31 July Saturday

ബഷീർ ഇൻ ദി ടൈം ഓഫ് കൊറോണ

ഡോ. കെ എം അനിൽUpdated: Sunday Jun 20, 2021

ആപത്തിന്റെ കാലത്ത് കൈയെത്തിപ്പിടിക്കാവുന്ന ആഖ്യാനങ്ങൾ തീർത്ത മഹാകാഥികനാണ് ബഷീറെന്ന് ഈ കൊറോണക്കാലം ഒരിക്കൽക്കൂടി തെളിയിച്ചു. ‘ക്വാറന്റൈൻ’ എന്ന തടവറയെ സംവിധായകൻ അൻവർ അബ്‌ദുള്ള ദാർശനികമായി വ്യാഖ്യാനിക്കാൻ ശ്രമിച്ചപ്പോൾ അർഥത്തിന്റെ പുതിയ മാനങ്ങളുമായി ബഷീർ വീണ്ടും  അവതരിച്ചു. അതാണ് ‘മതിലുകൾ: Love in the time of Corona’

‘പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം’ എന്നൊക്കെ കോവിഡിനുമുമ്പ് നാം തട്ടിവിട്ടിരുന്നു. ഏത് പാരതന്ത്ര്യം അനുഭവിച്ചാലും മരിക്കാതിരിക്കലാണ് പരമമായ ജീവിതലക്ഷ്യമെന്ന് കൊറോണ നമ്മെ പഠിപ്പിച്ചുകഴിഞ്ഞു. “കഴിയുമെങ്കിൽ ആരും മരിക്കരുത്. ഒഴിവാക്കാനാകില്ലെങ്കിൽ എത്രത്തോളം നീട്ടിവയ്‌ക്കാമോ അത്രയും നല്ലത്. താൻ മറ്റൊരുവന്റെ മരണകാരണമാകരുത്. ആത്മരക്ഷ അപരരക്ഷതന്നെയാണ്. അന്യനെ രോഗവാഹകനും മരണകാരണവുമായി കാണണം. തന്നെത്തന്നെയും അങ്ങനെ കാണണം. ഞാൻ എന്റെ ജീവനെ തെരഞ്ഞെടുക്കുന്നത് അന്യന്റെ ജീവനെ സംരക്ഷിക്കുന്നതിനുവേണ്ടിയാണ്. ഇതാണ് ലോക്ഡൗൺ ധാർമികത. അപരനുവേണ്ടി മരിക്കുന്നതല്ല ജീവിച്ചിരിക്കുന്നതാണ് ധീരത.” (വി സനിൽ “ശാസ്‌ത്രീയമായി മരിക്കേണ്ടതെങ്ങനെ- കൊറോണയോടൊപ്പം” ദേശാഭിമാനി വാരിക, 29/07/2020)

അൻവർ അബ്‌ദുള്ള

അൻവർ അബ്‌ദുള്ള

കൊറോണ ആരോഗ്യമേഖലയെയും സാമ്പത്തികമേഖലയെയും മാത്രമല്ല മനുഷ്യരുടെ ധർമബോധത്തെയും മേൽക്കീഴ് മറിച്ചിരിക്കുന്നു. മരണത്തിന് തടയിടുന്നതാണ് ഈ ധാർമികത. അതിനായി ഏത് തടവറയും സ്വീകരിക്കാം. അതാണ് ധീരത. എന്നാൽ, ഈ ധാർമികതയെ കേവലമായി സ്വീകരിക്കാൻ ദാർശനികർ തയ്യാറല്ല. മരിക്കാതിരിക്കാനായി ഏത് പീഡനവും സഹിക്കാം എന്ന ധർമബോധത്തിന് അറിവുമായും അധികാരവുമായും ബന്ധമുണ്ട്. ഇക്കാര്യം മലയാളത്തിൽ അതിശക്തമായി അവതരിപ്പിച്ച എഴുത്തുകാരൻ ബഷീറാണ്. ‘പ്രപഞ്ചമാകുന്ന മഹാജയിലിനുള്ളിലെ ചെറിയ ജയിലിൽ ഞാൻ തനിച്ച്’ എന്ന് ബഷീർ എഴുതുമ്പോൾ മനുഷ്യാസ്‌തിത്വത്തെ പ്രതിയുള്ള ഏറ്റവും ശക്തമായ രൂപകമായി തടവറ മാറുന്നു. ആപത്തിന്റെ കാലത്ത് കൈയെത്തിപ്പിടിക്കാവുന്ന ആഖ്യാനങ്ങൾ തീർത്ത മഹാകാഥികനാണ് ബഷീറെന്ന് ഈ കൊറോണക്കാലം ഒരിക്കൽക്കൂടി തെളിയിച്ചു. ‘ക്വാറന്റൈൻ’ എന്ന തടവറയെ അൻവർ അബ്ദുള്ള ദാർശനികമായി വ്യാഖ്യാനിക്കാൻ ശ്രമിച്ചപ്പോൾ അർഥത്തിന്റെ പുതിയ മാനങ്ങളുമായി ബഷീർ വീണ്ടും അവതരിച്ചു. അതാണ് ‘മതിലുകൾ: Love in the time of Corona’ എന്ന മനോഹരമായ സിനിമ. മതിലുകൾ മാത്രമല്ല, ഭാർഗവീനിലയം, പൂവമ്പഴം തുടങ്ങി ബഷീറിന്റെ രചനാപ്രപഞ്ചം മുഴുവൻ അതിന്റെ നക്ഷത്രകാന്തിയോടെ നമുക്കുമുന്നിൽ വിരിഞ്ഞുനിന്ന അനുഭൂതിയാണ് സിനിമ നൽകുന്നത്. വായിച്ചാലും വായിച്ചാലും തീരാത്ത പുസ്‌തകമാണ് ബഷീർ എന്ന് ഈ സിനിമ ഒരിക്കൽക്കൂടി തെളിയിച്ചു.

കൊറോണക്കാലത്ത് വിദേശത്തുനിന്ന് നാട്ടിലെത്തിയ നായകൻ സ്വന്തം വീട്ടിൽത്തന്നെയാണ് ക്വാറന്റൈനിൽ കഴിയുന്നത്. സുരക്ഷിതത്വം മുൻനിർത്തി ഭാര്യയും കുട്ടികളും താമസംമാറ്റി. അവരൊഴിച്ചിട്ട വീട്ടിലേക്ക് ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങൾ പാലിച്ച് കടന്നുവരുന്ന നായകനിൽനിന്ന് സിനിമ ആരംഭിക്കുന്നു. വീട്ടിലെ വസ്‌തുക്കളെല്ലാം അതോടെ ഓർമകൾ തളംകെട്ടിനിൽക്കുന്ന ജീവൽശരീരങ്ങളായി മാറി. കുട്ടികളുടെ കളിപ്പാട്ടങ്ങൾ, അടുക്കളയിലെ പാത്രങ്ങൾ തുടങ്ങിയവയെല്ലാം അവയുടെ വസ്‌തുത്വം വെടിഞ്ഞ് അതീതമായ ഒരു ഭാഷയിലൂടെ നായകനുമായി വിനിമയം നടത്തുന്നു. ഇടയ്‌ക്കെപ്പോഴെങ്കിലും വരുന്ന ഫോൺകോളുകൾമാത്രം അയാളെ പുറംലോകവുമായി ബന്ധിപ്പിച്ചു. വീടിന്റെ ഗേറ്റ്‌ ആരോഗ്യപ്രവർത്തകർ നേരത്തേ പുറത്തുനിന്ന് പൂട്ടിക്കളഞ്ഞിരുന്നു. വെള്ളകീറുംമുമ്പ് പടിക്കലെത്തുന്ന പത്രക്കാരന്റെ സ്‌കൂട്ടർ ശബ്ദംമാത്രമാണ് ആവർത്തിക്കുന്ന മനുഷ്യസാന്നിധ്യം. പറമ്പിലെ ചെടികൾക്കിടയിലൂടെ നടക്കുന്ന നായകൻ കിളികളോടും ജന്തുക്കളോടും ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുന്നുണ്ട്. ചെടികളോടും വൃക്ഷങ്ങളോടും വർത്തമാനം പറഞ്ഞുനിൽക്കുന്ന നായകൻ ബഷീറിന്റെ മതിലുകളിലുമുണ്ട്. ബഷീറിന്റെ നായകന് ജയിലനകത്ത് മനുഷ്യരുൾപ്പെട്ട ഒരു ലോകമുണ്ട്. എന്നാൽ, അൻവറിന്റെ നായകൻ മനുഷ്യലോകത്തുനിന്ന് പറിച്ചെറിയപ്പെട്ട ഏകാകിയാണ്. ഇതിനിടയിൽ അബദ്ധവശാൽ അയാളുടെ മൊബൈൽഫോൺ താഴെവീണ് തകർന്നുപോകുന്നു. അതോടെ ഇഹലോകവുമായുള്ള എല്ലാ ബന്ധവും അവസാനിച്ചു. കുടുംബത്തിൽനിന്ന് വാർത്തകളൊന്നും വരാതായി. മനുഷ്യരുടെ ചെത്തവും ചൂരും തേടി അയാൾ ആ മതിൽക്കെട്ടിനകത്ത് ഭ്രാന്തമായി നടന്നു. അങ്ങനെയിരിക്കെ അതാ മതിലിനപ്പുറം നാരായണി. അതോടെ സിനിമ മറ്റൊരു വിതാനത്തിലേക്ക് ഉയരുകയായി. സിനിമയിലെ മൊബൈൽഫോൺ നായകന്റെ സ്ഥലകാലങ്ങളെ രണ്ടായി പകുക്കുന്നു. അതുവരെ ഇടറിനിന്നിരുന്ന നായകൻ മൊബൈൽഫോൺ തകരുന്നതോടെ ബഷീറിയൻ ആത്മാവ് കുടിയേറിയ പുതിയ മനുഷ്യനായിത്തീരുന്നു. അതിജീവനത്തിനുള്ള അവസാനത്തെ കച്ചിത്തുരുമ്പ് എന്ന നിലയ്‌ക്ക് അയാൾ നാരായണിയുടെ ശബ്ദത്തിൽ അള്ളിപ്പിടിക്കുന്നു. ഒരുവേള ആ ശബ്ദംകൂടി നിലയ്‌ക്കുന്നതോടെ അയാൾക്കുമുന്നിൽ ഇരുട്ടും പേമാരിയും പെയ്‌തിറങ്ങുന്നു. 

‘ലോകത്തെ ഇരുൾമൂടിക്കഴിഞ്ഞു. എന്നാൽ, ഇരുട്ടിനെ ശരിക്ക്‌ കാണാനും വയ്യ. ഒന്ന്‌ മനസ്സിലായി ഞാനിതുവരെ ഇരുട്ട് കണ്ടിട്ടില്ല’ എന്ന് ബഷീറിന്റെ കഥാപാത്രം പറയുന്നുണ്ട്. ഈ ഇരുട്ടിലാണ് അൻവറിന്റെ സിനിമ അവസാനിക്കുന്നത്. ഈ ഏകപാത്ര സിനിമയിൽ സംവിധായകൻ തന്നെയാണ്‌ അഭിനേതാവും. ഒരുപക്ഷേ കൊറോണാനന്തര ലോകത്തെക്കുറിച്ചുള്ള നിരാശാഭരിതമായ ഭാവനയെന്ന് ഈ സിനിമയെ വിളിക്കാം. പ്രതീക്ഷ ഒരു കള്ളനാണയമാണെന്ന് നായകൻ ഒരു സന്ദർഭത്തിൽ പറയുന്നുമുണ്ട്. അറിവും അധികാരവും ചേർന്ന് സൃഷ്ടിച്ച രാവണൻകോട്ടകളിൽ കുടുങ്ങിപ്പോയ എലികളെപ്പോലെ മനുഷ്യർ നിസ്സഹായരായിത്തീർന്നിരിക്കുന്നു. 

സിനിമ ആത്യന്തികമായി ദൃശ്യവിസ്‌മയമാണ്. ദൃശ്യങ്ങൾ മനസ്സിൽ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നതാണ് സിനിമയെ വിലയിരുത്താനുള്ള ആദ്യത്തെ മാനദണ്ഡം. മതിലുകളെക്കുറിച്ച് ഇക്കാര്യം നിസ്സംശയം പറയാം. മുഹമ്മദിന്റെ ഫോട്ടോഗ്രഫിയും വിഷ്‌ണു പ്രമോദിന്റെ ശബ്ദലേഖനവും എടുത്തു പറയേണ്ടതാണ്. മഴയ്‌ക്കുശേഷം മരം പെയ്യുന്നതുപോലെ ഇതിലെ ദൃശ്യങ്ങൾ മനസ്സിന്റെ താഴ്‌വാരങ്ങളിലേക്ക് ഉതിർന്ന്‌ വീണുകൊണ്ടേയിരിക്കും. കൊറോണയെക്കുറിച്ച് അന്താരാഷ്ട്രതലത്തിലുണ്ടായ സർഗസൃഷ്ടികളിൽ തീർച്ചയായും അൻവർ അബ്ദുള്ളയുടെ ഈ സിനിമയും ഉണ്ടാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top