17 February Monday

എന്തുകൊണ്ട്‌ കർണാടക ബുദ്ധൻ

കെ പി സതീശ്‌ ചന്ദ്രൻUpdated: Sunday Aug 18, 2019

ബസവേശ്വരൻ

ബസവേശ്വരൻ എന്ന നവോത്ഥാന നായകനെ കർണാടകത്തിലെ ബുദ്ധൻ എന്നു വിശേഷിപ്പിക്കുന്നതിൽ അതിശയോക്തിയുണ്ടോ? തലമുറ സ്വാധീനിച്ച ചിന്തകൾ ലോകത്തിനു സമ്മാനിച്ച ബസവേശ്വരൻ  അക്കാലത്തെ  പ്രതിഭാശാലികളായ ചിന്തകർക്ക് സ്വപ്‌നം കാണാനാകാത്തവിധം വിപ്ലവകരവും അനിതരസാധാരണവുമായ ജീവിതമാണ് നയിച്ചിരുന്നത്‌. 906 വർഷംമുമ്പ്‌  ബിജാപുരിലെ  ശൈവ ബ്രാഹ്മണ കുടുംബത്തിൽ പിറന്ന ബസവേശ്വരൻ ഒരുപക്ഷേ ബുദ്ധനെക്കാൾ ഉയരത്തിൽ പ്രതിഷ്‌ഠിക്കാൻ തക്കവിധം ആത്മീയ ചൈതന്യത്തിന്റെ പ്രകാശം ചൊരിഞ്ഞ പ്രതിഭയാണ്‌.  
 
ബസവേശ്വരന്റെ ജീവിതചിന്തകൾ ഇനിയും വേണ്ടത്ര പഠനവിഷയമാക്കിയിട്ടില്ല.  ഒമ്പതു നൂറ്റാണ്ടുമുമ്പ്‌  ഉച്ചനീചത്വത്തിനെമെതിരെ ബസവേശ്വരൻ നടത്തിയ ഇടപെടലുകൾ വിസ്മയകരമാണ്.  36‐ാം വയസ്സിൽ കൊല്ലപ്പെട്ട യുവാവാണ് ഇത്രയും മഹത്തായ ദൗത്യം നിർവഹിച്ചത്‌.  അഴിമതിയും  അവസരവാദവും വർഗീയതയും ഇഴചേർന്ന ദുരവസ്ഥ കന്നട ദേശത്തിനുമേൽ അപമാനത്തിന്റെ കറതീർക്കുമ്പോൾ ബസവേശ്വരന്റെ ചിന്തകളെ കൂടുതൽ പഠനവിധേയമാക്കേണ്ടതുണ്ട്‌.  ബസവേശ്വരൻ അഴിച്ചുവിട്ട  മാനവികതയിൽ അധിഷ്ഠിതമായ നവോത്ഥാന മുന്നേറ്റത്തിന് കർണാടകയിൽ തുടർച്ച ഉണ്ടായില്ല എന്നതുതന്നെയാണ്‌ ഈ ദുസ്ഥിതിക്ക്‌ കാരണം.  
 

തമസ്‌കരിക്കപ്പെട്ട നവോത്ഥാന പ്രതിഭ

 
സവർണ ഹിന്ദുത്വ മേധാവിത്വത്തിന്റെ അനീതികൾക്കെതിരെ കലഹിച്ചു ഗൗതമ ബുദ്ധൻ. പൊതുബോധത്തെ തിരസ്‌കരിച്ച്‌  വ്യത്യസ്‌തമായ ചിന്തകളും സാമൂഹ്യപരിഷ്‌കരണ പദ്ധതികളുമായി ഭരിച്ചു അശോകനെയും അക്‌ബറിനെയുംപോലുള്ള രാജാക്കന്മാർ. ഇവരെയെല്ലാം കൃത്യമായി രേഖപ്പെടുത്തിയ ചരിത്രാന്വേഷികൾ എന്തുകൊണ്ട്‌ അതുല്യ സംഭാവനകൾ നൽകിയ ബസവേശ്വരനെ അദ്ദേഹം അർഹിക്കുംവിധം പഠിച്ചില്ല? സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം തുടങ്ങിയ ആശയങ്ങൾ  മാനവരാശിക്ക് പരിചയപ്പെടുത്തിയതിലൂടെ   ഫ്രഞ്ച്‌ വിപ്ലവത്തിനും  നൂറ്റാണ്ടുകൾക്ക് മുമ്പുതന്നെ ഈ ആശയങ്ങൾ ഉൽഘോഷിച്ചു. ബസവേശ്വരൻ. 
 
ശ്രീനാരായണ ഗുരുദേവൻ ജനിച്ചതിന് ഏഴുനൂറ്റാണ്ടുമുമ്പാണ് ബസവേശ്വരൻ ജീവിച്ചത്.  ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന സന്ദേശത്തിന് സമാനമായ ആശയത്തിനുവേണ്ടി 700 വർഷങ്ങൾക്കുമുമ്പ് ബസവേശ്വരൻ പ്രവർത്തിച്ചു.  അദ്ദേഹം പറഞ്ഞു:  ‘‘ഏത് ജാതിയിൽപ്പെട്ടവരായാലും മനുഷ്യനായി ജനിച്ചവർക്കെല്ലാം അവകാശങ്ങൾ തുല്യമാണ്.”  
 
സമത്വത്തിലും സാഹോദര്യത്തിലും സ്വാതന്ത്ര്യത്തിലും അധിഷ്ഠിതമായ മാനവികതയുടെ ആശയങ്ങൾക്കുവേണ്ടി അദ്ദേഹം നിലകൊണ്ടു. ചാതുർവർണ്യവ്യവസ്ഥയും അയിത്തവും അനാചാരങ്ങളും ജാതിയുടെ പേരിലുള്ള അടിച്ചമർത്തലുകളും ക്രൂരപീഡനങ്ങളും നേരിൽക്കണ്ട കൗമാരമായിരുന്നു അദ്ദേഹത്തിന്റെത്. രാജകുമാരനായി പിറന്നെങ്കിലും സഹജീവികളുടെ ദുഃഖത്തിന്റെ ഹേതു അന്വേഷിച്ചു  കൊട്ടാരം വിട്ടിറങ്ങി തിന്മകൾക്കെതിരെ പോരാടിയ ബുദ്ധനെ അനുസ്‌മരിപ്പിക്കുന്ന ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.   
 

അനാചാരങ്ങൾക്കെതിരെ

 
യുവാവായ  ബസവേശ്വരൻ  അനാചാരങ്ങളുടെ കടുത്ത വിമർശകനായി. ആത്മീയചര്യകളിലും ബുദ്ധിശക്തിയിലും അഗ്രഗണ്യൻ.  അധഃകൃതർക്കൊപ്പം ഇടപഴകി.   പൗരോഹിത്യ പ്രമാണിവർഗം സ്വാഭാവികമായും അദ്ദേഹത്തിനെതിരെ തിരിഞ്ഞു. ബസവേശ്വരൻ  മാപ്പ് പറയണമെന്ന്  കൽപ്പിച്ചു.  ജനങ്ങളെ ഒന്നായി കാണുന്ന  പ്രവൃത്തികൾ ദൈവഹിതം അനുസരിച്ചാണെന്ന് അദ്ദേഹം വാദിച്ചു. മാപ്പ് അപേക്ഷിക്കാനോ പ്രവർത്തനശൈലി തിരുത്താനോ തയ്യാറല്ലെന്ന് പ്രഖ്യാപിച്ച് പൊതുവേദിയിൽ  പരസ്യമായി  പൂണൂൽ പൊട്ടിച്ചെറിഞ്ഞു.

 

ജനങ്ങളോടൊപ്പം

 
ബസവേശ്വരൻ പരമ്പരാഗത അഗ്രഹാരജീവിതം ഉപേക്ഷിച്ച് ജനങ്ങളിലേക്കിറങ്ങി.  അദ്ദേഹത്തെ നേരിട്ടെതിർക്കാൻ പ്രമാണികൾക്ക്‌ ധൈര്യമുണ്ടായിരുന്നില്ല. ബസവേശ്വരൻ ആർജിച്ച  ജനകീയസ്വാധീനവും സാമൂഹ്യ അംഗീകാരവും  പാണ്ഡിത്യവുംതന്നെയായിരുന്നു കാരണം.  കുറച്ചുകാലം അദ്ദേഹം  ഋഷിവര്യൻ ജാതവേദ മുനിയുടെ ശിഷ്യനായി.  ആത്മീയത എന്നാൽ ജാതിയുടെയും മതത്തിന്റെയും വർണാശ്രമ ധർമങ്ങളുടെ പേരിൽ മനുഷ്യനെ ഭിന്നിപ്പിക്കുന്നതിന് സ്‌തുതി പാടുകയല്ലെന്ന്‌ അദ്ദേഹം വാദിച്ചു.  
 
ഇതിനിടെ ബസവേശ്വരൻ മംഗലവാടിയിലെ ബിജ്ജ്യല രാജാവിനെ സന്ദർശിച്ചു. ബസവേശ്വരന്റെ  വ്യക്തിത്വത്തിൽ ആകൃഷ്ടനായ രാജാവ് അദ്ദേഹത്തെ രാജ്യത്തിന്റെ ഖജനാവിന്റെ ചുമതല നൽകി. തുടർന്ന്  മുഖ്യ സചിവൻ സ്ഥാനം നൽകിയതോടെ എല്ലാ മനുഷ്യരുടെയും ക്ഷേമം ലക്ഷ്യമാക്കിയുള്ള  കർമപരിപാടികൾക്ക് രൂപംനൽകി.  ശിവാനന്ദ മണ്ഡലം എന്ന ആത്മീയകേന്ദ്രം സ്ഥാപിച്ചു. മാനവികത: സാമൂഹ്യ സമത്വം, തൊഴിൽ മഹത്വം ജീവിത സ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങൾ  അവിടെ ചർച്ച ചെയ്‌തു.  അദ്ദേഹം നടപ്പാക്കിയ ശുദ്ധജലവിതരണ പദ്ധതി പിൽക്കാല ഭരണാധികാരികൾക്ക് മാതൃകയായി. കാർഷിക ഉൽപ്പാദനം വർധിപ്പിക്കാനും നവീന പദ്ധതികൾ തുടങ്ങി.  

 

സ്‌ത്രീപക്ഷ ഭരണാധികാരി

 
ഇന്ത്യയിലെ ആദ്യത്തെ  സ്‌ത്രീവിമോചന ആശയങ്ങളുടെ ഉപജ്ഞാതാവായിരുന്നു ബസവേശ്വരൻ. സ്‌ത്രീമുന്നേറ്റം സ്‌ത്രീവിദ്യാഭ്യാസത്തിലൂടെ എന്ന ആശയം  പ്രചരിപ്പിച്ചു.  “സ്‌ത്രീകളുടെ മോചനം നമ്മുടെ പ്രഥമവാക്കും ലക്ഷ്യവുമാകട്ടെ” എന്ന്‌ ഉദ്‌ഘോ ഷിച്ചു. ലൈംഗികത്തൊഴിലാളികളായ സ്‌ത്രീകൾക്ക്‌ ജീവിക്കാനാവശ്യമായ തൊഴിൽ നൽകി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ പദ്ധതികൾ ആവിഷ്‌കരിച്ചു. വിധവാവിവാഹം പ്രചരിപ്പിച്ചു. സതിക്കെതിരെ  ശക്തമായ നിലപാട് സ്വീകരിച്ചു. മനുഷ്യൻ മനുഷ്യനോ ട് കാട്ടാവുന്ന ഏറ്റവും നികൃഷ്ടമായ ക്രൂരതകളിൽ ഒന്നാണ് സതി എന്ന് പ്രഖ്യാപിച്ചു.   മംഗലവാടി രാജ്യത്ത് സതി നിരോധിച്ച്  യാഥാസ്ഥിതികരെ  ഞെട്ടിച്ചു.  ഇന്ത്യയിൽ സതിസമ്പ്രദായം നിരോധിച്ച ആദ്യ  ഭരണാധികാരി എന്ന കീർത്തി ബസവേശ്വരന് അവകാശപ്പെട്ടതാണ്.
 

അധ്വാനത്തോട്‌  ആദരവ്

 
അധ്വാനത്തിന്റെ മഹത്വം ഉദ്ഘോഷിച്ച ഭരണാധികാരിയായിരുന്നു ബസവേശ്വരൻ. ‘കായകവേ കൈലാസ്സ്’ അധ്വാനമാണ് കൈലാസം എന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്രങ്ങളെ  സർക്കാരിന്റെ അധികാരപരിധിയിൽ കൊണ്ടുവന്നു. അദ്ദേഹം സ്ഥാപിച്ച വീരശൈവ മതത്തിൽ ചേരാൻ എത്തിയ അന്യമതസ്ഥരോട് അദ്ദേഹം പറഞ്ഞു:  ‘‘മതം മാറ്റുകയല്ല  ലക്ഷ്യം മനുഷ്യരായി മാറുകയാണ്.’’ മറ്റൊരവസരത്തിൽ അദ്ദേഹം പ്രസ്‌താവിച്ചു, ‘‘മനുഷ്യസമത്വത്തിന്റെ സ്വർഗത്തിലേക്ക് നയിക്കുന്ന ജീവിത സമ്പ്രദായമായി മതം മാറണം.’’
ജഗൻമിഥ്യ എന്ന സിദ്ധാന്തത്തെ നിരാകരിച്ചുകൊണ്ട്‌  അദ്ദേഹം പറഞ്ഞു: ‘‘ഈ  പ്രപഞ്ചം മിഥ്യയല്ല ഞാനും നിങ്ങളും ഇക്കാണുന്നതെല്ലാം സത്യമാണ്. ഇഹലോകത്തെ ദുഃഖവും സന്തോഷവും സത്യമാണ്. മനുഷ്യരെല്ലാവരും ഒരു കുലത്തിൽപ്പെട്ടവരാണ്. ദൈവം ഒന്നേയുള്ളൂ.  പിന്നെ എപ്രകാരമാണ് ജാതിമത വിവേചനമുണ്ടായത്?  മനുഷ്യൻ മനുഷ്യനെ വിവേചനത്തോടെ കാണുന്നത് നിന്ദ്യവും അഥമവുമാണ്.’’
 

ഗൂഢാലോചനയും പ്രാകൃതശിക്ഷയും

 
അയിത്തത്തിന് എതിരായ പോരാട്ടത്തിന്റെ ഭാഗമായി മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിച്ചുകാണ്ട് ബസവേശ്വരന്റെ മുൻകൈയോടെ നടന്ന സംഭവം അദ്ദേഹത്തെ അപായപ്പെടുത്താൻ പറ്റിയ അവസരമായി എതിരാളികൾ കണ്ടു.  ബ്രാഹ്മണ സമുദായത്തിൽപ്പെട്ട ലാവണ്യ എന്ന പെൺകുട്ടിയും ചെരുപ്പുകുത്തിയുടെ മകനായ ശീലവന്ദയും തമ്മിലുള്ള  വിവാഹത്തിന് മുൻകൈ എടുത്തത് പ്രമാണിമാരെയും ഒരു വിഭാഗം ജനങ്ങളെയും പ്രകോപിപ്പിച്ചു.  ബസവേശ്വരനെ മുഖ്യസചിവ സ്ഥാനത്തുനിന്ന് മാറ്റി നാട് കടത്തണമെന്ന്  ആവശ്യമുയർന്നു.  സമ്മർദത്തിനുമുന്നിൽ രാജാവ് വഴങ്ങി. പ്രധാന സചിവ സ്ഥാനം രാജിവച്ച ബസവേശ്വരൻ  ഗ്രാമത്തിലേക്ക് മടങ്ങി.
 
ബസവേശ്വരന്റെ അനുയായികളായിരുന്ന വരന്റെയും വധൂവരന്മാരുടെ പിതാക്കളുടെ കണ്ണുകൾ ചുട്ടുപഴുത്ത ഇരുമ്പ് കമ്പികൾകൊണ്ട് കുത്തിപ്പാട്ടിച്ചശേഷം അവരെ ആനകളുടെ കാലുകളിൽ കെട്ടി ചിത്രവധം ചെയ്‌തു. ബസവേശ്വരന്റെ അനുയായികൾ നടത്തിയ കലാപങ്ങളെ രാജാവ്‌ നിഷ്ഠൂരമായി അടിച്ചമർത്തി. ഇതിനിടയിൽ ബിജ്ജ്യല രാജാവിനെ പൗരോഹിത്യ മേധാവികൾ ചതിയിൽ കൊലപ്പെടുത്തി. അതിന്റെ ഉത്തരവാദിത്തം ബസവേശ്വരന്റെ തലയിലിട്ടു. തെറ്റിദ്ധരിക്കപ്പെട്ട ബിജ്ജ്യല രാജാവിന്റെ പുത്രൻ മൂരാരി ദേവൻ ബസവേശ്വരനെ വധിക്കാൻ സൈന്യത്തെ അയച്ചു.  സൈന്യത്തിന് ബസവേശ്വരനെ കണ്ടെത്താനോ വധിക്കാനോ കഴിഞ്ഞില്ല. 1167 ഒക്ടോബർ 3ന് കൃഷ്ണാനദി തീരത്ത്  ബസവേശ്വരന്റെ മൃതദേഹം കണ്ടെത്തി.
പ്രധാന വാർത്തകൾ
 Top