22 February Friday
വായന

കവിയോർമകളുടെ കേട്ടെഴുത്ത്

ജിഷ അഭിനയUpdated: Sunday May 20, 2018

റഫീക്ക്‌ അഹമ്മദ്‌ / പാട്ടുവഴിയോരത്ത്/ ശ്രീശോഭ്‌ / ഗ്രീൻബുക‌്സ് / വില 140

സാഹിത്യവായനയിൽ ഓർമകളുടെ കേട്ടെഴുത്ത് ഏറെ സാധ്യതകൾ തുറന്നുവയ‌്ക്കുന്നുണ്ട‌്.  എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ശ്രീശോഭ് തയ്യാറാക്കിയ 'റഫീക്ക് അഹമ്മദ് പാട്ടുവഴിയോരത്ത്' ചർച്ച ചെയ്യപ്പെടുന്നത്, മാതൃകയാകാനിടയുള്ള അതിന്റെ സൃഷ്ടിയിലെ സൂത്രവാക്യം മൂലമാണ്. അതിന്റെ കാലികമായ സാധ്യത എന്നത് വായനയിലും വിപണിയിലും ഒരുപോലെ തുറന്നുവയ‌്ക്കുന്ന സ്വീകാര്യത തന്നെയാണ്.  
 
കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദിനൊപ്പം നടന്ന് ശ്രീശോഭ്  തയ്യാറാക്കിയ കേട്ടെഴുത്ത് പുസ്തകം റഫീക്കിന്റെ രചനാവഴികളിലൂടെയും നുറുങ്ങോർമകളിലൂടെയും വായനക്കാരനെക്കൂടി തങ്ങൾക്കൊപ്പം നടത്തുന്നു. കുഞ്ഞോർമകളിലൂടെ വായനയെ ആയാസരഹിതമായ പ്രവൃത്തിയാക്കിയെടുക്കുന്നത്  ബുദ്ധിപൂർവമാണ്.  
 
ബാല്യം, കൗമാരം, സ്കൂൾ, കോളേജ്, നാട് തുടങ്ങി ഓർമകളെ ഒരുപാട് പൊടിതട്ടിയെടുക്കുന്നുണ്ട് പുസ്തകത്തിൽ. 
 
റഫീക്കിന്റെ കുട്ടിക്കാലം ഓർത്തെടുക്കുന്ന ഒരുപാടു നിമിഷങ്ങളുണ്ട് ഈ പുസ്തകത്തിൽ. ‘ഈ കടലാസ് നിന്നോട് മിണ്ടും.. എന്നോട് മിണ്ടില്ല...' എന്നു പറഞ്ഞ ആൽത്തറയിലിരിക്കുന്ന നിരക്ഷരൻ, ആൾമറയിൽ കാണാതായ സഹപാഠി, ക്ലാസ് മുറിയുടെ ചുമരിൽ തുളയുണ്ടാക്കിയ കൂട്ടുകാർ, പൂതനാവേഷം കെട്ടി കൊച്ചു റഫീക്കിനെ ഭയപ്പെടുത്തിയ നാട്ടുകാരൻ അങ്ങനെയൊരുപാട്.
 
പതിവായി ആൽത്തറയിൽ കാണാറുള്ള വൃദ്ധന്റെ ചോദ്യം  അന്നേ റഫീക്ക് അഹമ്മദിനെ ആകർഷിച്ചിരുന്നു. സ്കൂളിലെ ശാന്തപ്രകൃതനായ കുട്ടി ചെന്നുപിടിച്ച പുലിവാൽ. ക്ലാസ് മുറിയുടെ ചുമർ തുരന്ന് പെൺകുട്ടികളുടെ ക്ലാസിലേക്ക് കാഴ്ചയൊരുക്കുന്നവർക്കൊപ്പംകൂടിയ കവി പിടിക്കപ്പെടുന്നത്, സ്ഥിരം അസുഖക്കാരനായ കുട്ടിയുടെ  ആശുപത്രിവാസം, അവയെല്ലാം അനുവാചകനെ അനുഭവിപ്പിക്കുന്നുണ്ട്. കവിയുടെ സ്കൂൾ യാത്രകൾ പിൽക്കാല എഴുത്തിന് അസംസ്കൃതവസ്തുവായെന്ന് കവി സാക്ഷ്യപ്പെടുത്തുന്നു.
 
കവിയെ സ്വതന്ത്രനായി ഓർമകളിലൂടെ സഞ്ചരിക്കാനനുവദിക്കുകയും അതിൽനിന്ന് വായനക്കാരനുവേണ്ടതത്രയും പെറുക്കിക്കൂട്ടിയുള്ള രചന പരമ്പരാഗത അഭിമുഖങ്ങളെയും ചോദ്യോത്തരപംക്തികളെയും അതിലംഘിക്കുന്നു. അതിലൂടെ കത്തുന്ന കാലത്തിനൊപ്പം നടക്കുന്ന പ്രീ ഡിഗ്രിക്കാരനെയും ബോധനവേദിയിലെ യുവകവിയെയും വാക്കുകളെ പരിചരിച്ച് പാട്ടെഴുതുന്ന ഗാനരചയിതാവിനെയും നാം അടുത്തറിയുന്നു.
 
 
കവിയുടെ ഔദ്യോഗികജീവിതത്തിന്റെ തുടക്കവും ഒടുക്കവും  അളഗപ്പ നഗറിലാണ്. തോട്ടം വനംമേഖലയുടെ പരുക്കൻ ജീവിതവും  അവിടെയുള്ള സുഹൃത്തുക്കളും ഈ പുസ്തകത്തിലെ രസകരമായ ഓർമകൾ.   പോൾസൻ, മറ്റു കൂട്ടുകാർ, വെണ്ടോർ പള്ളിപെരുന്നാളുകൾ, സ്വാമിയുടെ ഹോട്ടൽ, ബസ് യാത്രയിലെ അതിഗൗരവക്കാരനായ യാത്രക്കാരനും റേഡിയോ പൊട്ടിച്ച സഹമുറിയനുമെല്ലാം കവിയുടെ അളഗപ്പ നഗർ ഓർമകളെ സംഭവബഹുലമാക്കുന്നു.
 
റഫീക്ക് അഹമ്മദിന്റെ നോവൽ‘അഴുക്കില്ലം’അളഗപ്പ നഗറിലെ ഓർമകൾക്ക് ആഖ്യാനരൂപം കൈവരിക്കാനുള്ള മാധ്യമമായാണ് ഭവിക്കുന്നത്. ചീട്ടുകളി ക്ലബ്ബിലെ രംഗങ്ങളും സ്വാമിയുടെ ഹോട്ടലിലെ വഴക്കും ഗുണ്ടുമണിയുടെ മുദ്രാവാക്യംവിളിയും അരുളാശാന്റെ മരണവും ശവസംസ്കാരവുമൊക്കെ അഴുക്കില്ലത്തിൽ പലയിടത്തായി എത്തിനോക്കുന്ന അളഗപ്പനഗർ ഓർമകളിൽനിന്നുള്ളതാണ്. ചീട്ടുകളി ക്ലബ്ബിൽ കയറിവരുന്ന പൊലീസുകാർക്കുമുന്നിൽ സ്വന്തം ലിംഗം പ്രദർശിപ്പിച്ച് പോർവിളി നടത്തുന്ന കഥാപാത്രം അളഗപ്പ നഗറിൽ ഇപ്പോഴും ജീവിക്കുന്നുണ്ടെന്ന് കവി.  അതുപോലെതന്നെ അരുളാശാൻ എന്ന ഡ്രൈവിങ‌് അധ്യാപകന്റെ കുഴിമാടത്തിൽ പാതിരാത്രിയിൽ മദ്യമർപ്പിക്കുന്ന ശിഷ്യൻ ഒരത്യപൂർവ അനുഭവമാണ്.
 
ദക്ഷിണാമൂർത്തിയെപ്പോലൊരു മഹാശയനൊപ്പമുള്ള എഴുത്തനുഭവം, ഇളയരാജയ‌്ക്കൊപ്പം, എ ആർ റഹ‌്മാനൊപ്പം, രഞ്ജിത്തിനും  പി ടി കുഞ്ഞുമുഹമ്മദിനുമൊപ്പം, സത്യൻ അന്തിക്കാടിനെപ്പോലെ പാട്ടെഴുതുന്ന സംവിധായകനൊപ്പം, വിദ്യാസാഗറിനും ലാൽ ജോസിനുമൊപ്പം അങ്ങനെ സിനിമയിലെ അസാമാന്യ പ്രതിഭകൾക്കൊപ്പമുള്ള എഴുത്തനുഭവങ്ങൾ പാട്ടുവഴിയോരത്ത് പുനർജനിക്കുന്നുണ്ട്.
  
പാട്ടെഴുത്തിലെ ഒത്തുതീർപ്പുകൾ, സൂത്രവാക്യങ്ങൾ, രചനാകൗശലം, നിനച്ചിരിക്കാത്ത നേട്ടങ്ങൾ, ഹിറ്റുകളുടെ പിറവിരഹസ്യങ്ങൾ തുടങ്ങിയ സിനിമാനുഭവങ്ങൾ തികച്ചും വ്യത്യസ്തമാണ്.
 
റഫീക്ക് അഹമ്മദിന്റെ രചനാരീതി ശ്രദ്ധിച്ചാൽ മൂർച്ചയേറിയ തൂലികത്തുമ്പുകൊണ്ടാണ് കവിതയെഴുത്ത് ഏറെയും. പ്രേതമൊഴിയും ശിവകാമിയും ഉലയ്ക്കയും ആൾമറയും സന്യാലും മാവോപ്പേടിയും എല്ലാം അതിന്റെ വായ്തലയേറ്റ് മുറിപ്പെടുന്നതുകാണാം. മരണമെത്തുന്ന നേരത്ത് പോലെ കവിതയായും ഗാനമായും വായനക്കാർ ഏറ്റെടുത്ത ചിലത്. 
 
മലയാളി മാരകമായി ഏറ്റുപാടിയ ആറ്റുമണൽ പായയിൽ, അപ്പങ്ങളെമ്പാടും, കണ്ണോണ്ടു ചൊല്ലണ്..., പാലപ്പൂവിതളിൽ.. പോലുള്ള ഹിറ്റുകൾ. മെയ് മാസമേ..., നിൻ ഹൃദയമൗനം..., മലർവാകത്തുമ്പത്ത്... രാക്കിളിതൻ....തുടങ്ങിയ നറുമണം വഴിയുന്ന രചനാസൗകുമാര്യം. ഇങ്ങനെയെല്ലായിടത്തും ചെന്നുതൊടുന്നുണ്ട് ഈ പാട്ടുവഴിയോരത്ത്.
പ്രധാന വാർത്തകൾ
 Top