11 July Saturday

ഇന്ത്യയും പേര്‍ഷ്യന്‍സംസ്‌കൃതിയും

സുനിൽ പി ഇളയിടം sunilpelayidom@gmail.comUpdated: Sunday Oct 20, 2019

പതിനെട്ടാം ശതകത്തിനൊടുവിൽ ചാൾസ് വിൽക്കിൻസ് ചില മഹാഭാരതകഥകൾ ഇംഗ്ലിഷിലേക്ക് വിവർത്തനം ചെയ്‌തത് എല്ലാ മഹാഭാരതപഠനങ്ങളും വിശദമായി പ്രതിപാദിക്കുന്നുണ്ട്. എന്നാൽ, അതിനും രണ്ടു നൂറ്റാണ്ടുമുമ്പ്‌ ഒരു ലക്ഷം ശ്ലോകങ്ങൾ വരുന്ന സമ്പൂർണ മഹാഭാരതം, അക്ബറെപ്പോലൊരു മുസ്ലിം മതവിശ്വാസിയുടെ നേതൃത്വത്തിൽ പേർഷ്യനിലേക്ക് പരിഭാഷപ്പെടുത്തിയത്‌ ഇന്ത്യയുടെ സാംസ്‌കാരിക ചരിത്രത്തിൽ ഇടംപിടിക്കാതെ പോയി. നമ്മുടെ ചരിത്രാവബോധത്തെ നിർണയിച്ച ഹൈന്ദവ മതാത്മകതയുടെ പിടിമുറുക്കമാണ് ദേശീയമായ ഈ സ്‌മൃതിനാശത്തിനു പിന്നിലുള്ളത് എന്ന് തിരിച്ചറിയാൻ ഏറെ പ്രയാസമൊന്നുമില്ല

 

ഇന്ത്യയുടെ സാംസ്‌കാരികചരിത്രത്തിൽ വേണ്ടപോലെ പരിഗണന കിട്ടാതെപോയ പ്രമേയങ്ങളിലൊന്നാണ് പേർഷ്യൻ സംസ്‌കൃതിയുമായുള്ള അതിന്റെ വിനിമയങ്ങളും അതുളവാക്കിയ സവിശേഷ ഫലങ്ങളും. വേണ്ടപോലെ ശ്രദ്ധകിട്ടാതെ പോയി എന്നതിനപ്പുറം പലപ്പോഴും ബോധപൂർവമോ അല്ലാതെയോ തമസ്‌കരിക്കപ്പെട്ട ഒന്നുകൂടിയാണത്. ഏഴെട്ടു നൂറ്റാണ്ടുകാലം അത്യന്തം പ്രബലമായി നിലനിന്നതും ഇന്ത്യൻജീവിതത്തിന്റെ ഒട്ടുമിക്കവാറും എല്ലാ തലങ്ങളിലും വേരുപിടിച്ചതുമായ ഒരു സംസ്‌കൃതിയെ പിൽക്കാലം കൈയൊഴിയുന്നതിന്റെ ചിത്രമാണ് ആധുനിക ഇന്ത്യയിലെ ചരിത്രവിജ്ഞാനീയം കാഴ്‌ച്ചവച്ചത്‌. സാമ്രാജ്യത്വവാദികളായ ചരിത്രകാരന്മാർ പത്തൊമ്പതാം ശതകത്തിൽ കെട്ടിപ്പടുത്ത ‘ഇസ്ലാമിക അധിനിവേശം’ എന്ന ആശയത്തെ, ദേശീയവാദ ചരിത്രവിജ്ഞാനം ഒട്ടൊക്കെ പിൻപറ്റുകയായിരുന്നു. ഇന്ത്യയുടെ പൗരാണിക മഹിമയെയും സുവർണശോഭയെയും ഇല്ലാതാക്കിയ ഒന്നായി ഇതിനെ പരിഗണിക്കുകയാണ് ദേശീയവാദികളായ ചരിത്രപണ്ഡിതർ ചെയ്‌തത്.

ഇന്ത്യാചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും മിക്കവാറും മേഖലകളിൽ ഈ തമസ്‌കരണം സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നതാണ് വാസ്‌തവം. ഇക്കാര്യത്തിൽ വ്യക്തിപരമായി ഒരനുഭവമുള്ളത് മഹാഭാരതസംബന്ധിയായതാണ്. മഹാഭാരതത്തിന്റെ ആദ്യത്തെ സമ്പൂർണവിവർത്തനം പേർഷ്യൻ ഭാഷയിലേക്കുള്ളതാണ്. പതിനാറാം ശതകത്തിന്റെ അവസാനവേളയിൽ, അക്ബറുടെ നേതൃത്വത്തിലാണ് ആ വിവർത്തനം തയ്യാറാക്കിയത്‌. അത്യന്തം വിപുലവും ഇന്ത്യയിലെ വിവർത്തനചരിത്രത്തിലെ അത്യസാധാരണവുമായ ഒന്നായിരുന്നു പേർഷ്യനിലേക്കുള്ള മഹാഭാരതപരിഭാഷ. എങ്കിലും മഹാഭാരതത്തെക്കുറിച്ചുള്ള പഠനങ്ങളിലോ പ്രബന്ധസമാഹാരങ്ങളിലോ അതിന് യാതൊരിടവും കിട്ടിയതായി കാണാൻ കഴിഞ്ഞിട്ടില്ല. പതിനെട്ടാം ശതകത്തിനൊടുവിൽ ചാൾസ് വിൽകിൻസ് ചില മഹാഭാരതകഥകൾ ഇംഗ്ലിഷിലേക്ക് വിവർത്തനം ചെയ്‌തത് എല്ലാ മഹാഭാരതപഠനങ്ങളും വിശദമായി പ്രതിപാദിക്കുന്നുണ്ട്. എന്നാൽ, അതിനും രണ്ടു നൂറ്റാണ്ടുമുമ്പ്‌ ഒരു ലക്ഷം ശ്ലോകങ്ങൾ വരുന്ന സമ്പൂർണ മഹാഭാരതം, അക്ബറെപ്പോലൊരു മുസ്ലിം മതവിശ്വാസിയുടെ നേതൃത്വത്തിൽ പേർഷ്യനിലേക്ക് പരിഭാഷപ്പെടുത്തിയത്‌ ഇന്ത്യയുടെ സാംസ്‌കാരികചരിത്രത്തിൽ ഇടം പിടിക്കാതെ പോയി. നമ്മുടെ ചരിത്രാവബോധത്തെ നിർണയിച്ച ഹൈന്ദവമതാത്മകതയുടെ പിടിമുറുക്കമാണ് ദേശീയമായ ഈ സ്‌മൃതിനാശത്തിന് പിന്നിലെന്ന് തിരിച്ചറിയാൻ ഏറെ പ്രയാസമൊന്നുമില്ല.
 
ചരിത്രപരമായ ഈ സ്‌മൃതിനാശത്തിനെതിരായ നിശിതമായ വിമർശനവും വിസ്‌മൃതചരിത്രത്തിന്റെ വീണ്ടെടുപ്പുമാണ് റിച്ചാർഡ് എം ഈറ്റൺ രചിച്ച ഇന്ത്യ പേർഷ്യൻയുഗത്തിൽ 1000–-1765 (India in the Persian Age 1000–-1765) എന്ന ഗ്രന്ഥം. മധ്യകാല ഇന്ത്യയെക്കുറിച്ചുള്ള നിരവധി മൗലികഗ്രന്ഥങ്ങളുടെ രചയിതാവാണ് അരിസോണ സർവകലാശാലയിൽ ചരിത്രവിഭാഗം പ്രൊഫസർ കൂടിയായ റിച്ചാർഡ് എം ഈറ്റൺ. സൂഫികളുടെ സാമൂഹ്യപങ്കാളിത്തവും ഡക്കാൺ മേഖലയുടെ സാമൂഹ്യചരിത്രവും ബംഗാളിന്റെ കിഴക്കൻ അതിർത്തിയിലെ മുസ്ലിം ജീവിതവും ഉൾപ്പെടെയുള്ള വ്യത്യസ്‌ത പ്രമേയങ്ങളെ മുൻനിർത്തി ഗൗരവപൂർണമായ പഠനങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പെൻഗ്വിൻ ബുക്‌സിന്റെ പ്രസാധനസംരംഭങ്ങളിലൊന്നായ അലൻ ലെയ്ൻ 2019ൽ പ്രസിദ്ധീകരിച്ച പേർഷ്യൻ സംസ്‌കൃതിയെക്കുറിച്ചുള്ള പുതിയ ഗ്രന്ഥമാകട്ടെ കൂടുതൽ കൂടുതലായി മറച്ചുവയ്‌ക്കപ്പെടുന്നതും മധ്യകാല ഇന്ത്യയിലെ അതിവിപുലവും അത്യന്തം പ്രധാനവുമായ ഒരു ചരിത്രപ്രക്രിയയെ തിരിച്ചറിയാനുള്ള നിർണായകമായ ഇടപെടലായി മാറിത്തീർന്നിരിക്കുന്നു.
 
പതിനൊന്നും പതിനെട്ടും നൂറ്റാണ്ടുകൾക്കിടയിൽ  മധ്യേഷ്യയും ഇറാനിയൻ പീഠമേഖലകളുമായി ഇന്ത്യ പുലർത്തിയ അത്യന്തം സമ്പന്നവും വിപുലവുമായ വിനിമയങ്ങളിലാണ് ഈ പുസ്‌തകം ശ്രദ്ധയൂന്നുന്നത്. പുസ്‌തകത്തിന്റെ പരിചയക്കുറിപ്പിൽതന്നെ പറയുന്നതുപോലെ ഹിമാലയ പർവതപക്തികളാലും അറബിക്കടലും ബംഗാൾ ഉൾക്കടലും പോലുള്ള സമുദ്രങ്ങളാലും അതിരുതിരിക്കപ്പെട്ടതിനാൽ ഇതരമേഖലകളിൽനിന്നും വേറിട്ടുനിൽക്കുന്ന ഒരു മേഖലയായി ഇന്ത്യൻ ഉപഭൂഖണ്ഡം പുറമേക്ക് അനുഭവപ്പെടാനിടയുണ്ട്. തീർത്തും സ്വകീയമായ മതങ്ങളും തത്വചിന്തയും സാമൂഹ്യക്രമങ്ങളും ഉൾപ്പെട്ട ലോകമായി ഇന്ത്യ പലപ്പോഴും മനസ്സിലാക്കപ്പെട്ടിട്ടുമുണ്ട്. എന്നാൽ, ഭൂമിശാസ്‌ത്രപരമായ ഈ ഒറ്റതിരിയലിനപ്പുറം യൂറോപ്പ്, ദക്ഷിണപൂർവേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ സമൂഹങ്ങളും സംസ്‌കൃതിയുമായി നാനാതരം കൊടുക്കൽവാങ്ങലുകൾ ഇന്ത്യ പ്രാചീനകാലം മുതൽക്കേ നടത്തിപ്പോന്നിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് പേർഷ്യൻ സംസ്‌കൃതിയുമായുള്ള ഗാഢവിനിമയങ്ങളാണ്. കിഴക്കൻ അഫ്ഗാനിസ്ഥാൻ കേന്ദ്രമായി നിലനിന്ന ഭരണകൂടങ്ങളും രാജവംശങ്ങളുംവഴി പതിനൊന്നാം ശതകംമുതൽ ആരംഭിച്ച ഈ വിനിമയങ്ങൾ എങ്ങനെ മേഖലാതിവർത്തിയായ സംസ്‌കാരമായും മുഗൾകാലത്ത് തീർത്തും തദ്ദേശീയമായി രൂപാന്തരപ്പെടുത്തപ്പെട്ട ആശയ–-അനുഭവ പ്രപഞ്ചമായും പരിണമിച്ചു എന്നാണ് ഈ ഗ്രന്ഥം അന്വേഷിക്കുന്നത്. 
 
ആമുഖവും ഉപസംഹാരവും കൂടാതെ ഏഴു ഭാഗങ്ങളായാണ് ഈ ഗ്രന്ഥം ക്രമീകരിച്ചത്. സംസ്‌കൃതവും പേർഷ്യൻ ഭാഷയും മുൻനിർത്തി വളർന്നുവന്ന മേഖലാതിവർത്തികളായ രണ്ടു ലോകങ്ങളെ ആമുഖത്തിൽ അവതരിപ്പിക്കുന്നു ഗ്രന്ഥകാരൻ. ഇതിലൊന്ന് സ്വാഭാവികമായി പരിഗണിക്കപ്പെട്ടപ്പോൾ മറ്റൊന്ന് അധിനിവേശക മായാണ് വിലയിരുത്തപ്പെട്ടത്. അത്തരം മുദ്രചാർത്തലുകളിൽ നിലീനമായ മുൻവിധികളെ തുറന്നുകാട്ടാൻ റിച്ചാർഡ് എം ഈറ്റൺ ആമുഖത്തിൽ ശ്രമിക്കുന്നു. ഇതിനു പിന്നാലെ ഒന്നാം ഭാഗത്ത് പതിനൊന്ന് –- പതിനാല് നൂറ്റാണ്ടുകളിൽ തുർക്കി അധികാരത്തിന്റെ ദൃഢീകരണം അരങ്ങേറിയതിന്റെ ചരിത്രം ഗ്രന്ഥകാരൻ വിശദമായി പരിശോധിക്കുന്നു. ദില്ലി സുൽത്താനേറ്റിന്റെ സ്ഥാപനചരിത്രംവരെയാണ് ഈ ഭാഗം ചർച്ചചെയ്യുന്നത്. രണ്ടാം ഭാഗത്ത് സുൽത്താനേറ്റിനു കീഴിൽ പുതിയ സാമൂഹ്യ–-ഭരണക്രമം നിലവിൽ വരുന്നതിന്റെയും വ്യാപിക്കുന്നതിന്റെയും ചരിത്രമാണ് പരിശോധിക്കപ്പെടുന്നത്. തിമൂറിന്റെ നേതൃത്വത്തിൽ നടന്ന കടന്നാക്രമണങ്ങളും ഡക്കാൺ മേഖലയിലേക്കും ദക്ഷിണേന്ത്യയിലേക്കും പേർഷ്യൻ സംസ്‌കൃതിയുടെ വ്യാപനവും മൂന്നും നാലും ഭാഗങ്ങളിലായി ചർച്ചചെയ്യുന്നു. തുടർന്നുള്ള മൂന്ന് ഭാഗങ്ങൾ മുഗൾകാലത്തെ മുൻനിർത്തിയുള്ളതാണ്. പേർഷ്യൻസംസ്‌കൃതി എന്ന് വേറിട്ടുപറയാനാവാത്ത നിലയിൽ ഇന്ത്യൻ ജീവിതത്തിന്റെ സമസ്‌ത തലങ്ങളുമായും കൂടിക്കലർന്ന്, ഭാഷയും തത്വചിന്തയുംമുതൽ സംഗീതവും വാസ്‌തുവിദ്യയുംവരെയുള്ള മേഖലകൾ തദ്ദേശീയമായ പുതിയൊരു സംസ്‌കൃതിയുടെ പദവിയും പ്രകൃതവും ആർജിക്കുന്നതിന്റെ കഥയാണ് ഈ മൂന്ന് ഭാഗങ്ങളിലുമുള്ളത്. അവസാനഭാഗം പതിനെട്ടാം ശതകത്തിലെ രാഷ്ട്രീയപരിണാമങ്ങളെയും മധ്യകാല ഇന്ത്യയുടെ നിർണായകമായ വഴിമാറലുകളെയും വിശദമാക്കിക്കൊണ്ട് അവസാനിക്കുന്നു.
 
മധ്യകാല ഇന്ത്യയുടെ രാഷ്ട്രീയചരിത്രമായിരിക്കുമ്പോൾ തന്നെ പേർഷ്യൻ സംസ്‌കൃതി ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ സാമൂഹ്യജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തിന്റെ സൂക്ഷ്‌മസ്വരൂപം വെളിപ്പെടുത്തുന്ന സാംസ്‌കാരികചരിത്രം കൂടിയായി  ഈ ഗ്രന്ഥം മാറിത്തീർന്നിട്ടുണ്ട്. സംസ്‌കാരത്തനിമയെ മുൻനിർത്തിയുള്ള മിഥ്യാഭിമാനത്തിന്റെ തകരച്ചെണ്ടകൾ മുഴങ്ങിക്കേൾക്കുന്ന നമ്മുടെ കാലത്ത് പങ്കുവയ്‌പുകളുടെയും കൊടുക്കൽവാങ്ങലുകളുടെയും സുദീർഘചരിത്രത്തിലേക്ക് നമ്മെ കൈപിടിച്ചു നടത്തുക കൂടി ചെയ്യുന്നുണ്ട് ഈ ഗ്രന്ഥം. ആ നിലയ്‌ക്ക്‌ അതുല്യമായ ഒരു സാമൂഹ്യദൗത്യത്തിന്റെ നിർവഹണം കൂടിയാണിത്.
പ്രധാന വാർത്തകൾ
 Top