02 June Tuesday

കനൽ പൊള്ളിയ സത്യങ്ങൾ

എൻ രാജൻ neerarajan@gmail.comUpdated: Sunday Oct 20, 2019

ബാബുരാജ്‌, റഫീഖ്‌, ബിജി

ഇങ്ങനെയൊന്ന്‌ കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിൽ കേട്ടുകേൾവിപോലുമില്ല. ഒരു രാഷ്‌ട്രീയ കൊലപാതകക്കേസിൽ യഥാർഥ പ്രതികളെ കാൽനൂറ്റാണ്ടിനുശേഷം കണ്ടെത്തുക. അവർക്ക്‌ മറ്റൊരു കൊലപാതകവുമായുള്ള ബന്ധം സ്ഥാപിക്കപ്പെടുക. അപ്പോഴും രാഷ്‌ട്രീയ മുൻവിധികളുടെ പേരിൽ പ്രതിചേർത്ത്‌ ശിക്ഷിക്കപ്പെട്ട സിപിഐ എം പ്രവർത്തകർക്കും അവരുടെ സഖാക്കൾക്കും കുടുംബാംഗങ്ങൾക്കും  നേരിടേണ്ടിവന്ന ദുരിതങ്ങളും ദൈന്യങ്ങളും ബാക്കിയാകുന്നു. തൃശൂർ തൊഴിയൂർ സുനിൽവധക്കേസിൽ ജീവപര്യന്തം തടവിന്‌ ശിക്ഷിക്കപ്പെട്ട്‌ പിന്നീട്‌ മോചിതരായ സിപിഐ എം പ്രവർത്തകർ  സംസാരിക്കുന്നു

 
ഇത് കഥയെ വെല്ലുന്ന വാർത്തകളുടെ കാലമാണ്. നേരും നുണയും തിരിഞ്ഞുകിട്ടാൻ ചിലപ്പോൾ അവിരാമിയായ കാലം കുറേ പതിരെടുക്കേണ്ടിവരും. 
ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ ശിക്ഷിക്കപ്പെടുന്ന നിരപരാധികളുടെ കണ്ണീരിന് ഈ മണ്ണിനെ പൊള്ളിക്കാനുള്ള ഉൾത്താപമുണ്ട്. മുല പറിച്ച് വലിച്ചെറിഞ്ഞ് പുരമെരിച്ച ആഖ്യായികയുടെ പുനരാവർത്തനമായി തോന്നാം  കൽപിത കഥകളെ നിഷ്‌പ്രഭമാക്കുന്ന ഇവരുടെ സത്യത്തിന്റെ പ്രകാശം.  
 

25 വർഷം മുമ്പ്

 
ബിജി അന്ന്  24 വയസ്സുകാരൻ. ഓട്ടോ ഡ്രൈവർ. ഗുരുവായൂരിലും പരിസരങ്ങളിലും വണ്ടിയോടിച്ച് അൽപ്പസ്വൽപ്പം ഡിവൈഎഫ്ഐ പ്രവർത്തനവുമായി കഴിഞ്ഞിരുന്ന കാലം. മാതാപിതാക്കളും രണ്ട് അനിയന്മാരും സഹോദരിമാരുമുള്ള കുടുംബത്തിന്റെ അത്താണി. ബാബുരാജ് ബസ്‌ തൊഴിലാളിയായിരുന്നു.
 
സാധാരണതകളിൽ ഓടിക്കൊണ്ടിരുന്ന അവരുടെ ദിനസരികൾക്കിടെ അപ്രതീക്ഷിതമായൊരു ചുഴലി വീശി. 1994 ഡിസംബർ നാലിന് പുലർച്ചെ. ജീവിതം തലകീഴായി മറിഞ്ഞു. സ്വപ്‌നങ്ങൾ നിലംപരിശായി.
 
വീട്ടിൽ ഉറങ്ങിക്കിടന്ന ആർഎസ്എസ് പ്രവർത്തകനായിരുന്ന തൊഴിയൂർ മനങ്കുളം വീട്ടിൽ സുനിൽ വധിക്കപ്പെട്ടതോടെയാണ് ഈ ചെറുപ്പക്കാരുടെ ജീവിതവും തരിശാക്കപ്പെട്ടത്. സുനിലിന്‌ അന്ന് 19 വയസ്. അരിശം തീരാതെ അക്രമികൾ സുനിലിന്റെ അമ്മ കുഞ്ഞിമുവിന്റെ ചെവിയറുത്തു. ചേട്ടൻ സുബ്രഹ്മണ്യന്റെ കൈ വെട്ടി. തടയാനെത്തിയ അച്ഛനെയും സഹോദരിമാരെയും വെറുതെ വിട്ടില്ല. രാഷ്ട്രീയ വ്യത്യാസങ്ങൾക്കപ്പുറം നാട്ടുകാരനായ സുനിലുമായി അടുപ്പക്കാരായിരുന്നു ബിജിയും ബാബുരാജും റഫീഖും. നിലവിളികേട്ട് ആ വീട്ടിൽ ആദ്യം ഓടിയെത്തിയവരിൽ അവരുണ്ട്. സുബ്രഹ്മണ്യന്റെ അറ്റുപോയ കൈ ആശുപത്രിയിലെത്തിക്കാൻ ഐസുപെട്ടി ചുമന്നത് ബാബുരാജാണ്.
 

ആസൂത്രിതമായ കരുനീക്കം

 
സുനിൽ വധിക്കപ്പെടുന്നതിന് തലേന്ന്, അതായത് 1994 ഡിസംബർ മൂന്നിന് ബിജിയുടെയും ബാബുരാജിന്റെയും മറ്റൊരു കൂട്ടുകാരൻ  ജോയിക്ക് വെട്ടേറ്റിരുന്നു. പരിക്കേറ്റ ജോയിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാണാനും സഹായിക്കാനും ബിജിയും ബാബുരാജും പോകുന്നുണ്ട്. ആ സന്ദർശനമാണ് പൊലീസ് കുരുക്കാക്കിയത്. ഈയൊരു നൂലറ്റത്ത് സുനിൽ വധക്കേസിൽ ഇവരെ കൂട്ടിക്കെട്ടി.  
 
അന്ന് കേരളം ഭരിക്കുന്നത് കെ കരുണാകരൻ. ‘ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമ’നെന്ന പഴയ ചൊല്ല് ആവർത്തിക്കപ്പെട്ടു. വധിക്കപ്പെട്ടത് ആർഎസ്എസുകാരനെങ്കിൽ പ്രതികൾ സിപിഐ എം പ്രവർത്തകർതന്നെയെന്ന തന്ത്രം ഉന്നതങ്ങളിൽ മെനഞ്ഞു. ഒപ്പം കോൺഗ്രസ് ഗ്രൂപ്പു വഴക്കിന് പ്രതികാരമായും വീണുകിട്ടിയ വധക്കേസിനെ ആയുധമാക്കി. പ്രതിയാക്കപ്പെട്ട ജയ്സൺ കോൺഗ്രസ് പ്രവർത്തകനായിരുന്നു. സുനിലിന്റെ സംസ്‌കാരച്ചടങ്ങിനു മുമ്പേ അന്നത്തെ ഡിവൈഎസ്‌‌പി  ചന്ദ്രനും ഗുരുവായൂർ സിഐ ശിവദാസൻ പിള്ളയും ‘പ്രതികളെ പ്രഖ്യാപിച്ചു’.
 

കേസിന്റെ നാൾവഴി

 
ബിജിയും ബാബുരാജും റഫീഖും ജയിംസും  അബൂബക്കറും ജയ്സണുമടങ്ങുന്ന 12 പേരുള്ള പ്രതിപ്പട്ടികയിൽ സുബ്രഹ്മണ്യനും ഷെമീറും ഹരിദാസനും ഇതിനകം മരിച്ചു. കൊടിയ മർദനമേറ്റ് ക്ഷയരോഗിയായാണ് ഹരിദാസന്റെ മരണം. ജയ്സൺ കാഴ്ചശക്തി നശിച്ച് ജീവച്ഛമായി മുളങ്കുന്നത്തുകാവിലുണ്ട്. റഫീഖ് ഇടക്കെപ്പോഴോ ഗൾഫിൽ ഉപജീവനം തേടി. 
പതിനൊന്ന്‌ ദിവസമാണ് ജലപാനമില്ലാതെ അന്ന് ലോക്കപ്പലിട്ടത്. പൊലീസ് പറയുന്ന ‘സത്യം’ ഏറ്റുപറയാൻ എല്ലാവിധ മൂന്നാംമുറയും പ്രയോഗിച്ചു. രഹസ്യയിടങ്ങളിൽ മുളകരച്ചു പുരട്ടി. അടിയന്തരാവസ്ഥയിലെ കക്കയം ക്യാമ്പിനെ ഓർമിപ്പിക്കുംവിധം ബഞ്ചിൽ കിടത്തി ഉരുട്ടി. തലകീഴായി തൂക്കി. ജീവൻ നിലനിർത്താൻ കുറ്റം സമ്മതിക്കേണ്ടിവന്നു. നാലുപേർക്ക് സെഷൻസ് കോടതി ജീവപര്യന്തം വിധിച്ചു. 
 

വഴിത്തിരിവ്

 
തീരദേശത്തെ തീവ്രവാദപ്രവർത്തനം ശക്തമാണെന്ന രഹസ്യ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടന്ന ക്രൈംബ്രാഞ്ച് അന്വേഷണമാണ് ഈ നിരപരാധികളുടെ കൈയിലെ പാപക്കറ കഴുകിക്കളഞ്ഞത്.
 
1996ൽ നായനാർ സർക്കാരിന്റെ കാലത്ത് ടി പി സെൻകുമാറിനെ അന്വേഷണച്ചുമതലയേൽപിച്ചു. ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ  1997ൽ പ്രതികളാക്കപ്പെട്ടവരെ കുറ്റവിമുക്തരാക്കി ഹൈക്കോടതി ഉത്തരവിട്ടു. എന്തുകൊണ്ടോ കോടതി നിർദേശിച്ച തുടരന്വേഷണം നടന്നില്ല. 
 
എന്നാൽ ചെയ്യാത്ത കുറ്റത്തിന് ശിക്ഷയനുഭവിച്ചവരുടെ മുറിവുണങ്ങിയില്ല. സങ്കട ഹർജികളും നിവേദനങ്ങളുമായി അവർ യാത്ര തുടർന്നു. ഒടുവിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നിലെത്തി. മുഖ്യമന്ത്രിയെ നേരിൽകണ്ടു. അദ്ദേഹം അവരുടെ തകർന്ന ജീവിതം കേട്ടു. കേസ് പുനരന്വേഷണത്തിന് ഹൈക്കോടതി നിർദേശപ്രകാരം 2017ൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി കെ എ സുരേഷ്ബാബുവിനെ ചുമതലപ്പെടുത്തി ഉത്തരവിറങ്ങി. അങ്ങനെ ഒന്നര വർഷത്തിനുശേഷം അതു സംഭവിച്ചു. യഥാർഥ പ്രതികളിലൊരാൾ അറസ്റ്റിൽ. 
നേരിന്റെ വർണരാജി
 
കാൽ നൂറ്റാണ്ടു മുമ്പ് തൊഴിയൂർ സുനിലിനെ വെട്ടിക്കൊന്ന കേസിലെ യഥാർഥ പ്രതികളിലൊരാളായ ചാവക്കാട് പാലയൂർ തിരുവത്ര കറുപ്പംവീട്ടിൽ മൊയ്‌തു എന്ന മൊയ്നുദ്ദീൻ 2019 ഒക്ടോബർ 12ന്‌ മലപ്പുറത്ത് അറസ്റ്റിലായി. ഈ പഴയ കരാട്ടെ അധ്യാപകനിപ്പോൾ ഹോട്ടൽ തൊഴിലാളിയാണ്. അതോടെ തൊഴിയൂർ സുനിൽ വധക്കേസിൽ പുനരന്വേഷണത്തിന് പുതിയദിശ കൈവന്നു. മുഖ്യപ്രതി സെയ്‌തലവി അൻവരി അടക്കം നാലുപേർ വിദേശത്തേക്ക് കടന്നുവെന്നാണ് സൂചന. 1997ൽ മുംബൈ വഴിയാണ് അൻവരി വ്യാജ പാസ്‌പോർട്ടിൽ ദുബായിലേക്ക് കടന്നത്.  
 
തൃശൂർ ആസ്ഥാനമായി 1992ൽ രൂപംമെടുത്ത ജംഇയ്യത്തുൽ ഇഹ്സാനിയ എന്ന മതതീവ്രവാദ സംഘടനയിൽപ്പെട്ടവരാണ്  സുനിൽ വധക്കേസിലെ യഥാർഥ പ്രതികളെന്ന് തെളിഞ്ഞു. ചേകന്നൂർ മൗലവി തിരോധാനമുൾപ്പെടെ തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലെ പല കൊലപാതകങ്ങളുടെയും ആസൂത്രകരും വിധാതാക്കളും അവരായിരുന്നു.
ഏറ്റവും ഒടുവിൽ 24 വർഷം മുമ്പ് മലപ്പുറം ചെമ്മലശേരിയിൽ ബിജെപിക്കാരനായിരുന്ന മോഹനചന്ദ്രനെ ജീപ്പിടിച്ച് കൊലപ്പെടുത്തിയ സംഭവമാണ് പുറത്തായത്. തൊഴിയൂർ സുനിൽ വധക്കേസിൽപ്പെട്ട മലപ്പുറം ചെമ്മലശേരി പൊതുവകത്ത് ഉസ്‌മാനും വാടാനപ്പള്ളി അഞ്ചങ്ങാടി നാലകത്തൊടിയിൽ യൂസഫ് എന്ന യൂസഫലിയും ഒക്ടോബർ 16ന്  മലപ്പുറത്ത് പിടിയിലായതോടെയാണ് അപകടമരണമെന്ന് എഴുതിത്തള്ളിയ മോഹനചന്ദ്രൻ വധക്കേസിനും തുമ്പുണ്ടായത്. 
 

മുനയൊടിഞ്ഞ്‌  അക്രമമുറവിളി

 
നാടിനെ നടുക്കിയ ഈ കൊലപാതക പരമ്പരകളിൽ എക്കാലവും സിപിഐ എം പ്രവർത്തകരായിരുന്നു പ്രതിപ്പട്ടികയിൽ. രാഷ്ട്രീയ മുതലെടുപ്പിന്നും നാട്ടിലെ സമാധാനന്തരീക്ഷം തകർക്കുന്നവരെന്ന പല്ലവി ആവർത്തിക്കാനും കോൺഗ്രസും വർഗീയശക്തികളും ഒരേ തൂവൽപക്ഷികളായി. നുണകൾ എത്രതന്നെ സ്വർണപാത്രങ്ങളിൽ മൂടിവെച്ചാലും സത്യം വജ്രസൂചിപോലെ ഒരുനാൾ പുറത്തുവരുമെന്ന് കാലം തെളിയിച്ചിരിക്കയാണ്. തൊഴിയൂർ സുനിൽ വധത്തിൽ സിപിഐ എം പ്രവർത്തകർക്ക് പങ്കില്ലെന്ന പാർടിയുടെ നിലപാട്‌ പക്ഷേ അന്നാരും ഗൗനിച്ചില്ല. മുഖ്യധാരാ മാധ്യമങ്ങൾ ആവർത്തിച്ച് നുണയെഴുതാനുള്ള മത്സരത്തിലായിരുന്നു. സിപിഐ എമ്മിനെ തകർക്കുക എന്ന ഏകലക്ഷ്യത്തിൽ അവർ മറന്നുപോയത് നാടിന്റെ സുരക്ഷയ്‌ക്കുതന്നെ ഭീഷണിയായ തീവ്രവാദസംഘങ്ങളുടെ ചെയ്‌തികൾ പുറത്തുകൊണ്ടുവരുന്നതിലാണ്. 
 
ബാബുരാജിനും ബിജിക്കുമൊപ്പം സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ്,   ചാവക്കാട് മുനിസിപ്പൽ ചെയർമാൻ എൻ കെ അക്ബർ എന്നിവർ  			േഫാട്ടോ: ഇമ ബാബു

ബാബുരാജിനും ബിജിക്കുമൊപ്പം സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ്, ചാവക്കാട് മുനിസിപ്പൽ ചെയർമാൻ എൻ കെ അക്ബർ എന്നിവർ േഫാട്ടോ: ഇമ ബാബു

കുറ്റവിമുക്തരുടെ ശിഷ്ടജീവിതം

 
ബിജിയേയും ബാബുരാജിനെയും റഫീഖിനെയും തേടി ഗുരുവായൂരെത്തുമ്പോൾ, റഫീഖ് കുടുംബത്തിലൊരാളുടെ മരണത്തെത്തുടർന്ന് അൽപം തിരക്കിലാണെന്നറിയിച്ചു. ബിജിയും ബാബുരാജും കാത്തുനിന്നിരുന്നു.  അലക്കിവെളുപ്പിച്ച ശുദ്ധിയുടെ വെൺമയിൽ ഇരുവരും ചിരിച്ചു. ഇടയ്‌ക്കിടെ പത്രക്കാരുടെ വിളി. ചാനൽ ക്യാമറകൾ അഭിമുഖ സന്നാഹത്തിന് ഒരുങ്ങിയിരിപ്പുണ്ട്. പാർട്ടിക്കെതിരെ എന്തെങ്കിലും പറഞ്ഞു കിട്ടുമോയെന്നറിയാൻ.
 
‘‘ഞങ്ങളിന്നും സിപിഐ എം അംഗങ്ങളാണ്. എല്ലാ ദുരിതത്തിലും ഒപ്പം തുണയായി നിന്നത് ഞങ്ങളുടെ പാർടിയാണ്. അല്ലെങ്കിൽ വീണുപോകുമായിരുന്നു’’‐ ബിജിയും ബാബുരാജും പറഞ്ഞു. 
 
ഇപ്പോൾ യുദ്ധം ജയിച്ച് തിരിച്ചെത്തിയ നായക പരിവേഷത്തിലാണവർ. 
 
അതിനിടെ സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ് അവരെ കാണാനെത്തി. ചാവക്കാട്ടെ പാർടി ഓഫീസിൽ ഏരിയ സെക്രട്ടറി എം കൃഷ്ണദാസും ചാവക്കാട് മുനിസിപ്പൽ ചെയർമാൻ എൻ കെ അക്ബറുമുണ്ട്. പുറത്തേക്കിറങ്ങുമ്പോൾ  ചോദിച്ചു. 
 
‘‘സന്തോഷം തോന്നുന്നില്ലേ?’’ ബിജി പറഞ്ഞു: ‘‘എന്തിന് സന്തോഷിക്കണം. 34 വർഷത്തെ ഞങ്ങളുടെ ജീവിതം ബലിയർപ്പിച്ചതിനോ. സത്യം പുറത്തുവന്നല്ലോ എന്ന സമാധാനമുണ്ട്. എന്നാൽ ഞങ്ങൾക്ക് നഷ്ടപ്പെട്ടതിന്റെ, ഞങ്ങൾ സഹിച്ചതിന്റെ പകരമാവില്ല ഒന്നും.’’
 

തീരുമാനിച്ചുറപ്പിച്ച കല്യാണം മുടങ്ങി

 
സ്വന്തം വിവാഹം നടക്കാതെ പോയതിലല്ല ഇന്നും അന്നും ബിജിക്ക് വേദന. കൊലപ്പുള്ളിയുടെ പെങ്ങന്മാരെന്ന് പറഞ്ഞ് സഹോദരിമാരുടെ കല്യാണം മുടങ്ങിക്കൊണ്ടിരുന്നപ്പോഴാണ്. ഒടുവിൽ പെണ്ണുകാണാനെത്തിയ ആളുടെ കാലുപിടിച്ച് ഞാൻ പറഞ്ഞു: ‘‘ഞാനാരെയും കൊന്നിട്ടില്ല, ഞാൻ കാരണം എന്റെ പെങ്ങൾ അനുഭവിക്കരുത്.’’ സത്യത്തിന്റെ മുഴക്കം അന്നു വീണ കണ്ണീരിറ്റിൽ തിരിച്ചറിഞ്ഞിരിക്കണം. അവരുടെ കല്യാണവും നടന്നു. അങ്ങനെ പറഞ്ഞപ്പോൾ എനിക്കു മുന്നിലും ബിജിയുടെ കണ്ണീർ വീണു. കുടിച്ചു വറ്റിച്ചിട്ടും തുലാമഴപോലെ അത് തുളുമ്പിക്കൊണ്ടിരുന്നു.
 
ഈ കേസിലെ യഥാർഥ ഗൂഢാലോചനയാണ് ഇനി പുറത്തു വരേണ്ടത്. ആരാണ് കൊന്നതെന്ന് തെളിഞ്ഞു. ഇനി ആരാണ് കൊല്ലിച്ചതെന്നും അറിയണം. അതിനുള്ള പോരാട്ടമാണിനി. ഒപ്പം ഞങ്ങളുടെ ജീവിതമിട്ടു തട്ടിയതിന് എന്തെങ്കിലും പ്രായശ്ചിത്തം കിട്ടുമോയെന്നും നോക്കണം. ഒന്നിനും പകരമാവില്ല. എന്നാലും നീതിയുടെ ജയത്തിന് അതു വേണം.  
ബാബുരാജ് മൗനിയായിരുന്നു. എല്ലാം ബിജി പറഞ്ഞില്ലേ, അതിൽ കൂടുതലെന്തു പറയാനെന്ന മട്ടിൽ ബാബുരാജ് ചിരിച്ചു. 
 
തൊഴിയൂരിൽ സുനിലിന്റെ കൊലയാളികൾ സഞ്ചരിച്ച അതേ ജീപ്പാണ് മലപ്പുറത്ത് മോഹനചന്ദ്രനെ ഇടിച്ചിട്ട് കൊന്നത്. അതേ ജീപ്പിന്റെ ഇരമ്പമായരിക്കുമോ തലശേരിയിൽ ഫസലിനെ തിരഞ്ഞു പോയത്. 
 
കഥകളെത്ര പറഞ്ഞു തീർത്താലും, എപ്പോഴും ചില ചോദ്യങ്ങൾ ബാക്കിയാവുന്നു. കാലം മറുപടി തരുമായിരിക്കും. 
പ്രധാന വാർത്തകൾ
 Top