27 May Monday

കാലന്‍കോലം

ഡോ. ബി രവികുമാർ bravikumar61@gmail.comUpdated: Sunday Jan 20, 2019

ഒരു നടൻതന്നെ എല്ലാ കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്ന അപൂർവമായ കാഴ്ചയാണ് കാലൻകോലം നാട്ടരങ്ങിൽ സൃഷ്ടിക്കുന്നത്.  മരണത്തിൽനിന്നും മാരകരോഗങ്ങളിൽനിന്നും രക്ഷിക്കുമെന്ന വിശ്വാസം കാലൻകോലത്തിന്‌ പടയണിക്കരകളിൽ പ്രാധാന്യം വർധിപ്പിക്കുന്നു

 

അനുഷ‌്ഠാന നാടകമായ പടയണിക്കുള്ളിൽ  തുള്ളിയൊഴിയുന്ന കാലൻകോലം പടയണിയുടെ പുരാവൃത്തത്തിൽനിന്ന‌് വ്യത്യസ‌്തമായിനിൽക്കുന്ന സമ്പൂർണനാടകമാണ്. ഒരുമണിക്കൂറിലധികം സമയം  വേണ്ടിവരുന്ന ഈ കലാവതരണം  നാടോടിനാടകസങ്കൽപ്പങ്ങളുടെ  പരിധിവിട്ട് ക്ലാസിക്കൽ നാടകാവതരണങ്ങളുടെ രീതികൾ ഉൾക്കൊള്ളുന്നതായിക്കാണാം. ഇതിവൃത്തസ്വീകരണത്തിലും നായകസങ്കൽപ്പത്തിലും അഭിനയസങ്കേതങ്ങളിലും ആകാരഭംഗിയിലും സാഹിത്യസംഗീതാദികളിലും ഇത‌ു ദൃശ്യമാണ്. കൂടിയാട്ടത്തിലോ കഥകളിയിലോ കണ്ടിരുന്നതുപോലെ ഒരു കഥാവതരണത്തിന് നിരവധി കഥാപത്രങ്ങളെ അരങ്ങിലിറക്കാതെ പകർന്നാട്ടം എന്ന അഭിനയസമ്പ്രദായത്തിലൂടെ ഒരു നടൻതന്നെ എല്ലാ കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്ന അപൂർവമായ കാഴ്ചയാണ് കാലൻകോലം നാട്ടരങ്ങിൽ സൃഷ്ടിക്കുന്നത്. 

പുരാണപ്രസിദ്ധമായ മാർക്കണ്ഡേയകഥയാണ് ഒട്ടുമിക്ക കരകളിലും കാണുന്നത്. അജാമിളമോക്ഷവും മാർക്കണ്ഡേയകഥയോടൊപ്പം ചിലയിടങ്ങളിൽ അഭിനയിച്ചുവരുന്നു. മരണത്തിൽനിന്നുള്ള അതിജീവനമാണ് രണ്ടു കഥകളിലെയും ഇതിവൃത്തം. അനുഷ്ഠാനമായ കാലൻകോലം മരണത്തിൽനിന്നും മാരകരോഗങ്ങളിൽനിന്നും രക്ഷിക്കുമെന്ന വിശ്വാസം പടയണിക്കരകളിൽ കാലൻകോലത്തിനു പ്രാധാന്യം വർധിപ്പിച്ചു. മാർക്കണ്ഡന്റെയും അജാമിളന്റെയും കഥാപരിസരം  പശ്ചാത്തലമായി സ്വീകരിച്ചതും അതുകൊണ്ടാണ്.

അഞ്ചുഘട്ടമായിട്ടാണ് നാടകം ചിട്ടപ്പെടുത്തിയിട്ടുള്ളത്. കോലമണിഞ്ഞ് നെഞ്ചുമാലയും പോത്തിൻമുഖത്തെ അനുസ്മരിപ്പിക്കുന്ന അരത്താലിയുംകെട്ടി വലംകൈയിൽ വാളും ഇടംകൈയിൽ പന്തവും പാശവും പിടിച്ച് ഉടുത്ത ചെമ്പട്ടിനുമേൽ കുരുത്തോലപ്പാവാടയുമണിഞ്ഞാണ് കോലം കളത്തിലെത്തുന്നത്. കോലത്തിന്റെ കളത്തിലേക്കുള്ള പുറപ്പാടോടുകൂടിയാണ് നാടകം ആരംഭിക്കുന്നത്.  ശ്ലോകത്തിലൂടെ കഥചുരുക്കിപ്പറഞ്ഞും പാട്ടിലൂടെ അരങ്ങിൽ കഥ അവതരിപ്പിച്ചും നാടകം പുരോഗമിക്കുന്നു. പ്രധാനപാട്ടുകാരൻ മുൻപാട്ടുപാടുമ്പോൾ പാട്ടുകൂട്ടം അതേറ്റുപാടും. പ്രധാനസന്ദർഭങ്ങളിലെല്ലാം ആർപ്പും കുരവയുമിട്ട് കാണികളും നാടകത്തിന്റെ ഭാഗമാകും. 
 
കോലക്കാരൻ കാലനായും ശിവനായും പകർന്നാടുന്നു. തുടക്കത്തിൽ മാർക്കണ്ഡേയനെ തേടി ഓടിയടുക്കുന്നത് കാലനാണ്. എന്നാൽ, മാർക്കണ്ഡേയൻ സേവചെയ്യുന്ന ശിവലിംഗപ്രതിഷ്ഠ കാലപാശം ചുറ്റി ഇളക്കാനായി മുതിർന്നപ്പോൾ താണ്ഡവപ്രധാനമായചുവടുകളോടെ കളത്തിൽ നിറയുന്നത് ശിവനാണ്. പോരുമുറുകുന്നതോടെ  കളത്തിലെ സഹായി ശിവനായി മാറുന്നു. കാഴ്ചയുടെയും അനുഭവത്തിന്റെയും വൈവിധ്യങ്ങൾ വേറെയും വ്യാഖ്യാനങ്ങൾ ഈ രംഗത്തിനു നൽകുന്നുണ്ട്. 
 
കടമ്മനിട്ട, ഇലന്തൂർ, കുരമ്പാല തുടങ്ങിയ തെക്കൻ കരകളിൽ കരിമുഖത്തോടെ മൂന്നു മുഖങ്ങളും കോട്ടാങ്ങൽ, എഴുമറ്റൂർ, കുന്നന്താനം തുടങ്ങിയ വടക്കൻകരകളിൽ പച്ചമുഖത്തോടൊപ്പം അഞ്ചുമുഖങ്ങളും കാണപ്പെടുന്നു. പഞ്ചാനനായ ശിവനാണ് പഞ്ചമുഖകോലത്തിൽ കാണുന്നത്. മുകളിൽനിന്ന് താഴേക്ക് കിമ്പിരിമുഖം പച്ചമുഖം കണ്ണും കുറിയും എകിറും പല്ലുംവച്ച കോലക്കാരന്റെ മുഖം എന്നതാണ് ക്രമം. പച്ചമുഖത്തിന് ഇരുവശമായിട്ടാണ് മറ്റു രണ്ടു മുഖം. തെക്കൻ കോലങ്ങളിൽ ഈ സ്ഥാനത്ത് നാഗമുഖങ്ങളാണ് വരയ്ക്കുന്നത്. കോലം ത്രിമുഖനായ രുദ്രനാണെന്നും പശുപതിയാണെന്നും ഇവിടെ കരുതുന്നു. 
പ്രധാന വാർത്തകൾ
 Top