21 September Saturday

ചികിത്സയുടെ ലാഭനഷ്ടങ്ങൾ

ഡോ. വര്‍ഗീസ്‌ പുന്നൂസ്Updated: Sunday May 19, 2019

ഇരുപതാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളിൽ ഉണ്ടായ ഈ ദ്രുതമാറ്റങ്ങൾ രോഗി–-ഡോക്ടർ ബന്ധത്തെ അടിമുടി പൊളിച്ചെഴുതി. സാമൂഹ്യവ്യവസ്ഥിതികളിലെ അതിദ്രുതമാറ്റങ്ങളോട് പൊരുത്തപ്പെടാൻ ഡോക്ടർമാരുടെ സമൂഹത്തിന് ആകുന്നില്ല

 
‘വൈദ്യനും രോഗിക്കും ലാഭമുള്ള ഏർപ്പാടാണ് ചികിത്സ’. ചികിത്സയിലെ ലാഭനഷ്ടക്കണക്ക് ചോദിക്കുന്ന തുക്കാറാം മിശ്രയോട് ജീവൻ മശായ് ഇങ്ങനെ പറഞ്ഞു.  നാട്ടുപ്രമാണിയുടെ കണക്കെഴുത്തുകാരൻ മിശ്രയ‌്ക്ക‌്  പാരമ്പര്യ വൈദ്യനായ ജീവൻ മശായി പറഞ്ഞത‌് മനസ്സിലായില്ല. രോഗികളെ പിഴിയാത്ത വൈദ്യനായ മശായിക്ക്  തൊഴിൽ എങ്ങനെ ലാഭകരമാകും, രോഗശമനത്തെ ജീവിതത്തിന്റെ കണക്കു പുസ‌്തകത്തിൽ ലാഭത്തിന്റെ കോളത്തിൽ എങ്ങനെ എഴുതാനാകും എന്നിങ്ങനെ പോയി തുക്കാറാമിന്റെ ചിന്തകൾ. രോഗം മാറി  സൗഖ്യം ലഭിക്കുന്നു എന്നതാണ് മനുഷ്യന്റെ ഏറ്റവും വലിയ ലാഭം എന്ന് യക്ഷന്റെ ചോദ്യത്തിന് യുധിഷ‌്ഠിരൻ പറഞ്ഞുകൊടുത്ത മറുപടി ജീവൻ മശായ് വിശദീകരിച്ചു. തുക്കാറാമിനു  ഒന്നും   ബോധ്യമായില്ല. രോഗശമനത്തിന് ഉപാധിയായി താൻ മാറിയതുമൂലം തനിക്ക് ലഭിക്കുന്ന ഈശ്വരകൃപയാണ‌് വൈദ്യന്റെ ലാഭം എന്ന വാദം അയാൾക്ക് മനസ്സിലാകുന്നുമില്ല.
 
താരാശങ്കർ ബന്ദോപാധ്യായുടെ ‘ആരോഗ്യനികേതനം’  എന്ന പ്രശസ്‌തമായ നോവലിലെ ഈ ഭാഗമാണ്  ഡോ. ജിജി പി വി രചിച്ച ‘Negligence of Doctors and hospitals – Ethics and laws’ എന്ന ഗ്രന്ഥം വായിക്കുമ്പോൾ ഓർമ വരിക. വീണു കിടക്കുന്നവരെ താങ്ങിയെഴുന്നേൽപ്പിച്ച്  പരിചരണം നൽകുകയെന്നത് സാമൂഹ്യജീവിതം നയിക്കുന്ന എല്ലാ ജീവിവർഗങ്ങളുടെയും ഒരു പൊതുഗുണമാണ്. ക്രൂരതയും ചൂഷണവും അവഗണനയും വിവേചനവും ഒക്കെ മനുഷ്യ സ്വഭാവത്തിന്റെ ഭാഗമാണെങ്കിലും സഹജീവിയുടെ വേദനയിൽ അവനെ സഹായിക്കാനുള്ള ഉള്ളലിവും കരുതലും മനുഷ്യപ്രകൃതത്തിൽ ഒട്ടും കുറവല്ല. അറിവും സാങ്കേതികവിദ്യയും പരമിതമായ കാലത്ത‌് രോഗദുരിതങ്ങൾക്ക‌് പരിഹാരം പ്രകൃത്യാതീത ശക്തികളിലുള്ള ആശ്രയം മാത്രമായിരുന്നു. മാന്ത്രികാനുഷ‌്ഠാനങ്ങൾ നടത്തുന്ന പുരോഹിതനെ ചികിത്സാ പിഴവിന്റെ പേരിൽ  പ്രതിക്കൂട്ടിൽ കയറ്റാറില്ലായിരുന്നു. പിൽക്കാലത്ത് പ്രകൃതി ശക്തികളുടെയും പ്രകൃത്യാതീത ശക്തികളുടെ ഉപാസനയ‌്ക്ക് അപ്പുറം നാട്ടറിവുകൾകൂടി  രോഗശമനത്തിനായി പരീക്ഷിച്ചു തുടങ്ങി. 
 
ഔഷധ വിജ്ഞാനീയത്തിലും ശ‌സ‌്ത്രക്രിയ സങ്കേതങ്ങളിലും ഉണ്ടായ കുതിച്ചുചാട്ടത്തോടെ  കൃത്യമായ ഫലം പ്രാപ്യമാണ് എന്ന നിലയിലെത്തി. ജീവകാരുണ്യപ്രവൃത്തി എന്ന നിലയിൽനിന്ന‌് സാങ്കേതികവിദ്യ എന്ന നിലയിലേക്ക് വൈദ്യം പരിണമിച്ചു. വൈദ്യവൃത്തി വൈദ്യശാസ‌്ത്രമായി.  വലിയ ആശുപത്രികൾ, വിലയേറിയ ഔഷധങ്ങൾ, ചെലവേറിയ സാങ്കേതിക ഉപകരണങ്ങൾ ഇവയൊക്കെ മത്സരബുദ്ധിയോടെ കടന്നുവന്നപ്പോൾ സ്വാഭാവികമായും ശാസ‌്ത്രം വ്യവസായമായി. വ്യവസായമായപ്പോൾ മൂലധനം, മുതൽമുടക്ക്, ഉൽപ്പന്നമികവ്, സേവന വിപണനം, ലാഭം തുടങ്ങിയ വാണിജ്യസങ്കൽപ്പങ്ങൾ കടന്നുവന്നു. വൈദ്യൻ സേവനദാതാവും രോഗി ഉപഭോക്താവായും മാറി. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളിൽ ഉണ്ടായ ഈ ദ്രുതമാറ്റങ്ങൾ രോഗി–-ഡോക്ടർ ബന്ധത്തെ അടിമുടി പൊളിച്ചെഴുതി. സാമൂഹ്യവ്യവസ്ഥിതികളിലെ അതിദ്രുതമാറ്റങ്ങളോട് പൊരുത്തപ്പെടാൻ ഡോക്ടർമാരുടെ സമൂഹത്തിന് ആകുന്നില്ല. മെഡിക്കൽ സയൻസ് എന്നാൽ ഫിസിക‌്സോ കെമിസ്ട്രിയോ ഗണിതമോ പോലെ കൃത്യതയാർന്ന ഒരു ശാസ‌്ത്രമല്ല എന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ പരുവപ്പെട്ട തങ്ങളുടെ മസ‌്‌തിഷ‌്കം ഉപയോഗിച്ച് ചിന്തിക്കുന്ന പൊതുസമൂഹത്തിനും കഴിയുന്നില്ല. ഒന്നും ഒന്നും കൂട്ടിയാൽ രണ്ടാകണമെന്നില്ല–- ചിലപ്പോൾ അത് മൂന്നാകാം, ചിലപ്പോൾ അത് ഒന്നരയാകും എന്ന മെഡിക്കൽ സയൻസിലെ യാഥാർഥ്യം ശാസ‌്‌ത്രീയമായി ശിക്ഷണം ചെയ്യപ്പെട്ട മനസ്സുകൾക്കുപോലും വേണ്ടവിധം മനസ്സിലാക്കാൻ കഴിയുന്നില്ല.
 
രോഗിക്കും കുടുംബത്തിനും ആശ്വാസം നൽകുന്ന ജീവകാരുണ്യ പ്രവൃത്തിയിൽനിന്ന‌് ഒരു ശാസ‌്ത്രമായും വാണിജ്യമായും വൈദ്യം മാറിയപ്പോൾ അതിനെ നിയന്ത്രിക്കുന്ന നൈതിക പ്രമാണങ്ങൾക്കു വന്ന പരിണാമത്തിന്റെ ചരിത്ര പശ്ചാത്തലം ഈ പുസ‌്തകത്തിന്റെ ആദ്യ അധ്യായങ്ങളിൽ വിശദമായി വിലയിരുത്തപ്പെടുന്നു. ഔദാര്യം–- ക്ഷേമം എന്നിവയിൽനിന്ന‌് പൗരന്റെ ന്യായമായ അവകാശം എന്ന നിലയിലേക്ക് ആരോഗ്യ സേവനങ്ങൾക്കുണ്ടായ സ്വാഭാവിക പരിണാമത്തെ ഗ്രന്ഥകർത്രി കൃത്യതയോടെ വരച്ചുകാട്ടുന്നു. പാശ്ചാത്യവും പൗരസ‌്ത്യവുമായ സരണികൾ വ്യത്യസ്‌ത  പശ്ചാത്തലങ്ങളിലാണ് രൂപപ്പെട്ട് വന്നതെങ്കിലും ആധുനിക വൈദ്യത്തിന്റെ അത്ഭുതപൂർവവുമായ പുരോഗതിയോടെ വൈദ്യ നൈതിക പ്രമാണങ്ങൾ കൂടുതലായി പാശ്ചാത്യവൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. വൈദ്യന്റെ ദൈവിക പരിവേഷവും അപ്രമാദിത്വവും രോഗിയുടെ സ്വാതന്ത്ര്യത്തിനും സ്വേച്ഛയ‌്ക്കും വഴിമാറിക്കൊണ്ടിരിക്കുന്നത് ഇന്ത്യയിലെ മറ്റ് പൗരസ്‌ത്യ സമൂഹങ്ങളുടെ പശ്ചാത്തലത്തിൽ അഭിലഷണീയമാണോ എന്നത് നൈതിക വിദഗ്ധരുടെ ഇടയിൽ തർക്കവിഷയമാണ്.
ഗർഭനിയന്ത്രണം, കൃത്രിമഗർഭധാരണം ഗർഭസ്ഥശിശുവിന്റെ ലിംഗനിർണയം, അവയവമാറ്റം, ക്ലോണിങ‌്, ജനിതകചികിത്സ, കൃത്രിമ ജീവൻ നിലനിർത്തൽ എന്നു തുടങ്ങി തെറ്റോ ശരിയോ എന്ന് ഒറ്റവാക്കിൽ ഉത്തരം പറയാൻ കഴിയാത്ത പ്രവൃത്തികൾ വൈദ്യരംഗത്ത് ഒട്ടനവധിയുണ്ട്. അരുതുകളുടെയും അരുതായ‌്കകളുടെയും ധർമത്തിന്റെയും അധർമത്തിന്റെയും ഇടയിലൂടെയുള്ള നേർത്ത നൂൽപ്പാലത്തിൽ ഒരു ഡോക്ടർ സഞ്ചരിക്കുന്ന മേഖലകളാണിവ. വളരെ സന്ദിഗ്ധമായ ഒരു അവസ്ഥയിലായിരിക്കും ചികിത്സകന്റെ മനസ്സ്. നിയമ നിർമാണത്തിന്റെയും നടപ്പാക്കലിന്റെയും അടിസ്ഥാന പ്രമാണമായ യുക്തി, നീതി, പക്ഷപാതരാഹിത്വം എന്നിവയ്ക്ക് അപ്പുറം കടക്കുന്ന നൈതിക പ്രശ്നങ്ങളുടെ മുമ്പിൽ പകച്ചുനിൽക്കുന്ന ചികിത്സകന് വ്യക്തമായ അറിവുകളുടെ വെളിച്ചം പകരുന്നുണ്ട് ഈ പുസ‌്തകത്തിന്റെ  മൂന്നാമത്തെ അധ്യായം.
 
രോഗിപരിചരണത്തിൽ ഉണ്ടാകുന്ന അലംഭാവം, അലക്ഷ്യമായും അശ്രദ്ധമായും ചെയ്യുന്ന ഓപ്പറേഷനുകൾ,  ലാഭംമാത്രം ലക്ഷ്യമാക്കിയുള്ള അനാവശ്യ ചികിത്സകൾ  ഇങ്ങനെയൊന്നും മെഡിക്കൽ രംഗത്ത് ഉണ്ടാകുന്നേയില്ല എന്ന് പറയാൻ പറ്റില്ലല്ലോ? അപ്പോൾ രോഗിക്കു കിട്ടേണ്ട നീതി ഉറപ്പുവരുത്തേണ്ടത് സ്റ്റേറ്റിന്റെ കടമയാണ്. ഡോക്ടറുമാരുടെ പ്രൊഫഷണൽ സംഘടനകളുടെ നിരീക്ഷണം, ഇടപെടൽ ഇവകൊണ്ടുമാത്രം ഈ രംഗം ശുദ്ധീകരിക്കപ്പെടും എന്ന് വിശ്വസിക്കാൻ സ്റ്റേറ്റിനു സാധിക്കുകയില്ല. അപ്പോഴാണ് ഇരുവശത്തും നീതി ഉറപ്പുവരുത്തുന്ന നിയമങ്ങൾ ആവശ്യമായിവരുന്നത്. ഇങ്ങനെ ഉണ്ടായിവരുന്ന നിയമവ്യവസ്ഥകളെ പ്രത്യേകിച്ച്അവയുടെ ഇന്ത്യൻ സാഹചര്യത്തിൽ  സമഗ്രമായി വിശകലം ചെയ്യുന്നുണ്ട് ഗ്രന്ഥകർത്രി. 
 
ചികിത്സയിൽ  വരുന്ന പിഴവുകൾക്ക് ഇൻഡ്യൻ ശിക്ഷാനിയമം 304 എ, 337 വകുപ്പുകൾ അനുസരിച്ചും മെഡിക്കൽ കൗൺസിൽ ആക്റ്റ് അനുസരിച്ചുള്ള കുറ്റവും ഒരു കേസ് എടുക്കുന്നതിൽ ഉണ്ടാകുന്ന പരിമിതികൾ, സങ്കീർണതകൾ ഇവയെക്കുറിച്ച് ഈ ഗ്രന്ഥത്തിൽ വിശദമായി ചർച്ച ചെയ്യുന്നു. ഇന്ത്യൻ ശിക്ഷാനിയമം 337–-ാം വകുപ്പ് അനുസരിച്ച് തെറ്റുചെയ‌്തയാൾ  ശിക്ഷിക്കപ്പെടാമെങ്കിലും ആ കുറ്റത്തിനിരയായ രോഗിക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കുന്നതിന് യാതൊരു നിയമവ്യവസ്ഥയും ഇല്ലായെന്ന് ഗ്രന്ഥകാരി ചൂണ്ടിക്കാട്ടുന്നു. ചികിത്സാ പിഴവുകൾ യാദ്യശ്ചികമാണോ മനഃപൂർവം ഉണ്ടാക്കിയതാണോ ഡോക്ടറുടെ മികവിന്റെ കുറവുകൊണ്ട് സംഭവിച്ചതാണോ ആ കുറവ‌് ശിക്ഷിക്കപ്പെടേണ്ട കുറ്റമാണോ ഏതളവിലുള്ള പ്രൊഫഷണൽ നിലവാരക്കുറവാണ് ശിക്ഷിക്കപ്പെടേണ്ട വീഴ്‌ച യാകുന്നത് എന്നിങ്ങനെ സങ്കീർണമായ വിവിധ ചോദ്യങ്ങൾക്ക്, നിയമതത്വങ്ങളും മുമ്പുണ്ടായിട്ടുള്ള വിധിന്യായങ്ങളും ഉദ്ധരിച്ചുകൊണ്ട് ഉത്തരം കണ്ടെത്താൻ ശ്രമിച്ചിട്ടുണ്ട്. 
 
കുറ്റം ചെയ്ത വ്യക്തിക്ക് ശിക്ഷ കൊടുക്കുക എന്നതിനേക്കാൾ മനഃപൂർവമായതോ അല്ലാത്തതോ ആയ ചികിത്സാ പിഴവുകൾക്ക് ഇരയായ വ്യക്തിക്ക് അർഹമായ നഷ്ടപരിഹാരം എങ്ങനെ ലഭിക്കാം എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കുന്നത് ഉപഭോക്ത്യ തർക്ക പരിഹാര കമീഷൻ പ്രസിഡന്റായ ജസ‌്റ്റിസ‌് വി ബാലക്യഷ്ണ എറാടിയുടെ 1992 ലെ വിധിയോടെയാണ്.രോഗചികിത്സ മറ്റേതുതരം സേവനവുംപോലെ 1986 ലെ ഉപഭോക്തൃ നിയമത്തിന്റെ പരിധിയിൽ വന്നത്. ഈ വിധിയെ ചരിത്രവിധിയായി ഉപഭോക്തൃ നിയമ ആക്റ്റിവിസ്റ്റുകൾ ആഘോഷിച്ചപ്പോൾ മെഡിക്കൽ പ്രൊഫഷൻ അതിനെ ഡോക്ടർർ–- രോഗി ബന്ധത്തിന്റെ മരണ മണിയായിട്ടാണ് കേട്ടത്.  അതീവ സങ്കീർണമായ ഈ പ്രശ്നത്തെ വളരെ ബാലൻസ്ഡ് ആയി അതിന്റെ സമഗ്രതയിൽതന്നെ ചർച്ച ചെയ്യാൻ ഡോ. ജിജിക്ക‌് കഴിഞ്ഞു എന്നത് ഈ ഗ്രന്ഥത്തിന്റെ വലിയ ഒരു മികവാണ്.
 
ആശുപത്രികളുടെയും ഡോക്ടർമാരുടെയും അനാസ്ഥയെപ്പറ്റി ഒരു നിയമ വിദഗ്ധ വിലയിരുത്തുമ്പോൾ ഉണ്ടാകാവുന്ന പക്ഷപാതങ്ങൾ തീരെ ഇല്ലാതെ ഒരു ഗവേഷക മനസ്സിന് അവശ്യംവേണ്ട വസ‌്തുനിഷ‌്ഠത ഗ്രന്ഥകർത്രി ഈ ഗ്രന്ഥത്തിൽ ഉടനീളം ഉപയോഗിച്ചിട്ടുണ്ട്. ഇതിന്റെ  തെളിവാണ് ചികിത്സാ അനാസ്ഥയെപ്പറ്റിയുള്ള ആരോപണങ്ങൾ ഒഴിവാക്കാൻ ഡോക്ടർമാർ എന്തൊക്കെ ചെയ്യണമെന്നും ഒരു കേസ് ഉത്ഭവിച്ചാൽതന്നെ അതിനെ എങ്ങനെ പ്രതിരോധിക്കാമെന്നുമുള്ള നിർദേശങ്ങളും സമാപന സന്ദേശമായി നൽകിയിരിക്കുന്നു. ഇത് ഡോക്ടർമാർക്ക് നിർദേശങ്ങൾ വളരെ പ്രയോജന പ്രദമാകും.
പ്രധാന വാർത്തകൾ
 Top