02 June Tuesday

സമരോത്സുകം ഈ സർഗാത്മകത

ജിഷ അഭിനയ abhinayatsr@gmail.comUpdated: Sunday Oct 20, 2019

തൃശൂരിൽ നടന്ന സംസ്ഥാന സർക്കാർ ജീവനക്കാരുടെ നാടകമത്സരം അരങ്ങ്‌ –-2019ൽ അവതരിപ്പിച്ച ഓരോ നാടകവും മനുഷ്യ ജീവിതത്തിലേക്ക്‌തിരിച്ചുവച്ച സ്‌പോട്ട്‌ലൈറ്റുകളായി

 
സർഗാത്മകതയ്‌ക്കപ്പുറം കലയും സാഹിത്യവും സമരോത്സുകമാകേണ്ടിയിരിക്കുന്നുവെന്ന ഓർമപ്പെടുത്തലായിരുന്നു തൃശൂരിൽ നടന്ന സംസ്ഥാന സർക്കാർ ജീവനക്കാരുടെ നാടകമത്സരം ‘അരങ്ങ് –-2019’. ഓരോ നാടകവും മനുഷ്യന്റെ ജീവിതങ്ങളിലേക്ക്‌ തിരിച്ചുവച്ച സ്‌പോട്ട്‌ ലൈറ്റുകൾ പോലെ. 14 ജില്ലയിൽനിന്ന്‌ 15 നാടകം. തികഞ്ഞ മത്സരസ്വഭാവം. കൃത്യമായ രാഷ്‌ട്രീയം. ജനാധിപത്യവും ഭരണഘടനയും ഇല്ലാതാകുമ്പോൾ,  ജീവിക്കാനുള്ള സ്വാതന്ത്ര്യം നഷ്ടമാകുമ്പോൾ  പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും ഇടങ്ങളായി ഓരോ നാടകവും. 
 
കണ്ണൂർ സംഘവേദിയുടെ ‘ദേശി’ ഒന്നാംസ്ഥാനവും കോഴിക്കോട് എൻജിഒ ആർട്‌സിന്റെ ‘ഗുളികനും കുന്തോലനും’ രണ്ടാം സ്ഥാനവും ആലപ്പുഴ റെഡ്‌സ്‌റ്റാർ എൻജിഒ കലാവേദിയുടെ "കേണൽ’  മൂന്നാം സ്ഥാനവും നേടി.  ജൂറിയുടെ പ്രത്യേക പരാമർശത്തിന്‌ കൊല്ലം ജ്വാലയുടെ "ഒറ്റപ്പെട്ടവൻ അഥവാ ഒറ്റുകൊടുക്കപ്പെട്ടവൻ’ (സംവിധാനം- അരുൺലാൽ),  മലപ്പുറം ജ്വാല കലാകായികവേദി സാംസ്‌കാരികവേദിയുടെ "കാല... കാലക്കേട്’  (സംവിധാനം -പ്രവീൺ),  കാസർകോട് എൻജിഒ കലാവേദിയുടെ "പുലത്തുടി’ (സംവിധാനം -ഇ വി ഹരിദാസ് ) എന്നിവ അർഹമായി. 
 
തിരുവനന്തപുരം സൗത്ത്  അക്ഷരകലാകായിക സമിതിയുടെ "ഭീമഘടോൽക്കചനി’ലെ- ഹിഡുംബിയായ എസ്‌ ദീപയും തിരുവനന്തപുരം നോർത്തിന്റെ സംഘസംസ്‌കാരയുടെ "മരപ്പാവകളി’ൽ  -നളിനിയായ  കെ എം അശ്വതിയും മികച്ച നടിമാരായി. "ഗുളികനും കുന്തോലനും’ നാടകത്തിലെ കുന്തോലനായ ഗിരീഷ്‌ മണ്ണൂരും "പുലത്തുടി’യിലെ -അയ്യപ്പനായ ഒ പി ചന്ദ്രനും നടന്മാർക്കുള്ള  പുരസ്‌കാരം സ്വന്തമാക്കി.
 
പാലക്കാട്‌ ഫോർട്ട്‌ കലാവേദിയുടെ -"കൂട്’ നാടകത്തിലെ മനോജ്‌- എന്ന കഥാപാത്രത്തിന്‌ വേഷമിട്ട കെ മനോജ്‌കുമാർ പ്രത്യേക ജൂറി പരാമർശത്തിന്‌ അർഹനായി.
"ഇന്ത്യൻ മണ്ണിൽ നഖമുനകളാഴ്‌ത്തുന്ന ഫാസിസത്തിനെതിരായ പ്രതിരോധമാണ് ഒന്നാംസ്ഥാനം കരസ്ഥമാക്കിയ "ദേശി.’ സ്വാതന്ത്യം, ജനാധിപത്യം, മതേതരത്വം തുടങ്ങിയ വാക്കുകളെ അശ്ലീലമായി കാണുന്ന അധികാരികൾ, വൈവിധ്യങ്ങളും ബഹുസ്വരതയും രാഷ്ട്രശരീരത്തിന്റെ വൈകല്യങ്ങളായി കാണുന്ന ഭരണകൂടങ്ങൾ, അവർ എങ്ങനെയാണ് ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ജനാധിപത്യ, മതേതര, ബഹുസ്വര സ്വഭാവത്തെ തകർക്കുന്നതെന്ന് നാടകം കൃത്യമായി അടയാളപ്പെടുത്തുന്നു.
 
മതവും ജാതിയും വർണവും സ്വാതന്ത്ര്യത്തിനുമേൽ വിലങ്ങുതീർക്കുന്ന ഇന്ത്യൻ ഗ്രാമങ്ങളുടെ നേർചിത്രം വികാരതീവ്രമായി രംഗത്തവതരിപ്പിക്കുകയാണ് "സംഘവേദി’. രചന സുരേഷ് ബാബു ശ്രീസ്ഥ. സംവിധാനം പ്രേമൻ മുചുകുന്ന്‌.
 
"ഗുളികനും കുന്തോലനും’വടക്കൻ കേരളത്തിലെ ഗുളികൻ എന്ന മിത്തിലൂടെ കുന്തോലൻ എന്ന ദളിതന്റെ ജീവിതത്തെയാണ്‌ തുറന്നുകാട്ടുന്നത്‌. രചന: രാധാകൃഷ്‌ണൻ പേരാമ്പ്ര.സംവിധാനം: എ ശാന്തകുമാർ. 
 
ജനാധിപത്യമൂല്യങ്ങളും സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ്  ‘കേണൽ’ സംസാരിച്ചത്‌. പട്ടാളക്കാരുടെ മാനസിക വ്യഥകളിലൂടെ ഇതൾ വിരിയുന്നു ഈ നാടകം.  സന്തോഷ് തകഴി രചന നിർവഹിച്ച ‘കേണൽ’ സംവിധാനം ചെയ്‌തത് ജോബ് മഠത്തിൽ. 
 
കെട്ടകാലങ്ങളെ അതിജീവിച്ചു തന്നെയാണ് നാമിന്ന് നാമായതെന്ന്‌ ഓർമിപ്പിക്കുന്നു ‘കാല... കാലക്കേട്’.  മുന്നിലിരിക്കുന്നവരും പിന്നിലിരിക്കുന്നവരും ഞങ്ങളും നിങ്ങളും മരിക്കുമെന്നും ആഞ്ഞൊന്ന് വലിച്ചാൽ ഒരുകെട്ട് ചന്ദനത്തിരിയുടെ ഗന്ധവും കണ്ണൊന്ന് ചിമ്മിയാൽ മുഖത്തേക്കു വീഴുന്ന ഒരുപിടി മണ്ണുമായി മരണം എല്ലാവർക്കുമൊപ്പമുണ്ടെന്നും അതുകൊണ്ട് ചെയ്യാനുള്ളതും പറയാനുള്ളതും പൂർത്തിയാക്കി സന്തോഷത്തോടെ മരണത്തെ സ്വീകരിക്കണമെന്നുമുള്ള വർത്തമാനങ്ങളെത്തിച്ചേരുന്നത്‌ ഇന്ത്യൻ വർത്തമാനങ്ങളിലേക്കാണ്‌. രചന, സംവിധാനം പ്രവീൺ കോട്ടയ്‌ക്കൽ, അനീഷ് കോട്ടയ്‌ക്കൽ.  
 
സമകാലിക വിഷയങ്ങളെക്കുറിച്ചുതന്നെയാണ്‌  കോട്ടയം തീക്കതിരിന്റെ "എ നൈറ്റ്‌ ബിഫോർ ക്രിസ്‌തുമസ്’ പറയുന്നത്‌. സംവിധാനം: തിലകൻ പൂന്തോട്ട.
 ഇടുക്കി കനൽ കലാവേദിയുടെ ‘ഹിസ്‌ സ്‌റ്റോറി അഥവാ അവന്റെ ഐതിഹ്യം ’ മികച്ച രംഗപട കാഴ്‌ചകൾകൊണ്ട്‌  സമ്പുഷ്ടമാണ്‌. രചന മനോജ്‌ പാമ്പാക്കുട. സംവിധാനം  ഷാബു കെ മാധവൻ. 
 
തിരുവനന്തപുരം നോർത്ത്‌ സംഘസംസ്‌കാരയുടെ ‘മരപ്പാവകൾ’ മികച്ച അവതരണങ്ങളിൽ ഒന്നായിരുന്നു. ‘ഇതെന്റെ ആയുധം. ഇതുകൊണ്ട്‌ ഞാൻ എഴുതും, വരയ്‌ക്കും. ചിലപ്പോൾ പോരാടിയെന്നുമിരിക്കുമെന്ന നളിനിയുടെ പ്രഖ്യാപനം സ്വത്വബോധം വീണ്ടെടുത്ത പെണ്ണിന്റെ ഉറച്ചവാക്കുകൾ.  സംവിധാനം: എ പ്രെറ്റി എഡ്വേർഡ്‌.
തിരുവനന്തപുരം സൗത്ത്‌ അക്ഷരകലാകായിക സമിതിയുടെ ‘ഭീമഘടോൽക്കചനി’ൽ, കാട്ടുപെണ്ണിന്റെ നേരുംനെറിയും കാണാതെപോയ അധികാരവർഗത്തോട്‌ ഹിഡുംബി ചോദിക്കുന്നു, കറുത്തവളായതുകൊണ്ട്‌ സ്‌നേഹിക്കാൻ പാടില്ലെന്നുേണ്ടാ.  പ്രൊഫ. ജി ശങ്കരപ്പിള്ളയുടെ ഈ  രചന ഇന്നും പ്രസക്തം. സംവിധാനം: സുരേന്ദ്രൻ കളിക്കൂട്ടം.
എറണാകുളം സംഘസംസ്‌കാരയുടെ ‘ഒറ്റ’ കലയെയും സംഗീതത്തെയും സാഹിത്യത്തെയും  ബിംബങ്ങളെയും കവർന്നെടുത്ത്‌ സ്വന്തം താൽപ്പര്യത്തിനായി ഉപയോഗിക്കുകയെന്ന ഫാസിസത്തിന്റെ രീതി  വെളിപ്പെടുത്തുന്നു. ബാൻഡ് മാസ്റ്ററുടെ മകളായ ക്രിസ്‌ത്യൻ പെൺകുട്ടിയും തുണിക്കച്ചവടക്കാരന്റ മകനായ മുസ്ലിം ആൺകുട്ടിയും തമ്മിലുള്ള പ്രണയം ഇല്ലാതാക്കാനുമുള്ള ഹിന്ദുത്വ ഇടപെടലുകൾ രസകരമായി അരങ്ങിലെത്തിച്ചു. രചന, സംവിധാനം: വിബിൻ വേലായുധൻ.
 
പ്രോഗ്രസീവ് ആർട്‌സ്‌, പത്തനംതിട്ട  അരങ്ങിലെത്തിച്ച ‘ചിരുതേയി’ സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി അധികാരവർഗത്തിനെതിരെയുള്ള ഒരു പെണ്ണിന്റെ പോരാട്ടത്തിന്റെ കഥ പറഞ്ഞു. രചനയും സംവിധാനവും കുമ്പളത്ത് പത്മകുമാർ.  
 
അതിർത്തികൾ എല്ലായ്‌പ്പോഴും വേദനയുടെ ചിത്രങ്ങളാണ്‌ ഓർമിപ്പിക്കുന്നത്‌. മഹാരാജ്യങ്ങൾക്കിടയിൽ ആ രേഖകൾ ഗ്ലോബൽ ക്യാൻവാസിലെ ചിത്രമാണെങ്കിൽ ചെറിയ ക്യാൻവാസിൽ ഇത്‌ അയൽക്കാരനിൽനിന്നും നമ്മളിലേക്കുള്ള ദൂരമാണ്‌. മൈക്രോ ക്യാൻവാസിൽ മനസ്സിൽനിന്ന്‌ നമ്മിലേക്കുള്ള ദൂരവും. ‘കൂട്‌ ’പക്വമായ അവതരണത്താൽ ശ്രദ്ധേയം. സംവിധാനം നന്ദജൻ.  വിഭജനം ഏതർഥത്തിലായാലും മുറിവുകൾ മാത്രമാണ്‌ സമ്മാനിക്കുകയെന്ന്‌ നാടകം പറയുന്നു. 
 
‘നൂറ്‌ സിംഹാസനങ്ങൾ’ പോലുള്ള നാടകങ്ങൾ സംഘത്തിന്റെ മികച്ച അവതരണങ്ങൾക്ക്‌ ഉദാഹരണമാണ്‌.   
  ജാതിബോധത്തിന്റെ നെറികേടുകൾക്കെതിരെ പ്രതിഷേധത്തിന്റെ  തുടി മുഴക്കുകയാണ് കാസർകോട്‌ എൻജിഒ കലാവേദിയുടെ ‘പുലത്തുടി'. അയ്യപ്പൻ എന്ന കീഴ്ജാതിക്കാരന്റെയും മകന്റെയും ജീവിതത്തിലൂടെ നാടകം സഞ്ചരിക്കുന്നു. രചനയും സംവിധാനവും ഇ വി ഹരിദാസ്.
 
തൃശൂർ സർഗവേദിയുടെ ‘ഉപജന്മം’ ടി വി കൊച്ചുബാവയുടെ  കഥയുടെ നാടകാവിഷ്‌കാരമായിരുന്നു. മരിച്ചവരുടെ ആത്മശാന്തിക്കപ്പുറം നിത്യശാന്തിക്കുവേണ്ടിയിട്ടുള്ളതാകണം ഓരോ പുരോഹിതന്റെയും വാക്കെന്ന ആമുഖത്തോടെയുള്ള നാടകം കാണികളെ ഉലയ്‌ക്കുന്നു. ദീപവിതാനം സംഗീതം എന്നിവയെല്ലാം മിഴിവേകി. സംവിധാനം  കൃഷ്‌ണൻജി.
കൊല്ലം ജ്വാല കലാസമിതിയുടെ ‘ഒറ്റപ്പെട്ടവൻ അഥവാ ഒറ്റുകൊടുക്കപ്പെട്ടവൻ,’ വയനാട്‌ ഗ്രാന്മയുടെ ‘ബ്ലാക്ക്‌ ഫ്രൈഡേ’ (രചന സതീഷ്‌ കെ സതീഷ്‌  സംവിധാനം ഗിരീഷ്‌ പാലാഴി, ഷിബു പാലാഴി) എന്നിവയും മികച്ച രംഗാവതരണങ്ങൾ പകർന്നെങ്കിലും മത്സരസ്വഭാവത്തിലേക്കെത്താനായില്ല. 
 
കെ പി ജയസൂര്യ, അഡ്വ. മണിലാൽ,  പ്രമോദ്‌ പയ്യന്നൂർ എന്നിവരായിരുന്നു വിധികർത്താക്കൾ.
 
അവതരണത്തിലെ പാളിച്ചകൾ സ്വാഭാവികം. ദീപവിതാനവും സംഗീതവും നാടകത്തെ ഉയർത്തിക്കാട്ടുമെന്ന മിഥ്യാസങ്കൽപ്പവും മിക്ക നാടകസംഘങ്ങളെയും പിടികൂടിയിരിക്കുന്നുവെന്ന്‌ മാത്രം.
 
ഇതെല്ലാം മാറ്റിനിർത്തിയാൽ വർത്തമാന നാടകവേദിക്ക്‌ ഏറെ പ്രതീക്ഷ പകരുന്നു സർക്കാർ ജീവനക്കാരുടെ ഈ നാടകമത്സരം. നാടകങ്ങൾ അരങ്ങിലെത്തിക്കാൻ ഒരു കൂട്ടംപേർ ഒത്തുചേർന്നു എന്നതിനൊപ്പം ഒരു സംവാദാത്മക രാഷ്‌ട്രീയ പരിസരം സൃഷ്ടിക്കാനായതും പ്രാധാന്യമർഹിക്കുന്നു.
 
 

വളരണം നാടകാഭിരുചി

 
ടി സി മാത്തുക്കുട്ടി

ടി സി മാത്തുക്കുട്ടി

സമൂഹമാറ്റത്തിനായുള്ള കലാപ്രവർത്തനങ്ങളിൽ സംസ്ഥാന ജീവനക്കാരെക്കൂടി പങ്കാളികളാക്കാൻ ലക്ഷ്യമിട്ടാണ്‌ കേരള എൻജിഒ യൂണിയൻ നാടക മത്സരം സംഘടിപ്പിക്കുന്നതെന്ന്‌ ജനറൽ സെക്രട്ടറി ടി സി മാത്തുക്കുട്ടി പറഞ്ഞു. തൊഴിൽപരമായ ഉത്തരവാദിത്തങ്ങൾക്കൊപ്പം ജീവനക്കാരിലെ നാടകാഭിരുചി വളർത്തുക എന്ന - ഉത്തരവാദിത്തമാണ് ‘അരങ്ങി'ന്റെ സംഘാടനത്തിലൂടെ നിർവഹിക്കുന്നത്
 
  ജീവനക്കാരുടെ സർഗശേഷി പരിപോഷിപ്പിക്കാൻ വൈവിധ്യമാർന്ന നിരവധി പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്‌.  സമ്മേളനത്തോടനുബന്ധിച്ചാണ് തുടക്കത്തിൽ കലാകായികോത്സവങ്ങൾ സംഘടിപ്പിച്ചിരുന്നത്. വകുപ്പ്, കാറ്റഗറി വ്യത്യാസങ്ങൾക്കും സംഘടനാഭേദങ്ങൾക്കുമുപരിയായി സംസ്ഥാന സർക്കാർ ജീവനക്കാർ  എന്ന ഏകമാന വ്യക്തിത്വത്തിൽ ഉൾക്കൊണ്ടാണ് മേളകൾ സംഘടിപ്പിച്ചത്.
 
യൂണിയൻ സുവർണജൂബിലി സമ്മേളനത്തിന്റെ തീരുമാനപ്രകാരം കലാകായിക മേളകൾക്കൊപ്പമാണ്‌ സംസ്ഥാനാടിസ്ഥാനത്തിൽ "അരങ്ങ്'  ഏകാംഗ നാടകമത്സരം ആരംഭിച്ചത്‌. ജീവനക്കാർ ഏറെ ആഹ്ലാദത്തോടെയാണ്‌ ഈ തീരുമാനം വരവേറ്റത്‌. നാടകമടക്കമുള്ള കലാരൂപങ്ങളുടെ സ്വീകാര്യത കുറയുന്നുവെന്ന  സന്ദർഭത്തിലാണ് നാടകമത്സരം ശ്രദ്ധേയമാകുന്നത്‌.
 
 

 

പ്രധാന വാർത്തകൾ
 Top