26 February Wednesday

പൊതിക്കെട്ടുകള്‍ എഴുതിയ കാലത്തിന്റെ ഓര്‍മകള്‍

വി മുസഫര്‍ അഹമ്മദ്Updated: Sunday Jan 19, 2020

വി മുസഫര്‍ അഹമ്മദ്

ശരത് വി ചെങ്ങൽ വാട്‌സാപ്പിൽ എനിക്കെഴുതി:  ‘എന്റെ പൊതിക്കെട്ടുകൾ പൗരത്വം പോലും നഷ്ടപ്പെട്ട അനധികൃത കുടിയേറ്റക്കാരായി.' ഈ വരികൾ കണ്ടപ്പോൾ ശരിക്കും ഞെട്ടി. ബി രാജീവന്റെ ‘വാക്കുകളും വസ്‌തുക്കളും' വായിക്കുകയായിരുന്നു. അപ്പോഴാണ് താങ്കളുടെ കവിതയുടെ അവതാരിക ശ്രദ്ധയിൽ പെട്ടത്. ‘പൊതിക്കെട്ടുകൾ' എന്ന പേരുപോലും പൗരത്വത്തിന്റെ സന്ദർഭത്തിലേക്ക് കൊണ്ടുപോകുന്നു: പിറ്റേന്ന്‌ കവി പി രാമൻ ചെറിയ ആമുഖത്തോടെ കവിത ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. പ്രവചനാത്മകതയുള്ള കവിത, ഇയാൾ കവിത എഴുത്തു നിർത്തിയതിൽ സങ്കടം തോന്നുന്നു എന്നായിരുന്നു  കുറിപ്പിന്റെ അന്തസ്സത്ത. 

 നിരവധി പേർ അതിനോട്‌ പ്രതികരിച്ചു.  ‘പൊതിക്കെട്ടുകളെ'ഴുതിയ കാലത്തിലേക്ക് ഞാൻ വീണ്ടും സഞ്ചരിച്ചു. 2006ൽ ദേശാഭിമാനി വാരികയിലാണ് കവിത അച്ചടിച്ചു വന്നത്. എനിക്കന്ന് സൗദി അറേബ്യയിലെ ജിദ്ദയിൽ മലയാളം ന്യൂസിലാണ്‌ ജോലി.  പത്രവായനക്കിടയിലാണ് കോഴിക്കോട്ടേക്കു പോകുന്ന  മലയാളിയുടെ ലഗേജ് കറാച്ചി വിമാനത്തിൽ പോയതുണ്ടാക്കിയ പുകിലിനെക്കുറിച്ചുള്ള  വാർത്ത ശ്രദ്ധയിൽ പെട്ടത്. ആ വാർത്തയാണ് കവിതയുടെ ബീജം. 

ജോലി കഴിഞ്ഞ് രാത്രി വൈകി ജിദ്ദ ഫൈസലീയയിലെ ബാച്ചിലർ വാടകമുറിയിലെ ഭക്ഷണ മേശയിലിരുന്നാണ്‌ എഴുത്ത്. അതിരാവിലെ ജോലിക്കു പോകാനുള്ളവർ ഉറങ്ങുന്നതിനാൽ മുറികളിൽ വെളിച്ചം അനുവദനീയമല്ല. ഉറങ്ങുന്നവരെ ശല്യപ്പെടുത്തുന്നത് ബാച്ചിലർ മുറികളെ ഏറ്റവും വലിയ കുറ്റകൃത്യവും. ജോലി കഴിഞ്ഞെത്തുമ്പോൾ ഭക്ഷണ മുറി മാത്രം ഒഴിഞ്ഞു കിടക്കുന്നുണ്ടാകും. അവിടെയിരുന്നാണ്‌ എഴുത്തും വായനയും.  ഒറ്റയിരുപ്പിന്  ആദ്യരൂപം പൂർത്തിയായി. പിന്നെ  മാറ്റി എഴുതിക്കൊണ്ടിരുന്നു. കവിത പ്രസിദ്ധീകരിക്കപ്പെട്ടയുടനെ കവി എസ് കണ്ണൻ പൊതിക്കെട്ടുകളെക്കുറിച്ചെഴുതിയ ലേഖനം ആത്മവിശ്വാസമേകി. പിന്നീട് കവിതാ സമാഹാരത്തിൽ (വേലിക്കും വിളവിനും–-പ്രസാധനം: ഒലിവ്‌) ഈ രചനയും ഇടം പിടിച്ചു. എന്റെ ആദ്യ പുസ്‌തകം. ബി  രാജീവൻ മാഷുടെ അവതാരിക. ചെറുപ്പത്തിൽ കവിത എഴുതിയിരുന്നെങ്കിലും 1993ൽ ‘മാധ്യമ'ത്തിൽ  ജോലിക്കു ചേർന്നതോടെ ലോകം മറ്റൊന്നായി. കവിതയെഴുത്ത് നിന്നു.  സൗദി ജീവിതത്തിൽ കവിത തിരിച്ചു വന്നു. ‘നിഴൽമുറിയിൽ'  തുടക്കം.
 
ജിദ്ദയിൽ ജീവിച്ച പതിമൂന്നു വർഷവും ‘രേഖകളില്ലാത്ത മനുഷ്യരെ' നിത്യവും കാണാറുണ്ടായിരുന്നു. എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ളവർ.  ഏഷ്യക്കാരും ആഫ്രിക്കക്കാരുമാണ് ഏറെയും. അവർ  നാട്ടിലേക്കു മടങ്ങാൻ ശറഫിയയിലെ കന്തറപ്പാലത്തിനടിയിൽ വന്നിരിക്കും. അവരെ  പിടികൂടി പാസ്‌പോർട്ട് ഡിപ്പാർട്‌മെൻറ്‌ ഉദ്യോഗസ്ഥരും പോലീസും  താൽക്കാലിക കസ്റ്റഡിപ്പുരയായ തർഹീലിലേക്ക്‌ അയക്കും. പിന്നെ  അതത്‌ രാജ്യങ്ങളുടെ കോൺസുലേറ്റുകാർ രേഖകളുണ്ടാക്കി നാടുകളിലേക്കയക്കും. പോകാൻ പറ്റാത്തവരുമുണ്ട്‌. 
 
ഉംറ വിസയ്‌ക്ക് വന്ന് വർഷങ്ങളോളം രേഖകളില്ലാതെ കഴിയുന്നവരുണ്ടാകും. ഇങ്ങിനെയുള്ള മലയാളികളിൽ പലരും ബാച്ചിലർ മുറികളിൽ പാചകക്കാരാകും. വർഷങ്ങളോളം പാചക ജോലി ചെയ്യുന്ന ഫ്ളാറ്റിൽ തന്നെ പുറത്തിറങ്ങാതെ കഴിഞ്ഞ ഒരാളെ അവിടെ ചെല്ലുമ്പോൾ കാണാറുണ്ടായിരുന്നു. അയാൾ ഒരിക്കൽ  പറഞ്ഞു: കുട്ടീ, ആകാശം കാണാൻ വലിയ മോഹമുണ്ട്!
 
ഇത്തരം അനുഭവങ്ങൾ ദിവസവും വന്നു കീറിമുറിക്കുന്ന ഒരിടത്തിരുന്നാണ്  ‘പൊതിക്കെട്ടുകൾ' എഴുതുന്നത്. മക്കയിൽ  റോഹിങ്ക്യൻ മുസ്‌ലിം അഭയാർഥികളെ കണ്ടു. പലസ്‌തീൻ പാസ്‌പോർട്ടില്ലാത്ത പലസ്‌തീനികൾ,  ചാഡിൽനിന്ന്‌ രേഖയില്ലാതെ വന്നവർ, അതിജീവനത്തിനിടയിൽ പൗരത്വം മാഞ്ഞു പോയവർ. അവർ എന്റെ ജീവിതത്തിലൂടെയും ഒഴുകി നടന്നു.  തൊഴിൽ–-യാത്രാ രേഖകളൊന്നുമില്ലാത്ത   ഇന്തോനേഷ്യക്കാരി കന്തറപ്പാലത്തിനടിയിൽ പ്രസവിച്ചു. ജനനവും മരണവും ആ പാലത്തിനടിയിൽ ആവർത്തിച്ചു കൊണ്ടിരുന്നു.
 
 ‘പൊതിക്കെട്ടുകൾ'   ഇന്ത്യ–-പാക് അനുഭവം മാത്രമല്ല. ക്രിക്കറ്റ്മാച്ചു നടക്കുമ്പോൾ യുദ്ധം ചെയ്യുന്ന ഇന്ത്യക്കാരും പാകിസ്ഥാനികളും അതു കഴിഞ്ഞ് ഒന്നിച്ചു ജോലി ചെയ്‌തു, ഒരേ  മുറികളിൽ ഉണ്ടുറങ്ങി. ഒരേ മുസല്ലയിൽ ഒന്നിച്ച് പ്രാർഥിച്ചു. പല രാജ്യക്കാർ ഒന്നാകുന്ന കാഴ്‌ച. മനുഷ്യൻ, ഹാ മഹത്തായ പദം! തർക്കങ്ങൾക്കുശേഷം ഒന്നിച്ച്  ഷറഫിയയിലെ പാക് റെസ്റ്റാറന്റായ നിരാലയിൽ ഒന്നിച്ചു ഭക്ഷണം കഴിച്ചു. ഭക്ഷണത്തിന് രാജ്യവും മതവും വംശവും ഒന്നുമില്ലെന്ന് ആബിദ് ഹുസൈൻ തീർത്തും അവിചാരിതമായ സന്ദർഭത്തിൽ പറഞ്ഞത് നിരാലയിൽ വെച്ചായിരുന്നു. ആ വാക്കുകൾ ഇപ്പോഴും അവിടെ പ്രതിധ്വനിക്കുന്നുണ്ടാകും. പാകിസ്ഥാനികളായ ആബിദ് ഹുസൈനും അൻവർ അൻസാരി സാബും ഈ കവിതയിലേക്ക് നയിച്ചവരാണ്. അവരുമായുള്ള ബന്ധം പൗരർ എന്ന സങ്കൽപ്പത്തെ പുനർനിർവചിക്കാൻ സഹായിച്ചു. സി കെ ഹസൻ കോയയുടെ ഹിന്ദുസ്ഥാനി സംഗീതം മൂളുന്ന താമസ സ്ഥലത്തുവച്ച് ഈ സംഗീതം മതി നമ്മൾ സഹോദരങ്ങളായി ജീവിക്കാൻ എന്ന വിശ്വാസം ദൃഢമാക്കി.
 
ഒന്നാം മോഡി സർക്കാരിന്റെ കാലത്ത് ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ യാത്ര ചെയ്യുമ്പോൾ എങ്ങിനെ അടിത്തട്ടിലെ മനുഷ്യർ ഒന്നിച്ചു ജീവിക്കുന്നു എന്നൊരിക്കൽ കൂടി മനസ്സിലാക്കി. മുഹറം ആഘോഷിക്കുന്ന ഹിന്ദുക്കൾ, അന്നദാനം നടത്തുമ്പോൾ ജാതിയും മതവും ചോദിക്കാത്തവർ. അവർ ഇന്നത്തെ നൃശംസതയെ തോൽപ്പിക്കും. സംശയം വേണ്ട, ഏറ്റവും മോശം കാലത്തെ സെലിബ്രിറ്റികൾ അടിത്തട്ടിലെ, എന്നും ഒന്നിച്ചു ജീവിക്കാനാഗ്രഹിക്കുന്ന ആ സാധാരണ മനുഷ്യരാണ്.
 
അപ്പോഴാണ് ഇന്ത്യൻ തെരുവുകൾ  ജനാധിപത്യ പോരാളികളാൽ നിറഞ്ഞത്. പൗരത്വം നഷ്ടപ്പെടാൻ ഇടയുള്ളവരുടെ കൂട്ടത്തിൽ നീയുമുണ്ടാകുമെന്ന മുന്നറിയിപ്പുകൾ വന്നത്. വിദ്യാർഥികൾ ജനാധിപത്യത്തിന്റെ പുതിയ പാഠം മുതിർന്നവരെ പഠിപ്പിക്കുന്നത്. വിദ്യാർഥി പോരാളികളിലാണ് പ്രതീക്ഷയത്രയും. കവി പി പി  രാമചന്ദ്രൻ പറഞ്ഞതു പോലെ പണ്ട് കുട്ടികളോട് മാതാപിതാക്കളെ വിളിച്ചു കൊണ്ടുവരാൻ പറയുന്ന പതിവുണ്ടായിരുന്നു, ഇപ്പോൾ മാതാപിതാക്കളോട് കുട്ടികളെ, വിദ്യാർഥികളെ വിളിച്ചു കൊണ്ടു വരൂ എന്നു പറയുന്ന അവസ്ഥ. പോരാളികൾ ഒത്തു ചേരുന്ന ഒരിടത്ത് ഈ പഴയ കവിത ഒരിക്കലെങ്കിലും വായിക്കാൻ ഇപ്പോൾ കടുത്ത ആഗ്രഹം.  പേശികൾ അയഞ്ഞെങ്കിലും മുഷ്ടി ചുരുട്ടി അന്തരീക്ഷത്തിലേക്കുയർത്തി നിരവധി പ്രകടനങ്ങളിൽ പങ്കെടുക്കാനും. ഒരിന്ത്യൻ പൗരനായി തന്നെ എന്റെ സ്വന്തം ആകാശം കണ്ടു കൊണ്ടേയിരിക്കണം. കന്തറപ്പാലത്തിനടിയിൽ വെച്ച് ഒരിക്കൽ ഒരു ഫിലിപ്പിനോ ചോദിച്ചു, ഞങ്ങളെപ്പോലെയായാൽ നിങ്ങളെന്തു ചെയ്യും? അയാളുടെ അന്നത്തെ ചോദ്യത്തിനുള്ള ഉത്തരം ഇപ്പോൾ ഓരോ ഇന്ത്യക്കാരനും തേടുന്നു. അഭയാർഥികളെയും രേഖകൾ ഇല്ലാത്തവരെയും നിരന്തരമായി കണ്ട് (യൂറോപ്പിൽ പോയപ്പോൾ എവിടേയും അറബ് അഭയാർഥികൾ) കവിത വറ്റിപ്പോയതാണ്, എനിക്കതിൽ സങ്കടമില്ല. പക്ഷേ, എഴുതിയ വാക്ക് ഒരിക്കലും പരാജയപ്പെടുന്നില്ലെന്ന് തോന്നുന്നു, പരാജയപ്പെട്ട കവി, വിജയിച്ച കവി എന്നീ പ്രയോഗങ്ങൾ അർഥശൂന്യമാണെന്നും.
 

പൊതിക്കെട്ടുകൾ

 
കോഴിക്കോട്ടേക്കുള്ള വിമാനത്തിൽ
എന്നോടൊപ്പം സഞ്ചരിക്കേണ്ടിയിരുന്ന
എന്റെ പൊതിക്കെട്ടുകൾ
എങ്ങിനെയോ ദിശമാറി
കറാച്ചി വിമാനത്തിന്റെ 
ലഗേജറയിൽ ചെന്നു വീണു.
കുട്ടികൾക്കുള്ള ഉടുപ്പുകൾ
അച്ഛനും അമ്മക്കുമുള്ള കണ്ണട ഫ്രെയിമുകൾ
ഭാര്യക്ക് വാങ്ങിച്ച സ്വർണനിറമുള്ള വാച്ച്
അനുജന് പ്രിയംകരമാം ഡിജിറ്റൽ ഡയറി
അനുജത്തിയുടെ പുതിയ വീടിനുള്ള വാതിൽപ്പൂട്ടുകൾ
എല്ലാം ആ പൊതിക്കെട്ടുകളിലായിരുന്നു.
ഞൊടിയിടയിൽ എന്റെ പൊതിക്കെട്ടുകൾ
പൗരത്വം പോലും നഷ്ടപ്പെട്ട അനധികൃത കുടിയേറ്റക്കാരായി.
വാഗ മുറിച്ചല്ല, ചെങ്കടലിനു മീതെ പറന്ന്
മരുഭൂമികളും പീഠഭൂമികളും കടന്ന്
കറാച്ചി വിമാനത്താവളത്തിന്റെ എക്‌സിറ്റ് ലോബിയിൽ
ഷെർവാണിയും കുർത്തയും സൽവാറും കമ്മീസും ധരിച്ച്
ഉറുദുവിൽ കലപില പറഞ്ഞ് നടക്കുന്ന സ്‌ത്രീപുരുഷൻമാരെ കണ്ട്
അതേത് നാട് എന്നവ അമ്പരന്നിരിക്കണം.
കടയിൽ നിന്നും വാങ്ങിയ നാൾ മുതൽ
അവ എന്റെ സംസാരം മാത്രമേ കേട്ടിരുന്നുള്ളൂ.
പൊതിക്കെട്ടുകളും സമ്മാനങ്ങളും അചേതനങ്ങളെങ്കിലും
കാത്തിരിക്കുന്നവരുടെ മിടിപ്പുകളിൽ
കോരിത്തരിച്ചാണ് അവ ജീവിക്കുന്നത്.
അല്ലെങ്കിൽ നിങ്ങൾ പറഞ്ഞു തരൂ
എങ്ങിനെയാണ് ഒരു വാച്ച് നടക്കുന്നത്?
കുഞ്ഞുടുപ്പുകൾ ഇളം ചിരിയോടെ മലർന്നു കിടക്കുന്നത്?
കാർഗിലിൽ വലത്തേ തുടയിലും 
സിയാച്ചിനിൽ ഇടതു ചെവിയിലും
വെടിയേറ്റ് ജീവനോടെ തിരിച്ചു വന്ന ഒരച്ഛന്റെ മകനാണ് ഞാൻ.
ഒരു പൊതിക്കെട്ടു നഷ്ടത്തിൽ ഇത്രയും ഖിന്നത 
പാടില്ലെന്ന് ആ വിമുക്ത ഭടൻ.
 
2
അവധി കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ
*നിരാലയിൽ ബഡാഖാന, കുറുക്കിയ **പായ,
 ദാലും റൊട്ടിയും, മഞ്ഞയും വെളുപ്പും കലർന്ന ബിരിയാണി
ആവി പറക്കുന്ന കബാബുകൾ, മധുരവും പുളിയും 
സമാസമം ചേർത്ത ലെസ്സി.
അവിടെച്ചെല്ലുമ്പോൾ അന്നം വിളമ്പിത്തരുന്ന ആബിദ് ഹുസൈൻ,
നാട്ടിലെല്ലാവർക്കും സുഖമല്ലേ എന്ന പതിവു ചോദ്യം ചോദിച്ച്
അടുത്ത മേശയിലേക്കു പോയി.
അയാൾ മടങ്ങി വന്നപ്പോൾ എന്റെ പൊതിക്കെട്ടു നഷ്ടത്തിന്റെ
ഭാണ്ഡം അഴിച്ചു വെച്ചു.
അതിനു മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധം
അയാൾ വികാരഭരിതനായി.
നിന്റെ പൊതിക്കെട്ടുകൾ നഷ്ടപ്പെട്ടത് എന്റെ നാട്ടിലാണ്,
അവ തിരിച്ചെത്തും, ഇന്നേക്ക് ഏഴാംനാൾ.
***വാഗ തുറന്നതും പോക്കുവരവ് കൂടിയതും
ഹൃദയ മുറിവുകൾ തുന്നിച്ചേർക്കാനും
രക്തക്കുഴൽ തടസ്സങ്ങൾ നീക്കാനും
ഞങ്ങളുടെ കുഞ്ഞുങ്ങൾ നിന്റെ നാട്ടിൽ വന്ന്
സുഖമായി മടങ്ങിയതും
ഒന്നും നീ അറിഞ്ഞില്ലേ?
ആണവ ബോംബുകൾ, ആയുധക്കടത്ത്,
കുഴിബോംബ് സ്‌ഫോടനം, വ്യാജ കറൻസി, ചാരപ്പെരുമഴ,
****‘എന്നെ തൂക്കിക്കൊന്നാൽ' എന്ന പുസ്‌തകം
എല്ലാം നമുക്കു മറക്കാം.
നഷ്ടപ്പെട്ട കുഞ്ഞുടുപ്പുകൾ നിനക്കു ഞാൻ തുന്നിത്തരാം.
നിനക്കറിയുമോ യൗവ്വനത്തോളം നെയ്‌ത്തുകാരനായിരുന്നു ഞാൻ.
റാട്ടിൽ ഞാൻ നെയ്‌ത സാരികൾ, ലുങ്കികൾ, ഷെർവാണികൾ, പൈജാമകൾ.
ഇന്നും പഴയ അയൽക്കാർ എന്നോടു പറയും
ആബിദ്, നീ ഹുസ്‌നാനയുടെ വിവാഹ സാരിയുടെ
ബോർഡറിൽ കസവു തുന്നിച്ചേർക്കുമ്പോൾ
രാജ്യം രണ്ടായി പിന്നിക്കൊണ്ടിരിക്കുകയായിരുന്നുവെന്ന്.
പുസ്‌തകം മടിയിൽവെച്ചു വായിച്ചും
കൈകളും കാലുകളും റാട്ടിന്റെ തോഴിമാരാക്കി മാറ്റിയും
അക്ഷരവും സ്‌നേഹവും പഠിച്ചവനാണു ഞാൻ.
ഞാൻ പറയുന്നു തിരിച്ചു കിട്ടും നിന്റെ പൊതിക്കെട്ടുകൾ.
പറഞ്ഞ പോലെ ഏഴാം നാൾ എന്റെ പൊതിക്കെട്ടുകൾ 
ഭദ്രമായി മടങ്ങിയെത്തി.
പൊതിക്കെട്ടിനു നടുവിലായി
രണ്ടു പതാകകൾ ആരോ ഒട്ടിച്ചുവെച്ചിരുന്നു.
ഇരട്ടപൗരത്വത്തിന്റെ ഗാംഭീര്യത്തോടെ
അവ, ഞങ്ങളെ സമ്മാനം നഷ്ടപ്പെട്ടവർക്ക് തിരിച്ചെത്തിക്കൂ
എന്ന മുഖഭാവവുമായി, പൂച്ചക്കുഞ്ഞുങ്ങളെപ്പോലെ
ഉരുമ്മിക്കിടന്നു.
 
കുറിപ്പ്: ഗൾഫിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട ഒരു മലയാളിയുടെ ലഗേജ് വഴി തെറ്റി കറാച്ചിയിലേക്ക് പോയതായി പറഞ്ഞു കേട്ടിരുന്നു. സുഹുത്തും കാലിഗ്രാഫറും ചിത്രകാരനുമായ കറാച്ചി സ്വദേശി മുഹമ്മദ് അൻവർ അൻസാരിയുമൊത്ത് ദീർഘമായി സംസാരിച്ചിരുന്നതിന്റെ ഓർമകൾ ഈ കവിതയിൽ എല്ലായിടത്തും പുരണ്ടിരിക്കുന്നു. 1947നു മുമ്പ് നമ്മളൊന്നായിരുന്നുവെന്നും ഇപ്പോഴല്ലെന്നും പറയുന്നതിന്റെ യുക്തിയെന്തെന്ന് സംസാരവേളകളിലെല്ലാം അദ്ദേഹം നിഷ്‌കളങ്കമായി ചോദിക്കാറുണ്ടായിരുന്നു.
 
*ഗൾഫ് നാടുകളിൽ പലയിടത്തും നിരാല എന്ന പേരിൽ പാകിസ്ഥാൻ റസ്റ്റോറന്റുകളുണ്ട്‌. **പായ–- ആടിന്റെ എല്ലു കുറുക്കിയുണ്ടാക്കുന്ന കറി.  *** 2005–-2006 കാലത്ത് പാകിസ്ഥാനിൽ നിന്നും കുഞ്ഞുങ്ങളെ ചികിൽസക്കായി ഇന്ത്യയിലെ ആശുപത്രികളിലേക്ക് കൊണ്ടുവരാറുണ്ടായിരുന്നു.**** ‘എന്നെ തൂക്കിക്കൊന്നാൽ’–-സുൽഫിക്കർ അലി ഭൂട്ടോയുടെ ആത്മകഥ/ജീവചരിത്രം.
പ്രധാന വാർത്തകൾ
 Top