19 March Tuesday

ജീവിതത്തിന്റെ നിഘണ്ടു

ബി അബുരാജ്Updated: Sunday Aug 20, 2017

ശ്രീലങ്കന്‍ ഡയസ്പോറ എഴുത്തുകാരില്‍ പ്രമുഖനായ മൈക്കല്‍ ഒണ്‍ഡജെയുടെ ഒരു പുസ്തകമുണ്ട്- റണ്ണിങ് ഇന്‍ ദ ഫാമിലി. നോവലിസ്റ്റും കവിയുമായ ഒണ്‍ഡജെ താന്‍ സ്ഥിരതാമസമാക്കിയ ക്യാനഡയില്‍നിന്ന് ജന്മദേശമായ സിലോണിലേക്ക് മടങ്ങുന്നതാണ് പ്രമേയം. ഭാവനാത്മകമായ ഓര്‍മക്കുറിപ്പുകള്‍! കവിതയുടെയും ഗദ്യത്തിന്റെയും രൂപസങ്കേതങ്ങളെ സമന്വയിപ്പിച്ചുകൊണ്ട് ആധുനികോത്തര സാഹിത്യോല്‍പ്പന്നമായി ഉരുത്തിരിഞ്ഞുവന്ന ഭാവഗീത ഉപന്യാസങ്ങളുടെ മികച്ച മാതൃകകളാണ് ഒണ്‍ഡജെയുടെ പല രചനകളും. ഇതര ഇന്ത്യന്‍ ഭാഷകളിലെന്നപോലെ മലയാളത്തിലും ഉപന്യാസശാഖ ഇത്തരം സൌന്ദര്യശാസ്ത്രപരമായ പരീക്ഷണസാധ്യതകളെ അത്രവളരെ ഖനനം ചെയ്തിട്ടില്ല. ഈ വിമുഖത അല്‍പ്പായുസ്സാകുമെന്ന പ്രതീക്ഷ നല്‍കുന്ന പുസ്തകമാണ് പുതുതലമുറയിലെ ശ്രദ്ധേയനായ ഒ പി സുരേഷിന്റെ ഏകാകികളുടെ ആള്‍ക്കൂട്ടം.

ഏകാകികളുടെ ആള്‍ക്കൂട്ടം ഒ പി സുരേഷ് ലേഖനം ചിന്ത പബ്ളിഷേഴ്സ് വില: 75

ഏകാകികളുടെ ആള്‍ക്കൂട്ടം ഒ പി സുരേഷ് ലേഖനം ചിന്ത പബ്ളിഷേഴ്സ് വില: 75

ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് ആധുനികതയുടെ മനോഭാവമാണെങ്കില്‍ ഏകാകികളുടെ ആള്‍ക്കൂട്ടം ആധുനികോത്തര രൂപകമാണ്. ജീവിതത്തിന്റെ നിഘണ്ടുവാണ് ഏകാകികളുടെ ബൈബിള്‍. അതിലാകട്ടെ എണ്ണമറ്റ പേജുകള്‍. യാത്രകളുടെ, സ്വപ്നങ്ങളുടെ, പ്രതിസന്ധികളുടെ, ജയപരാജയങ്ങളുടെ, രോഗങ്ങളുടെ, പ്രണയത്തിന്റെ... അങ്ങനെ പദസമുദ്രം. എല്ലാ പേജുകളും വായിച്ചുതീരുമ്പോഴോ അവശേഷിക്കുന്നത് ആദ്യവും അവസാനവും ഓരോ വാക്കുമാത്രം. ബാക്കിയെല്ലാം മാഞ്ഞുപോകുന്നു. സുരേഷിന്റെ പുസ്തകം ഒറ്റയിരുപ്പിന് വായിച്ചുപോകാവുന്ന ജീവിതത്തിന്റെ ലഘുനിഘണ്ടുവാണെന്ന് ഒറ്റവാചകത്തില്‍ പറയാം.
ഏകാകികളുടെ ആള്‍ക്കൂട്ടം ഏതാനും ഓര്‍മക്കുറിപ്പുകളുടെ സമാഹാരമാണ്. തുടക്കം ചില യാത്രകളാണ്. യാത്രകള്‍ ഓരോരുത്തരുടെയും ജീവിതകഥയുടെ ഭാഗംതന്നെയാണല്ലോ. ചിത്രകൂടത്തിലേക്കും കുടജാദ്രിയിലേക്കും ഹോങ്കോങ്ങിലേക്കും കോഴിക്കോട്ടേക്കുമുള്ള യാത്രകള്‍. ഈ യാത്രകളെ കേവലം വ്യക്ത്യാനുഭവങ്ങള്‍ക്കപ്പുറത്തേക്ക് വ്യാപിപ്പിക്കാന്‍ സാധിക്കുന്നിടത്താണ് സുരേഷ് വിജയിക്കുന്നത്. കണ്ടുമറയുന്ന കാഴ്ചകളല്ല. അവയുടെ പിന്നാമ്പുറങ്ങളിലും വേരുകളിലുമുള്ള ചരിത്രവും രാഷ്ട്രീയവും വര്‍ത്തമാനകാല സമസ്യകളും വെളിപ്പെടുത്തുന്നിടത്താണ് ഏകാകികളുടെ ആള്‍ക്കൂട്ടം പ്രസക്തമാകുന്നത്.
ഇരുട്ടുമരവും പെങ്ങളും, സുജാത തുടങ്ങിയ ചില കുറിപ്പുകള്‍ അങ്ങേയറ്റം വ്യക്തിപരമാണ്. പക്ഷേ, അവയിലെ വൈകാരികതീവ്രതമൂലം എഴുത്തുകാരന്റേതെന്നതിനേക്കാള്‍ ആ അനുഭവങ്ങള്‍ വായനക്കാരന്റേതായിത്തീരുന്നു. ഹോങ്കോങ് എന്ന അപരിചിതരാജ്യത്ത് കൈയില്‍ പണമില്ലാതെ ഒരിക്കല്‍മാത്രം കണ്ടിട്ടുള്ള പരിചയക്കാരന്റെ ഫോണ്‍നമ്പരുമായി ചെന്നിറങ്ങുന്നതിനെപ്പറ്റിയുണ്ട് മറ്റൊരു കുറിപ്പ്. ഫിക്ഷനുമാത്രം സാധിക്കുംവിധം വായനക്കാരനെ കണ്ണുചിമ്മാതെ ഒപ്പം കൊണ്ടുപോകാന്‍ ഇതില്‍ എഴുത്തുകാരന് സാധിക്കുന്നു.
കാവ്യാത്മകമായ ഭാഷയാണ് ഏകാകികളുടെ ആള്‍ക്കൂട്ടത്തിന്റെ മറ്റൊരു സവിശേഷത. ശലഭങ്ങള്‍ ചിറകുകൊണ്ടുമാത്രമല്ല പറക്കുന്നത്. ഓര്‍മകള്‍ ചേക്കേറുന്ന, തണല്‍ തുടങ്ങിയ തലക്കെട്ടുകള്‍പോലും അങ്ങനെ സുരേഷിലെ കവിയുടെ വെളിപ്പെടലുകളാകുന്നു. എടുത്തുപറയേണ്ടുന്ന മറ്റൊരു സവിശേഷത ആവിഷ്കാരത്തിലെ സത്യസന്ധതയാണ്. കുറിപ്പുകളിലുടനീളം താനൊരു അവിശ്വാസിയാണെന്നും പുരോഗമന ആശയങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നുമുള്ള വസ്തുത അരക്കിട്ടുറപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍തന്നെ 'ഹോങ്കോങ്: ചില രാത്രി വെളിച്ചങ്ങളി'ലൊക്കെ തന്നിലെ സാധാരണ മനുഷ്യന്റെ ചപലതകള്‍ മറച്ചുവയ്ക്കാതിരിക്കാന്‍ സുരേഷ് ശ്രദ്ധിക്കുന്നു. അവതാരികയില്‍ സി വി ബാലകൃഷ്ണന്‍ പറയുംപോലെ ഏകാകികളുടെ ആള്‍ക്കൂട്ടം ഉയര്‍ന്ന മനസ്സുള്ള വായനക്കാരുമായി നിശ്ശബ്ദസൌഹൃദം സ്ഥാപിക്കുന്നുവെന്നതില്‍ തര്‍ക്കമില്ല.

aburaj@gmail.com

പ്രധാന വാർത്തകൾ
 Top