21 February Thursday

കരയാതിരിക്കാനുള്ള കഥകൾ

കെ എസ് രതീഷ്‌Updated: Sunday Jan 20, 2019

കെ എസ് രതീഷ്‌

സത്യത്തിൽ വീട്ടിലെ ഓർമകൾ ഇങ്ങനെ വന്ന് കണ്ണുനിറയ‌്ക്കുമ്പോൾ ഞാനിങ്ങനെ കള്ളങ്ങൾ ചേർത്ത്, അമ്മയെ, അമ്മൂമ്മയെ, എന്റെ അനിയനെ ചേച്ചിയെ, സുകുമാരൻ മാമനെ ഒക്കെ കഥാപാത്രങ്ങളാക്കി കഥകളുണ്ടാക്കും. ഇതൊക്കെ നുണകളെന്ന് കൂകിവിളിച്ച് അവിശ്വാസികൾ ഓരോരുത്തരും ഒഴിഞ്ഞുപോകുമ്പോൾ ഞാൻ പുതിയ കേൾവിക്കാരെ ഒപ്പിക്കും. ഒടുവിൽ ആരും കേൾക്കാനില്ലാതാകുമ്പോൾ ഒറ്റയ്ക്കിരുന്ന് പറയും.. അങ്ങനെ ഉള്ളിൽനിന്ന് തികട്ടിവരുന്ന കരച്ചിൽ ഞാൻ  മറക്കും...

 

നാലാം വയസ്സിൽ കൊല്ലത്തെ ബാലഭവനിൽ എത്തിയതുമുതൽ  എനിക്ക് ഇരട്ടപ്പേരുകളുടെ ഒരു പെരുമഴയാണ്. 

നെയ്യാറിൽ നിന്നെത്തിയ കറുത്ത, എപ്പോഴും കരയുന്ന ചെക്കൻ അവിടെ പറഞ്ഞത് നല്ല മുഴുത്ത ചീങ്കണ്ണിക്കഥകൾ. കേട്ടിരുന്ന സമപ്രായക്കാരുടെ കണ്ണിൽ അപ്പോൾ അത്ഭുതരസം കാണുമെങ്കിലും അവരാരും അത് വിശ്വസിച്ചിരുന്നില്ല. അതുകൊണ്ട് അവരെല്ലാം "ഡാ കള്ള മുതലേന്ന്'  ഇരട്ടപ്പേര് വിളിക്കാൻ തുടങ്ങി, അതുകേട്ട് കരഞ്ഞപ്പോൾ "തൊട്ടാവാടി’ എന്നായി പേര്. 
 
സത്യത്തിൽ വീട്ടിലെ ഓർമകൾ ഇങ്ങനെ വന്ന് കണ്ണുനിറയ‌്ക്കുമ്പോൾ ഞാനിങ്ങനെ കള്ളങ്ങൾ ചേർത്ത്, അമ്മയെ, അമ്മൂമ്മയെ, എന്റെ അനിയനെ ചേച്ചിയെ, സുകുമാരൻ മാമനെ ഒക്കെ കഥാപാത്രങ്ങളാക്കി കഥകളുണ്ടാക്കും. ഇതൊക്കെ നുണകളെന്ന് കൂകിവിളിച്ച് അവിശ്വാസികൾ ഓരോരുത്തരും ഒഴിഞ്ഞുപോകുമ്പോൾ ഞാൻ പുതിയ കേൾവിക്കാരെ ഒപ്പിക്കും. ഒടുവിൽ ആരും കേൾക്കാനില്ലാതാകുമ്പോൾ ഒറ്റയ്ക്കിരുന്ന് പറയും. അങ്ങനെ ഉള്ളിൽനിന്ന് തികട്ടിവരുന്ന കരച്ചിൽ ഞാൻ  മറക്കും. ഇടയ്ക്ക് അവധിക്കാലത്ത് നാട്ടിൽ വന്നാലോ കഥാപാരമ്പര്യത്തിന്റെ മറ്റൊരു ശാഖ വികസിക്കും. അച്ഛൻ കളഞ്ഞിട്ട് പോയ മൂന്ന് മക്കളെയും ഒരു "പരുവത്തിൽ' ആക്കാൻ എന്റെ പ്രിയ കഥാകാരിയമ്മ സഹിച്ച യാതനകൾ വളരെയാണ്. പകുതി വയറുമായി ഉറക്കമില്ലാതെ ആ ആറ്റരുകിലെ ഒറ്റമുറി വീട്ടിലിരുന്ന് അമ്മ കഥകൾ ഉണ്ടാക്കും.
 
നെയ്യാർ ഡാമിലെ സ്വിമ്മിങ‌് പൂളിൽ നിൽക്കുന്ന സുന്ദരിയുടെ കഥ, പണ്ട് ഡാം കെട്ടിയപ്പോൾ പന്തയിലെ ആളുകൾ നടത്തിയ പോരാട്ടങ്ങളുടെ കഥ, പുട്ടുകുടത്തിൽ കയറിയ മഞ്ഞച്ചേരയുടെ കഥ, രാത്രി കരയുന്ന പിള്ളാരെ കുരുതി കൊടുക്കുന്ന പാക്കരന്റെ കഥ. വിശപ്പും മറക്കും കരച്ചിലും മാറും ഞങ്ങളുറങ്ങും. അന്ന് കഥകൾ ഞാനെഴുതി തുടങ്ങിയിട്ടില്ല.
 
ഇന്നും ചിലതൊക്കെ ഓർക്കുമ്പോൾ കണ്ണ് നിറയും. മക്കളുടെ, ഭാര്യയുടെ മുന്നിൽ ധീരനായ ഞാൻ കരയുന്നത് നാണക്കേടല്ലേ..? ഭാഷാപോഷിണിയിൽ അച്ചടിച്ചു വന്ന എന്റെ  "വീപ്പിങ‌് വുഡ്‌സ്’ പണ്ട് പറമ്പിൽനിന്ന് മുറിച്ചുമാറ്റിയ റബറിനെ നിറകണ്ണോടെ നോക്കിനിന്ന അമ്മയുടെ കഥയാണ്. ഒരമ്മയും  മൂന്ന് മക്കളും മുപ്പത് റബർ മരങ്ങളും അതൊക്കെ ഉള്ളിൽ ഉറഞ്ഞ കഥകളാണ്. അതൊക്കെ ഓർത്താൽ കണ്ണിനെ തടഞ്ഞുനിർത്തുക പ്രയാസമാണ്.
 
മലപ്പുറത്ത് സ്‌കൂളിൽ മാഷായിരുന്നപ്പോൾ പതിനാറ് വയസ്സിൽ നിക്കാഹ് നടത്തി, പതിനെട്ടിൽ തലാഖ് ചൊല്ലിയ വിദ്യാർഥിനിയെ കേട്ടിരിക്കേണ്ടി വന്നപ്പോൾ തോന്നിയ കഥയാണ് "ഞാവൽ തലാഖ്.’ ഒരാശ്വാസത്തിനായി അധ്യാപകനോട് വേദനകൾ പങ്കിടുന്ന കുട്ടിയുടെ മുന്നിലിരുന്ന് എനിക്ക് കരയാൻ പറ്റുമോ? അവളെ അപ്പോൾ ആശ്വസിപ്പിക്കാനല്ലേ ശ്രദ്ധിക്കേണ്ടത്.
 
ഡൽഹി സ്കെച്ചസിൽ വന്ന സൂചിത്രാംഗ കമീഷൻ  നിങ്ങൾ വായിച്ചോ എന്നറിയില്ല. എന്റെ അതേ പദവിയിൽ പക്ഷേ, താൽക്കാലിക അധ്യാപികയായി ജോലിചെയ്ത പ്രിയ കൂട്ടുകാരി ഏറ്റവും ഒടുവിൽ എഴുതിയ പിഎസ്‌സി ലിസ്റ്റിലും കയറാൻ കഴിയാതെ വന്ന് മുന്നിലിരുന്ന് കരയുമ്പോൾ ഞാനും കൂടെ കരഞ്ഞാൽ സീൻ വല്ലാതെ വഷളാക്കില്ലേ? അതുകൊണ്ടായിരുന്നു അങ്ങനെ ഒരു കഥ എഴുതിയത്.  പക്ഷേ, പ്രിയ കൂട്ടുകാരി ഒന്നു പറയാം നീ വേദന പങ്കിടാൻ സമീപിച്ചത് നിന്നെക്കാളും ദുർബല ഹൃദയനായ ഒരാളെയാണ്.
 
മലപ്പുറത്ത് വാടക വീട്ടിന്റെ അയൽക്കാരി, ഒരു പതിച്ചി ആയിരുന്നു. നാൽപ്പതു ദിവസം സ്വന്തം മക്കളെ ഉപേക്ഷിച്ച് അന്യവീട്ടിൽ പ്രസവ ശുശ്രൂഷ ചെയ്യാൻ പോകുന്ന അവർ മകളുടെ ഫീസ് കൊടുക്കാൻ പണം കടം ചോദിച്ചതിന്റെ കൂടെ പതിച്ചിപ്പണിയുടെ പ്രയാസങ്ങളും ഉറക്കമില്ലായ്മയും നിറകണ്ണോടെ തുറന്നുവിട്ടു.
കടം ചോദിച്ച കാശിനൊപ്പം ഒരു കഥയും അന്നെഴുതിത് "പതിച്ചി പാസഞ്ചർ’ എന്ന് പേരിട്ട കഥയാണ്. 
 
എൻഎസ്എസ് യൂണിറ്റിലെ കുട്ടികളെയുംകൊണ്ട് നിരവധി തവണ ആദിവാസി കോളനികൾ കയറിയിറങ്ങിയപ്പോൾ ചിലതൊന്നും സഹിക്കാൻ കഴിഞ്ഞില്ല. പിള്ളേർക്ക് അതൊക്കെ ഒരു ടൂറ് മൂഡിലെ എടുക്കാൻ കഴിഞ്ഞിട്ടുള്ളൂ.
 
വിശപ്പും അവഗണനയും ശരിക്കും അറിഞ്ഞ എന്നെപ്പോലെ ഒരു ദുർബലന് ഇതൊന്നും സഹിക്കാൻ കഴിയില്ല. ഒന്നുകിൽ ആ വനത്തിലെ ഏതെങ്കിലും ഉയർന്ന മരത്തിന്റെ തുഞ്ചത്തോ ഗുഹയ്ക്കുള്ളിലോ കയറിയിരുന്ന് വായകീറി കരയുക. ഇനി അതിന് കഴിയുന്നില്ലെങ്കിൽ വാരാന്ത്യമാധ്യമത്തിൽ വന്ന "ഏ കെ 47 പടുക്ക’പോലെയോ ചന്ദ്രിക ആഴ്ചപ്പതിപ്പിൽ വന്ന "ബർശല്’ പോലെയോ ഉള്ള കഥകൾ എഴുതുകയെ നിവർത്തിയുള്ളൂ.
 
ജോലിയൊക്കെ കിട്ടി, ഒരൽപ്പം നിവർന്ന് നിൽക്കാം എന്നായപ്പോൾ പഞ്ചായത്ത് സഹായിച്ച് നിർമിച്ച വീട് പൊളിച്ച് പുതിയ വീട് എന്ന സ്വപ്നമുണ്ടായി. ആറ്റരികിലെ പഴയ മൺകട്ട വീട് മുതൽ സൂക്ഷിക്കുന്നതും അച്ഛന്റെ ഓർമകളുള്ള ഒരു ജനൽ പുതിയ വീട്ടിലെ ഒരു മുറിയിലും അമ്മ വയ്‌പിച്ചു. അത് അഭംഗിയെന്ന കാരണം പറഞ്ഞ്  ഇളക്കാൻ ഞാനും. അതിന്റെ പേരിൽ അമ്മ കരച്ചിലും കണ്ണീരും ഓർമകളും.
 
ഞാനാണെങ്കിൽ "ചെവര്’ എന്ന പേരിൽ ഒരു കഥകൊണ്ട് ആശ്വാസം കണ്ടെത്തി. ഡൽഹി മാധ്യമക്കൂട്ടായ്മയുടെ മാസികയിൽ  അച്ചടിച്ച ആ കഥയും ചേർത്താണ് എന്റെ പുതിയ കഥാസമാഹാരമായ "ഗൊമോറ’ തയ്യാറാക്കി പ്രസാധകർക്ക് പിന്നാലെ  നടക്കുന്നത്.
 
പലപ്പോഴും പലരും ചോദിക്കും നീ എന്തിനാ ഇങ്ങനെ തുടരെത്തുടരെ എഴുതുന്നതെന്ന്. എന്തോ എനിക്ക് അതിനൊന്നും പലപ്പോഴും ഉത്തരമുണ്ടാകാറില്ല. ഒന്നുറപ്പ് നിങ്ങൾക്കും നിറയുന്ന ഒരു കണ്ണും, നിറയെ ഓർമകളും നുണപറയാനുള്ള കഴിവുമുണ്ടെങ്കിൽ ചിലപ്പോൾ  ഇങ്ങനെയൊക്കെ എഴുതിപ്പോകും. ചുരുക്കത്തിൽ കരഞ്ഞുപോകാതിരിക്കാനാണ് ഞാനിങ്ങനെ ചില കളവുകൾ എഴുതിവയ്ക്കുന്നത്. അതിൽ കഥയുണ്ടോ എന്നൊന്നും ഞാൻ നോക്കാറില്ല..!!

 

പ്രധാന വാർത്തകൾ
 Top