22 September Sunday

പാട്ടും ഇടിയും ചില ഭീകരസത്യങ്ങള്‍

കൃഷ‌്ണ പൂജപ്പുര krishnapoojappura@gmail.comUpdated: Sunday May 19, 2019

ജീവിതത്തിൽ പല കാര്യങ്ങളും ഇങ്ങനെയാണ്. വേറൊരു തരത്തിലാകും നമ്മുടെ കാതിലും കണ്ണിലും എത്തുന്നത്. അല്ലെങ്കിൽ നമ്മളങ്ങ് ധരിക്കുന്നത്. യാഥാർഥ്യം വൈകിയാകും പിടികിട്ടുന്നത്

 

അപ്പോൾ അങ്ങനെയാണ് ജോണിക്കുട്ടി കാര്യങ്ങൾ. പല സംഭവങ്ങളുടെയും യഥാർഥവശം ഒന്നായിരിക്കും. നമ്മൾ അറിയുന്നത് മറ്റൊന്നും.  കല്യാണരാത്രിയിൽ നവവധു വരനോട് പറയുകയാണ്. ""ചേട്ടാ... എനിക്കൊരു പ്രശ്നമുണ്ട്. ഏത് കാര്യത്തിനും ഞാൻ ചൂടാകും. ഒച്ചയെടുക്കും. കൊച്ചിലേ മുതലേ എന്റെ ശീലം അങ്ങനെയാ. എന്തുകാര്യത്തിനും ഞാൻ ബഹളംവച്ചുകളയും.'' വരൻ ആകെയങ്ങ് അന്ധാളിച്ചു. ചുറ്റുപാടുമുള്ളവർ അറിഞ്ഞാൽ മോശം. അതിനൊരു മാർഗവും ആശാൻ കണ്ടുപിടിച്ചു. എന്തെങ്കിലും കാര്യത്തിന് ഭാര്യ ഒച്ചവച്ചാൽ, ആ ഒച്ചപ്പാട് ചുറ്റുപാടുമുള്ളവർ കേൾക്കാതിരിക്കാനായിട്ട് പാട്ടുപാടുക. (എന്നുവച്ചാൽ ജോണിക്കുട്ടീ വീട്ടിൽ ഭാര്യയും ഭർത്താവും വഴക്കുകൂടുമ്പോൾ പുറംലോകം അറിയാതിരിക്കാനായി ടിവി വോള്യം കൂട്ടുന്നതിന്റെ വേറൊരു ടെക‌്നിക്ക്). അടുത്തദിവസംമുതൽ തീരുമാനം എഫക്ടിൽ.

രണ്ടുമൂന്നാഴ്‌ച കഴിഞ്ഞു. പയ്യന്റെ വീടിനടുത്തുള്ള ഒരു കക്ഷിയെ പെണ്ണിന്റെ അച്ഛൻ വഴിയിൽവച്ച് കണ്ടു. മകളുടെ കുടുംബജീവിതത്തെക്കുറിച്ചൊക്കെ  ഒന്നന്വേഷിച്ചു. അപ്പോൾ മറ്റേകക്ഷി പറയുകയാണ്: ‘‘എന്റെ ചേട്ടാ... ചേട്ടന്റെ മോളെ ഭാര്യയായി കിട്ടിയതോടെ ആ ചെറുക്കന്റെ ജീവിതമങ്ങ് സന്തോഷസാഗരത്തിലായി കേട്ടോ. ആ പയ്യൻ ജീവിതത്തിൽ നാലുവരിപോലും മൂളുന്നത് ഞങ്ങൾ കേട്ടിട്ടില്ല. ഇപ്പോഴോ. പാട്ടോടുപാട്ട്. ഇരുപത്തിനാല് മണിക്കൂറും പാട്ട്. തമിഴ്, ഹിന്ദി, മലയാളം, കർണാടകസംഗീതം എന്നുവേണ്ട പാട്ടൊഴിഞ്ഞ നേരമില്ല. ഇന്നലെ രാത്രി മൂന്നുമണിവരെ പാട്ടായിരുന്നു. ഞങ്ങൾ റസിഡൻസ് അസോസിയേഷൻകാര് യോഗംകൂടി ഏറ്റവും നല്ല ദമ്പതികളായി അവരെയങ്ങ് തെരഞ്ഞെടുക്കാൻ പോകുവാ.'' കണ്ടോ ജോണിക്കുട്ടീ കണ്ടോ. പയ്യൻസ് പാടുന്നതിന്റെ യഥാർഥ വശമല്ല നാട്ടിൽ കിട്ടിയത്. അതാണ് ഞാൻ പറഞ്ഞത് ജീവിതത്തിൽ പല കാര്യങ്ങളും ഇങ്ങനെയാണ്. വേറൊരു തരത്തിലാകും നമ്മുടെ കാതിലും കണ്ണിലും എത്തുന്നത്. അല്ലെങ്കിൽ നമ്മളങ്ങ് ധരിക്കുന്നത്. യാഥാർഥ്യം വൈകിയാകും പിടികിട്ടുന്നത്. കേരളത്തെ പൊള്ളിച്ചുകളഞ്ഞ ആ ആത്മഹത്യ... അമ്മയുടെയും മകളുടെയും... ആദ്യം എല്ലാവരും കരുതിയ മരണകാരണമല്ലല്ലോ പിന്നീടറിയുന്നത്. ചിലേടത്ത് നമ്മളായിട്ടങ്ങ് ധരിക്കും. ചിലത് നമ്മളെ തെറ്റിദ്ധരിപ്പിക്കും. പിന്നീട് സത്യമറിയുമ്പോൾ നമ്മൾ അയ്യടാ എന്നാകും.
 

സാംസ‌്‌കാരിക കഥ

 
ഒരു സാഹിത്യകാരൻ കുഗ്രാമത്തിലെ ക്ലബ്ബിന്റെ വാർഷികത്തിന് പ്രസംഗിക്കാൻ വന്നു കേട്ടോ ജോണിക്കുട്ടീ. ഒരു സൂപ്പർ സാംസ‌്‌കാരിക പ്രസംഗം കാച്ചി. ഗ്രാമത്തിലെ കുളങ്ങൾ, ടാറിടാത്ത റോഡ്, ആഡംബര കാറുകൾ ദുഷിപ്പിക്കാത്ത അന്തരീക്ഷവായു തുടങ്ങി സൗഭാഗ്യങ്ങളെക്കുറിച്ച് അതിമനോഹരമായിട്ടങ്ങ് സംസാരിച്ചു. ""ഇനിയൊരു ജന്മമുണ്ടെങ്കിൽ എനിക്ക് ഈ നാട്ടുമ്പുറത്ത് നിങ്ങളിൽ ഒരുവനായി ജനിക്കണം'' പ്രസംഗം കഴിഞ്ഞപ്പോൾ ഗ്രാമത്തിലെ ഒരു പാവം നിഷ‌്കളങ്കൻ സാഹിത്യകാരനെ സമീപിച്ച് ഇങ്ങനെ പറഞ്ഞു: ‘‘സാർ, സാറിന് ഞങ്ങളുടെ ഗ്രാമത്തെ ഇഷ്ടപ്പെട്ടതിൽ സന്തോഷമുണ്ട്. എനിക്ക് ഇവിടെ കുറച്ച് വയലും റബറുമൊക്കെയുണ്ട്. അത് ഞാൻ സാറിന്റെ പേരിൽ എഴുതിത്തരാം. പകരം, സാറ് താമസിക്കുന്ന പൊടിയും പുകയും ഒക്കെ ദുഷിപ്പിച്ച, ഷോപ്പിങ് മോളുകൾ വികൃതമാക്കിയ, മെട്രോ സിറ്റീലെ സാറിന്റെ ഫ്ളാറ്റും വീടും കാറുമൊക്കെ എനിക്കെഴുതിത്താ. അടുത്ത ജന്മംവരെ കാക്കണ്ട. അടുത്തയാഴ്ച തന്നെ സാറിന് ഇങ്ങോട്ടു പോരാം.''
 
സാഹിത്യം നിഷ‌്‌കളങ്കത്വത്തിനെ ഒന്നുനോക്കി. എന്നിട്ട് നൈസായി ഒന്നു വിളിച്ച് മാറ്റിനിർത്തി പറഞ്ഞു: ‘‘ഡേയ്... വലിയ ഷോ കാണിക്കണ്ട കേട്ടോ. പ്രസംഗത്തിൽ ഞാൻ പലതും പറയും. സെന്റിന് പതിനായിരംരൂപ വിലയുള്ള ഇവിടത്തെ ഭൂമിക്കുപകരം അഞ്ചുകോടി ഫ്ളാറ്റ് ഇപ്പോത്തന്നെ എഴുതിത്തരാം. കാത്തിരുന്നോ?'' അതും പറഞ്ഞ് ഹൈടെക് കാറിൽ കയറി അടുത്ത പ്രസംഗസ്ഥലത്തേക്ക് പാഞ്ഞു.
 

സ്വർണത്തിളക്കം

 
ചില വമ്പൻകാശുകാർ... വമ്പൻ ബിസിനസുകാർ... നമ്മൾ അവരെ നോക്കി അസൂയപ്പെടും. കാറുകളെത്ര? രമ്യഹർമ്യങ്ങൾ എത്ര? നമ്മളും ജീവിക്കുന്നു ഒരു ജീവിതം. നമുക്കും ഉണ്ട് അവരെപ്പോലെ രണ്ട് കൈയും രണ്ട് കാലും ഉടലും. പക്ഷേയോ ചിട്ടി, പാട്ടം, പിള്ളേരുടെ പഠിത്തം, അച്ഛന്റെ അസുഖം... ഒരുദിവസം നമ്മൾ പത്രം തുറക്കുമ്പോൾ കാണുന്നു. മറ്റേയാളിന്റെ ബിസിനസിന് എന്തൊക്കെയോ പ്രശ്നങ്ങൾ... ജപ്തി... അറസ്റ്റ്... പാപ്പരാകൽ... നാടുവിടൽ... ശ്ശെടാ... അപ്പോൾ നേരത്തെ നമ്മൾ കണ്ട ആളല്ലേ യഥാർഥ ആൾ. പുറമെ പളപളപ്പിലായിരുന്നെങ്കിലും ഉള്ളിൽ ആളിന് മൊത്തം ഇരുട്ടായിരുന്നെന്ന് നമ്മൾ പിന്നീട് അറിയുന്നു. തകർന്നുപോയ ബിസിനസിനെ കൃത്രിമമായി തിളക്കിക്കൊണ്ടുനടക്കുകയായിരുന്നു.
 

പാൽ കൊടുക്കൽ

 
പുരാതന ഈജിപ്തിലെ രാജാവിന്റെ  കഥയുണ്ടല്ലോ. നാല് രാജ്ഞിമാരിൽ ഒരു രാജ്ഞിയോട് രാജന് പ്രത്യേക സ്നേഹം. എന്നും രാവിലെയും രാത്രിയും രാജൻ സ്വന്തം കൈകൊണ്ട് മേൽപ്പടി രാജ്ഞിക്ക് സ്വർണ ഗ്ലാസിൽ പാൽ കൊടുക്കും. മറ്റ് മൂന്ന് രാജ്ഞിമാർക്കും ഇതുകണ്ട് അസൂയ. ഒന്നാം രാജ്ഞിക്കാണെങ്കിലോ, കെട്ടുന്നെങ്കിൽ ഇതുപോലുള്ള രാജാവിനെ കെട്ടണം, കണ്ടില്ലേ രാവിലെയും രാത്രിയും പാൽ. അതും ഭർത്താവ് സ്വന്തം കൈയാൽ... അമ്പട ഞാനേ... ഒരു മാസം കഴിഞ്ഞപ്പോൾ രാജ്ഞി മരിച്ചു. അപ്പോഴാണ് അറിയുന്നത് രാജാവ് ഓരോ ദിവസവും പാലിൽ വിഷം ചെറിയ പെർസന്റ് ചേർത്ത് ഇളക്കിയാണ് കൊടുത്തിരുന്നത്. രാജ്ഞിയോട് എന്തോ ഇഷ്ടക്കേട് തോന്നി. എന്നാലങ്ങ് തട്ടിയേക്കാമെന്ന് വിചാരിച്ചു. അന്ന് ‘ആരവിടെ? അടിയൻ' കാലമായിരുന്നതുകൊണ്ട് പോസ്റ്റുമോർട്ടവുമില്ല സിബിഐയുമില്ല. അപ്പോൾ എനിക്ക് തോന്നുന്നത് ജോണിക്കുട്ടീ, ഇതിപ്പോൾ ഏതാണ് സത്യം ഏതാണ് കള്ളം എന്നറിഞ്ഞുകൂടാത്ത ഒരു അവസ്ഥയിലൂടെയാണ് നമ്മൾ പോകുന്നത്. തെറ്റിദ്ധരിപ്പിക്കാനും ധരിപ്പിക്കപ്പെടാനും ഒരുപാട് മാർഗങ്ങളുണ്ട്. നമ്മളാണെങ്കിൽ തെറ്റിദ്ധരിക്കാൻ റെഡിയായിട്ടങ്ങനെ നിൽക്കുകയുമാണ്.
 

ഇടിയുടെ പിന്നിൽ

 
ഒരു ഭാര്യാഭർതൃ കഥകൂടി ഓർമവരുന്നു ജോണിക്കുട്ടീ. ആദ്യം പറഞ്ഞപോലത്തെ ഒരു കഥയാണ്. ശശിക്കുട്ടൻ എന്നും ഭാര്യയെ ഇടിക്കും. ശശിക്കുട്ടൻ ഓഫീസിൽനിന്ന് എത്തിയാൽ കേൾക്കാം ഇടിയുടെ ബഹളവും ഭാര്യയുടെ നിലവിളിയും. സ്ത്രീകളെ തല്ലുന്നത് ശരിയല്ലന്നൊക്കെ പലരും ഉപദേശിച്ചു. ആര് കേൾക്കാൻ. ഒരുദിവസം നാട്ടുകാർ തീരുമാനിച്ചു. അന്ന് ഇടിശബ്ദം കേട്ടാൽ ജനലിലൂടെ സീനിന്റെ ഫോട്ടോ എടുക്കുക. തെളിവുസഹിതം പൊലീസിൽ ഹാജരാക്കുക. അന്നും ഇടിയും നിലവിളിയും തുടങ്ങി. നാട്ടുകാർ ഒച്ചയുണ്ടാക്കാതെ ജനൽപ്പാളി തുറന്നു. അപ്പോഴുണ്ട് കാണുന്നു. ഭാര്യയാണ് ശശിക്കുട്ടനെ എടുത്തിട്ട് ഇടിക്കുന്നത്. ഇടിയോടൊപ്പം ഭാര്യതന്നെ നിലവിളിക്കുകയും ചെയ്യുന്നു. പിന്നീടാണ് നാട്ടുകാർ അറിഞ്ഞത്, ഇത് ഭർത്താവുതന്നെ ഉണ്ടാക്കിയ എഗ്രിമെന്റായിരുന്നു. ""നീ എന്നെ എത്രവേണമെങ്കിലും ഇടിച്ചോ. പക്ഷേ, നിലവിളിക്കുന്നത് നീയായിരിക്കണം.'' (ചില ഭർത്താക്കന്മാരുടെ കൈയിലിരുപ്പ് കണ്ടാൽ ഭാര്യമാർ ഇതുപോലെ രണ്ട് ഇടി എന്തുകൊണ്ട് കൊടുക്കുന്നില്ല എന്നുതന്നെ തോന്നിപ്പോകും).
പ്രധാന വാർത്തകൾ
 Top