികവിദ്യകളും അതിവേഗം വ്യാപിക്കുമ്പോൾത്തന്നെ ഇവയൊന്നും പ്രാപ്യമല്ലാത്ത വലിയൊരു ജനവിഭാഗം ഇന്ത്യയിലുണ്ടെന്ന യാഥാർഥ്യം മിക്ക ലേഖകരും ചൂണ്ടിക്കാട്ടുന്നു. സാമൂഹിക സാമ്പത്തിക അസമത്വം നിലവിലുള്ള ഇന്ത്യയിൽ,  ഡിജിറ്റൽ സാങ്കേതികവിദ്യ ഉള്ളവരും ഇല്ലാത്തവരും എന്ന തരത്തിൽ ജനങ്ങളെ വേർതിരിക്കുന്ന ഡിജിറ്റൽ വിഭജനം (Digital Divide) എന്നൊരു പുതിയ സാമൂഹ്യവിടവ് കൂടി വളരുന്നുണ്ട്. ലഭ്യത, പ്രാപ്യത, പരിശീലനം, നൈപുണ്യം, ഭാഷ, ലിംഗം തുടങ്ങി പല ഘടകങ്ങൾ ഡിജിറ്റൽ വിഭജനത്തിന് കാരണമാകാം. സാമ്പത്തികശേഷിയുള്ളവർക്കുമാത്രമേ ഇത്തരം സങ്കേതങ്ങൾ വാങ്ങാനാകൂ. നവമാധ്യമങ്ങളിൽ  പ്രാദേശികഭാഷകളുടെ ഉപയോഗം വർധിച്ച് വരുന്നുണ്ടെങ്കിലും  വെബ്‌സൈറ്റുകൾ ഭൂരിഭാഗവും ഇംഗ്ലീഷിലാണ്. ഡിജിറ്റൽ സാങ്കേതികവിദ്യകൾ പതിവായി ഉപയോഗിക്കുന്ന ഡിഗേരറ്റി (Digerati) എന്നൊരു നവ വരേണ്യവിഭാഗം വളർന്നുവരുന്നുണ്ട്. പ്രധാനമായും നഗരപ്രദേശങ്ങളിലുള്ള സമ്പന്നയുവാക്കളാണ് വിവരസാങ്കേതികവിദ്യയുടെയും മറ്റ് വിജ്ഞാന വിവരാധിഷ്ഠിത സാമ്പത്തികമേഖലകളുടെയും ഗുണഭോക്താക്കൾ.  മൊബൈൽ ഫോൺ ഡിജിറ്റൽ വിഭജനം കുറയ്ക്കുന്നതിൽ വലിയ സംഭാവന നൽകുന്നുണ്ടെന്നും ലേഖകർ നിരീക്ഷിക്കുന്നു. മുഖ്യധാരാമാധ്യമങ്ങളുടെ പക്ഷപാതിത്വം ഒഴിവാക്കി ജനപക്ഷ ആശയങ്ങൾ ജനങ്ങളിലെത്തിച്ചുകൊണ്ട് ശബ്ദമില്ലാത്തവരുടെ ശബ്ദമാകാനും നവമാധ്യമങ്ങൾക്ക് കഴിയുന്നു. സാമൂഹ്യ അജൻഡ നിശ്ചയിക്കുന്നതിൽ പാരമ്പര്യമാധ്യമങ്ങൾക്കുണ്ടായിരുന്ന മേധാവിത്വം ഏതാണ്ട് അവസാനിച്ചിട്ടുണ്ട്.
 
രാഷ്ട്രീയപ്രക്രിയയിൽ പങ്കാളികളാകാൻ അധികാരം കൈയാളുന്നവരല്ലാത്ത ജനവിഭാഗങ്ങൾക്ക് ഒരവസരം നൽകുന്നു എന്നതാണ് നവമാധ്യമങ്ങളുടെ നേട്ടമെന്ന് അവൈസ് സലീം തന്റെ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് അവരുടെ പ്രശ്‌നങ്ങൾ അവതരിപ്പിക്കാനുള്ള ബദൽ ഇടങ്ങളാണവ. നവ സാമൂഹ്യ രാഷ്ടീയപ്രസ്ഥാനങ്ങൾ വളർത്തിയെടുക്കുന്നതിൽ നവമാധ്യമങ്ങൾക്കുള്ള പങ്കിനെ ശാലിനി നാരായണനും അനന്ദ് പ്രധാനും വിലയിരുത്തുന്നു. പശ്ചിമേഷ്യയിൽ നടന്ന മുല്ലപ്പൂ വിപ്ലവം ഫെയ്സ് ബുക്ക് വിപ്ലവമെന്നും  ഇറാനിലെ ജനകീയമുന്നേറ്റം ട്വിറ്റർ കലാപമെന്നുമാണ് വിശേഷിപ്പിക്കപ്പെട്ടത്. എന്നാൽ, ഇന്റർനെറ്റിന്റെയും വിമോചനസാധ്യതയിൽ അതിശയോക്തികലർന്ന വിശ്വാസം വച്ചുപുലർത്തുന്നത് യാഥാർഥ്യബോധത്തോടെയുള്ള സമീപനമല്ല എന്നിവർ മുന്നറിയിപ്പ് നൽകുന്നുണ്ട്.  ഇത്തരത്തിൽ നവമാധ്യമങ്ങൾ അമിതപ്രതീക്ഷ വച്ചുപുലർത്തുന്നതിനെ സൈബർ സാങ്കൽപ്പികത (Cyber Utopianism) എന്നാണിവർ വിശേഷിപ്പിച്ചിട്ടുള്ളത്. മാത്രമല്ല, ഇന്റർനെറ്റിൽമാത്രം പരിമിതപ്പെടുത്തി നിലകൊള്ളുന്ന സാമൂഹ്യ ഇടപെടലുകളെ ക്ലിക്റ്റിവിസം (Clicktivism) എന്നിവർ കളിയാക്കുന്നുമുണ്ട്. അതോടൊപ്പം മുൻ കാലങ്ങളിൽ പങ്കെടുക്കാതിരുന്ന ജനവിഭാഗങ്ങളെ  അണിനിരത്താനും നേരത്തെ പ്രാപ്യമല്ലാത്ത സ്ഥലങ്ങളിൽ ജനകീയമുന്നേറ്റങ്ങൾ സംഘടിപ്പിക്കാനും നവമാധ്യമങ്ങൾ വഹിച്ചുവരുന്ന പങ്കിനെ ഇവർ ശ്ലാഘിക്കയും ഇങ്ങനെ സംഘടിക്കുന്നവരെ സ്മാർട്ട് ജനാവലി (Smart Mobs) എന്ന് വിശേഷിപ്പിക്കയുംചെയ്യുന്നുണ്ട്.
 
ഇന്ത്യയിൽ നടപ്പാക്കിയ ഇ ഗവേണൻസ് പദ്ധതികളെ  അഭിഷേക് സിങ്ങും വിഘ്‌നേശ്വര ഇളവരശനും വസ്തുനിഷ്ഠമായാണ് വിലയിരുത്തുന്നത്. ഐക്യരാഷ്ട്ര സംഘടന തയ്യാറാക്കിയിട്ടുള്ള വികസന സൂചികയനുസരിച്ച് ഈ ഗവേർണൻസിൽ 193 രാജ്യങ്ങളിൽ ഇന്ത്യക്ക് 118‐ാം സ്ഥാനം മാത്രം. ശ്രീലങ്ക, ചൈന, സിംഗപ്പൂർ, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യയെക്കാൾ മുന്നിൽ. സുതാര്യത, പങ്കാളിത്തം, തുല്യത, നിയമവാഴ്ച തുടങ്ങിയവ ഉറപ്പാക്കി അഴിമതി തടഞ്ഞ് ഭരണ കാര്യക്ഷമത വർധിപ്പിക്കാൻ ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് കൊണ്ടുള്ള ഭരണരീതിക്ക് കഴിയും. കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന ഇ ഗവേർണൻസ് പദ്ധതികളെല്ലാം ഇവർ പഠന വിഷയമാക്കുന്നുണ്ട്. ഇതനുസരിച്ച് ഇതുവരെ നടപ്പാക്കിയ പദ്ധതികളിൽ 15 ശതമാനംമാത്രമാണ് വിജയിച്ചിട്ടുള്ളത്. 35 ശതമാനവും അമ്പേ പരാജയപ്പെട്ടു, 55 ശതമാനമാകട്ടെ ഭാഗികമായി മാത്രം ഫലം കണ്ടു. കേന്ദ്രസർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ പ്രചാരണം തട്ടിപ്പാണെന്ന് ലേഖകർ ആധികാരികമായി വ്യക്തമാക്കുന്നു. 
 
ഐടി ആക്ട് 2000ത്തിലെ 69എ, 69ബി വകുപ്പുകളുടെയും ഇന്റർമീഡിയറി ഗൈഡ് ലൈൻസ് ആക്ട് 2011ലെ 79 (3) ബി വകുപ്പിന്റെയും  ജനാധിപത്യവിരുദ്ധ വശങ്ങൾ വിക്രം ആദിത്യ നാരായൺ തുറന്നുകാട്ടുന്നു. വിദ്യാഭ്യാസമേഖലയിൽ നവമാധ്യമങ്ങളുടെ പ്രയോഗസാധ്യതകളാണ്   അനുഭൂതി യാദവ് വിലയിരുത്തുന്നത്. നവമാധ്യമങ്ങളിലൂടെയുള്ള ബ്രാൻഡ് പ്രചാരണത്തെ പറ്റി ജയശ്രീ ജെത്വാനിയും നവമാധ്യമങ്ങളിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളെ പറ്റി ഗീത ശേഷുവും ഭിന്നശേഷിക്കാരുടെ  നവമാധ്യമസാധ്യതകളെ പ്പറ്റി പി ജെ മാത്യു മാർട്ടിനും സുന്ദർ രാജ്ദീപും എഴുതിയിട്ടുള്ള വിജ്ഞാനപ്രദങ്ങളായ ലേഖനങ്ങൾ പുസ്തകത്തിന്റെ മാറ്റ് കൂട്ടുന്നു.
പ്രധാന വാർത്തകൾ
 Top