19 April Friday

കഥകള്‍ നിറച്ച വര്‍ണങ്ങള്‍

എം എസ് അശോകന്‍Updated: Sunday Aug 20, 2017

മുക്താര്‍ ഉദരംപൊയില്‍ വരച്ച ചിത്രം

കഥകളുടെ ചാരുത ചാലിച്ചുചേര്‍ത്ത ചിത്രങ്ങളാണ് മുക്താര്‍ ഉദരംപൊയിലിന്റെ വരകളെയും വര്‍ണങ്ങളെയും ആസ്വാദ്യമാക്കുന്നത്. കഥകളോടൊപ്പം പിറക്കുന്നതുകൊണ്ടാകണം മുക്താറിന്റെ വരകള്‍ കഥയോടോ കഥ വരയോടോ കടപ്പെടുന്നതെന്ന സംശയമുണരുന്നത്. രണ്ടായാലും കഥയോടിണങ്ങിയ സ്വരൂപവും കഥയില്‍നിന്ന് വേറിട്ട വ്യക്തിത്വവും മുക്താറിന്റെ ഇല്ലസ്ട്രേഷനുകള്‍ക്കുണ്ട്.
മലപ്പുറത്തെ കാളികാവ് സ്വദേശിയായ മുക്താര്‍ കോഴിക്കോട്ടെ സ്വകാര്യ ചിത്രപാഠശാലയിലാണ് വര അഭ്യസിച്ചത്. കുട്ടിക്കാലംമുതലേ വരയും വായനയുമുണ്ട്. കാര്‍ട്ടൂണുകളും കാരിക്കേച്ചറുകളുമാണ് ആദ്യകാലത്ത് വരച്ചത്. വരയുടെ പിന്നാലെയുള്ള പോക്കില്‍ പിന്നീട് കൊമേഴ്സ്യല്‍ ചിത്രരചനയും പയറ്റി. ഫിഗറുകള്‍ വരയ്ക്കുന്നതിലുണ്ടായിരുന്ന താല്‍പ്പര്യമാണ് ആ വഴിക്ക് തിരിച്ചത്. സൌദി അറേബ്യയില്‍ അല്‍പ്പകാലം ചിത്രകാരനായി ജോലി നോക്കി. തുടര്‍ന്ന് പത്രപ്രവര്‍ത്തനരംഗത്തേക്ക് തിരിഞ്ഞപ്പോള്‍ ഇല്ലസ്ട്രേഷനിലായി കമ്പം. വാരാന്ത്യപ്പതിപ്പുകളിലും ആനുകാലികങ്ങളിലും വരച്ച് തെളിഞ്ഞതോടെ കഥകള്‍ക്കും നോവലുകള്‍ക്കും പതിവായി വരച്ചുതുടങ്ങി. പുസ്തകങ്ങളുടെ പുറംചട്ടകള്‍ രൂപകല്‍പ്പന ചെയ്തതോടൊപ്പം സ്വന്തമായി ഒരു കഥാ പുസ്തകവും എഴുതി. മലപ്പുറത്ത് ചിത്രകാരന്മാരുടെ കൂട്ടായ്മ വരക്കൂട്ടമെന്ന പേരില്‍ രൂപപ്പെട്ടപ്പോള്‍മുതല്‍ അതില്‍ അംഗമാണ്. വരക്കൂട്ടമാണ് തന്നെ ക്രിയേറ്റീവ് ചിത്രരചനയിലേക്ക് വഴി തിരിച്ചതെന്ന് മുക്താര്‍ പറഞ്ഞു. ചിത്രകാരന്മാര്‍ ഒത്തുകൂടിയിരുന്ന് വരയ്ക്കുന്ന വരക്കൂട്ടം ഇപ്പോള്‍ മലപ്പുറം ജില്ലയ്ക്കു പുറത്തേക്കും വ്യാപിച്ചുകഴിഞ്ഞു. അതിന്റെ കൂട്ടായ്മകളില്‍ പതിവായി പങ്കുചേരുന്നു മുക്താര്‍.

മുക്താര്‍ ഉദരംപൊയില്‍

മുക്താര്‍ ഉദരംപൊയില്‍

എല്ലാ മീഡിയവും ഉപയോഗിച്ചുള്ള രചനയാണ് മുക്താറിന്റേത്. കഥകള്‍ക്കുള്ള വരയാകുമ്പോള്‍ വായനയില്‍നിന്ന് ലഭിക്കുന്ന അനുഭൂതിവര്‍ണങ്ങളില്‍ പുനഃസൃഷ്ടിക്കുകയാണ് മുക്താര്‍. അതിന് ചിലപ്പോള്‍ ഒരു മീഡിയത്തിന്റെമാത്രം സാധ്യതകള്‍ പോരാതെ വരും. ജലച്ചായത്തില്‍ കഴുകിയ കടലാസില്‍ മഷിയോ അക്രിലിക്കോ ഫാബ്രിക് പെയിന്റോ കളര്‍പ്പൊടിയോ ആവശ്യംപോലെ ചേര്‍ത്തുവരയ്ക്കും. ആകെത്തുകയില്‍ കഥാവായന സമ്മാനിക്കുന്ന അനുഭൂതിയിലേക്കും അനുഭവത്തിലേക്കും ആസ്വാദകനെ ആ ചിത്രങ്ങള്‍ കൂടുതല്‍ ചേര്‍ത്ത് നിര്‍ത്തും. അതുതന്നെയാണ് മുക്താര്‍ ലക്ഷ്യമിടുന്നതും. ഇല്ലസ്ട്രേഷനുകള്‍ക്ക് ജലച്ചായമാണ് കൂടുതലായി ഉപയോഗിക്കുന്നതെങ്കിലും അതിന്റെ പരമ്പരാഗതരീതികളൊന്നും പിന്തുടരാറില്ല. എല്ലാ മീഡിയത്തിലും നേടിയ പരിചയമാണ് സ്വന്തമായ രചനാതന്ത്രം പ്രയോഗിക്കാന്‍കൂടി ഈ ചിത്രകാരന് ധൈര്യം നല്‍കുന്നത്. വര്‍ണങ്ങളുടെ ധാരാളിത്തത്തിലാണ് മുക്താറിന്റെ വരകള്‍ സ്വന്തം ഭാഷയും ഇടവും കണ്ടെത്തുന്നത്. നിറങ്ങളുടെ നിറവില്‍ നീരാടിനില്‍ക്കുന്ന രചനകളെല്ലാം അവയുടെ അര്‍ഥപുഷ്ടിയും ആസ്വാദ്യതയും അല്‍പ്പംപോലും ചോരാതെ കാഴ്ചക്കാരനിലേക്ക് പകരുന്നു. ചന്ദ്രിക ആഴ്ചപ്പതില്‍ അസര്‍ബെയ്ജാന്‍ എഴുത്തുകാരന്‍ കര്‍ബാന്‍ സൈദിന്റെ അലി ആന്‍ഡ് നീനോ എന്ന നോവലിനുവേണ്ടിയാണ് ഇപ്പോള്‍ മുക്താര്‍ വരച്ചുകൊണ്ടിരിക്കുന്നത്.
നിലവില്‍ ഒരു ഗ്രാഫിക് നോവലിന്റെകൂടി പണിപ്പുരയിലാണ്. കഥയും സ്വന്തം. കള്ളരാമന്‍ എന്ന പേരില്‍ മുക്താറിന്റെ ഒരു കഥാപുസ്തകം പുറത്തിറങ്ങിയിട്ടുണ്ട്. ഏറനാടന്‍ ഭാഷയില്‍ അവിടത്തെ ജീവിതമാണ് കള്ളരാമനിലൂടെ മുക്താര്‍ പറഞ്ഞത്. കഥകളുമായുള്ള സഹവാസം കൂടുതല്‍ കഥകള്‍ പറയാന്‍ പ്രേരിപ്പിച്ചതിന്റെ ബലത്തിലാണ് വരയും എഴുത്തും ചേര്‍ന്ന ഗ്രാഫിക് നോവല്‍ രചനയ്ക്കു പിന്നില്‍. 
നിലവില്‍ കോഴിക്കോട് താമസം. ഭാര്യ ഹസീന.

പ്രധാന വാർത്തകൾ
 Top