20 November Wednesday

പച്ച പടരുന്ന ഓർമച്ചിത്രങ്ങൾ

സുമേഷ‌് കെ ബാലൻUpdated: Sunday Oct 20, 2019

ആർ ബി ഷജിത്‌

കാടും നാടും വേർതിരിക്കാ നാകാത്ത, അതിരുകളില്ലാ ത്തൊരു ഭാവനാ ഭൂപടമാണ്‌ ആർ ബി ഷജിത്തിന്റെ ക്യാൻവാസിൽ നിറയുന്നത്‌

 
നിഴലും നിലാവും  ഇഴചേർന്ന്‌ പന്തലിട്ട കാടകങ്ങൾ. മലഞ്ചെരിവുകളിൽനിന്ന്‌ കാട്ടിലേക്ക്‌ നീളുന്ന ഒറ്റയടിപ്പാതകൾ. കാടിന്‌ നടുവിൽ തണുത്തുറഞ്ഞുകിടക്കുന്ന ജലാശയം. ചുറ്റും കോൺക്രീറ്റ്‌ നിർമിതികൾ ഉയരുമ്പോഴും പച്ച പിടിച്ചൊരു ഭൂതകാലം സ്വപ്‌നം കാണുന്ന ചിത്രങ്ങൾ. കാടും നാടും വേർതിരിക്കാനാവാത്ത, അതിരുകളില്ലാത്തൊരു ഭാവനാഭൂപടമാണ്‌ ആർ ബി ഷജിത്തിന്റെ ക്യാൻവാസിൽ നിറയുന്നത്‌.
 
‘ലവർ ആഫ്‌റ്റർ റെയിൻ’ പരമ്പരയിലുള്ള ഷജിത്തിന്റെ അൻപതോളം ജലച്ചായ ചിത്രങ്ങളുടെ പ്രദർശനം കഴിഞ്ഞ ദിവസം തിരുവനന്തപുരം ലളിതകലാ അക്കാദമി ആർട്ട്‌ ഗ്യാലറിയിൽ നടന്നു. ആറടിയിലധികം വലിപ്പമുള്ള പത്തോളം ചിത്രങ്ങൾ ‘ലവർ ആഫ്‌റ്റർ റെയിൻ’ പരമ്പരയിലുണ്ട്‌. കാഴ്‌ചയ്‌ക്കപ്പുറം നമ്മെ സ്‌പർശിക്കുന്ന  ചിത്രങ്ങൾ. കുട്ടിക്കാലത്ത്‌ അനുഭവപ്പെട്ട പ്രകൃതിയുടെ വൈകാരിക തലങ്ങളാണ്‌ ഓരോ ചിത്രത്തിലും. കണ്ണൂരിലെ  മലയോര ഗ്രാമത്തെക്കുറിച്ചുള്ള ഓർമച്ചിത്രങ്ങളാണ്‌ ഓരോന്നും. മനുഷ്യൻ കീഴടക്കി, തന്റെ അധീനതയിലാക്കിയ ‘പരിസ്ഥിതി’യല്ല, മണ്ണും മരവും മൃഗവും മനുഷ്യനുമെല്ലാമടങ്ങുന്ന ‘പ്രകൃതി’യാണ്‌ ചിത്രങ്ങളുടെ കേന്ദ്ര സ്ഥാനത്ത്‌.  വിശാലമായ പ്രകൃതിയിലെ ചെറിയ മനുഷ്യർ. ചുറ്റും കോൺക്രീറ്റ്‌ ചത്വരങ്ങൾ ഉയർന്നുപൊങ്ങുന്ന കാലത്ത്‌ പ്രകൃതിയുടെ സ്വച്ഛതയിലേക്കുള്ള ഭാവനാ സഞ്ചാരം. ചിത്രങ്ങളിൽ കടന്നുവരുന്ന ആനയും കാട്ടുപന്നിയുമെല്ലാം മനുഷ്യന്റെ ശത്രുപക്ഷത്തല്ല. മനുഷ്യനെപ്പോലെ സ്വച്ഛന്ദമായി വിഹരിക്കുന്നു മൃഗങ്ങളും. 
 
വർണവിന്യാസത്തിലെ ചിത്രകാരന്റെ  കൈയടക്കമാണ്‌ ചിത്രത്തെ ആഴത്തിൽ അനുഭവിപ്പിക്കുന്നത്‌.  കാടിന്‌ നടുവിൽ തണുത്തുറഞ്ഞുകിടക്കുന്ന അരുവിയും മഴ തോർന്നിട്ടും പെയ്യുന്ന മരങ്ങളും തണുപ്പിൽ പുതഞ്ഞുകിടക്കുന്ന പുൽമേടും കാടിന്റെ ഇരുട്ടിലേക്ക്‌ അരിച്ചിറങ്ങുന്ന പ്രകാശകണങ്ങളുമെല്ലാം സൂക്ഷ്‌മമായി അനുഭവിപ്പിക്കുന്നു ഈ സീരീസിലെ ചിത്രങ്ങൾ. അടുത്ത വർഷം ജൂണിൽ മുംബൈയിൽ ഈ പരമ്പരയിലെ ചിത്രങ്ങളുടെ പ്രദർശനം വീണ്ടും നടക്കും.
 
കണ്ണൂർ ജില്ലയിലെ മലപ്പട്ടം സ്വദേശിയാണ്‌ ആർ ബി ഷജിത്ത്‌. 2015, 2018 വർഷങ്ങളിൽ സംസ്ഥാന ലളിതകലാ അക്കാദമി അവാർഡ്‌ നേടിയിട്ടുണ്ട്‌. 2018ൽ ഷാർജയിൽ നടന്ന അന്താരാഷ്‌ട്ര വാട്ടർ കളർ ഫെസ്‌റ്റ്‌ ഉൾപ്പെടെ നിരവധി ദേശീയ അന്തർദേശീയ ചിത്രകലാ ക്യാമ്പുകളിൽ പങ്കെടുത്തിട്ടുണ്ട്‌. മുംബൈയിലും ചെന്നൈയിലും കേരളത്തിലെ വിവിധ സ്ഥലങ്ങളിലും പ്രദർശനങ്ങൾ ഒരുക്കി. കാലടി സംസ്‌കൃത സർവകലാശാലയിൽനിന്ന്‌ ചുമർച്ചിത്രത്തിൽ ഫൗണ്ടേഷൻ കോഴ്‌സ്‌ പൂർത്തിയാക്കിയശേഷം തിരുവനന്തപുരം ഫൈൻ ആർട്‌സ്‌ കോളേജിൽനിന്ന്‌ പെയിന്റിങ്ങിൽ ബിരുദമെടുത്തു. സി ഡിറ്റിൽ വിഷ്വൽ ഡിസൈനറാണ്‌. കൊല്ലം പെരിനാട്‌ നീരാവിലാണ്‌ ഇപ്പോൾ താമസം. നീരാവിൽ പ്രകാശ്‌ കലാകേന്ദ്രയുടെ നാടക പ്രവർത്തനങ്ങളുമായും ഷജിത്ത്‌ സഹകരിക്കുന്നുണ്ട്‌.
പ്രധാന വാർത്തകൾ
 Top